Follow Us On

29

March

2024

Friday

കന്യാസ്ത്രീ കാറോടിച്ചാല്‍ പാപമാകുമോ?

കന്യാസ്ത്രീ കാറോടിച്ചാല്‍ പാപമാകുമോ?

വാട്‌സ് ആപ്പില്‍ കിട്ടിയ ഒരു മെസേജ്: ‘കത്തോലിക്കാ സഭയിലെ പുതിയ പാപങ്ങള്‍’ എന്നാണ് തലക്കെട്ട്. പാപത്തിന്റെ പുതിയ പട്ടിക കണ്ടപ്പോള്‍ ഏറെ കൗതുകം തോന്നി. ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുക, കാര്‍ വാങ്ങുക, ഡ്രൈവ് ചെയ്യുക, കവിതയെഴുതുക, പുസ്തകം പ്രസിദ്ധീകരിക്കുക…. ഇങ്ങനെ പോകുന്നു പാപത്തിന്റെ ആ ലിസ്റ്റ്. ഒരു സന്യാസിനീ സമൂഹത്തിലെ അംഗത്തോട് ആ സമൂഹത്തിന്റെ അധ്യക്ഷ വിശദീകരണം ചോദിച്ചുകൊണ്ട് നല്‍കിയ കത്താണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് ക്രൈസ്തവ വിശ്വാസത്തെയും സഭയെയും മൊത്തം അവഹേളിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നത്.  ഏതൊരു സ്ഥാപനത്തിനും അതിന്റേതായ നിയമങ്ങളുണ്ട്. എല്ലാ സംഘടനകള്‍ക്കും സമൂഹങ്ങള്‍ക്കുമുണ്ട് പ്രത്യേകമായ നിയമസംഹിതകളും കീഴ്‌വഴക്കങ്ങളും. അതു പാലിക്കപ്പെടുമ്പോള്‍ മാത്രമേ സ്ഥാപനങ്ങളും സംഘടനകളും നിലനില്ക്കുകയും വളരുകയും ചെയ്യുകയുള്ളൂ. അതുകൊണ്ട് തിരുത്തലുകള്‍ സ്വീകരിക്കാതിരിക്കുകയോ നിരന്തരം നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്നവരോട് സ്ഥാപനങ്ങളുടെ അധികാരികള്‍ വിശദീകരണം ആവശ്യപ്പെടുക ഒരു സാധാരണ കാര്യം മാത്രമാണ്. മാതൃഭൂമി കമ്പനിയായാലും രാഷ്ട്രദീപിക കമ്പനിയായാലും അതിലെ ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കും സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യമില്ല. കമ്പനിയുടെ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും അധികൃതര്‍ നടപടിയെടുക്കുകതന്നെ ചെയ്യും. ഒരു പത്രത്തിലെ പ്രാദേശിക വാര്‍ത്താകോളത്തില്‍പോലും വരാന്‍ പ്രാധാന്യമില്ലാത്ത ഈ നിസാരകാര്യത്തിനുവേണ്ടി ഒരു ടി.വി ചാനല്‍ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം മാറ്റിവയ്ക്കുകയും ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതിന്റെ ലക്ഷ്യം എന്താണ്?

