Follow Us On

20

May

2022

Friday

സിംഹാസനപ്പോരിൽ മതിമറക്കുന്നവരേ…

സിംഹാസനപ്പോരിൽ മതിമറക്കുന്നവരേ…

പള്ളി പിടിച്ചടക്കാൻ പുറപ്പെട്ടവരും കൈവശാവകാശം നിലനിർത്താൻ പോരാടുന്നവരും മുഖാഭിമുഖം നിൽക്കുമ്പോൾ, ആത്മപരിശോധനയ്ക്കുള്ള ഓർമപ്പെടുത്തൽ നടത്തുന്നു ലേഖകൻ.

ബാവാ കക്ഷികളും മെത്രാൻ കക്ഷികളും (യാക്കോബായ പക്ഷവും ഓർത്തഡോക്‌സ് പക്ഷവും) തമ്മിലുള്ള വ്യവഹാരത്തിനും കലഹത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുപക്ഷക്കാരുടെയും അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് പരിശുദ്ധമായ പള്ളിയങ്കണങ്ങൾ തന്നെ വേദിയാകുന്നു. പലപ്പോഴും നിയമപാലകർ സംയമനം പാലിച്ച് നോക്കിനിൽക്കേണ്ടി വരുന്നു. നിരാഹാര സമരങ്ങൾപോലുള്ള പ്രതിഷേധ മുറകൾക്ക് നേതൃത്വം വഹിച്ചത് സഭകളുടെ വൈദിക മേലധ്യക്ഷൻ തന്നെയാണ്. വിശ്വാസത്തിന്റെ വിഷയമെന്ന് പറയുമ്പോഴും പക്വത നഷ്ടപ്പെട്ട ഒരു വൈകാരിക വിഷയവും ക്രമസമാധാന പ്രശ്‌നവുമായാണ് പൊതുസമൂഹം ഇന്ന് ഇത്തരം സമരങ്ങളെ വിലയിരുത്തുക.

ഒരു പക്ഷേ, ശബരിമല സമരരീതികളിൽനിന്ന് ആവേശമുൾക്കൊണ്ടാകാം രൂപവും ഭാവവും മാറിയാണ് കഴിഞ്ഞ ആഴ്ചകളിൽ പ്രതിഷേധം നമുക്ക് കാണാനായത്. മുദ്രാവാക്യങ്ങൾക്കും പ്രസ്താവനകൾക്കും കാ~ിന്യമേറി. സമരം വിജയിപ്പിക്കാൻ ദൈവാലയത്തിൽ തന്നെ കൂട്ട ആത്മഹത്യാ ഭീഷണികൾ മുഴക്കിയത് എന്തായാലും അൽപ്പം കടന്ന കൈയായിപ്പോയി. സ്ത്രീകളെ മുൻനിർത്തിയുള്ള സമര മാർഗങ്ങൾ ഏറെക്കുറെ ലക്ഷ്യം കണ്ടെന്ന് പറയേണ്ടി വരും.

എല്ലാം, ശബരിമല വിഷയത്തിൽ പരീക്ഷിച്ച് വിജയിച്ച അതേ തന്ത്രങ്ങൾ. വിധി നടത്തിപ്പിനായി കോടതി ഉത്തരവോടെ പൊലീസ് സംരക്ഷണവുമായി വന്ന കക്ഷിക്ക് പ്രതിഷേധക്കാരെ ഭയന്ന് ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം തിരിച്ച് പോകേണ്ടി വന്നു. സംരക്ഷണം നൽകാൻ വിധിക്കപ്പെട്ട പൊലീസ്‌കാരാകട്ടെ നിസഹായരായി നോക്കി നിൽക്കുന്നത് നാം മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തു.

ചരിത്രം അറിയാമോ?

വിശ്വാസത്തിന്റെയും ആത്മീയതയുടെയും സംരക്ഷണകവചം അണിയാൻ എത്രമാത്രം ശ്രമിച്ചാലും പള്ളിത്തർക്കത്തിന്റെ മൂലകാരണം സമ്പത്തും അധികാരവുമാണെന്ന് തിരിച്ചറിയാൻ അധികം ചരിത്രബോധമൊന്നും ആവശ്യമില്ല. 1653ലെ കൂനൻ കുരിശ് സത്യത്തിനുശേഷം 1700കളിലാണ് കേരള നസ്രാണി ക്രൈസ്തവ സമൂഹത്തിലെ ഒരു വിഭാഗം അന്ത്യോക്യാ പാത്രിയാർക്കീസുമായി ബന്ധം സ്ഥാപിച്ചത്. കിഴക്കിന്റെ കൽദായ സഭയുമായിട്ടായിരുന്നു അതിനുമുമ്പ് കേരള ക്രൈസ്തവരുടെ ആത്മീയ ബന്ധം. അതുകൊണ്ടുതന്നെയാണ് കേരള ക്രൈസ്തവരിലെ ഒരു വലിയ വിഭാഗം കൂദാശകളിലും പ്രാർത്ഥനകളിലും കൽദായ ആരാധനാക്രമം പിൻതുടർന്ന് പോരുന്നത്.

