Follow Us On

28

March

2024

Thursday

സമാധാന പ്രാര്‍ത്ഥനകള്‍ ഉയരട്ടെ !

സമാധാന പ്രാര്‍ത്ഥനകള്‍ ഉയരട്ടെ !

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി വിദ്യാസമ്പന്നരും സാംസ്‌കാരിക മൂല്യങ്ങള്‍ പുലര്‍ത്തുന്നവരാണ് കേരളീയരെന്ന് നാം അവകാശപ്പെടാറുണ്ട്. പക്ഷേ, സമീപ ദിവസങ്ങളില്‍ കേരളത്തില്‍നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും അഭിമാനിക്കാന്‍ വകയുള്ളതല്ല. കേരളം സന്ദര്‍ശിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കികഴിഞ്ഞു.

ആളുകള്‍ കൂടിനില്ക്കുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് ഉണ്ടായ അക്രമ സംഭവങ്ങളാണ് മുന്നറിയിപ്പിന് ആധാരം. സാധാരണഗതിയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളോ യുദ്ധമോ വലിയ പ്രകൃതിദുരന്തങ്ങളോ ഉണ്ടാകുമ്പോഴാണ് ഭരണാധികാരികള്‍ പൗരന്മാര്‍ക്ക് ആ രാജ്യങ്ങള്‍ സന്ദര്‍ശിക്കരുതെന്ന അറിയിപ്പുകള്‍ നല്‍കുന്നത്.

അവരുടെ സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും. കേരളത്തിലെ ഹര്‍ത്താലുകള്‍ അത്തരം മുന്നറിയിപ്പ് നല്‍കുന്നതിലേക്ക് മറ്റു രാജ്യങ്ങളെ എത്തിച്ചുവെങ്കില്‍ അതിനെ ഗൗരവമായി കാണണം. ലോകത്തിന്റെ ദൃഷ്ടിയില്‍നിന്നും ഒന്നും ഒളിച്ചുവയ്ക്കാന്‍ സാധിക്കില്ല. ഏതു കോണില്‍ സംഭവിക്കുന്ന കാര്യങ്ങളും എല്ലാവരും അറിയുന്നുണ്ട്.

ഇപ്പോഴത്തേതുപോലുള്ള പ്രതിഷേധങ്ങള്‍ നാടിനെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നശിപ്പിക്കുന്ന വസ്തുക്കളുടെ നഷ്ടത്തോടൊപ്പം അതു സംസ്ഥാനത്തിന്റെ സല്‍പേരിന് ഏല്പിക്കുന്ന കളങ്കവും വലുതാണ്. സംസ്ഥാനം പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ടൂറിസം മേഖലയില്‍ അതു വളരെ പെട്ടെന്നായിരിക്കും പ്രതിഫലിക്കുന്നത്. കേരളത്തിലേക്കുതന്നെ വരണമെന്ന് ടൂറിസ്റ്റുകള്‍ക്ക് നിര്‍ബന്ധമില്ല.

ടൂറിസ്റ്റുകള്‍ എത്തിയില്ലെങ്കില്‍ ടൂറിസം മേഖല തകരും. അനേകര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ്. കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കാന്‍ ആഗ്രഹിക്കുന്ന വ്യവസായികളെ ഇത്തരം സംഭവങ്ങള്‍ പിന്തിരിപ്പിക്കും. കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ലെന്ന ചീത്തപ്പേര് മാറിവരുന്നതിനിടയിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. പ്രതിഷേധങ്ങള്‍ വിജയിപ്പിക്കുന്നതിനായി അക്രമസമരങ്ങള്‍ നടത്തുന്നവരില്‍ ഏറിയപക്ഷവും യുവജനങ്ങളാണ്.

ഇവര്‍ തന്നെയാണ് ജോലിക്കുവേണ്ടി മറ്റുസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോകുന്നതും. വിദേശങ്ങളില്‍ കഠിനമായ കഷ്ടപ്പാടുകള്‍ സഹിക്കുന്ന അനേകം യുവജനങ്ങളുണ്ട്. അക്രമസമരങ്ങളുടെ അനന്തരഫലങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുന്നതും അവരെയാണ്. ചെയ്യുന്ന പ്രവൃത്തികളുടെ അനന്തരഫലങ്ങളെപ്പറ്റി ചിന്തിക്കാത്തതിനാലാണ് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്.

