Follow Us On

26

March

2019

Tuesday

ബാറില്‍നിന്നും ബലിവേദിയിലേക്ക്…

ബാറില്‍നിന്നും ബലിവേദിയിലേക്ക്…

യുവാക്കള്‍ക്ക് ആവോളം മദ്യം പകര്‍ന്നുകൊടുത്ത ഒരു ചെറുപ്പക്കാരനെ പരിശുദ്ധാത്മാവ് സ്പര്‍ശിക്കുകയും ഒടുവില്‍ അയാള്‍ വൈദികനാകുകയും ചെയ്ത കഥയാണ് സ്‌പെയിനില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത്. ബാറിലെത്തുന്നവരെ മദ്യലഹരിയില്‍ ആറാടിച്ച ജുവാന്‍ ദെ കസെരസ് എന്ന യുവാവ് അനേകരെ ആത്മീയാനന്ദത്തിലേക്ക് നയിക്കുന്നു. സ്‌പെയിനിലെ സാന്‍ഡാന്‍ടര്‍ രൂപതയിലെ വൈദികനാണ് അദേഹം.

ജുവാന്‍ ഒരു മദ്യവ്യവസായിയും അവിടുത്തെ വിതരണക്കാരനുമായിരുന്നു. മദ്യവില്‍പനയുമായി കഴിഞ്ഞ ഈ ചെറുപ്പക്കാരന്‍ ഒന്നര പതിറ്റാണ്ട് ദൈവാലയത്തില്‍ പോയിട്ടില്ല എന്നതാണ് വാസ്തവം.

ക്രിസ്ത്യാനിയായിരുന്നു എന്നതൊഴിച്ചാല്‍ ദൈവാലയത്തെക്കുറിച്ചോ അവിടെ നടക്കുന്ന കര്‍മ്മങ്ങളെക്കുറിച്ചോ ജുവാന് ഒന്നും അറിയാമായിരുന്നില്ല. കൂദാശകളെക്കുറിച്ചോ വൈദികര്‍ ചെയ്യുന്ന അനുഷ്ഠാനങ്ങളെക്കുറിച്ചോ അദേഹം മനസിലാക്കിയിരുന്നില്ല. എന്നിട്ടും ദൈവാത്മാവ് അദേഹത്തെ തേടിവന്നു. പ്രാഥമിക പഠനശേഷം ജുവാന്‍ നിയമം പഠിക്കാന്‍ ചേര്‍ന്നെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചു. എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന ചിന്ത അദേഹത്തെ ആ നാളുകളില്‍ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയാണ് വേഗം പണക്കാരനാകാന്‍ ചിലരെങ്കിലും മദ്യകച്ചവടത്തിലേക്ക് തിരിയാന്‍ ജുവാനെ പ്രേരിപ്പിക്കുന്നത്.

നഗരത്തില്‍ സ്വന്തമായി മോഡേണ്‍ എന്ന പേരില്‍ ഒരു മദ്യക്കട തുറന്നു. കച്ചവടം ഗംഭീരമായി പുരോഗമിച്ചു. യുവാക്കള്‍ ഒഴുകി വന്നു. പക്ഷേ അപ്പോഴാണ് സ്‌പെയിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നത്. ജുവാന്റെ മദ്യഷാപ്പിനെയും അത് ബാധിച്ചുതുടങ്ങി. എങ്കിലും ബാര്‍ നിര്‍ത്തുന്നതിനെക്കുറിച്ച് അന്നും ജുവാന്‍ തെല്ലും ചിന്തിച്ചിരുന്നില്ല. ജീവിതത്തില്‍ യാതൊരു ലക്ഷ്യവുമില്ലാതെ അദേഹം മുന്നോട്ട് ഒഴുകിക്കൊണ്ടിരുന്നു.

മദ്യപിച്ച് എല്ലാ അധാര്‍മ്മിക പ്രവൃത്തികള്‍ക്കും ഒപ്പമുണ്ടായിരുന്ന പലരും അവരുടെ വഴിക്കുപോയിത്തുടങ്ങി. ജുവാന്‍ തനിച്ചായതുപോലെ. പലപ്പോഴും ബാറിലെ ഇരുണ്ട നിഴലിലെ ശൂന്യതയില്‍ ആരും കൂട്ടിനില്ലാതെ അയാള്‍ വലഞ്ഞു.