1911ൽ വട്ടശ്ശേരിൽ മാർ ഡയനോഷ്യസ് ആറാമനെ പാത്രിയാർക്കീസ് പക്ഷം പുറത്താക്കിയതോടെയാണ് ഭിന്നതകൾ അധികാരത്തിന്റെ സ്വഭാവം പ്രകടമായത്. എന്നാൽ ഓർത്തഡോക്‌സ് വിഭാഗം, ടർക്കിയിൽ സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട മുൻ പാത്രിയാർക്കീസ് അബ്ദുൾ മിശിഹായെ കേരളത്തിലെത്തിച്ച് വാഴ്‌വ് സ്വീകരിച്ച് കാതോലിക്കയായി സ്ഥാനാരോപണം ചെയ്തു. 1913ൽ കിഴക്കിന്റെ തോമാസിംഹാസനം എന്ന സ്ഥാനപ്പേരുകൂടി ലഭിച്ചതോടെ മെത്രാൻ കക്ഷി വിഭാഗം കൂടുതൽ ശക്തമായി.

ഇതിനകം, സഭയിൽ നിരവധി ഭിന്നിപ്പുകൾക്ക് കാരണമായ വട്ടിപ്പണക്കേസ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിഷേപിച്ച പണത്തിന്റെ പലിശയുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കം കൂടി പുറത്താക്കിയതോടെ തർക്കത്തിന്റെ ശക്തി മുറുകി. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ട്രസ്റ്റിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം മൂർച്ഛിച്ചതോടെ സഭാഭരണം കുഴഞ്ഞുമറിഞ്ഞു. 1934ൽ രൂപീകരിച്ച സഭാ ഭരണഘടനയിലെ തീരുമാനങ്ങളിലും മെത്രാൻ കക്ഷിക്ക് മുൻതൂക്കം ലഭിച്ചതോടെ ശരിക്കും അധികാര സ്ഥാനങ്ങളിൽ പിന്നാമ്പുറത്തേക്ക് തള്ളപ്പെട്ടത് ബാവാപക്ഷമാണ്.

പിന്നീടുണ്ടായത് സഭയിൽ തിരുമേനിമാർ തമ്മിലുള്ള പുറത്താക്കലിന്റെ ഒരു ഘോഷയാത്രയാണ്. ചുരുക്കം ചില ഭിന്നതകൾ പറഞ്ഞ് തീർത്തെങ്കിലും പാത്രിയാർക്കീസ് പക്ഷവും മെത്രാൻ കക്ഷിയും തമ്മിലുള്ള ഭിന്നത കോടതി കയറുക തന്നെ ചെയ്തു. രേഖകളും തെളിവുകളും സ്ഥാപിക്കാനായതുകൊണ്ട് കോടതി വിധികൾ എപ്പോഴും മെത്രാൻ കക്ഷിക്ക് അനുകൂലമായിരുന്നു.

വിശ്വാസം, പാത്രിയാർക്കീസിന്റെ ആത്മീയാധികാരം, അസാധുവായ സ്ഥാനാരോഹണം എന്നവയൊക്കെഅടിസ്ഥാനമാക്കി ബാവാ കക്ഷികൾ ഉയർത്തിയ വാദമൊന്നും കോടതി അംഗീകരിച്ചില്ല, 1934ലെ സഭാ ഭരണഘടന കോടതി സാധുവാണെന്ന് പരമോന്നത കോടതി പ്രഖ്യാപിച്ചതോടെ 1958ലെയും 1995ലെയും വിധി തീരുമാനങ്ങളനുസരിച്ച് ഏകദേശം 1100ൽപ്പരം പള്ളികളുടെ ഉടമസ്ഥാവകാശം മെത്രാൻ കക്ഷി വിഭാഗത്തിനായി. പിന്നീടുണ്ടായ കേസുകളിലെ വിധിയും യാക്കോബായ വിഭാഗത്തിനെതിരായിരുന്നു.