ഒരു സന്യാസ സമൂഹത്തില്‍ അംഗമാകുന്നതോടെ സ്വന്തം ഇഷ്ടമനുസരിച്ചുള്ള ജീവിതത്തിന് ആ വ്യക്തി അന്ത്യം കുറിക്കുകയാണ്. ഇതൊരു ആന്തരികബലിയാണ്. മാനുഷികമായി ചിന്തിച്ചാല്‍ ഇത് ഏറെ വേദനാജനകവും അര്‍ത്ഥശൂന്യവുമാണ്. എന്നാല്‍ ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതിയാകുമ്പോള്‍ സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും വേണ്ടായെന്ന് വയ്ക്കുക എളുപ്പവും അര്‍ത്ഥപൂര്‍ണവും ആയിത്തീരുന്നു. എന്നാല്‍ മനുഷ്യരായതുകൊണ്ട് വീണ്ടും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ടാകാം. അതിനാല്‍ ഓരോ ദിവസവും ഇഷ്ടങ്ങളെ നിരന്തരം ബലിയര്‍പ്പിക്കാന്‍ തയാറായാല്‍ മാത്രമേ ആദ്യസമര്‍പ്പണത്തില്‍ ഒരാള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ. ഇതിന് ഏറ്റവും ഏറെ സഹായിക്കുന്നത് അനുസരണവും വിധേയത്വവുമാണ്. നാം അധികാരങ്ങള്‍ക്ക് വിധേയപ്പെടുമ്പോള്‍ നമ്മെത്തന്നെയാണ് ബലിയര്‍പ്പിക്കുന്നത്. പക്ഷേ ഇതു ബലിയായിത്തീരണമെങ്കില്‍ ദൈവത്തോടും സമൂഹത്തോടും ഉള്ള സ്‌നേഹം അതിന് പ്രേരകമായുണ്ടാകണം. ഭയംകൊണ്ടും നിവൃത്തികേടുകൊണ്ടുമാണ് ഒരാള്‍ അനുസരിക്കുന്നതെങ്കില്‍ അയാള്‍ നയിക്കുന്നത് അടിമജീവിതമാണ്. ഇത്തരത്തില്‍ അടിമജീവിതം നയിക്കുന്നവര്‍ എപ്പോഴും സ്വാതന്ത്ര്യത്തിന് കൊതിക്കും. കാരണം തന്നെത്തന്നെ ദൈവത്തിനായി സമര്‍പ്പിക്കുന്നതിലൂടെ കിട്ടുന്ന സ്വയത്തില്‍നിന്നുള്ള വിടുതലും അതു നല്‍കുന്ന ആന്തരിക സ്വാതന്ത്ര്യത്തിന്റെ കരുത്തും അവര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. തന്മൂലം അനുസരിച്ചും വിധേയപ്പെട്ടും സ്വയത്തെ കീഴ്‌പ്പെടുത്തുന്നതിനുപകരം എതിര്‍ത്തും വിമര്‍ശിച്ചും സ്വയത്തിന്റെ അടിമയായി അവര്‍ മാറും. അങ്ങനെയുള്ളവര്‍ എപ്പോഴും സ്വന്ത ഇഷ്ടങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവരായിരിക്കും. അനുസരിക്കുക എന്നത് അത്തരക്കാര്‍ക്ക് മരണതുല്യവും ആയിരിക്കും.

ഏതെങ്കിലും ഒരു സന്യാസ സമൂഹത്തില്‍ അംഗമാകണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സന്യാസാര്‍ത്ഥിനിക്ക് അവകാശമുണ്ട്. എന്നാല്‍ അംഗമായതിനുശേഷം പിന്നീടുള്ള കാലം അവര്‍ ജീവിക്കേണ്ടത് തങ്ങളുടെ സമൂഹത്തിന്റെ നിയമാവലിക്കനുസരിച്ചും സമൂഹത്തിന്റെ അധികാരികള്‍ക്ക് വിധേയപ്പെട്ടുമാണ്. അവര്‍ ഏത് കോഴ്‌സാണ് പഠിക്കേണ്ടത്, എവിടെ പഠിക്കണം, ഏതു മേഖലയിലാണ് സേവനം ചെയ്യേണ്ടത് ഇതൊക്കെ തീരുമാനിക്കുന്നത് അധികാരികളാണ്. പഠനത്തിന്റെ ചെലവ് വഹിക്കുന്നതും രോഗം വന്നാല്‍ ചികിത്സിക്കുന്നതും കിടപ്പിലായാല്‍ നോക്കുന്നതും സമൂഹംതന്നെ. അംഗങ്ങളുടെ അധ്വാനത്തിലൂടെ നേടുന്നതെല്ലാം പൊതുസ്വത്താണ്. ഇതില്‍നിന്നാണ് എല്ലാവരുടെയും ആവശ്യങ്ങള്‍ക്കായി പങ്കുവയ്ക്കപ്പെടുന്നത്. അതിനാല്‍ ഒരംഗം തന്റെ അധ്വാനത്തിലൂടെ ലഭിക്കുന്ന വരുമാനം സ്വകാര്യ സ്വത്തായി കൈകാര്യം ചെയ്യുന്നത് സമൂഹത്തിന്റെ നിയമത്തിന് മാത്രമല്ല സന്യാസ സമര്‍പ്പണത്തിന്റെ ചൈതന്യത്തിനും വിരുദ്ധമാണ്.

