Follow Us On

26

March

2019

Tuesday

ദൈവസ്വരം കേട്ട നിമിഷം

ദൈവസ്വരം കേട്ട നിമിഷം

എംബിബിഎസിന്റെ ആദ്യ വര്‍ഷം ശവശരീരം കീറിമുറിച്ച് പഠിക്കുന്നത് പഠനത്തിന്റെ ഭാഗമാണ്. ഒരു മൃതദേഹത്തിന്റെ തലച്ചോര്‍ കീറിമുറിക്കുമ്പോള്‍ ബെറ്റ്‌സി തോമസ് എന്ന ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മനസിലേക്ക് വന്നത് വ്യത്യസ്തമായൊരു ചിന്തയായിരുന്നു. സ്രഷ്ടാവിന്റെ മഹോന്നതമായ സൃഷ്ടിയുടെ ഭംഗിയെക്കുറിച്ചായിരുന്നു അവള്‍ ആലോചിച്ചത്. മറന്നുപോയൊരു സ്വപ്‌നം ആ നിമിഷം ബെറ്റ്‌സിയുടെ മനസിലേക്ക് ഓടിയെത്തി. എനിക്ക് പൂര്‍ണമായും ഈശോയുടേതാകണം, ഒരു കന്യാസ്ത്രീയാകണം. കാലം മുന്നോട്ടുപോയപ്പോഴും പേരിന്റെ പിന്നില്‍ ഡോക്ടര്‍ എന്നു കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോഴും ആ ആഗ്രഹം അവളില്‍നിന്നും മാഞ്ഞുപോയില്ല. അല്ലെങ്കിലും ദൈവം സംസാരിച്ചാല്‍ മനുഷ്യന് എങ്ങനെയാണ് വിസ്മരിക്കാന്‍ കഴിയുന്നത്. ഡോ. ബെറ്റ്‌സി തോമസ് ഇപ്പോള്‍ സിസ്റ്റര്‍ ഡോ. ബെറ്റ്‌സി തോമസ് തറയിലാണ്. ചാലക്കുടി പോട്ട ധന്യ ഹോസ്പിറ്റലിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകള്‍ ഒഴിച്ചാല്‍ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമുള്ള പിഎംആര്‍ പിജിക്ക് തിരഞ്ഞെടുത്തതിന്റെ പിന്നിലും സഹോദരങ്ങളോടുള്ള കരുതലിന്റെ സ്പര്‍ശനമുണ്ട്.