എന്നാൽ, പല പ്രമുഖ ദൈവാലയങ്ങളും പതിറ്റാണ്ടുകളായി ബാവാ കക്ഷിയുടെ കൈവശത്തിലുമാണ്. ഇതാണ് വിധി നടത്തിയെടുക്കൽ കൂടുതൽ സങ്കീർണമാക്കുന്നത്. ദൈവാലയങ്ങളിലെല്ലാം, ഭൂരിഭാഗം ഇടവകാംങ്ങളും ബാവാപക്ഷത്താണ്. ചുരുക്കം ചിലർ മാത്രമാണ് മെത്രാൻ കക്ഷിയെ പിന്തുണയ്ക്കുന്നവർ. കോടതിയുടെ തീരുമാനങ്ങൾ എതിരായാൽപോലും തങ്ങളുടെ പൂർവികർ പണി കഴിപ്പിച്ചതും നൂറ്റാണ്ടുകളായി തങ്ങളുടെ കൈവശത്തിലുള്ളതുമായ ആരാധാനാലയങ്ങളും സ്ഥാപനങ്ങളും വിട്ടുകൊടുക്കില്ലെന്ന കടും പിടിത്തമാണ് പാത്രിയാർക്കീസ് പക്ഷകാർക്ക്.

സമീപകാലത്തുണ്ടായ വിധികൾപ്പോലും തങ്ങൾക്കെതിരായതോടെ കോടതിയോടും സർക്കാരിനോടും ഒരു വെല്ലുവിളിയുടെ സമീപനമാണ് അവർക്കുള്ളത്. എന്നാൽ, കോടതി വിധികൾ തങ്ങൾക്ക് അനുകൂലമാണെന്നു നീതി നിറവേറ്റിക്കിട്ടണമെന്നുമാണ് മെത്രാൻ കക്ഷികളുടെ വാദം. ഇവിടെയെല്ലാം സമ്പത്തും അധികാരവും തന്നെയാണ് മുഖ്യ തർക്കവിഷയം. നഷ്ടപ്പെട്ടുപോകുന്ന ആത്മീയതയെക്കുറിച്ചുള്ള ആശങ്കയല്ല. ഇതിനാസ്പദമായ ഒരു പരാമർശം തന്നെ കോടതി വാക്കാൽ നടത്തിയിട്ടുണ്ട്: ‘പ്രശ്‌നം വിശ്വാസമല്ല. സമ്പത്ത് കുമിഞ്ഞ് കൂടിയപ്പോഴുണ്ടായ പ്രതിസന്ധികളാണ്.’

സത്യം പറയണമല്ലോ. മറച്ചുവെക്കരുതാത്ത ഒരു യാഥാർത്ഥ്യമുണ്ട്. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന വികാരം ഭൂരിപക്ഷം വരുന്ന പാത്രിയാർക്കീസ് സമൂഹത്തിൽ രൂഢമൂലമായിരിക്കുന്നു. തങ്ങളുടെ പള്ളികളുടെ പ്രമാണങ്ങളും രേഖകളും അനർഹമായികൈക്കലാക്കി പണവും അധികാരവും ഉപയോഗിച്ച് കീഴ്‌പ്പെടുത്തിയെന്ന തോന്നൽ. പരാജിതരുടെമേൽ വിജയം അടിച്ചേൽപ്പിക്കുമ്പോൾ അവരുടെ മുറിയപ്പെട്ട ഹൃദയം കാണാതിരുന്നുകൂടാ.

പോരാളികൾക്ക് ശ്ലീഹയുടെ മുന്നറിയിപ്പ്

വിശ്വാസത്തിന്റെ പേരിൽ സിംഹാസനങ്ങൾ നിലനിർത്താൻ വ്യവഹാരപ്പോര് നടത്തുന്ന ക്രൈസ്തവർക്ക് ലജ്ജയുണ്ടെങ്കിൽ അവർക്കുവേണ്ടിയുള്ളതാണ് കോറിന്തോസുകാർക്ക് എഴുതപ്പെട്ട ഒന്നാമത്തെ ലേഖനം. ‘നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിത് എഴുതുന്നത്,’ എന്ന് പൗലോസ് ശ്ലീഹാ തുറന്നു പറയുന്നുണ്ട്, ആറാം അധ്യായത്തിൽ.

