Follow Us On

20

May

2022

Friday

ഉടനടി തകരണം, മിത്തും മതിലും!

ഉടനടി തകരണം, മിത്തും മതിലും!

അതിസാഹസികമായി അന്യഗ്രഹ സഞ്ചാരം നടത്താൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന കാരണവും അവിടെ കൂടുതൽ സൗകര്യങ്ങളുള്ള ജീവിതമുണ്ടാകുമോ എന്നറിയാൻ വേണ്ടിക്കൂടിയല്ലേ?

2018ൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുകയും ഇനിയും വ്യക്തമായ പരിഹാരം കണ്ടെത്തേണ്ടതുമായ ഒരു മാനുഷിക പ്രശ്‌നമാണ് കുടിയേറ്റവും അഭയാർത്ഥി പ്രവാഹവും. ലോകം ഇന്ന് ഏറെ സുതാര്യവും തുറവിയുള്ളതുമാണെന്ന് നാം അറിയുന്നു. പുതിയ ആഗോള സാമ്പത്തിക ക്രമം ലോകത്തെ നിയന്ത്രിക്കുന്നു എന്നതാണ് അവകാശ വാദം. എന്നിട്ടം എന്തുകൊണ്ടാണ് ലോകരാഷ്ട്രങ്ങൾക്ക് അതി സങ്കീർണമായ ഈ മാനവിക പ്രതിസന്ധിയ്ക്ക് ഐക്യത്തോടെ ഒരു തീർപ്പുണ്ടാക്കാൻ കഴിയാത്തത്?

എങ്കിലും ഡിസംബർ ആദ്യവാരത്തിൽ, ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനവും അവിടെവെച്ച് ഒപ്പുവെക്കപ്പെട്ട ആഗോള കരാറും നമ്മുടെ ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് നവോന്മേഷം പകരുന്നതാണ്. മാനവചരിത്രം തന്നെ കുടിയേറ്റത്തിന്റേതാണ്. ബൈബിൾ ചരിത്രമനുസരിച്ച് മനുഷ്യൻ മണ്ണിലേക്ക് വന്നതുതന്നെ ഒരു കുടിയേറ്റത്തിലൂടെയാണ് കാരണമെന്തായാലും. മാനവ പുരോഗതിയുണ്ടായതും സംസ്‌ക്കാരങ്ങൾ രൂപപ്പെട്ടതുമെല്ലാം കുടിയേറ്റത്തിന്റെ ഫലംതന്നെ. ഇതിനിടയിൽ പീഢിതരും നീതി നിഷേധിക്കപ്പെട്ടവരുമായ നിരവധി ജനതകളുണ്ട്, മരിച്ചുവീണവരുമുണ്ട്. എന്നാൽ, ഇതൊന്നും പരദേശം സ്വപ്‌നം കണ്ടവരുടെ എണ്ണം കുറച്ചതേയില്ല.

ചരിത്രം ആരംഭിക്കുന്നില്ല. ആവർത്തിക്കപ്പെടുകയാണല്ലോ എന്നാണല്ലോ ചൊല്ല്. ഒന്ന് തിരിഞ്ഞുനോക്കിയാലറിയാം. ദാരിദ്ര്യം കൊണ്ട് മാത്രമല്ല മനുഷ്യൻ പരദേശവാസം കൊതിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട ജീവിതം തേടിയും ആളുകൾ ദേശങ്ങൾ കടന്ന് സാഹസികസഞ്ചാരത്തിന് തയാറാകും. പുതിയ സഞ്ചാര മാർഗങ്ങൾ കണ്ടെത്തിയും ഭൂഖണ്ഡങ്ങൾ കണ്ടുപിടിക്കാൻ പ്രേരിപ്പിച്ചതും ഈ മെച്ചപ്പെട്ട ജീവിത തൃഷ്ണയാണ്.

ആധുനിക മനുഷ്യൻ അതിസാഹസികമായി അന്യഗ്രഹ സഞ്ചാരം നടത്താൻ ശ്രമിക്കുന്നതിന്റെ പരസ്യമായ രഹസ്യവും അവിടെ കൂടുതൽ സുഖസൗകര്യങ്ങളുള്ള ജീവിതമുണ്ടാകുമോ എന്നറിയാൻ വേണ്ടിക്കൂടിയല്ലേ? ഈ സഞ്ചാരം എക്കാലത്തും തുടർന്നു കൊണ്ടേയിരിക്കും. അതിർത്തികളില്ലാത്ത ലോകമെന്നതാണല്ലോ നമ്മുടെ നവലോക സങ്കൽപ്പം.

