Follow Us On

24

March

2019

Sunday

കനേഡിയൻ മിഷൻ കംപ്ലീറ്റഡ്; റവ.ഡോ. ജോൺ കുടിയിരിപ്പിലിന് വികാരനിർഭര യാത്രയയപ്പ്

കനേഡിയൻ മിഷൻ കംപ്ലീറ്റഡ്; റവ.ഡോ. ജോൺ കുടിയിരിപ്പിലിന് വികാരനിർഭര യാത്രയയപ്പ്
എഡ്മണ്ടൺ: പല പ്രദേശങ്ങളിലായി അധിവസിച്ചിരുന്ന വിശ്വാസികളെ ഒരു കുടക്കീഴിൽ ചേർത്തുനിറുത്തുക, ദൈവാലയം വാടകയ്ക്ക് എടുത്ത് ആ വിശ്വാസീസമൂഹത്തെ തനത് ആരാധനക്രമത്തിൽ സംഘടിതരാക്കുക, അവരുടെ പ്രാർത്ഥനയും പ്രവർത്തനവും മൂലധനമാക്കി സ്വന്തം ആരാധനാലയം യാഥാർത്ഥ്യമാക്കുക…
അഞ്ച് വർഷംകൊണ്ട് കാനഡയിലെ ശ്രദ്ധേയമായ സീറോ മലബാർ ഇടവകയായി എഡ്മണ്ടൺ സെന്റ് അൽഫോൻസാ ദൈവാലയത്തെ വളർത്തിയ അജപാലകൻ നാട്ടിലേക്ക് മടങ്ങുമ്പോൾ അജഗണം എങ്ങനെ വികാരനിർഭരരാകാതിരിക്കും.
സമ്മാനിച്ച നേട്ടങ്ങൾക്ക് നന്ദി പറഞ്ഞും ഏറ്റെടുക്കാൻ പോകുന്ന പുതിയ ദൗത്യത്തിന് ആശംസകൾ നേർന്നും സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന വികാരി റവ. ഡോ. ജോൺ കുടിയിരിപ്പിലിനെ മാതൃദേശത്തേക്ക് യാത്രയയക്കുമ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. എഡ്മണ്ടണിലെ സീറോ മലബാർ സഭയ്ക്കു പുറമെ എഡ്മണ്ടൺ രൂപതയ്ക്ക് ചെയ്ത സേവനങ്ങൾക്ക് നന്ദിയർപ്പിക്കാൻ ഇംഗ്ലീഷ് സഭാനേതൃത്വം കൂടി എത്തിയപ്പോൾ, റവ.ഡോ. കുടിയിരുപ്പിലിന്റെ യാത്രയയപ്പ് അവിസ്മരണീയവുമായി.
മിസിസാഗാ എക്‌സാർക്കേറ്റിന്റെ പ്രഥ വികാരി ജനറൽ ശുശ്രൂഷ ഉൾപ്പെടെ അഞ്ചു വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കിയാണ് എം.എസ്.ടി സഭാംഗമായ റവ. ഡോ. ജോൺ കുടിയിരിപ്പിൽ നാട്ടിലേക്ക് മടങ്ങുന്നത്. സെന്റ് തോമസ് മിഷണറീസ് സൊസൈറ്റിയുടെ ഭരണങ്ങാനം ദീപ്തി ഭവൻ കേന്ദ്രീകരിച്ചാവും ഇനി പ്രവർത്തനം. എഡ്മണ്ടൺ ആർച്ച്ബിഷപ്പ് റിച്ചാർഡ് സ്മിത്ത്, അതിരൂപതാ ചാൻസിലർ ഫാ. ജോസെ മാർ, റവ. ഫാ. പാട്രിക് ബസ്‌ക, നൈറ്റ് ഓഫ് കൊളംബസ് റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാൾസ്ട്രീറ്റ് എന്നിവർ യാത്രയയപ്പ് സമ്മേളനത്തിൽ വിശിഷ്ടാതിഥികളായിരുന്നു.
ഇടവകയിലെ കാറ്റക്കിസം, നൈറ്റ് ഓഫ് കൊളംബസ്, ശാലോം പ്രെയർഗ്രൂപ്പ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം പ്രതിനിധികൾ റവ. ഡോ. ജോണിന് ആശംസകൾ നേർന്നു. ഓരോ സംഘടനകളും ആരംഭിച്ചപ്പോൾ നേരിട്ട വെല്ലുവിളികളെ തരണം ചെയ്യാൻ അദ്ദേഹം വഹിച്ച പങ്കുകൾ വിവിധ സംഘടനാ പ്രതിനിധികൾ അനുസ്മരിച്ചതും ശ്രദ്ധേയമായി. ഇന്ന് വിവിധ സംഘടനകൾ വിജയകരമായി പ്രവർത്തിക്കുമ്പോൾ എല്ലാ വിജയവും റവ. ഡോ. ജോണിന് അവകാശപ്പെട്ടതാണെന്ന് അവർ അനുസ്മരിച്ചു.