സമരങ്ങളില്‍ വൈകാരികമായി ചിലര്‍ പ്രതികരിച്ചെന്നുവരാം. മുതിര്‍ന്നവര്‍ വേണം അവരെ പിന്തിരിപ്പിക്കാന്‍. വീടുകളുടെയും സ്ഥാപനങ്ങളുടെയും നേര്‍ക്ക് അക്രമങ്ങള്‍ അഴിച്ചുവിടുന്നതും ബോംബ് എറിയുന്നതിനെയുമൊക്കെ പ്രതിഷേധമായി എങ്ങനെയാണ് കാണാന്‍ കഴിയുക? അതിന്റെ അനന്തര ഫലമായി ശത്രുത വളരും.

സ്‌നേഹത്തിലും ഐക്യത്തിലും ജീവിച്ചിരുന്ന അയല്‍ക്കാര്‍ ശത്രുക്കളായി മാറുന്നു. എല്ലാ മേഖലയിലും നാം വളര്‍ന്നുകഴിഞ്ഞു. പക്ഷേ, പ്രതിഷേധ രീതികളില്‍ യാതൊരു വളര്‍ച്ചയും ഉണ്ടായിട്ടില്ല. ആശയപരമായ ഭിന്നിപ്പുകളെ കായികമായി നേരിടാന്‍ ശ്രമിക്കുമ്പോള്‍ വളരെ പിന്നിലേക്കാണ് പോകുന്നത്. കേസുകളില്‍ പ്രതികളായി എത്ര ചെറുപ്പക്കാരുടെ ഭാവി നഷ്ടപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ കലഹങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രദേശങ്ങളുടെ വളര്‍ച്ചയാണ് നഷ്ടപ്പെടുന്നത്. ആരും ആ പ്രദേശത്തേക്കും വരാന്‍ ഇഷ്ടപ്പെടില്ലല്ലോ. പുതിയ തലമുറയുടെ നന്മയെ കരുതിയെങ്കിലും നാടിനെ നശിപ്പിക്കുന്ന സമരരീതികളില്‍നിന്നും പിന്‍വാങ്ങണം.

നാട്ടില്‍ സമാധാന അന്തരീക്ഷം സംജാതമാകാന്‍ എല്ലാവരും ഒരുമിച്ചുനില്ക്കണം. അസമാധാനങ്ങള്‍ ആര്‍ക്കും പ്രയോജനം ചെയ്യില്ല. ഇപ്പോഴുണ്ടായ പ്രതിഷേധങ്ങളുടെ ഫലമായി കടുത്ത ശത്രുത രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സമൂഹത്തിന് എന്തു പ്രയോജനമാണ് ഉള്ളത്? അക്രമങ്ങള്‍ നടത്തുന്നവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും പൊതുസമൂഹത്തില്‍ നിസഹായവസ്ഥ രൂപംകൊള്ളുകയാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ചിന്തിക്കരുത്. മറ്റ് ആരെക്കാളും നന്നായി ഇടപെടാന്‍ കഴിയുന്നത് വിശ്വാസികള്‍ക്കാണ്. മനുഷ്യമനസുകളില്‍ നിറഞ്ഞുനില്ക്കുന്ന പ്രതികാര ചിന്തകളും ശത്രുതാ മനോഭാവങ്ങളും ഇല്ലാതാകണം. നാട്ടില്‍ സമാധാന അന്തരീക്ഷം നിലനില്ക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ തയാറാകണം. നാടിന്റെ പ്രശ്‌നങ്ങളും നൊമ്പരങ്ങളും ആവശ്യങ്ങളും വിശ്വാസിയുടെ പ്രാര്‍ത്ഥനാ വിഷയങ്ങളാകണം. പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവം അത്ഭുതകരമായ വിധത്തില്‍ ഇടപെടാന്‍ തുടങ്ങും.

Share:

Similar Posts

Latest Posts

Don’t want to skip an update or a post?