ഞാന്‍ തന്നെ എന്റെ നന്മ തീരുമാനിക്കുന്നതാണ് മനുഷ്യന്റെ അടിസ്ഥാനതെറ്റ്. എനിക്ക് യഥാര്‍ത്ഥമായും നന്മയായിട്ടുള്ളത് എന്താണെന്ന് ഏറ്റവും നന്നായി അറിയാവുന്നത് എന്റെ ദൈവത്തിനാണ്. അവന്‍ തിരുമനസാകുന്നതാണ് എന്റെ നന്മ. എല്ലാ അധികാരങ്ങളുടെയും സാഹചര്യങ്ങളുടെയും ഉപരിയായി വര്‍ത്തിക്കുന്ന ദൈവത്തിന് എനിക്ക് ആവശ്യമുള്ളത് എവിടെയും ഒരുക്കിത്തരുവാന്‍ കഴിയും. ദൈവത്തിലുള്ള ഈ വിശ്വാസമാണ് അധികാരികളെ അനുസരിക്കുവാന്‍ ശക്തി നല്‍കുന്നത്. അധികാരികളില്‍ കുറവുണ്ടാകാം. കുറവുള്ളവരിലൂടെയും ദൈവത്തിന് പ്രവര്‍ത്തിക്കുവാന്‍ കഴിയും. അതിനാല്‍ അധികാരിയുടെ നന്മയിലോ മനോഭാവത്തിലോ അല്ല ദൈവത്തിന്റെ നന്മയിലും ജ്ഞാനത്തിലുമുള്ള വിശ്വാസമാണ് ക്രിസ്തീയമായ വിധേയപ്പെടലിന്റെ രഹസ്യം. ലോകത്തിന്റെ മനുഷ്യന് ഇത് മനസിലാക്കാന്‍ വിഷമമാണ്. അവര്‍ക്കിത് അടിമത്തമായേ അനുഭവപ്പെടൂ. എനിക്ക് നന്മയായി തോന്നുന്ന കാര്യങ്ങളേ ഞാന്‍ അനുസരിക്കൂ എന്ന നിലപാട് അഹങ്കാരത്തില്‍നിന്ന് രൂപപ്പെടുന്നതാണ്. മരണത്തോളം പിതാവിന്റെ തിരുമനസിന് കീഴ്‌വഴങ്ങിയ ക്രിസ്തുവിന്റെ മനസില്‍നിന്നും തികച്ചും വ്യത്യസ്തമാണത്.