പൈതൃകത്തെ മുറുകെപ്പിടിച്ച് ഒരു സമൂഹമായി മുന്നേറാൻ എഡ്മണ്ടണിലെ വിശ്വാസികൾ കാണിച്ച താൽപ്പര്യമാണ് സ്വന്തം ദേവാലയം എന്ന സ്വപ്‌നം വളരെ വേഗം സാക്ഷാത്കരിക്കാൻ കാരണമെന്ന്, മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇനിയും ഒറ്റക്കെട്ടായി മുന്നേറി കൂടുതൽ നന്മകൾ സ്വന്തമാക്കണമെന്നും ഇടവക സമൂഹത്തെ അദ്ദേഹം ഓർമിപ്പിച്ചു.
2014 ജനുവരി ഒന്നിനാണ് റവ. ഡോ.ജോൺ എഡ്മണ്ടൺ സീറോ മലബാർ മിഷന്റെ പ്രഥമ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ജനുവരി 19മുതൽ എഡ്മണ്ടൺ അതിരൂപത അനുവദിച്ച ദൈവാലയത്തിൽ സീറോ മലബാർ ദിവ്യബലി ആരംഭിച്ചു. സീറോ മലബാർ ആരാധനക്രമപ്രകാരമുള്ള തിരുനാളുകൾക്കും തുടക്കമായി. അതേ വർഷം മാർച്ചിൽ മതബോധന വിഭാഗവും ആരംഭിച്ചു. അതേത്തുടർന്നാണ്, പല ഭാഗങ്ങളിലായി ചിതറിക്കിടന്ന വിശ്വാസികളെ എട്ടു വാർഡുകളായി തിരിച്ച് കുടുംബക്കൂട്ടായ്മകൾ രൂപീകരിച്ചത്.
തുടർന്ന് നൈറ്റ് ഓഫ് കൊളംബസ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം എന്നീ സംഘടനകൾക്കും തുടക്കംകുറിച്ചു. അതോടൊപ്പം ഇടവക ക്വയർ ടീം, അൾത്താര ശുശ്രൂഷകർ, യൂക്രിസ്റ്റിക് മിനിസ്റ്റേഴ്‌സ്, മതബോധന അധ്യാപകർ തുടങ്ങിയ ശുശ്രൂഷാ വിഭാഗങ്ങൾക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കി. സ്വന്തം ദൈവാലയം എന്ന ആഗ്രഹം വിശ്വാസികളുടെ മനസിൽ നിറയ്ക്കാൻ ഇതെല്ലാംസഹായമായി. 2014ൽതന്നെ അതിനായി വിവിധ തലങ്ങളിൽ ഫണ്ട് സമാഹരണപദ്ധതികളും ആരംഭിച്ചു.
അതിന്റെ അനിവാര്യമായ പൂർത്തീകരണമായിരുന്നു 2016ൽ സ്വന്തമാക്കിയ ദൈവാലയം. ഇടവകാംഗങ്ങളുടെ കൈമെയ് മറന്നുള്ള സഹായമാണ് ചൈനീസ് അലയൻസ് ദൈവാലയം വിലയ്ക്കുവാങ്ങാൻ കാരണമായത്. 2017 ഫെബ്രുവരി 28നായിരുന്നു മിസിസാഗ എക്സാർക്കേറ്റ് ബിഷപ്പ് മാർ ജോസ് കല്ലുവേലിലിന്റെ കാർമികത്വത്തിൽ പ്രഥമ ദിവ്യബലി അർപ്പണം. പിന്നീട്, മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ അഞ്ച് ബിഷപ്പുമാരുടെ സാന്നിധ്യത്തിലായിരുന്നു കൂദാശാകർമം, 2017 ജൂലൈ 29ന്. ചിക്കാഗോ രൂപതയിൽ സേവനം അനുഷ്~ിച്ചപ്പോൾ ഓർലാന്റോയിൽ സീറോ മലബാർ വിശ്വാസികൾക്കായി ദൈവാലയം വാങ്ങാൻ സാധിച്ചതും റവ. ഡോ. ജോണിന്റെ ശുശ്രൂഷാവഴിയിലെ മറ്റൊരു നാഴികക്കല്ലാണ്.
മിനു വർക്കി

Latest Posts

Don’t want to skip an update or a post?