മൂന്നരവയസിലെ സ്വപ്‌നം
തൃശൂര്‍, പടിഞ്ഞാറെക്കോട്ടയിലുള്ള തറയില്‍ വി.എല്‍ തോമസിന്റെയും ദ്യുമിനിയുടെയും മൂന്നു മക്കളില്‍ ഇളയവളായ ബെറ്റ്‌സിയുടെ മനസില്‍ മൂന്നര വയസില്‍ കൂടുവച്ച സ്വപ്‌നമായിരുന്നു കന്യാസ്ത്രീ ആകുക എന്നത്. അത്തരമൊരു ആഗ്രഹം ഉണ്ടായതിനു പിന്നില്‍ മാതാപിതാക്കളും സാഹചര്യങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് സിസ്റ്റര്‍ ബെറ്റ്‌സി തറയില്‍ പറയുന്നു. പ്രാര്‍ത്ഥനയില്‍ അടിത്തറയിട്ട കുടുംബമായിരുന്നു അവരുടേത്. ഏറ്റവും സ്വാധീനിച്ചത് പിതാവിന്റെ പ്രാര്‍ത്ഥനാ ജീവിതമായിരുന്നു. പരിഹാരം ചെയ്തുകൊണ്ടുള്ള പ്രാര്‍ത്ഥനയായിരുന്നു അദ്ദേഹത്തിന്റേത്. ഈശോയുടെ പീഡാനുഭവങ്ങള്‍ പപ്പ കൈവിരിച്ചുപിടിച്ചു ധ്യാനിച്ചു പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥന മുന്നോട്ടുപോകുമ്പോള്‍ കൊച്ചു ബെറ്റ്‌സി കരയുന്നത് പതിവായിരുന്നു. ഈശോയെ യഹൂദന്മാര്‍ കുരിശില്‍ തറക്കുന്നത് ആ പിഞ്ചുമനസിനെ വല്ലാതെ സങ്കടപ്പെടുത്തുമായിരുന്നു. അവള്‍ കരയുമ്പോള്‍ ഈശോ ഉയിര്‍ത്തെഴുന്നേറ്റല്ലോ എന്നു പറഞ്ഞ് മമ്മി ആശ്വസിപ്പിക്കും. എങ്കിലും അതുകൊണ്ടൊന്നും അവളുടെ സങ്കടത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലായിരുന്നു. അവളുടെ ഹൃദയത്തിലെ സ്‌നേഹം ഈശോ കാണുന്നുണ്ടായിരുന്നു. മുട്ടുകുത്തിയും കൈവിരിച്ചുപിടിച്ചുമല്ലാതെ പപ്പ പ്രാര്‍ത്ഥിക്കുന്നത് സിസ്റ്റര്‍ ബെറ്റ്‌സിയുടെ ഓര്‍മയില്‍ ഇല്ല. സഹനത്തില്‍ എങ്ങനെ വിശ്വാസം കാത്തുസൂക്ഷിക്കണമെന്ന് പഠിച്ചത് മമ്മിയുടെ ജീവിതത്തില്‍നിന്നാണെന്ന് സിസ്റ്റര്‍ ബെറ്റ്‌സി പറയുന്നു. സിസ്റ്റര്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മമ്മിക്ക് തൈറോയ്ഡ് കാന്‍സര്‍ ബാധിച്ചു. അതിന്റെ പേരില്‍ ഒരിക്കല്‍പ്പോലും മമ്മി ദൈവത്തെ കുറ്റപ്പെടുത്തിയിട്ടില്ല. ദൈവത്തോട് ചേര്‍ത്തുനിര്‍ത്താന്‍ ദൈവം തന്നതാണെന്നായിരുന്നു രോഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. രണ്ട് ഓപ്പറേഷന്‍ നടത്തി. മമ്മി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്.

