Follow Us On

29

March

2024

Friday

ഇതാ ഞാനെന്ന് പറയുമ്പോള്‍

ഇതാ ഞാനെന്ന് പറയുമ്പോള്‍

പ്രിയപ്പെട്ട വൈദികര്‍ വായിച്ചറിയുവാന്‍…
നിങ്ങള്‍ കര്‍ത്താവിനോട് ‘ഇതാ ഞാന്‍’ എന്നു പറഞ്ഞു കഴിഞ്ഞു. നിങ്ങളുടെ സ്രഷ്ടാവും നാഥനുമായവനോട് ‘ഇതാ ഞാന്‍’ എന്നു പറയുവാന്‍ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളെ മഥിക്കുന്ന ആഴമായ ശൂന്യതയാണ്. ഈ ശൂന്യതയിലേക്ക്, ഇല്ലായ്മയിലേക്ക് നിറയണമേ എന്ന ഭാഷകള്‍ക്കതീതമായ ഒരു പ്രാര്‍ത്ഥനയാണ് ‘ഇതാ ഞാന്‍!’

നിങ്ങളില്‍ ചിലരെങ്കിലും വളരെ ബോധപൂര്‍വം വരുംവരായ്കകള്‍ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാകണം ആ മറുപടി കര്‍ത്താവിന് കൊടുത്തത്. മറ്റുചിലര്‍ ഒരു ഉള്‍വിളികൊണ്ടു മാത്രമാവണം അങ്ങനെ പ്രത്യുത്തരിച്ചത്. കുറച്ചുപേര്‍ ഒന്നും മനസിലാക്കാതെ, തങ്ങളുടെ ശൂന്യത തിരിച്ചറിയാതെ, ‘ഇതാ ഞാന്‍’ എന്ന് പറയുകയാണ് എന്നുപോലും ബോധ്യപ്പെടാതെ, അഭിഷിക്തരായിട്ടുണ്ടാവാം.

അതായത് ചിലര്‍ വളരെ ഉറച്ച ശബ്ദത്തില്‍ മറുപടി പറഞ്ഞപ്പോള്‍, ചിലര്‍ മൗനമായി സമ്മതം അറിയിച്ചു. ചിലരാകട്ടെ ഇതാ എന്നോ ഇല്ല എന്നോ വ്യാഖ്യാനിക്കാവുന്ന തരത്തില്‍ മറുപടി കൊടുത്തുകാണും.

നിങ്ങള്‍ ഏതു തരത്തില്‍ മറുപടി കൊടുത്തവരായാലും ഇപ്പോള്‍, ഇന്ന്, നിങ്ങള്‍ എല്ലാവരും ഒരേ തലത്തിലുള്ളവരാണ്. അതായത്, കര്‍ത്താവിന്റെ അഭിഷിക്തരാണ്! സ്വയം ശൂന്യവല്‍ക്കരിക്കുവാന്‍ തീരുമാനമെടുത്തവരാണ്. കര്‍ത്താവിന്റെ അഭിഷേകത്താല്‍, അതെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍, ആ ശൂന്യത നിറയപ്പെടുവാന്‍ സമര്‍പ്പിച്ചവരാണ്.
നിങ്ങളുടെ ഇല്ലായ്മകളെ നിറയ്ക്കുവാന്‍, പൂര്‍ത്തീകരിക്കുവാന്‍, ദൈവത്തിന് മാത്രമേ സാധിക്കൂ. മറ്റെന്തെങ്കിലുംകൊണ്ട് പൂരിതരാകുവാന്‍ മുതിരുമ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകും.

ലോകത്തിലെ പല പരിശ്രമങ്ങള്‍കൊണ്ടും തങ്ങളെത്തന്നെ തൃപ്തരാക്കുവാന്‍ ശ്രമിക്കുന്നവര്‍ നിങ്ങളുടെ ഇടയിലുണ്ടാകാം. ആ ഉദ്യമങ്ങളില്‍ അവര്‍ വിജയിച്ചു കാണാം. എങ്കിലും ആ വ്യയം നല്‍കിയ താല്‍ക്കാലിക സൗഖ്യം തീര്‍ത്തും ഉത്തമമായ ആനന്ദത്താല്‍ നിങ്ങളെ നിറച്ചുകാണില്ല എന്നത് തീര്‍ച്ചയാണ്. കാരണം നിങ്ങളെ വിളിച്ചവന്റെ വഴിയില്‍ നിന്നുള്ള ഓരോ വ്യതിചലനവും ഓരോ വേദനകളാണ്- ലോകത്തിന് സൗഖ്യം പകരാന്‍ പറ്റാത്ത വേദന.