മൊറൊക്കോ ഉടമ്പടി

ഐക്യരാഷ്ട്രാ സംഘടനയ്ക്ക് കീഴിൽ അഭയാർത്ഥികളുടെയും കുടിയേറ്റ സമൂഹത്തിന്റെയും മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സമിതിയാണ് ഉടമ്പടി തയാറാക്കി സമർപ്പിച്ചത്. ഡിസംബർ 10, 11 തിയതികളിൽ മൊറൊക്കൊയിൽ സമ്മേളിച്ച 164 രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് കരാറിൽ ഒപ്പുവെച്ചത്. 2016ൽ ന്യൂയോർക്കിൽ സമ്മേളിച്ച ഐക്യരാഷ്ട്രസംഘടനയുടെ കരട് പ്രമേയമനുസരിച്ചാണ് കരാർ തയാറാക്കിയതെങ്കിലും മൊറൊക്കോ ഉടമ്പടിയിൽ ഒപ്പു വെക്കാൻ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിസമ്മതിച്ചു.

കരാറിനെ അനുകൂലിക്കാത്ത യൂറോപ്യൻ രാജ്യങ്ങളാണ് ഇറ്റലി, ഓസ്ട്രിയ, പോളണ്ട്, ഹംഗറി തുടങ്ങിയവ. ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചു. പരമാധികാരം, രാജ്യസുരക്ഷിതത്വം, അതിർത്തി സംരക്ഷണം തുടങ്ങിയവയാണ് ഈ കരാറിനെ എതിർക്കാൻ ഈ ഭരണകൂടങ്ങൾ പ്രധാനമായും മുന്നോട്ടുവെച്ച ന്യായങ്ങൾ. മേൽപ്പറഞ്ഞ ജനാധിപത്യ രാഷ്ട്രങ്ങളിൽ പലതിലും ദേശീയ വാദത്തിലൂന്നിയ കടുത്ത രാഷ്ട്രീയ ശക്തികൾ രൂപപ്പെട്ടുവരികയാണെന്ന മാധ്യമവാർത്തകൾ കൂടികണക്കിലെടുക്കുമ്പോൾ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാക്കാൻ കഴിയും.

ആധുനിക ജനാധിപത്യ സമൂഹങ്ങൾ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മുൻപന്തിയിലാണ്. എന്നിട്ടും, വീടും നാടും ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരാകുന്നവരുടെ മനുഷ്യാവകാശങ്ങൾ വകവച്ച് കൊടുക്കുന്നതിൽ എന്തിനാണ് മടിക്കുന്നത്? ഭൂമിയിലെവിടെയാണെങ്കിലും സമാധാനപരമായി ജീവിക്കാനും സ്വന്തം അന്തസിന് ന്യായയുക്തമായ സംരക്ഷണം ലഭിക്കാനും ഓരോരുത്തർക്കും അവകാശമുണ്ട്.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സമിതി 2017ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 65.8 മില്യൺ ജനങ്ങളാണ് നാടും വീടും ഇല്ലാതെ അഭയാർത്ഥികളായി അന്യദേശങ്ങളിൽ കഴിയുന്നത്. യുദ്ധത്തിനു പുറമെ, ജാതി, മത, വർഗ, രാഷ്ട്രീയ ശത്രുതയുടെ പേരിലുള്ള ആഭ്യന്തര ലഹളകളുമാണ് ദേശം വിട്ടുപോരാൻ മുഖ്യകാരണം. കാലവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും പരദേശികളാക്കാൻ ആളുകളെ നിർബന്ധിക്കുന്നുണ്ട്. ദുഃഖ ദുരിതങ്ങളെ നേരിടാൻ സ്വന്തം ഭരണകൂടത്തിൽനിന്ന് സഹായം ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു കാരണം. 2015ലെ കണക്കനുസരിച്ച് ഓരോ മിനിറ്റിലും ശരാശരി 24പേർ എന്ന കണക്കിൽ അഭയാർത്ഥികളാകാൻ നിർബന്ധിക്കപ്പെടുന്നു.

മിത്തുകൾ തകരട്ടെ

സമീപകാലങ്ങളിൽ, പല പ്രമുഖ ജനാധിപത്യ ഭരണകൂടങ്ങളും രാഷ്ട്രീയ കക്ഷികളും അഭയാർത്ഥി വിഷയത്തെ സ്വന്തം രാഷ്ട്രീയ വിജയങ്ങൾക്കായി ഉപയോഗിക്കുന്നു എന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ വിവിധ ഏജൻസികൾ നടത്തുന്ന പ~നങ്ങളും ഈ ആശങ്കകൾ ശരിവെക്കുന്നവയാണ്.