അവരുടെ ഒരു വീട് മിഷനറി സിസ്റ്റേഴ്‌സിന് വിട്ടുകൊടുത്തിരുന്നു. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും അവിടെ ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുവഴി ചെറുപ്പം മുതല്‍ സിസ്റ്റേഴ്‌സിന്റെ ജീവിതം അടുത്തുനിന്ന് വീക്ഷിക്കുവാന്‍ അവസരം ലഭിച്ചു. പഠിച്ചത് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു. അവിടെയുള്ള സിസ്റ്റേഴ്‌സും ബെറ്റ്‌സിയെ ആകര്‍ഷിച്ചു. വേദപാഠ ക്ലാസുകളില്‍ സിസ്റ്റേഴ്‌സാകാന്‍ ആഗ്രഹമുള്ളവര്‍ കൈപൊക്കാന്‍ പറയുമ്പോള്‍ സ്ഥിരമായി ഉയരുന്ന കൈയായിരുന്നു ബെറ്റ്‌സിയുടേത്. പത്താം ക്ലാസ് റിസല്‍റ്റിനുവേണ്ടി കാത്തിരിക്കുന്നതിനിടയില്‍ ദൈവവിളി ക്യാമ്പിലും പങ്കെടുത്തു. മഠത്തില്‍ ചേരാനുള്ള താല്പര്യം അറിയിച്ചിട്ടാണ് മടങ്ങിയതെങ്കിലും വീട്ടിലെത്തിയപ്പോള്‍ പപ്പ സമ്മതിച്ചില്ല. ഡിഗ്രി കഴിഞ്ഞതിനുശേഷം തീരുമാനം എടുത്താല്‍മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഭാവി ഡോക്ടര്‍മാരുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പ്
തൃശൂര്‍ മേരിമാതാ കോളജിലായിരുന്നു പ്രീഡിഗ്രി. ഒപ്പം എന്‍ട്രന്‍സ് പരിശീലനത്തിനും ചേര്‍ന്നു. പ്രീഡിഗ്രിയോടൊപ്പം എന്‍ട്രന്‍സും പാസായി. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചു. പ്രീഡ്രിഗ്രി കാലത്ത് ദൈവവിളിയെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന് സിസ്റ്റര്‍ ബെറ്റ്‌സി പറയുന്നു. പഠനത്തിന്റെ തിരക്കില്‍ എല്ലാം മുങ്ങിപ്പോയി. മെഡിസിന്‍ പഠനത്തിന്റെ ആദ്യവര്‍ഷം മുതല്‍ കന്യാസ്ത്രീ ആകണമെന്ന ചിന്തയിലാണ് മുമ്പോട്ടു പോയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കുമ്പോള്‍ ഏതാനും സുഹൃത്തുക്കളോട് ചേര്‍ന്ന് ഒരു കത്തോലിക്കാ പ്രാര്‍ത്ഥനാ ഗ്രൂപ്പ് ആരംഭിച്ചു. കാമ്പസില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ വേറെ ഉണ്ടായിരുന്നെങ്കിലും കത്തോലിക്കാ പ്രാര്‍ത്ഥനാ ഗ്രൂപ്പ് ആദ്യമായിരുന്നു. ആ ഗ്രൂപ്പില്‍നിന്നും രണ്ട് പേര്‍ എംബിബിഎസിന് ശേഷം സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തു എന്നത് മറ്റൊരു അപൂര്‍വത. സിസ്റ്ററിന്റെ ജൂണിയറായി പഠിച്ചിരുന്ന ദേവ് അഗസ്റ്റിന്‍ അക്കര എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്ന് വൈദികനായി.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞപ്പോള്‍ വീണ്ടും സംശയം രൂപപ്പെടാന്‍ തുടങ്ങി. സന്യാസ ജീവിതം തനിക്കു കഴിയുമോ എന്ന ആശങ്ക. ഈ സമയമായപ്പോള്‍ ബെറ്റ്‌സിക്ക് വിവാഹാലോചനകള്‍ വരാന്‍ തുടങ്ങി. തീരുമാനമെടുക്കാന്‍ പപ്പ ആവശ്യപ്പെട്ടു. അതിനായി ധ്യാനത്തിന് പോയി. തിരികെ എത്തിയശേഷം വിവാഹാലോചനകള്‍ക്ക് സമ്മതം അറിയിച്ചു. ഇതിനിടയില്‍ ഒരു പെണ്ണുകാണല്‍ ചടങ്ങും നടന്നു. വിവാഹാലോചനകള്‍ വരുമ്പോള്‍ വിലപ്പെട്ടത് എന്തോ നഷ്ടമാകുന്നു എന്ന ചിന്ത മനസിനെ അലട്ടാന്‍ തുടങ്ങി. മനസ് സംഘര്‍ഷഭരിതമാകുന്നു. വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ സാധിക്കില്ലെന്നാണ് സിസ്റ്റര്‍ ബെറ്റ്‌സി പറയുന്നത്. ഈ സമയത്ത് തന്റെ ആത്മീയ പിതാവായ വൈദികനോട് അവസ്ഥ പങ്കുവച്ചു. താന്‍ വണ്ടി മാറിക്കറിയോ എന്നൊരു സംശയം ഉണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. ”നീ ഇപ്പോഴും വാഹനത്തിന്റെ ഉള്ളില്‍ കയറിയിട്ടില്ല. തീരുമാനം മാറ്റണമെങ്കില്‍ ഇനിയും സമയമുണ്ട്.” അദ്ദേഹം ആശ്വസിപ്പിച്ചു. പ്രാര്‍ത്ഥിക്കാമെന്നും പ്രാര്‍ത്ഥിക്കണമെന്നും ആത്മീയപിതാവ് പറഞ്ഞു.