അപ്പോഴാണ് ദൈവം കൂട്ടിനെത്തുന്നത്, ഒരു സുഹൃത്തിന്റെ രൂപത്തില്‍. 15 വര്‍ഷമായി കുര്‍ബാനയ്ക്ക് പോകാതിരുന്ന ജുവാനെ സുഹൃത്ത് ഒരു പ്രാര്‍ത്ഥനയ്ക്ക് ക്ഷണിച്ചു. സുഹൃത്തിനെക്കൂടി പിണക്കേണ്ട എന്നുകരുതിയാണ് പ്രാര്‍ത്ഥനയ്ക്ക് പോയത്. കാരണം ആ നാളുകളില്‍ ജുവാന്‍ ഒറ്റയ്ക്കായിരുന്നുവല്ലോ. ആ പ്രാര്‍ത്ഥനാ സമ്മേളനം അവന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറി. ഉള്ളിന്റെ ഉള്ളില്‍ എന്തോ സംഭവിക്കുന്നതായി അദ്ദേഹത്തിന് തോന്നി. സാവധാനം കുര്‍ബാനയ്ക്ക് സ്ഥിരമായി പോയിത്തുടങ്ങി. കുന്വസാരത്തിനെത്തി. വേദപാഠം പഠിക്കാന്‍ തുടങ്ങി. കൂദാശകള്‍ അനുഷ്ഠിക്കാന്‍ തുടങ്ങിയതോടെ ജീവിതം തളിരിടുന്നതുപോലെ തോന്നി. രണ്ടുവര്‍ഷം അങ്ങനെ പോയി. അപ്പോഴാണ് ഉള്ളില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ശക്തമാകുന്നത്. വൈദികനാകണമെന്ന ഒരു സന്ദേശം അദേഹത്തിന് ആ നാളുകളില്‍ ലഭിച്ചുതുടങ്ങി. പക്ഷേ, ജുവാന്റെ കാഴ്ചപ്പാട് അതില്‍ നിന്നും ഏറെ ഭിന്നമായിരുന്നു. എന്തെങ്കിലും ബിസിനസ് ആരംഭിക്കണം, വിവാഹിതായി കുടുംബത്തിനും സമൂഹത്തിനുമായി നല്ലൊരു മനുഷ്യനായി ജീവിക്കണം. ഇങ്ങനെയാണ് അദേഹം സ്വപ്നങ്ങള്‍ നെയ്തത്. എന്നാല്‍ ദൈവാത്മാവ് ആ കാഴ്ചപ്പാടുകളെ പൊളിച്ചടുക്കിയെന്ന് പറയാം. അള്‍ത്താരയില്‍ ക്രിസ്തുവിന്റെ ശരീരരക്തങ്ങള്‍ കൈകളിലേന്തുന്ന വൈദികനാവുക എന്ന ലക്ഷ്യം മാത്രമാണ് ആത്മാവ് അനുദിനം ജുവാന് നല്‍കിക്കൊണ്ടിരുന്നത്.

പൗരോഹിത്യ ജീവിതത്തിലേക്ക് തന്നെ ദൈവം വിളിക്കുന്നുണ്ടോ എന്നറിയാന്‍ അദേഹം രൂപതാധ്യക്ഷനായ ബിഷപ് വിന്‍സന്റെ ജിമേനസിനെ പോയി കണ്ടു. ജന്മനാട്ടില്‍നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള പാംപ്ലോണ എന്ന നഗരത്തിലെ സെമിനാരിയില്‍ അദേഹം പഠനമാരംഭിച്ചു. വൈദിക പരിശീലനം ജീവിതം അടിമുടി പൊളിച്ചെഴുതി. ഈശോയോടുകൂടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. അങ്ങനെയൊരു പുരോഹിതനായി ജുവാന്‍ അഭിഷിക്തനായി.

ഇപ്പോള്‍ സാന്‍ടാന്‍ഡറിലെ നാല് ഇടവകകളുടെ ചുമതലയാണ് ഫാ. ജുവാനുള്ളത്. ദൈവത്തോടും ദൈവാലയത്തോടും എതിര്‍പ്പുമായി കഴിയുന്നവരെ കണ്ടെത്തി ദൈവാഭിമുഖ്യത്തിലേക്ക് നയിക്കാനും സമയം കണ്ടെത്തുന്നു. മദ്യം വിതരണം ചെയ്ത അതേ നഗരത്തില്‍ ഇന്ന് ഫാ. ജൂവാന്‍ പരിശുദ്ധാത്മാവിനെ നല്‍കുന്നു.

യവതീയുവാക്കളുടെ മനോഭാവങ്ങളും കാഴ്പ്പാടും അദേഹത്തിന് നന്നായി അറിയാം. അതിനാല്‍ ജുവാന്റെ വാക്കുകള്‍ യുവജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മാത്രമല്ല മദ്യലഹരിയിലായ പലരും അതില്‍ നിന്ന് പിന്തിരിയുകയും അദേഹം നയിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനങ്ങളിലെത്തുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിലെ നേതാക്കള്‍ ബാറുകളിലുടെ അലഞ്ഞുനടന്ന് യുവജനങ്ങളെ കണ്ടെത്തുകയും പ്രാര്‍ത്ഥനക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.
ജുവാന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാകണം ഇപ്പോള്‍ സന്യാസ- പൗരോഹിത്യ ദൈവവിളികളും രൂപപ്പെട്ടുവരുന്നുണ്ടെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ദൈവം വിളിച്ചത് യഥാര്‍ത്ഥ സാവൂളിനെ തന്നെയാണ്…

ജോര്‍ജ് കൊമ്മറ്റം

Latest Posts

Don’t want to skip an update or a post?