Follow Us On

18

April

2024

Thursday

മാർച്ച് ഫോർ ലൈഫ് ജനുവരി 18ന്; തലേന്നേ എത്തണം തലസ്ഥാനത്ത്!

മാർച്ച് ഫോർ ലൈഫ് ജനുവരി 18ന്; തലേന്നേ എത്തണം തലസ്ഥാനത്ത്!

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ഏറ്റവും വലിയ പ്രോ ലൈഫ് റാലിയായ വാഷിംഗ്ടൺ ഡി.സി മാർച്ച് ഫോർ ലൈഫ് ജനുവരി 18നാണെങ്കിലും അനുബന്ധപരിപാടികളിൽ പങ്കെടുക്കാൻ തലേന്നേ തലസ്ഥാനത്ത് എത്തണം. കാരണം മാർച്ചുപോലെതന്നെ പ്രധാനമാണ് മാർച്ചിനു മുന്നോടിയായി നടത്തുന്ന ജാഗരണ പ്രാർത്ഥന ഉൾപ്പെടെയുള്ള ശുശ്രൂഷകൾ. ഇത്തവണ ജാഗരണ പ്രാർത്ഥനയിലും മാർച്ചിലും ഒരുക്കത്തോടെ പങ്കെടുക്കുന്നവർക്ക് ദണ്ഡവിമോചനവും തിരുസഭ പ്രഖ്യാപിച്ചിട്ടുണ്ട്.

‘മാർച്ച് ഫോർലൈഫി’നു മുന്നോടിയായി 17ന് നാഷണൽ ഷ്രൈൻ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ പതിവുപോലെ ജാഗരണപ്രാർത്ഥന ഉണ്ടാകും. രാവിലെ 10.00 മുതൽ വൈകിട്ട് 5.00വരെ കുമ്പസാരം. തുടർന്ന് കരുണയുടെ ജപമാലയർപ്പണം. 5.30ന് അർപ്പിക്കുന്ന പ്രാരംഭ ദിവ്യബലിയിൽ പ്രോ ലൈഫ് പ്രവർത്തനങ്ങൾക്കായുള്ള ബിഷപ്‌സ് കൗൺസിൽ ചെയർമാനും ന്യൂയോർക്ക് ആർച്ച്ബിഷപ്പുമായ കർദിനാൾ തിമോത്തി എം. ഡോളൻ മുഖ്യകാർമികനാകും.

അതിനുശേഷം 8.30മുതൽ 10.30വരെ കുമ്പസാരം തുടരും. 8.30നുതന്നെ ‘ജീവനുവേണ്ടിയുള്ള ദേശീയജപമാല’ അർപ്പിക്കപ്പെടും. 10.00ന് ബൈസന്റൈൻ റീത്തുപ്രകാരമുള്ള യാമപ്രാർത്ഥന. പസക്കിലെ ബൈസന്റൈൻ എപ്പാർക്കി ബിഷപ്പ് കുർട് ആർ. ബേർണറ്റാണ് മുഖ്യകാർമികൻ. തുടർന്ന്, പിറ്റേന്ന് പ്രഭാതംവരെ നീളുന്ന ജാഗരണപ്രാർത്ഥനകൾ ആരംഭിക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാർച്ചിൽ പങ്കെടുക്കാനെത്തുന്ന പ്രോ ലൈഫ് സെമിനാരിയന്മാരുടെ നേതൃത്വത്തിലായിരിക്കും ജാഗരണപ്രാർത്ഥന. രാവിലെ 6.00ന് ദിവ്യകാരുണ്യ ആരാധന. 6.30ന് പ്രഭാത പ്രാർത്ഥന. 7.30ന് അർപ്പിക്കുന്ന ദിവ്യബലിയോടെയാണ് ജാഗരണ പ്രാർത്ഥനയ്ക്ക് സമാപനമാകുന്നത്.

കൃത്യം 12.00ന് റാലിക്ക് തുടക്കമാകും. തുടർന്ന്, 1.00ന് ആരംഭിക്കുന്ന മാർച്ച് പതിവിൻപടി കോൺസ്റ്റിറ്റിയൂഷൻ അവന്യൂവഴി കാപ്പിറ്റോൾ ഹില്ലിലെ സുപ്രീം കോടതി കെട്ടിടത്തിനു മുന്നിൽ സമാപിക്കും. തുടർന്ന് സുപ്രീം കോടതിക്ക് മുന്നിൽ അൽപ്പപസമയം മൗനമായി നിൽക്കും. അതിനുശേഷം മാർച്ച് ഫോർ ലൈഫ് പ്രവർത്തകർ തങ്ങളുടെ സെനറ്റർമാരുമായി ജീവൻ സംരക്ഷിക്കേണ്ടതിന്റെആവശ്യകതയെ കുറിച്ച് സംസാരിക്കും.

സുപ്രീം കോടതി കെട്ടിടത്തിനു മുന്നിൽ അണിനിരക്കുന്ന മാർച്ചിൽനിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാർഡ് പ്രദർശനങ്ങളോ ഉണ്ടാകാൻ പാടില്ലെന്നും പതിവുപോലെ, ദൈവത്തിനു കൃതജ്ഞതാസ്‌തോത്രങ്ങൾ അർപ്പിക്കുകയും സൗഹൃദങ്ങൾ പുതുക്കുകയും ഗാനങ്ങൾ ആലപിക്കുകയുമാണ് വേണ്ടതെന്ന് സംഘാടകർ അറിയിച്ചു.

ഗർഭച്ഛിദ്രത്തിന് നിയമസാധുത കൊടുത്ത സുപ്രീംകോടതി വിധിയിൽ പ്രതിഷേധിക്കാൻ 1974ലാണ് വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ലൈഫി’ന് തുടക്കമായത്. വാഷിംഗ്ടൺ ഡി.സിയുടെ മാതൃകയിൽ പിൽക്കാലത്ത് അമേരിക്കൻ രൂപതകൾ വിവിധ റീജ്യണുകളിൽ റാലികൾ ആരംഭിക്കുകയായിരുന്നു. വിവിധ ദിനങ്ങളിലായി 48 റാലികളാണ് റീജ്യൺ തലത്തിൽ നടക്കുന്നത്. ‘മാർച്ച് ഫോർ ലൈഫി’വും വിവിധ റീജ്യണുകളിൽ സംഘടിപ്പിക്കുന്ന റാലികളിലും ‘4 ലൈഫി’ന്റെ ബാനറിലാവും മലയാളികൾ അണിചേരുക.

Share:

Latest Posts

Related Posts

    Don’t want to skip an update or a post?