ഉത്തരം വചനം
ആ സമയത്തും വിവാഹലോചനകള്‍ വന്നുകൊണ്ടിരുന്നു. സന്യാസംതന്നെ മതിയെന്ന് പറയാനുള്ള തെളിവോ മനസിന്റെ ബലമോ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് ഡോ. ബെറ്റ്‌സി പരിശുദ്ധ മാതാവിനോട് ഒരു പ്രാര്‍ത്ഥന നടത്തിയിരുന്നു. തനിക്ക് അനുയോജ്യനായ ഭര്‍ത്താവിനെ ലഭിക്കുന്നതിനായി 500 ജപമാലകള്‍ ചൊല്ലാമെന്ന്. ഏറ്റവും കുറഞ്ഞത് ദിവസം ഒരെണ്ണം എന്ന രീതിയിലായിരുന്നു. ചിലപ്പോള്‍ കൂടുതല്‍ ചൊല്ലും. ജപമാല പൂര്‍ത്തിയായതിന്റെ പിറ്റേമാസം-2004 ജൂണ്‍ മാസത്തിലെ തിരുഹൃദയത്തിരുനാള്‍ ദിവസം തിരുവചനത്തിലൂടെ കര്‍ത്താവ് സംസാരിച്ചു. ഏശയ്യ 54:5 വചനമായിരുന്നു ലഭിച്ചത്. ”നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെ നാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.” തന്റെ മുറിയില്‍ ഇരിക്കുമ്പോഴാണ് വചനം ലഭിച്ചത്. ആ നിമിഷം സമ്മതം കര്‍ത്താവിനെ അറിയിച്ചു. അതുപറഞ്ഞു കഴിഞ്ഞപ്പോള്‍ മനസില്‍ ആഴമായ ശാന്തത അനുഭവപ്പെട്ടു. അതിനെ ഈശോയുടെ സാന്നിധ്യം എന്നാണ് സിസ്റ്റര്‍ ബെറ്റ്‌സി വിശേഷിപ്പിക്കുന്നത്. 14 വര്‍ഷങ്ങള്‍ക്കുശേഷവും ആ കൃപ തന്നെ പൊതിഞ്ഞുനില്ക്കുകയാണെന്ന് സിസ്റ്റര്‍ ബെറ്റ്‌സി പറയുന്നു. പിന്നീട് ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നും ശാന്തതക്ക് മങ്ങലേല്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സിസ്റ്ററിന് ഉറപ്പുണ്ട്.

ഡോ. ബെറ്റ്‌സിയുടെ തീരുമാനം അറിഞ്ഞപ്പോള്‍ എതിര്‍പ്പുകള്‍ ഉണ്ടായി. ബുദ്ധിയും ബോധവും ഉള്ളവര്‍ക്ക് സാധിക്കുന്നതല്ലെന്ന് സുഹൃത്തുക്കളും അവരുടെ മാതാപിതാക്കളും ഉപദേശിച്ചു. ആത്മീയ പിതാവിനെ തീരുമാനം അറിയിച്ചപ്പോള്‍ ഒരു വര്‍ഷം കാത്തിരിക്കാനായിരുന്നു ഉപദേശിച്ചത്. അതിനുശേഷവും തീരുമാനത്തിന് മാറ്റമില്ലെങ്കില്‍ മഠത്തില്‍ ചേരാമെന്നും. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഒരു കമ്മ്യൂണിറ്റിയില്‍ ഏതാനും മാസങ്ങള്‍ താമസിക്കുന്നതിനുള്ള അവസരവും ഒരുക്കി. അവിടുത്തെ എല്ലാ കാര്യങ്ങളിലും ഇടപെട്ടായിരുന്നു ജീവിതം. സിസ്റ്റര്‍ അംഗമായിരിക്കുന്ന എഫ്‌സിസി സഭയുടെ മറ്റൊരു പ്രവിശ്യയിലായിരുന്നു. വീട്ടില്‍ അറിയിച്ചപ്പോള്‍ പപ്പയ്ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. മകള്‍ സന്യസ്തജീവിതം തിരഞ്ഞെടുക്കുന്നതിനോടുള്ള എതിര്‍പ്പായിരുന്നില്ല. മറിച്ച്, അവള്‍ക്ക് ആ ജീവിതം തുടരാന്‍ കഴിയുമോ എന്നൊരു ആശങ്കയായിരുന്നു അതിനു കാരണം. മൂത്തസഹോദരി ഡോ. ബബിത തോമസും സഹോദരന്‍ അഡ്വ. ജോണ്‍ തോമസും തീരുമാനത്തോടൊപ്പം നിന്നു. പപ്പയുടെ സമ്മതം ലഭിക്കുന്നതിനു മമ്മിക്ക് കുറച്ചു കണ്ണീരൊഴുക്കേണ്ടതായി വന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. തന്റെ മനസിലെ വിഷമങ്ങള്‍ സഹോദരനോട് പങ്കുവയ്ക്കുമായിരുന്നു. തന്നെ മനസിലാക്കാന്‍ കഴിയുന്ന സഹോദരങ്ങളെ നല്‍കിയതിന് സിസ്റ്റര്‍ ദൈവത്തോട് നന്ദി പറയുകയാണ്.

