Follow Us On

26

March

2019

Tuesday

മാറുന്ന കുടുംബ സങ്കല്പങ്ങള്‍

അനുനിമിഷം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ എല്ലാ മാറ്റങ്ങളോടുമൊപ്പം കുടുംബബന്ധങ്ങളിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ചെറിയ കുടുംബം സന്തുഷ്ടകുടുംബം എന്ന പുത്തന്‍ ആശയവുമായി വന്ന് നമ്മെ കീഴടക്കിയ ന്യൂക്ലിയര്‍ സംസ്‌കാരം ഇവിടെ നിലവിലുണ്ടായിരുന്ന കൂട്ടുകുടുംബവ്യവസ്ഥ പാടെ അപ്രത്യക്ഷമാക്കി. കുറഞ്ഞത് എട്ടോ പത്തോ പേരെങ്കിലുമടങ്ങുന്ന സ്വതന്ത്ര കുടുംബങ്ങളുടെ സ്ഥാനം കുടുംബാംഗങ്ങളുടെ എണ്ണം തീരെ കുറഞ്ഞ പുത്തന്‍ കുടുംബവ്യവസ്ഥിതിക്ക് വഴിമാറി കൊടുക്കാന്‍ നിര്‍ബന്ധിതമായി. പരസ്പരം സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ തീക്ഷ്ണമായ ആഗ്രഹത്തിന്റെയും ആവശ്യത്തിന്റെയും പരിണിതഫലമെന്നു വിശേഷിപ്പിക്കാവുന്ന കുടുംബം എന്ന സ്ഥാപനത്തിന്റെ നിലനില്പ് കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹം, വിശ്വാസം, കടപ്പാട്, പരസ്പരാശ്രയം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഒരേ കൂരയ്ക്കു കീഴില്‍ താമസിക്കുന്നു എന്നതുകൊണ്ടുമാത്രം പരസ്പരം സ്‌നേഹിക്കാനും മനസിലാക്കാനും ബഹുമാനിക്കാനും കടപ്പാടുകള്‍ വച്ചുപുലര്‍ത്താനും അന്യോന്യം സഹായിക്കാനും ഭിന്ന മനോഭാവങ്ങള്‍ വച്ചുപുലര്‍ത്തുന്ന, വ്യതിരിക്ത വ്യക്തിത്വമുള്ള, ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആയെന്നു വരില്ല. കുടുംബാംഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന നേരിയ ചേര്‍ച്ചക്കേടുപോലും കുടുംബാന്തരീക്ഷത്തെ താളം തെറ്റിച്ചെന്നു വരാം. കുടുംബം എന്ന മനോഹര സങ്കല്പത്തെ പ്രായോഗികതലത്തില്‍ പരാജയമാക്കിത്തീര്‍ത്തേക്കാം.

ഒരര്‍ത്ഥത്തില്‍ വലിയ കുടുംബങ്ങളെ അപേക്ഷിച്ച് ആയാസരഹിതവും ദൃഢവുമായ ബന്ധങ്ങളാണ് ചെറിയ കുടുംബങ്ങളില്‍ നിലനില്‍ക്കുന്നത്. വ്യക്തികളെന്ന നിലയില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അവ തമ്മില്‍ ഏറ്റുമുട്ടാനുള്ള സാഹചര്യങ്ങള്‍ പ്രായേണ കുറഞ്ഞിരിക്കുന്നു. വളരെ കുറച്ച് അംഗങ്ങള്‍മാത്രം അടങ്ങുന്ന ശരാശരി ചെറുകുടുംബങ്ങളില്‍ അംഗങ്ങള്‍ക്ക് പരസ്പരം അറിയുവാനും സനേഹിക്കുവാനും ബഹുമാനിക്കുവാനും അവസരവും സമയവും ലഭിക്കുന്നു. ഈ അര്‍ത്ഥത്തില്‍ വലിയ കുടുംബങ്ങളെ അപേക്ഷിച്ച് ദൃഢമായ ബന്ധങ്ങളാണ് ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ നിലനില്‍ക്കുന്നതെന്നതില്‍ തര്‍ക്കമില്ല.
മിക്ക ചെറു കുടുംബങ്ങളിലും കുട്ടികളെ വിജയകരമായ ഒരു ഭാവിജീവിതത്തിന് പാകപ്പെടുത്താന്‍ ഉതകുന്ന രീതിയില്‍ സാമ്പത്തികമായി ക്രമപ്പെടുത്തുക എന്നത് ശ്രമകരമായ ജോലിയാണ്.