നിരവധി ക്രിസ്തീയ ദാനങ്ങളാൽ അനുഗ്രഹീതരായിരുന്നു കോറിന്തോസുകാർ. പ്രവചനവരവും വിവിധ ഭാഷകളിൽ സംസാരിക്കാനുള്ള കഴിവും അവരിൽ പലർക്കുമുണ്ടായിരുന്നു. എന്നാൽ, ക്രൈസ്തവ സന്മാർഗിക ഗുണങ്ങളെ സംബന്ധിച്ച ജ്ഞാനം തീരെ കുറവായിരുന്നു അവർക്ക്. അല്ലെങ്കിൽ അത്തരം സന്മാർഗിക നിയമങ്ങൾ അനുസരിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല.

എന്നാൽ, ഇതറിഞ്ഞ ശ്ലീഹാ തിരുത്തണമെന്ന് കോറിന്തോസിലെ സഭയോട് ആവശ്യപ്പെട്ടു. ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം ലൗകിക നേട്ടങ്ങളല്ലെന്നും പരസ്‌നേഹത്തിലും സന്മാർഗിക പ്രവൃത്തികളിലും കോറിന്തോസുകാർ അഭിവൃദ്ധി പ്രാപിക്കണമെന്നും ലേഖന കർത്താവ് അവരെ സ്‌നേഹ ബുദ്ധ്യാ ഉപദേശിക്കുകയാണ്.

ഭിന്നിപ്പിന്റെ സ്വരം ഏറ്റവും ശക്തമായിരുന്നു കോറിന്തോസിലെ സഭയിൽ ഇതറിഞ്ഞുകൊണ്ടാണ് ക്രിസ്തു കേന്ദ്രീകൃതമായ ഒരു ശിക്ഷണം ശ്ലീഹാ അവർക്ക് ഉപദേശിച്ച് കൊടുക്കുന്നത്. ക്രിസ്തുവിൽ സഹോദരരായ നിങ്ങൾ എല്ലാവരും സ്വരച്ചേർച്ചയോടും ഐക്യത്തോടെയും ഏകമനസോടെയും ഏകാഭിപ്രായത്തോടും വർത്തിക്കണം.

‘ഞാൻ പൗലോസിന്റെതാണ്, ഞാൻ അപ്പോളോസിന്റേതാണ്, ഞാൻ കേപ്പായുടേതാണ്. എന്നിങ്ങനെ നിങ്ങൾ ഓരോരുത്തരും പറയുന്നതിനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങൾ ജ്ഞാനസ്‌നാനം സ്വീകരിച്ചത്,’ (1 കോറി. 1:1213) പൗലോസിന്റെയും തോമായുടെയും പേര് പറഞ്ഞ് സിംഹാസന പോരിനിറങ്ങി കോടതി കയറുന്നവർക്ക് ഈ വാക്യം ഒരു ചൂണ്ടുപലകയാണ്.

വിശ്വാസവും വ്യവഹാരവും

അന്യമതസ്ഥരെപ്പോലെ സഹോദരനെതിരെ വ്യവഹാരത്തിന് ഇറങ്ങുന്നത് ക്രിസ്തീയ സന്മാർഗിക ഗുണമല്ലെന്ന് കോറിന്തോസുകാർക്കുള്ള ഒന്നാം ലേഖനം ആറാം അധ്യായത്തിൽ പൗലോസ് ശ്ലീഹാ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളിൽ ആർക്കെങ്കിലും ഒരു സഹോദരനെതിരെ പരാതിയുണ്ടാകുമ്പോൾ അവൻ വിശുദ്ധരെ സമീപിക്കുന്നതിന് പകരം നീതി രഹിതരായ വിജാതിയരെ തേടാൻ മുതിരുന്നത് എന്തുകൊണ്ടാണ്?

ഐഹിക കാര്യങ്ങളെ കുറിച്ച് വിധി പറയേണ്ടിവരുമ്പോൾ, സഭ അൽപ്പവും വിലമതിക്കാത്തവരെ നിങ്ങൾ ന്യായാധിപന്മാരായി അവരോധിക്കുന്നുവോ? സഹോദരന്മാർ തമ്മിലുള്ള വഴക്ക് തീർക്കാൻ മാത്രം ജ്ഞാനിയായ ഒരുവൻപോലും നിങ്ങളുടെ സഭയിൽ ഇല്ലേയെന്നും പൗലോസ് ശ്ലീഹാ ചോദിക്കുന്നുണ്ട്:

‘നിങ്ങൾ തമ്മിൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് നിങ്ങൾക്ക് ദ്രോഹം ക്ഷമിച്ചുകൂടാ. വഞ്ചനസഹിച്ച് കൂടാ. നിങ്ങൾ തന്നെ സഹോദരനെപ്പോലും വഞ്ചിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നു,’ (1 കോറി.6: 78)