ഞാന്‍ ആഗ്രഹിക്കുന്നതും ചോദിക്കുന്നതും അനുവദിച്ചു തരാതിരിക്കുന്നത് എങ്ങനെ അനീതിയാകും? മക്കള്‍ ചോദിക്കുന്നതെല്ലാം ഉത്തരവാദിത്വമുള്ള ഏതെങ്കിലും മാതാപിതാക്കള്‍ അനുവദിച്ചു നല്‍കാറുണ്ടോ? മൊബൈല്‍ ഫോണ്‍, സ്‌കൂട്ടര്‍ ഇതൊക്കെ ചോദിച്ച് വാശിപിടിച്ച് കരഞ്ഞാലും മക്കളുടെ സ്വഭാവം അറിയുന്ന മാതാപിതാക്കള്‍ ഇപ്പോള്‍ ഇത് നല്‍കുന്നത് അവരുടെ പഠനത്തിന്, ഭാവിക്ക് അപകടകരമാണെന്ന് മനസിലാക്കിയാല്‍ എന്തുചെയ്യും? മക്കള്‍ പിണങ്ങിയാലും അവരുടെ അപേക്ഷ നിരസിക്കും. മക്കള്‍ക്ക് ചിലപ്പോള്‍ തോന്നും മാതാപിതാക്കള്‍ക്ക് തന്നോട് ഇഷ്ടമില്ലായെന്ന്. തന്റെ ആവശ്യം ന്യായവും അത് നിഷേധിച്ചത് അന്യായവും ആണെന്ന്. മക്കളുടെ പ്രീതിയെക്കാള്‍ അവരുടെ ആത്യന്തിക നന്മയാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. പക്ഷേ മക്കള്‍ മാതാപിതാക്കളുടെ വിവേചനാധികാരത്തെ അംഗീകരിക്കാന്‍ തയാറാകാതെ പണം കുടുംബത്തില്‍നിന്നും അപഹരിച്ച് സ്വയം ആഗ്രഹങ്ങള്‍ നിറവേറ്റിയാലോ? അവര്‍ നാശത്തിന്റെ വഴിയിലാണ് എന്നതിന്റെ തെളിവാണത്. അനുവാദം തരാത്തതുകൊണ്ടാണ് ഞാന്‍ അനുവാദം ഇല്ലാതെ പ്രവര്‍ത്തിച്ചത് എന്നു പറയുന്നത് എത്രയോ ഭോഷത്തമാണ്. തന്നെത്താന്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ പിന്നെ അനുവാദം ചോദിക്കുന്നത് പ്രഹസനമല്ലേ. അധികാരികളെയും സ്വന്തം സമൂഹത്തെയും ക്രൈസ്തവ സഭയെത്തന്നെയും മാധ്യമങ്ങളുടെ സഹായത്തോടെ അവഹേളിക്കുന്ന ആ സഹോദരി സ്വന്തം നിലപാടിലൂടെ ആ സമൂഹത്തില്‍നിന്നും പണ്ടേതന്നെ സ്വയം ബഹിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ മാധ്യമവിചാരണയെ ഭയപ്പെട്ട് ഇത്തരക്കാരെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നതിന് വൈകിയാല്‍ തിന്മ പ്രബലപ്പെടുന്നതിനേ കാരണമാകൂ.