മെഡിക്കല്‍ ബുക്കുകളോട് വിട
അങ്ങനെ 2005 ജൂണ്‍ മാസത്തില്‍ 28-ാം വയസില്‍ ഡോ. ബെറ്റ്‌സി തറയില്‍ എഫ്‌സിസി സഭയില്‍ ചേര്‍ന്നു. എംബിബിഎസ് പൂര്‍ത്തിയാക്കിയിട്ട് അപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം പ്രൈവറ്റ് ആശുപത്രിയില്‍ ജോലി ചെയ്തു. ജോലിയോടൊപ്പം പിജിക്കുള്ള എന്‍ട്രന്‍സ് പരിശീലനവും നടത്തിയിരുന്നു. മഠത്തില്‍ ചേരുമ്പോള്‍ ഡോ. ബെറ്റ്‌സി ഒരു തീരുമാനം എടുത്തിരുന്നു. അടുത്ത നാലര വര്‍ഷത്തേക്ക് (വ്രതവാഗ്ദാനത്തിനുള്ള കാലം) മെഡിക്കല്‍ ബുക്കുകളൊന്നും തുറക്കുകയില്ല. മണ്ടന്‍ തീരുമാനമെന്ന് പലരും പറഞ്ഞു. 2009 നവംബര്‍ 14-ന് വ്രതവാഗ്ദാനം ചെയ്തു. അപ്പോഴേക്കും മെഡിക്കല്‍ ഫീല്‍ഡില്‍ താന്‍ സീറോയായി മാറിക്കഴിഞ്ഞിരുന്നുവെന്ന് സിസ്റ്റര്‍ ബെറ്റ്‌സി പറയുന്നു. ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. എല്ലാം ആരംഭത്തില്‍നിന്നും തുടങ്ങേണ്ട അവസ്ഥ. പിജി പഠനത്തിന് തയാറെടുക്കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം എന്‍ട്രന്‍സ് പരിശീലനത്തില്‍ ഏര്‍പ്പെട്ടു. മെറിറ്റില്‍ പിജിക്ക് പ്രവേശനം ലഭിച്ചു. തനിക്കുവേണ്ടി വിലപ്പെട്ട നാലര വര്‍ഷം മാറ്റിവച്ചത് കര്‍ത്താവ് കണ്ടു എന്ന് ചുരുക്കം. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലായിരുന്നു പഠനം. ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍) ആയിരുന്നു സിസ്റ്റര്‍ ബെറ്റ്‌സി തിരഞ്ഞെടുത്തത്. അതിന്റെ പിന്നില്‍ അനുകമ്പാപൂര്‍വമായ ഒരു ഹൃദയം ഉണ്ടായിരുന്നു.

സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരാണ് തന്റെ മുമ്പില്‍ എത്തുന്ന രോഗികളെന്നു സിസ്റ്റര്‍ പറയുന്നു. അപകടത്തില്‍ തലച്ചോറിന് ക്ഷതം സംഭവിച്ച് തളര്‍ന്നുപോയവര്‍, രോഗം വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നവര്‍ തുടങ്ങി പരാശ്രയം വേണ്ടുന്നവരെയാണ് ചികിത്സിക്കുന്നത്. ശരിയായ വിധത്തില്‍ അവര്‍ക്ക് ചികിത്സ നല്‍കിയാല്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കഴിയുന്ന വിധത്തിലേക്ക് ബഹുഭൂരിപക്ഷത്തെയും മാറ്റാന്‍ കഴിയുമെന്നാണ് സിസ്റ്ററിന്റെ അഭിപ്രായം. പ്രായത്തിന് അനുസരിച്ച് വളര്‍ച്ചയില്ലാത്തതിന്റെ പേരില്‍ പിന്തള്ളപ്പെട്ടുപോകുന്ന കുട്ടികളും ചികിത്സ തേടുന്നു. അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് പറയുന്നില്ലെങ്കിലും അവര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് സിസ്റ്റര്‍ പറയുന്നു. അവര്‍ക്കായി ചെയ്യുന്ന സേവനങ്ങള്‍ അത്ഭുതങ്ങളുടെ പട്ടികയിലേക്ക് എത്തുന്നവയാണെന്നത് മറ്റൊരു കാര്യം.