ചെറിയ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന അന്തരീക്ഷം ചില അവസരങ്ങളിലെങ്കിലും നേരെ വിപരീത ഫലങ്ങള്‍ ഉളവാക്കാന്‍ പോന്നവയാണെന്ന യാഥാര്‍ത്ഥ്യംകൂടി നമ്മള്‍ മനസിലാക്കിയിരിക്കേണ്ടതുണ്ട്. ചെറുകുടുംബങ്ങളുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെട്ട അതേ അന്തരീക്ഷം അനാരോഗ്യകരമായി ചില കുടുംബങ്ങളില്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ചില അവസരങ്ങളിലെങ്കിലും രക്ഷകര്‍ത്താക്കള്‍ അമിത സ്‌നേഹം കുട്ടികളില്‍ ചൊരിയുന്നു. തങ്ങള്‍ക്ക് കുട്ടിക്കാലത്ത് നിഷേധിക്കപ്പെട്ടതും കുട്ടികള്‍ക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ എന്തും കുട്ടികള്‍ക്ക് നല്‍കുന്നു. തങ്ങളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ഒന്നാകെ കുട്ടികളില്‍ അടിച്ചേല്‍പിക്കുന്നു. അവ യാഥാര്‍ത്ഥ്യമാക്കാന്‍ നിരന്തരം അവരുടെമേല്‍ സമ്മര്‍ദം ചെലുത്തുന്നു. തങ്ങളുടെ പ്രതീക്ഷക്കൊപ്പം കുട്ടികള്‍ ഉയരാതെ വരുമ്പോള്‍ അവരെ തീരെ അവഗണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രശ്‌നമായി മാറുന്നത് അതിന്റെ പ്രയോക്താക്കളുടെ പെരുമാറ്റമാണ്. വ്യക്തമായി പറഞ്ഞാല്‍ കുടുംബനായകന്റെയോ കുടുംബനായികയുടെയോ മിക്കപ്പോഴും രണ്ടുപേരുടെയുമോ പെരുമാറ്റം. മക്കളുടെ കാര്യത്തില്‍ അവരാണല്ലോ അമിതലാളനയും അമിത നിയന്ത്രണവും അറിഞ്ഞോ അറിയാതെയോ പ്രയോഗിക്കാന്‍ ഉത്സാഹം കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തെ അതിജീവിക്കാന്‍ തങ്ങളുടെ കുട്ടികളോടുള്ള ഇത്തരം മാതാപിതാക്കളുടെ പൊതു സമീപനത്തില്‍ മാറ്റം വരുത്താന്‍ അവര്‍ തയാറാകണം. ഇതിനായി ചില കാര്യങ്ങള്‍ അവര്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

സ്വന്തം നിലനില്‍പിന് മുതിര്‍ന്നവരെ നല്ലൊരു പരിധിവരെ കുട്ടികള്‍ ആശ്രയിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സ്വന്തമായ ഒരു ലോകം ഉണ്ടെന്ന് മാതാപിതാക്കളും മുതിര്‍ന്നവരും തിരിച്ചറിയണം. അവിടെ കുറച്ചു സമയമെങ്കിലും യഥേഷ്ടം വിഹരിക്കാന്‍ അവരെ അനുവദിക്കുക. അതിരുകടന്ന സ്‌നേഹത്തിന്റെ ചങ്ങലകൊണ്ട് അവരെ കെട്ടിയിടാന്‍ ശ്രമിക്കാതിരിക്കുക. മക്കളോടുള്ള അതിരുകടന്ന സ്‌നേഹത്തില്‍നിന്നും രൂപംകൊള്ളുന്ന ആശങ്കകള്‍കൊണ്ട് നിയന്ത്രണത്തിന്റെ നിയമാവലികള്‍ അവരെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുത്.