കുടിയേറ്റക്കാരിലൂടെ ഭീകര പ്രവർത്തകരും ക്രിമിനൽ സംഘങ്ങളും ഒഴുകിയെത്തുന്നുവെന്ന പ്രചാരണവും ആഗോളതലത്തിൽ ഇന്ന് വ്യാപകമാണ്. യഥാർത്ഥ്യത്തിൽനിന്ന് അകന്ന അപര്യാപ്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സൃഷ്ടിച്ചെടുക്കുന്ന കഥകൾ മാത്രമെന്നാണ് ഇതേക്കുറിച്ചുള്ള മനുഷ്യാവകാശ ഏജൻസികളുടെ പ~നറിപ്പോർട്ട് വ്യക്തമാക്കുന്നത്. വളരെക്കുറച്ച് സംഭവങ്ങൾ മാത്രമാണ് ഇത്തരം സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതും.

കുടിയേറ്റ സമൂഹത്തിത്തെയും അഭയാർത്ഥികളെയുമായി ബന്ധിപ്പിച്ച് സത്യവിരുദ്ധമായി സൃഷ്ടിച്ചെടുക്കുന്ന ഇത്തരം കഥകൾ മനുഷ്യാവകാശ വിരുദ്ധം തന്നെയാണ്. മിത്തുകൾ പൊളിച്ചെഴുതി സത്യം പുറത്തുകൊണ്ടുവരാൻ മാധ്യമ ലോകവും തയാറാകേണ്ടതുണ്ട്. വ്യക്തമായ തെളിവുകളോന്നുമില്ലാതെ ദശോപലക്ഷം വരുന്ന അഭയാർത്ഥികൾക്ക് മനുഷ്യാവകാശപരമായ സംരക്ഷണവും സഹായവും നിഷേധിക്കുന്നത് ന്യായയുക്തമല്ല.

ഇല്ലാത്ത അക്രമോത്സുകതയും ഭീകരതയും കുടിയേറ്റ സമൂഹത്തിന് ആരോപിക്കപ്പെടുന്നതും അതിന് രാഷ്ട്രീയ മാനങ്ങൾ പകർന്നുകൊടുക്കുന്നതും അവരുടെ വരുംതലമുറകളിൽപ്പോലും സാമൂഹ്യമായ ഒറ്റപ്പെടുത്തലുകൾക്കും വിദ്വേഷങ്ങൾക്കും ഇടയാക്കും. ഇത്തരം നിലപാടുകൾ അധാർമികവും ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങൾ അനുയോജ്യമായതുമല്ല. കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ അക്രമം വർദ്ധിക്കുന്നെങ്കിൽ സാമൂഹ്യവും സാമ്പത്തികവുമായ മറ്റ് നിരവധി കാരണങ്ങളുണ്ടാവാം. മനുഷ്യാവകാശ നിഷേധത്തിലൂടെ വ്യക്തികളുടെ അക്രമോത്സുകത ഇല്ലാതാകുമോയെന്നും നാം പരിശോധിക്കേണ്ടതുണ്ട്!

വത്തിക്കാന്റെ വിജയം

സമീപകാലങ്ങളിൽ വത്തിക്കാൻ സ്വീകരിച്ചുപോരുന്ന മനുഷ്യാവകാശപരമായ ധാർമിക നിലപാടുകളെ അംഗീകരിച്ച് കൊണ്ടുള്ളവയാണ് മൊറോക്കോയിൽ ഒപ്പുവെക്കപ്പെട്ട ഉടമ്പടി. ഫ്രാൻസിസ് പാപ്പ അടുത്തകാലത്ത് നൽകിയ സന്ദേശങ്ങളെല്ലാംതന്നെ അഭയാർത്ഥി സമൂഹത്തിന്റെ മനുഷ്യാവകാശങ്ങളെ ശക്തിമായി പിന്തുണച്ചുകൊണ്ടുള്ളവയുമാണ്. പ്രാണരക്ഷാർത്ഥം അഭയം തേടിയെത്തുന്ന മനുഷ്യരെ സ്വീകരിച്ച് സംരക്ഷിക്കാൻ സമ്പന്ന രാഷ്ട്രങ്ങൾ തയാറാകണമെന്ന ശക്തമായ ആവശ്യവും പരിശുദ്ധ സിംഹാസനത്തിൽനിന്നുണ്ടായി.