നിങ്ങളുടെ ശൂന്യതകളെ നിറയ്ക്കുവാന്‍ പര്യാപ്തമായിട്ടുള്ളവന്റെ സത്യത്തില്‍നിന്ന് നിങ്ങള്‍ പിന്‍മാറുമ്പോള്‍, നിങ്ങള്‍ അസ്വസ്ഥരാവുക സ്വാഭാവികമാണ്. നിങ്ങള്‍ ആരോട് ഇതാ ഞാന്‍ എന്ന് പറഞ്ഞുവോ, ആ നാഥന്റെ ജീവനാല്‍ നിങ്ങളുടെ ആന്തരികകുറവുകളെ പരിഹരിക്കുവാന്‍ ശ്രമിക്കാതിരിക്കുമ്പോള്‍ അവന്റെ രക്തത്താല്‍ നിങ്ങളുടെ ലൗകികമുറിവുകളെ കഴുകുവാന്‍ വിട്ടുകൊടുക്കാതിരിക്കുമ്പോള്‍ പുറമേ നിങ്ങള്‍ ജയം ഘോഷിച്ചാലും പരാജയമാണ് നിങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്- വികലതയാണ് നിങ്ങള്‍ പ്രതിധ്വനിപ്പിക്കുന്നത്!

പരിശുദ്ധ ദൈവമാതാവിന്റെ വഴിയാണ് നിങ്ങള്‍ ഇതാ ഞാന്‍ പറഞ്ഞപ്പോള്‍ തിരഞ്ഞെടുത്തത് എന്ന് തിരിച്ചറിയുക. പ്രിയപ്പെട്ട വൈദികരേ, അത് ജറുസലേം ദൈവാലയത്തിലെ ശുശ്രൂഷയില്‍, ദാസ്യവേലയില്‍ നിന്നു തുടങ്ങിയ പാതയാണ്. ഗബ്രിയേല്‍ എന്ന ദൈവദൂതന്റെ മുമ്പില്‍, കൊലയ്ക്ക് നിര്‍ത്തിയിരിക്കുന്ന കുഞ്ഞാടിനെപ്പോലെ, ഇതാ ഞാന്‍ എന്ന് വിശ്വാസത്തോടെ പ്രഖ്യാപിച്ച് വളര്‍ന്നതാണ്. എലിസബത്തിന്റെ ഭവനത്തില്‍ സേവനവും അവളുടെ ഉദരത്തിലെ ശിശുവിന് പരിശുദ്ധാത്മാവും പ്രദാനം ചെയ്ത് പക്വത പ്രാപിച്ചതാണ്. കാലിത്തൊഴുത്തിലെ സമര്‍പ്പണത്തിലൂടെ, കാനായിലെ കല്യാണവീട്ടില്‍ കര്‍ത്താവിനെ കര്‍മപഥത്തിലേക്ക് ഇറക്കിവിട്ട സുവിശേഷപ്രഘോഷണത്തിലൂടെ വികസിച്ചതാണ്.

അവസാനം കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ പരാജയപ്പെട്ടവന്‍ എന്ന് ലോകം മുദ്രയടിച്ചവന്റെ മൃതശരീരത്തിന്‍കീഴെ, നാളെയെക്കുറിച്ചുള്ള പ്രത്യാശ തുളുമ്പുന്ന നയനങ്ങളോടെ, ഇതാ ഞാന്‍…. അമ്മ…. പിതാവ് ഏല്‍പിച്ച അമ്മയുടെ റോളില്‍ പൂര്‍ണ വിജയമായി.. സകല തലമുറകളിലും അവള്‍ ഭാഗ്യവതി എന്ന് പ്രഘോഷിക്കപ്പെടുന്നു.

ലോകത്തില്‍ നിങ്ങള്‍ക്ക് വിജയങ്ങള്‍ എളുപ്പമാണ്. എന്നാല്‍ കുരിശിലെ ജയമാണ് യഥാര്‍ത്ഥ ജയം. അവിടെ പൂര്‍ത്തീകരിക്കപ്പെടുക സ്ഥാപനങ്ങളുടെ കല്‍മതിലുകളല്ല, ആസ്തികളുടെ ബാലന്‍സ് ഷീറ്റുകളല്ല. മറിച്ച് നഷ്ടപ്പെട്ടതിന്റെ ഒരിക്കലും എഴുതിവച്ചിട്ടില്ലാത്ത അനുഭവങ്ങളാണ്, വീണ്ടെടുക്കപ്പെട്ട ആത്മാക്കളുടെ കണക്കില്‍പെടുത്താനാവാത്ത കണ്ണീര്‍കണങ്ങളാണ്. അവിടെ ലാഭം ‘ഇതാ നിന്റെ മകന്‍’ മാത്രം.

(സ്‌നേഹിതരിലൊരാള്‍ നല്‍കിയ കുറിപ്പാണിത്. പേര് രേഖപ്പെടുത്തരുതെന്ന് അദേഹം സൂചിപ്പിച്ചതിനാല്‍ അക്കാര്യം ഒഴിവാക്കുന്നു.)

ജയ്‌മോന്‍ കുമരകം

Share:

Related Posts

Latest Postss

Don’t want to skip an update or a post?