നേട്ടവും കോട്ടവും

ഒരു നൂറ്റാണ്ടിലേറെയായ് നീണ്ടു നിൽക്കുന്ന തർക്കത്തിലൂടെ ഇരു കക്ഷികൾക്കും എന്ത് നേട്ടമുണ്ടായി? എന്നാൽ, കോട്ടങ്ങളേറെയുണ്ടായി. അത് നമ്മുടെ പൊതുസമൂഹത്തിന് ഏറെ വ്യക്തമവുമാണ്. നിരവധിപേർ തർക്കം കാരണം സഭ വിട്ടു പോയിട്ടുണ്ടാകാം. ആരാധനാ സ്വാതന്ത്ര്യം ഒരു ക്രമസമാധാന പ്രശ്‌നവും മനുഷ്യാവകാശ പ്രശ്‌നവുമായി മാറുന്നതിനെ നമുക്ക് ചുറ്റുമുള്ള സമൂഹം അവർ വിശ്വാസികളോ അവിശ്വാസികളോ ആകട്ടെ ചോദ്യം ചെയ്താൽ പൗരാവകാശ ബോധമുള്ള ക്രൈസ്തവരായ നാം മറുപടി നൽകേണ്ടി വരിക തന്നെ ചെയ്യും. ക്രിസ്തുവിനെഅറിയുന്ന, സുവിശേഷം മനസിലാക്കുന്ന ഒരു ക്രൈസ്തവേതര സമൂഹം നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കുക.

പൂർവികരുടെ കടുംപിടിത്തത്തിൽ പെട്ടുപോയ ഒരു വ്യവഹാരക്കുരുക്ക്. ഇതിന് നടുവിലേക്ക് പിറന്ന് വീണ ഒരു പുതുതലമുറയുണ്ട്. ക്രൈസ്തവരായി ജീവിക്കാൻ കൊതിക്കുന്നവർ. അവർക്ക് ഏതൊരു ഉദാത്ത ക്രൈസ്തവ മാതൃകയാണ് നാം പകർന്ന് നൽകുക. ഒരേ ആരാധനാ ക്രമം, ഒരേ കൂദാശകൾ. എന്നിരുന്നാലും ഇനിയൊരു കൂടിച്ചേരൽ, അനുരഞ്ജനം അസാധ്യമെന്ന് പറഞ്ഞു കഴിഞ്ഞു ഇരുഭാഗത്തേയും മേലധ്യക്ഷന്മാർ പലപ്പോഴായി. എങ്കിൽ പിന്നെ, സമ്പത്തിൽനിന്നും കണ്ണുപറിച്ച് എത്രയും നേരത്തെ പറഞ്ഞ് പിരിഞ്ഞുകൂടേ? ക്രിസ്തുവിന് വിപരീത സാക്ഷികളാകുകയെന്ന ദുരന്തം ഈ ലോകത്തിൽ ഇനിയുമേറെക്കാലം പേറേണ്ടതില്ലല്ലോ!

പള്ളികൾ കെട്ടിടമാക്കരുത്

സത്യത്തിൽ പള്ളിയെന്നാൽ കെട്ടിടമോ സ്ഥാപനമോ അല്ല. ഏക മനസ്സോടെ ഏക ദൈവത്തിൽ ആരാധിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയാണ്. പണക്കൊഴുപ്പിലും അധികാരത്തിന്റെ പിൻബലത്തിലും അമ്പര ചുംബികളായ പള്ളികൾ ആയിരക്കണക്കിന് പണിതുയർത്തി പാശ്ചാത്യക്രൈസ്തവ ലോകം. എന്നാൽ, അധികകാലം കഴിയും മുമ്പേ അത്തരം ചുംബികളിൽനിന്ന് ദൈവം പടിയിറങ്ങിപ്പോയി. വിശ്വാസികൾ വരാതെയുമായി. ഇന്ന് അതൊക്കെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രം. കോടതി വിധിയുടെ വെളിച്ചത്തിൽ പള്ളി പിടിച്ചടക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരും കൈവശാവകാശം നിലനിർത്താൻ പോരാടുന്നവരും ഇക്കാര്യം മനസ്സിലാക്കിയാൽ നല്ലത്. ദൈവം പടിയിറങ്ങിയാൽ പള്ളികൾ എന്നേക്കുമായി പൂട്ടേണ്ടിവരും. പിന്നീടുണ്ടാവുക ആരാധനാലയങ്ങളല്ല. കെട്ടിടങ്ങൾ മാത്രമാകും.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?