തെറ്റും ശരിയും നിത്യജീവിതത്തില്‍ പതിയിരിക്കുന്ന അപകടങ്ങളും എന്തൊക്കെയാണെന്ന് അവരെ പറഞ്ഞ് മനസിലാക്കുകയും അവയെ നേരിടാന്‍ സജ്ജരാക്കുകയുമാണ് വേണ്ടത്. അല്ലാതെ തെറ്റും ശരിയും അപകടങ്ങളും ഒഴിവാക്കാനായി ‘അരുതു’കളുമായി അവരെ സദാ പിന്‍തുടരുന്നവരാകരുത് മാതാപിതാക്കള്‍. അതുപോലെ മാതാപിതാക്കന്മാര്‍, അധ്യാപകര്‍ എന്നിവരെ കൂടാതെ സമപ്രായക്കാരോടും മറ്റ് മുതിര്‍ന്നവരോടും അടുത്തിടപെടാന്‍ അവര്‍ക്ക് അവസരം കൊടുക്കണം. മറ്റുള്ളവരില്‍നിന്ന് കുട്ടികളെ അസാധാരണമായി മാറ്റിനിര്‍ത്തുന്നത് സ്വാര്‍ത്ഥതയിലേക്കും അന്തര്‍മുഖതയിലേക്കും നയിച്ചെന്നിരിക്കും. മറ്റുള്ളവരുമായി അടുത്തിടപെടുമ്പോള്‍ സഹകരണ മനോഭാവവും ആശയവിനിമയ സാമര്‍ത്ഥ്യവും ആത്മവിശ്വാസവും അവരില്‍ വളര്‍ത്തും. എന്നുമാത്രമല്ല, വീടിനു പുറത്തെ ലോകത്തെക്കുറിച്ചുള്ള സങ്കല്പവും അതിനെ നേരിടാനുള്ള ബാലപാഠങ്ങളും അനുഭവങ്ങള്‍ അവര്‍ക്ക് മനസിലാക്കിക്കൊടുക്കും.

കുട്ടികളുടെ കഴിവുകളും താല്പര്യങ്ങളും കണ്ടറിയുകയും അവമാത്രം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഉത്തമം. മാതാപിതാക്കള്‍ക്ക് മക്കളെക്കുറിച്ചുള്ള ആഗ്രഹങ്ങളും താല്പര്യങ്ങളും അവരില്‍ അടിച്ചേല്പിക്കുന്നതും അവ വേഗത്തില്‍ കൈവരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതും ബാലിശമാണ്. അപകര്‍ഷബോധവും കുറ്റബോധവും ഉത്ക്കണ്ഠയും കുട്ടികളില്‍ വളര്‍ത്താനേ മാതാപിതാക്കളുടെ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ.

അമിതമായ കുറ്റപ്പെടുത്തലുകളുടെ തീച്ചൂളയിലേക്ക് മക്കളെ എടുത്തെറിയാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അതുപോലെ മറ്റു കുട്ടികള്‍ക്കുള്ളതും തങ്ങളുടെ കുട്ടിക്ക് ഇല്ലാത്തതുമായ കഴിവുകളെ ഉയര്‍ത്തിക്കാട്ടി മാതാപിതാക്കള്‍ നടത്തുന്ന താരതമ്യപഠനം പലപ്പോഴും കുട്ടികളില്‍ വിഷാദവും കുറ്റബോധവും ആത്മനിന്ദയും വളര്‍ത്താന്‍ ഇടയാക്കും.

പഠനത്തോടൊപ്പം കളിക്കാനും ഉല്ലസിക്കാനുമുള്ള കുട്ടികളുടെ അവകാശവും അഭിലാഷവും സാധിച്ചുകൊടുക്കണം. എന്നാല്‍ ഒരു കാര്യം പ്രത്യേകം ഓര്‍ത്തിരിക്കേണ്ടത് ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ നമ്മള്‍ മക്കള്‍ക്ക് കൊടുക്കേണ്ടത് അമിത സ്വാതന്ത്ര്യമല്ല. എന്നാല്‍ സ്വാതന്ത്ര്യത്തെ അതിന്റെ പൂര്‍ണതയില്‍ അവര്‍ക്ക് നല്‍കണം.

കുട്ടികള്‍ കുടുംബത്തിന്റെ സ്വത്താണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയേണ്ട കാലമാണിത്. ഉത്തരവാദിത്വപൂര്‍ണമായ ദാമ്പത്യത്തിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കാനും ക്രിസ്തീയാരൂപിയാല്‍ മക്കളെ വളര്‍ ത്താനും മാതാപിതാക്കള്‍ തയാറായാല്‍ നമ്മുടെ ഭവനം അനുഗ്രഹത്തിന്റെ ഉറവിടങ്ങളും വിശ്വാസത്തിന്റെ ദര്‍പ്പണങ്ങളുമായി മാറുകയില്ലേ?

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

Latest Posts

Don’t want to skip an update or a post?