Follow Us On

25

August

2019

Sunday

സഹനങ്ങളിലും ദൈവഹിതം തേടിയ അപ്പന്‍…

സഹനങ്ങളിലും ദൈവഹിതം തേടിയ അപ്പന്‍…

യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്
അപ്പനെക്കുറിച്ചുള്ള സ്മരണകള്‍ പങ്കുവയ്ക്കുന്നു

ഇരിഞ്ഞാലക്കുട രൂപതയിലെ പുത്തന്‍ചിറ ഇടവകയിലെ കവലക്കാട്ട് ചിറപ്പണത്ത് കുടുംബത്തില്‍നിന്നാണ് യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിറവിയെടുക്കുന്നത്. ചാലക്കുടിക്കടുത്ത് കാടുകുറ്റിയില്‍നിന്നും കുടിയേറിയ കുടുംബം.

കൊച്ചുപൗലോസ്-റോസി ദമ്പതികള്‍ക്ക് എട്ട് മക്കള്‍. നാല് ആണും നാല് പെണ്ണും. എല്‍സി, മേരി, ജോസ്, ആനി, ജോര്‍ജ്, കുര്യാക്കോസ്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഷീല. ഈ തറവാട്ടില്‍നിന്നുതന്നെ ഫാ. ജോര്‍ജ് ചിറപ്പണത്ത്, ഫാ. പയസ് ചിറപ്പണത്ത് എന്നീ വൈദികരും ഹോളി ഫാമിലി സന്യാസ സമൂഹത്തില്‍ അംഗങ്ങളായ സന്യാസിനികളുമുണ്ട്.

1989 ഫെബ്രുവരി പത്തിന് എഴുപതാം വയസിലാണ് അപ്പന്‍ മരിക്കുന്നത്. അന്ന് ഫാ. സ്റ്റീഫന്‍ ചിറപ്പണത്ത് വൈദികനായിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. നോമ്പ് വീടാനായിട്ട് മകനെയും കാത്ത് തിണ്ണയിലിരിക്കുന്ന അപ്പന്റെ ചിത്രമാണ് മാര്‍ ചിറപ്പണത്തിന്റെ മനസില്‍.

സഭയെക്കുറിച്ചും മെത്രാന്മാരെക്കുറിച്ചും വൈദികരെക്കുറിച്ചും എന്നും അപ്പന്‍ ആദരവോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂ. സഭയുടെ കരുത്തിനെക്കുറിച്ച് അപ്പന്‍ വളരെ അഭിമാനത്തോടെ സംസാരിച്ചിരുന്നു.

വാഴപ്പിള്ളി മെത്രാനെക്കുറിച്ചും കണ്ടത്തില്‍ മെത്രാനെക്കുറിച്ചും കാളാശേരി മെത്രാനെക്കുറിച്ചുമൊക്കെ അപ്പന്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. തിരുപ്പട്ട ശുശ്രൂഷയ്ക്ക് ഗാനങ്ങള്‍ ആലപിച്ചശേഷം ക്വയര്‍ ടീം മുഴുവനായും മാര്‍ ചിറപ്പണത്തിന്റെ വീട്ടിലെത്തുമ്പോള്‍ അപ്പന്‍ അവരോട് ഹൃദ്യമായി സംസാരിക്കും.
രണ്ട് ടേമുകളിലായി കൊച്ചുപൗലോസ് പുത്തന്‍ചിറ ഇടവകയുടെ കൈക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1951-52 കാലഘട്ടങ്ങളിലാണിത്. 33 വയസുള്ളപ്പോഴാണ് കൊച്ചുപൗലോസ് കൈക്കാരനാവുന്നത്.

ചെറുനിലം മത്തായി അച്ചനായിരുന്നു അന്നത്തെ പുത്തന്‍ചിറ വികാരി. അന്ന് വൈദിക മന്ദിരത്തിന്റെ നിര്‍മാണം നടക്കുന്ന കാലം. അന്നത്തെ വൈദികമന്ദിരത്തിന്റെ നിര്‍മ്മാണത്തിന് വികാരിയച്ചനോട് തോള്‍ചേര്‍ന്ന് നിന്നതിന് അന്നത്തെ തൃശൂര്‍ രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് ആലപ്പാട്ട് അപ്പന് സ്വര്‍ണമോതിരം സമ്മാനിച്ചിട്ടുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൊച്ചുപൗലോസിന് നല്ല അറിവുണ്ടായിരുന്നു. സിറിയക് അമ്പൂക്കനച്ചന്‍ വികാരിയായപ്പോള്‍ പാട്ടനിലങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മറ്റും അപ്പനെയാണ് സമീപിച്ചിരുന്നത്.