ധാരാളം സന്യാസിനികള്‍ ഇന്ന് കാര്‍ ഓടിക്കുന്നുണ്ട്, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കാരണം അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഒരു സമൂഹത്തിന്റെ നിയമാവലിയെ സ്വീകരിച്ചുകൊണ്ട് ആ സമൂഹംവഴി ദൈവത്തിന് സമര്‍പ്പണം നടത്തിയിട്ടുള്ള ഒരു സമര്‍പ്പിത, ആ സമൂഹത്തിന്റെ അധികാരസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം കാര്‍ വാങ്ങുന്നതും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും ഗുരുതരമായ തെറ്റാണ്. സമര്‍പ്പിതജീവിതത്തില്‍നിന്നുള്ള പിന്മാറ്റമാണത്. സ്വന്തം വഴികള്‍ ഉപേക്ഷിച്ച് ദൈവത്തിന്റെ വഴികള്‍ സ്വീകരിക്കുന്നതിനുപകരം വഴിതെറ്റി താന്താങ്ങളുടെ വഴിക്കു പോകുന്നതാണ് പാപം. ലോകത്തിന്റെ വഴിയല്ല ക്രിസ്തീയ പൂര്‍ണതയുടെ വഴി. അത് ചെറുതാകലിന്റെയും ശൂന്യവല്‍ക്കരണത്തിന്റെയും പാതയാണ്. ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നിടത്തല്ല, പ്രത്യുത ആഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നിടത്താണ് പുണ്യങ്ങള്‍ പൂക്കുന്നത്. ലോകത്തിന്റെ ഗതിക്ക് വിരുദ്ധമായ മുന്നേറ്റമാണ് അത്.
സമര്‍പ്പിത ജീവിതം എന്താണെന്ന് പഠിക്കാതെ അതിനെ വിലയിരുത്താനും വിധിക്കാനും ശ്രമിക്കുന്ന ചാനല്‍ ചര്‍ച്ചാ അവതാരക പറയുന്നതെല്ലാം ശുദ്ധ അബദ്ധങ്ങളാണ്. സിസ്റ്റര്‍ മേരി ബെനീജ്ഞയെ അന്നത്തെ കാലത്ത് സഭ കവിതയെഴുതാന്‍ പ്രോത്സാഹിപ്പിച്ചു, ആദരിച്ചു. പക്ഷേ ഇന്ന് സഭ അങ്ങനെ ചെയ്യുന്നില്ല. സഭയ്ക്ക് എന്തുപറ്റി എന്നാണ് ചാനലിലെ അവതാരക ചോദിക്കുന്നത്. ഇക്കാലത്തും നിരവധി കന്യാസ്ത്രീകള്‍ കവിത എഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം അവര്‍ക്കറിയില്ലായിരിക്കും. സിസ്റ്റര്‍ മേരി ബെനീജ്ഞ തന്റെ അധികാരികളുടെ അനുവാദത്തോടെയും ആശീര്‍വാദത്തോടെയുമാണ് പുസ്തകം പ്രസിദ്ധീകരിച്ചത് എന്ന വസ്തുതയും അവതാരകക്ക് മനസിലായിട്ടുണ്ടാവില്ല. എന്തുചെയ്യാം? ഇവിടുത്തെ പ്രശ്‌നം കാര്‍ വാങ്ങലോ കവിതയെഴുത്തോ അല്ലായെന്നും മറിച്ച് സന്യാസ സമര്‍പ്പണ ജീവിതത്തിലെ ക്രമഭംഗമാണ് എന്ന സത്യം തിരിച്ചറിയാന്‍ കഴിവില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍ മനസിലായിട്ടും ബോധപൂര്‍വം സഭയെ ചീത്ത പറഞ്ഞ് റേറ്റിംഗ് കൂട്ടുന്നതിനോ ആയിരിക്കും അവര്‍ ഇപ്രകാരം ചെയ്യുന്നത്. അധ്യാപികയായിരുന്ന മേരി ജോണ്‍ തോട്ടം 1928-ല്‍ ലോകമോഹങ്ങളോട് യാത്രപറഞ്ഞ് ഒരു കര്‍മലീത്താ സന്യാസിനിയായി സിസ്റ്റര്‍ മേരി ബെനീജ്ഞ എന്ന നാമം സ്വീകരിച്ചു. അവര്‍ കോണ്‍വെന്റില്‍ ചേരുന്നതിനു മുമ്പെഴുതിയ ‘ലോകമേ യാത്ര’ എന്ന കവിത ഒരുവട്ടം വായിച്ചിരുന്നെങ്കില്‍ ചാനല്‍ അവതാരകയ്ക്ക് എന്താണ് സമര്‍പ്പിതജീവിതം, എന്താണ് വിവാദവിഷയത്തിന്റെ അടിസ്ഥാനമെന്ന് മനസിലാക്കുവാന്‍ കഴിയുമായിരുന്നു.

കത്തോലിക്കാ സഭയെന്നു പറയുന്നത് നിരവധി സഭാസമൂഹങ്ങള്‍ കൂടിച്ചേര്‍ന്നതാണെന്ന് നമ്മുടെ ചാനലിലെ സംവാദക തൊഴിലാളികളും അവതാരകയും മനസിലാക്കിയിട്ടില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിവിധ സഭാസമൂഹങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നൂറുകണക്കിന് സന്യാസ സമൂഹങ്ങള്‍ക്കും നിരവധിയായ സംഘടനകള്‍ ഓരോന്നിനും അതാതിന്റേതായ ഭരണസംവിധാനങ്ങളും ഭരണകര്‍ത്താക്കളും ഉണ്ടെന്നുള്ള വസ്തുതയും അവര്‍ അവഗണിക്കുന്നു. എന്നിട്ട് ഏതെങ്കിലും ഒരു പ്രാദേശിക സമൂഹത്തില്‍ നടക്കുന്ന ഒരു പ്രശ്‌നം കേരള സഭയുടെ മുഴുവന്‍ പ്രശ്‌നമാക്കി മാറ്റി സഭാധികാരികളെ അവഹേളിക്കുന്നത് തികച്ചും അപലപനീയംതന്നെ.

