Follow Us On

26

March

2019

Tuesday

പരിശുദ്ധ മാതാവിന്റെ കരങ്ങളിലൂടെ…

പരിശുദ്ധ മാതാവിന്റെ കരങ്ങളിലൂടെ…

ജനിച്ചതും വളര്‍ന്നതും തൃശൂര്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ ഇടവക ദൈവാലയവുമായി ബന്ധപ്പെട്ടായിരുന്നു. ദൈവാലയവുമായി ബന്ധപ്പെട്ട ജീവിതമായിരുന്നു മാതാപിതാക്കളുടേത്. അതുകൊണ്ടുതന്നെ മക്കളായ ഞങ്ങളും അത് പിന്തുടര്‍ന്നു. ഒഴിവുസമയങ്ങളില്‍ മിക്കവാറും പള്ളിയില്‍തന്നെ. പ്രതിസന്ധി നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന മാതാപിതാക്കള്‍ പ്രാര്‍ത്ഥനയിലൂടെ ശക്തിനേടിയതു കണ്ടാണ് ഞാനും വളര്‍ന്നത്..

ബാല്യം മുതലേ സംഗീതത്തോടും സംഗീത ഉപകരണങ്ങളോടും വളരെയേറെ താത്പര്യം എനിക്കുണ്ടായിരുന്നു. ചെറിയ ടേപ്പ് റെക്കോര്‍ഡറുകള്‍, സ്പീക്കറുകള്‍, വയറുകള്‍ എന്നിവയെല്ലാമായിരുന്നു അന്നെന്റെ കളിപ്പാട്ടങ്ങള്‍. പത്താം ക്ലാസില്‍ എത്തിയതോടെ സംഗീതത്തോടുള്ള താത്പര്യവും വളര്‍ന്നു. തുടര്‍ പഠനത്തിന് സാമ്പത്തികശാസ്ത്രം വിഷയമാക്കിയപ്പോഴും മനസിലെ സംഗീതത്തോടുള്ള ഇഷ്ടം നഷ്ടമായില്ല. ഡിഗ്രിക്ക് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിക്കുമ്പോള്‍ കോഴ്‌സിനെ കുറിച്ചുള്ള അന്വേഷണം തുടര്‍ന്നു. അപ്പോഴാണ് പൂനെയില്‍ സൗണ്ട് എഞ്ചിനീയറിംഗ് കോഴ്‌സ് പഠിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞത്. പക്ഷേ കേരളത്തിനു പുറത്തുവിട്ടു പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് താത്പര്യമില്ലായിരുന്നു. കേരളത്തില്‍ ആ കോഴ്‌സ് തുടങ്ങിയാല്‍ പഠിപ്പിക്കാമെന്നേറ്റു. അന്നേവരെ കേരളത്തില്‍ ആ കോഴ്‌സ് തുടങ്ങിയിട്ടുമില്ലായിരുന്നു. അതൊരു സെപ്തംബര്‍ മാസത്തിലാണ് പറഞ്ഞത്. ഒക്‌ടോബറില്‍ മാതാവിന്റെ കൊന്ത മാസമല്ലേ, മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ അമ്മ പറഞ്ഞപ്പോള്‍ അതൊരുള്‍വിളിയായി. ഒക്‌ടോബര്‍ മാസത്തില്‍ 10 കൊന്ത വീതം 31 ദിവസവും ചൊല്ലി നിയോഗം വച്ച് പ്രാര്‍ത്ഥിച്ചു. ഡിസംബര്‍ ആദ്യവാരം പത്രത്തില്‍ ഒരു പരസ്യം വന്നു. സി. എം. ഐ. സന്യാസസഭയുടെ കീഴിലുള്ള ചേതന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗണ്ട് എഞ്ചിനീയറിംഗ് കോഴ്‌സ് ആരംഭിക്കുന്നു. കേരളത്തില്‍ ആദ്യമായി സൗണ്ട് എഞ്ചിനീയറിംഗ് കോഴ്‌സ്. മാതാവ് എനിക്കായി ഒരുക്കിയതാണ് ആ കോഴ്‌സ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടെ ആദ്യബാച്ചില്‍ ചേര്‍ന്നു പഠിച്ചു. എന്റെ കൂടെ പഠിച്ച എല്ലാവര്‍ക്കും ജോലിയായിട്ടും ആ നാളുകളില്‍ എനിക്ക് മാത്രമായില്ല. ദൈവവുമായി കൂടുതല്‍ അടുക്കുവാനും ജീവിത യാഥാര്‍ത്ഥ്യങ്ങളെ ദൈവകരങ്ങളില്‍ നിന്നു സ്വീകരിക്കാനും പരിശുദ്ധ അമ്മ പഠിപ്പിച്ചത് അക്കാലങ്ങളിലാണ്. ജപമാല ജീവിതത്തിലെ അവിഭാജ്യഘടകമായി.

പഠനം കഴിഞ്ഞ് ആദ്യം ചെന്നൈയിലും പിന്നീട് മുംബൈയിലും ജോലി ചെയ്യാന്‍ ആരംഭിച്ചു. സിനിമയില്‍ ശബ്ദമിശ്രണമാണ് എന്റെ ജോലി. ജോലിയുമായി മുംബൈയിലെത്തിയ ആദ്യവര്‍ഷങ്ങള്‍ വളരെ ക്ലേശകരമായിരുന്നു. വേറിട്ട സിനിമാലോകമായ ബോളിവുഡില്‍ കാലുറപ്പിക്കാന്‍ എടുത്ത വര്‍ഷങ്ങളിലെല്ലാം അമ്മ താങ്ങും തുണയുമായുണ്ടായിരുന്നു. സിനിമാരംഗത്ത് ലഭിച്ച അവാര്‍ഡുകള്‍ക്കൊപ്പം 2015ലും 2017ലും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചപ്പോഴും അതും ദൈവം തന്ന അംഗീകാരമായാണ് ഞാന്‍ കരുതുന്നത്.

സിനിമാലോകത്തിലെ ജീവിതത്തില്‍, വ്യക്തിപരമായി ദൈവവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ഓരോ ഉയര്‍ച്ചയും പ്രാര്‍ത്ഥനയിലൂടെയായിരുന്നു. വിജയത്തെ സഭയില്‍ നിന്ന് മാറ്റി ചിന്തിക്കാന്‍ എനിക്കാകില്ല. ഇടവകപള്ളിയും പെരുന്നാളും യുവജനക്യാമ്പും മതബോധനവും വ്യക്തിജീവിതത്തെ കരുപിടിപ്പിക്കാന്‍ സഹായിച്ച പ്രധാന ഘടകങ്ങളാണ്. വേദന നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ യേശുവിന്റെ സ്‌നേഹവുമായി വന്ന ഒരുപാട് വൈദികര്‍… ജീവിതത്തിന്റെ ഓരോ പടിയും ഉയരത്തിലേക്കു കയറുമ്പോള്‍ കൂടെയായിരുന്ന ആ വൈദികര്‍ നല്‍കിയ സ്‌നേഹവും പ്രോത്സാഹനവും മറക്കാനാവുന്നില്ല.

സിനിമയില്‍ ഞാന്‍ ശബ്ദമിശ്രണം നടത്തുമ്പോള്‍ അതിന്റെ കൈയൊപ്പ് ദൈത്തിന്റേതാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കും. ”ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്” എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ജസ്റ്റിന്‍ ജോസ്
(ശബ്ദമിശ്രണം ദേശീയ
അവാര്‍ഡ് ജേതാവ്)

Latest Posts

Don’t want to skip an update or a post?