കൊച്ചുപൗലോസിന് നല്ല നേതൃഗുണമുണ്ടായിരുന്നതുകൊണ്ട് ഭക്ഷണകാര്യങ്ങള്‍, പ്രത്യേകിച്ച് അന്ന് കാലത്ത് വീട്ടില്‍ താമസിച്ചിരുന്ന ജോലിക്കാരെയും കൂട്ടി ബന്ധുവീടുകളിലെ ചടങ്ങുകളില്‍ ഭക്ഷണകാര്യങ്ങളില്‍ നേതൃത്വം കൊടുക്കാന്‍ അപ്പന്‍ എന്നും ശ്രദ്ധാലുവായിരുന്നു. അതുകൊണ്ടുതന്നെ ബന്ധുവീടുകളില്‍ എന്ത് പരിപാടിയുണ്ടായാലും അവര്‍ അപ്പനെയാണ് ആദ്യം സമീപിക്കുക. കലവറയുടെ മുഖ്യകാര്യസ്ഥന്റെ റോളില്‍ അപ്പന്‍ എപ്പോഴും ഉണ്ടാകുമെന്നവര്‍ക്ക് അറിയാമായിരുന്നു.

പ്രാര്‍ത്ഥനാകാര്യങ്ങളില്‍ കൊച്ചുപൗലോസിന് വളരെ നിഷ്ഠയുണ്ടായിരുന്നു. കൃത്യമായ സമയങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തിയിരുന്നു. യാത്രകള്‍ക്കിറങ്ങുമ്പോള്‍ തിരുസ്വരൂപത്തിന് മുന്നില്‍നിന്ന് കുരിശുവരച്ചേ ഇറങ്ങൂ. ഉറങ്ങാന്‍ പോകുമ്പോഴും ഉണര്‍ന്നെണീക്കുമ്പോഴും കുരിശു വരയ്ക്കുന്ന അപ്പനെ തൊട്ടടുത്ത കട്ടിലില്‍ കിടക്കാറുള്ള മാര്‍ ചിറപ്പണത്ത് കണ്ടിട്ടുണ്ട്. മാര്‍ ചിറപ്പണത്തിന്റെ പൗരോഹിത്യ പരിശീലന കാലഘട്ടത്തില്‍ ഇത് വലിയ ചാലകശക്തിയായി മാറിയിട്ടുമുണ്ട്.

വീടും പറമ്പും വളരെ അടുക്കും ചിട്ടയോടുംകൂടെ എന്നും വൃത്തിയായി സൂക്ഷിക്കാന്‍ അപ്പന്‍ ശ്രദ്ധിച്ചു. അധ്വാനത്തിന്റെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും അപ്പന്‍ മുന്നിലായിരുന്നു. വീടിന് മുന്നിലുള്ള റോഡില്‍ മഴക്കാലമായാല്‍ പുല്ല് വളര്‍ന്ന് കാട് പിടിക്കുമ്പോള്‍ ജോലിക്കാരെ നിര്‍ത്തി വെട്ടിമാറ്റി സൂക്ഷിക്കാന്‍ അപ്പന്‍ നേതൃത്വം നല്‍കി. വീട്ടില്‍ താമസിച്ചിരുന്ന കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരോട് സ്‌നേഹത്തോടും ആദരവോടും കൂടെയായിരുന്നു അപ്പന്റെ പെരുമാറ്റം.

മക്കള്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ അപ്പന്‍ കേട്ടിരുന്നു. ഒരു കാര്യം ഏല്‍പിച്ചു കഴിഞ്ഞാല്‍ കൃത്യതയോടെയും ആത്മാര്‍ത്ഥതയോടെയും അപ്പന്‍ ചെയ്യുമായിരുന്നു. കടപ്പാടുകള്‍ വിസ്മരിക്കരുതെന്ന ബോധ്യം അപ്പനുണ്ടായിരുന്നു. കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനും അവരെ അനുരഞ്ജനത്തിലേക്ക് നയിക്കാനും അപ്പന്‍ തയാറായിരുന്നു.

ചിറപ്പണത്ത് തറവാടുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വിളിച്ചുകൊണ്ടുപോകുന്നത് കൊച്ചുപൗലോസിനെയായിരുന്നു. രണ്ടുകൂട്ടരെയും ഒരുമിച്ചിരുത്തി, രണ്ടു കൂട്ടരുടെയും ഭാഗംകേട്ട് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതൊക്കെ ഇന്നും മാര്‍ ചിറപ്പണത്തിന്റെ മനസില്‍ പച്ചകെടാതെ ഓര്‍മകളായി തെളിയുന്നു. മാന്യതവിട്ട് പെരുമാറുന്നത് ഒരിക്കല്‍പോലും കണ്ടിട്ടില്ല.