കുടിയേറ്റ ജനതയെ ഒരു ശത്രുസംഘമായി പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്ന പ്രവണത അധാർമികവും ക്രൈസ്തവ വിരുദ്ധവും അപലനീയവുമെന്നാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പാരോലിൻ മൊറോക്കൊ ഉടമ്പടിയുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിൽ സൂചിപ്പിക്കുന്നത്. മറിച്ച്, അശരണർക്ക് ആവശ്യമായ സ്‌നേഹവും സേവനവും ലഭ്യമാക്കുകയെന്നതാണ് പരമപ്രധാനമായ ക്രൈസ്തവ ധർമം.

കുടിയേറ്റ ജനതയെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയെന്ന നിലയിൽ പൊതുസമൂഹത്തിന് മുമ്പിൽ തരം താഴ്ത്തിക്കാട്ടുന്നതും അതിന്മേൽ രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ കെട്ടിയുയർത്തുന്നതും ഒരു തരത്തിലും ക്രൈസ്തവികമല്ല. ജനാധിപത്യത്തിലെ മനുഷ്യാവകാശ സങ്കൽപ്പങ്ങൾക്ക് എതിരുമാണ് അത്തരം നീക്കങ്ങൾ. ഓരോ വ്യക്തിയുടെയും അന്തസും അഭിമാനവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക ക്രൈസ്തവന്റെ സാമൂഹ്യ ധർമമാണ്.

ലോകരാഷ്ട്രങ്ങൾ അതിർത്തി സംരക്ഷണത്തിനായി വലിയ തുക ചെലവഴിച്ച് വൻ മതിലുകൾ നിർമിക്കുമ്പോൾ, ലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാതെ മരിച്ച് ജീവിക്കുന്നു. ആഗോള ഗ്രാമമെന്ന ആധുനിക ലോക സങ്കൽപ്പത്തിൽ ഇത്തരം മരിച്ച ജീവിതങ്ങൾ ഒരു വൈരുദ്ധ്യങ്ങളായി നിലനിൽക്കുകയല്ലേ? നമ്മിലെ മിത്തുകൾ തകരട്ടെ, സത്യം തിരിച്ചറിയട്ടെ. സത്യസന്ധരായ കുടിയേറ്റ ജനതയുടെ അഭയാർത്ഥി പ്രവാഹങ്ങളെ വൻമതിലുകൾ തലതാഴ്ത്തി സ്വീകരിക്കട്ടെ.

ഏതെങ്കിലുമൊരു രാജ്യത്ത് പൗരത്വമില്ലാത്ത 10 മില്യണിലധികം ജനങ്ങളുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനാ എജൻസികൾ വെളിപ്പെടുത്തുന്ന വിവരം. യഥാർത്ഥത്തിൽ ഇവർക്കെല്ലാം തൊഴിൽ, വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം ആരോഗ്യ സംരക്ഷണം എന്നിവയെല്ലാം നിഷേധിക്കപ്പെടുകയാണ്. സഹജീവികളുടെ പ്രശ്‌നങ്ങൾക്ക് എങ്ങനെ മനുഷ്യത്വപരമായ പരിഗണന നൽകാമെന്നതാകണം ഭരണകൂടങ്ങൾ ആലോചിച്ച് പരിഹാരം നിർദേശിക്കേണ്ടത്. ഭീതി പരത്തുന്ന കാൽപനിക കഥകൾ വിരാമമിടണമെന്നും മൊറോക്കൊ സമ്മേളനം ഭരണകൂടങ്ങളോടും രാഷ്ട്രീയ പാർട്ടികളോടും നേതാക്കൻമാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

എവിടെയുമാവട്ടെ, ആരുമാവട്ടെ, മനുഷ്യന്റെ അന്തസും അഭിമാനവും നീതിയുക്തമായി പരിപാലിക്കപ്പെടണം. അഭയാർത്ഥി പ്രശ്‌നം മാന്യമായി പരിഹരിക്കപ്പെടുന്നതിനുള്ള ഒരു ചട്ടക്കൂട്ട് മൊറോക്കൊ ഉടമ്പടിയിലൂടെ സാധിച്ചിരിക്കുന്നു എന്നാണ് ഐക്യരാഷ്ട്രസംഘടനയും സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടത്. കൂടിയാലോചനകളിലൂടെ തീരുമാനങ്ങൾ എടുത്ത് പ്രവർത്തിക്കാൻ ലോകരാഷ്ട്രങ്ങൾ തയാറായാൽ അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്നതിൽ സംശയമില്ല.

എം. സക്കേവൂസ്‌

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?