വിവാദ കേന്ദ്രമായിരിക്കുന്ന കന്യാസ്ത്രീയുടെ ജീവിതത്തെ വിലയിരുത്തേണ്ടത് അവര്‍ അംഗമായിരിക്കുന്ന സമൂഹത്തിലെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആ സമൂഹത്തിന് പുറത്തുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നു നോക്കിയല്ല. മാത്രമല്ല, ആ സന്യാസസമൂഹത്തിന്റെ അധ്യക്ഷയ്ക്ക് തന്റെ അധികാരത്തിന്റെ കീഴിലുള്ളവരുടെ കാര്യത്തിലേ ഉത്തരവാദിത്വമുള്ളൂ, അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ മാത്രമേ അധികാരവും ഉള്ളൂ. അവര്‍ക്കെങ്ങനെ ബിഷപ് ഫ്രാങ്കോയുടെ കാര്യത്തിലും മറ്റ് അച്ചന്മാരുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയും? അതുകൊണ്ടുതന്നെ ”അച്ചന്മാര്‍ക്ക് ഒരു നിയമം- കന്യാസ്ത്രീക്ക് വേറൊരു നീതി – ഇതെന്തു ന്യായം” എന്ന് ചോദിക്കുന്നത് ശുദ്ധ വിവരക്കേടാണ്. പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളെ താരതമ്യം ചെയ്ത് തെറ്റായ ധാരണ പ്രേക്ഷകരില്‍ സൃഷ്ടിക്കാനുള്ള അവതാരകയുടെ കുത്സിതബുദ്ധി മാധ്യമധാര്‍മികതയ്ക്ക് ചേരുന്നതല്ല. കത്തോലിക്ക വിശ്വാസത്തെക്കുറിച്ചോ സമര്‍പ്പിത ജീവിതത്തെക്കുറിച്ചോ ആധികാരികമായി സംസാരിക്കുവാന്‍ കഴിവുള്ള ഒരൊറ്റ വ്യക്തിയെപ്പോലും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാതെ ആരും കേട്ടിട്ടില്ലാത്ത ചില കടലാസ് സംഘടനകളുടെ നേതാക്കളായ സംവാദക തൊഴിലാളികളെ ഉപയോഗിച്ച് കത്തോലിക്കാ സഭയെയും വിശ്വാസത്തെയും അവഹേളിക്കുന്ന ഈ പ്രവണത ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. മാത്രമല്ല ഒരു സമുദായത്തിനെതിരെ അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങള്‍ നിരത്തി നടത്തുന്ന ചാനല്‍ചര്‍ച്ചയില്‍ ആ സമുദായത്തിലെ ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയെപ്പോലും ഉള്‍പ്പെടുത്താതെ ഏകപക്ഷീയമായ വാദഗതികള്‍ നിരത്തി സഭയെ അവഹേളിക്കുന്നതിന്റെ പിന്നില്‍ ചാനലിന് വര്‍ഗീയമായ അജണ്ടകളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നയിക്കുന്നവര്‍ക്ക് ആ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രാഥമികമായ അറിവെങ്കിലും ഉണ്ടായിരിക്കണം. മാധ്യമങ്ങളിലൂടെ കിട്ടുന്ന വിഷം കലര്‍ന്നതും ഉപരിപ്ലവവുമായ അറിവല്ലാതെ ക്രിസ്തീയ ജീവിതത്തെക്കുറിച്ചോ സഭയെക്കുറിച്ചോ യാതൊരു അറിവും ചാനലിലെ ചര്‍ച്ച നയിക്കുന്ന വ്യക്തിക്കും സംവാദകര്‍ക്കും ഇല്ലായെന്ന് അവരുടെ വാക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. അനേക ദശലക്ഷം വരുന്ന ഒരു സമൂഹത്തിന്റെ വിശ്വാസത്തെയും വികാരങ്ങളെയും മാനിച്ചുകൊണ്ട് സംസാരിക്കുവാന്‍പോലും നമ്മുടെ മാധ്യമവിചാരകര്‍ തയാറാകാത്തതിന്റെ കാരണം ഒരുപക്ഷേ ക്രിസ്ത്യാനികളുടെ സഹിഷ്ണുതയായിരിക്കാം. പക്ഷേ നിശബ്ദതയല്ല സഹിഷ്ണുത. നമ്മുടെ ശബ്ദം പുറത്തുവരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

ബെന്നി പുന്നത്തറ

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?