ഒരിക്കലും അപ്പന്റെ നാവില്‍നിന്ന് മോശമായ പദം വന്നിട്ടില്ല. പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ പോലും മാന്യതയോടെയേ അപ്പന്‍ പെരുമാറാറുള്ളൂ.ജീവിതത്തില്‍ ഒത്തിരിയേറെ സഹനങ്ങളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു കൊച്ചുപൗലോസ്.

രോഗിയായ ഭാര്യ റോസിയെ പരിചരിക്കുന്നതിനും മൂത്തമകന്‍ (ജോസ്) ചെറുപ്പത്തില്‍ കാല്‍മുട്ടില്‍ പലകയിടിച്ച് ഏഴ് ഓപ്പറേഷനുകള്‍ക്ക് വിധേയനായി. ഒരു വര്‍ഷം വെല്ലൂര്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. മാര്‍ ചിറപ്പണത്ത് മൂന്നാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് അഞ്ചുമക്കള്‍ക്കും ഒരുമിച്ച് ടൈഫോയ്ഡ് പിടിപെട്ടു. ഈ കാലഘട്ടങ്ങളിലൊക്കെ വളരെ തന്മയത്വത്തോടെ അതിനെ നേരിടാന്‍ അപ്പന് കഴിഞ്ഞിരുന്നു.

ഒരിക്കല്‍പോലും വീടുവിട്ട് പുറത്ത് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്ന സംസ്‌കാരം അപ്പനുണ്ടായിട്ടില്ല. മീന്‍, ഇറച്ചി മുതലായവ തൃശൂരിലെ മാര്‍ക്കറ്റില്‍ പോയി വാങ്ങിച്ച് വീട്ടില്‍ കൊണ്ടുവന്ന് കറിവയ്ക്കാന്‍ ഭാര്യയെ സഹായിക്കുന്ന നല്ല ഭര്‍ത്താവായിരുന്നു അപ്പന്‍.

കരുതലുള്ള സ്‌നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. ജോലിക്കാരുണ്ടായിട്ടുപോലും പനി പിടിച്ച് കിടന്നിരുന്ന അഞ്ചുമക്കള്‍ക്കും പ്രഭാതത്തില്‍ കാപ്പിയിട്ട് കൊടുത്തിരുന്നത് അപ്പന്‍തന്നെ. എട്ടുമക്കളും മരുമക്കളും പേരക്കിടാങ്ങളും ഒക്കെയുള്ളപ്പോള്‍ തന്നെ ഭക്ഷണം വിളമ്പുന്ന സമയത്ത് കൊച്ചുപൗലോസ് ഭാര്യയെ ഓര്‍മപ്പെടുത്തും – എല്ലാവര്‍ക്കും വിളമ്പിയശേഷം മാത്രം തനിക്ക് മതിയെന്ന്.

അമ്മ രോഗിയായിരുന്നപ്പോള്‍ മരുന്നെടുത്ത് കൊടുക്കാനും നേരത്തേ കിടത്തി ഉറക്കാനുമൊക്കെ വളരെ കരുതലുള്ള സ്‌നേഹത്തോടെയാണ് അപ്പന്‍ പ്രവര്‍ത്തിച്ചത്.
മകന്‍ സ്റ്റീഫന്‍ പൗരോഹിത്യം സ്വീകരിക്കു ദിനത്തിനായി അപ്പന്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്നു.

പള്ളിയോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്ന, മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയായിരുന്നു കൊച്ചുപൗലോസ്. ഇതൊക്കെത്തന്നെയാണ് ബ്ര. സ്റ്റീഫനെയും ഫാ. സ്റ്റീഫനെയും മാര്‍ സ്റ്റീഫനെയുമൊക്കെ രൂപ പ്പെടുത്തിയത്.

അയര്‍ലണ്ടിലെ ശുശ്രൂഷയ്ക്കിടയില്‍ ഒരു സഹോദരി ചോദിച്ചു: ‘ ഞങ്ങളുടെ മക്കളുടെ ദൈവവിളി എങ്ങനെ പരിപോഷിപ്പിക്കാം?”
ആ സഹോദരിക്കുമുന്നില്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് തന്റെ അപ്പന്റെ ജീവിതമാണ് തുറന്നുവച്ചത്. അത് അവരുടെ ജീവിതത്തിനും പ്രചോദനം നല്‍കിയിട്ടുണ്ടാകണം.

സൈജോ ചാലിശേരി

Latest Postss

Don’t want to skip an update or a post?