ഇത്രയും താമസിച്ച് മഠത്തില്‍ ചേര്‍ന്നത് ദൈവിക പദ്ധതിയായിരുന്നോ എന്ന ചോദ്യത്തിന് സിസ്റ്ററിന്റെ മറുപടി. അതു ഇനിയും വ്യക്തമാകണമെന്നാണ്. എങ്കിലും പിന്നില്‍ ദൈവിക പദ്ധതി ഉണ്ടെന്നു വിശ്വസിക്കാനാണ് സിസ്റ്ററിന് ഇഷ്ടം. സിസ്റ്റര്‍ ബെറ്റ്‌സിയുടെ അനുഭവങ്ങള്‍ ദൈവവിളി സ്വീകരിക്കാന്‍ പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്. എംബിബിഎസ് കഴിഞ്ഞ ഒരു വനിതാ ഡോക്ടര്‍ കഴിഞ്ഞവര്‍ഷം മഠത്തില്‍ ചേരാന്‍ നിമിത്തമായത് സിസ്റ്റര്‍ ബെറ്റ്‌സിയുടെ അനുഭവങ്ങളായിരുന്നു. ഡോക്ടറായ താന്‍ ദൈവവിളി സ്വീകരിക്കുമ്പോള്‍ അതിലൂടെ മറ്റുള്ളവരുടെ മുമ്പില്‍ ഈശോ മഹത്വപ്പെടുമല്ലോ എന്ന ചിന്ത ആദ്യകാലത്ത് തന്നെ ഭരിച്ചിരുന്നതായി സിസ്റ്റര്‍ പറയുന്നു. എന്നാല്‍, ക്രിസ്തുവിന്റെ പിന്നാലെ ഞാന്‍ പോകുമ്പോള്‍ അവന് ഒരു മഹത്വവും വര്‍ധിക്കാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് പിന്നീട് തനിക്ക് ലഭിച്ചതെന്ന് സിസ്റ്റര്‍ പറയുന്നു. കാരണം, അവന്‍ എല്ലാത്തിന്റെയും പൂര്‍ണതയാണ്.

”ഈ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞപ്പോഴാണ് മനസിലായത്, ഇതു വലിയൊരു നിധിയാണെന്ന്. ലോകത്തിന്റെ അരൂപി അന്ധമാക്കിയതിനാല്‍ പുറത്തുനില്ക്കുന്നവര്‍ക്ക് മനസിലാകില്ല. കൃപകൊണ്ടുമാത്രമേ സമര്‍പ്പിത ജീവിതത്തില്‍ നിലനില്ക്കാന്‍ കഴിയൂ.” വര്‍ത്തമാനകാലത്ത് ഉണ്ടാകുന്ന പ്രതിസന്ധികള്‍ സന്യാസ ജീവിതത്തിന്റെ അന്ത്യംതീര്‍ക്കുമെന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ പല കോണുകളില്‍നിന്നും ഉയരുന്നുണ്ട്. അതിന് കൃത്യമായ മറുപടി സിസ്റ്റര്‍ ബെറ്റ്‌സിക്കുണ്ട്. ”എല്ലാം വലിച്ചെറിഞ്ഞ് ക്രിസ്തുവിന്റെ പിന്നാലെ പോകാന്‍ തയാറാകുന്ന ഒരു ഗണം എന്നും ഉണ്ടാകും. ക്രിസ്തുവിനുവേണ്ടി ജീവന്‍ നല്‍കാന്‍ തയാറുള്ള മനുഷ്യരുടെ ഗണത്തെ തളര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. മുമ്പില്‍ പോകുന്നവന്‍ അത്രയും വലിയവനാണ്.”

ജോസഫ് മൈക്കിള്‍

Latest Posts

Don’t want to skip an update or a post?