Follow Us On

25

August

2019

Sunday

അന്ന് വന്നത് ഉണ്ണീശോയും മാതാവും

അന്ന് വന്നത് ഉണ്ണീശോയും മാതാവും

ദൈവത്തിന്റെ അനുഗ്രഹവും കൃപയും മാത്രമാണ് എന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോയത്. അന്നെല്ലാം ദൈവം വഴി നടത്തി. എന്നെ മാറ്റിമറിച്ചൊരു സംഭവം പറയാം.
തികച്ചും സാധാരണമായൊരു ദിവസമായിരുന്നു അത്. പക്ഷേ അസാധാരണമായിട്ടെന്തോ സംഭവിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ ദിവസമെന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു. അന്നേ ദിവസം ഒരു അമ്മയും കുഞ്ഞും വീട്ടിലെത്തി. ദൈന്യത നിറഞ്ഞ മുഖത്തോടെ അമ്മ പറഞ്ഞു:
”കുഞ്ഞിന് കൊടുക്കാന്‍ ഒരു തുടം പാല്‍ വേണം.” അവര്‍ തിരിച്ചുപോയപ്പോള്‍ മനസില്‍ പാലിനെക്കുറിച്ച് പാലാഴിപോലൊരു ഓര്‍മ വട്ടമിട്ട് കറങ്ങിക്കൊണ്ടിരുന്നു.
നല്ല പാല്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന സാഹചര്യം മിക്ക മാതാപിതാക്കള്‍ക്കുമില്ല. നഗരങ്ങളിലെ ഏറെപ്പേരും ആശ്രയിക്കുന്നത് പായ്ക്കറ്റ് പാലുകളാണല്ലോ. എന്നാല്‍ അത് നൂറുശതമാനം ശുദ്ധമാണെന്ന് പറയാനും വയ്യ. നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് നല്ലപാല്‍ എത്തിച്ചുകൊടുക്കാന്‍ എന്താണ് വഴി? എന്റെ ചിന്തകള്‍ അതായിരുന്നു.
ഒരു തുടം പാല്‍ ചോദിച്ച് തന്റെ മുമ്പിലെത്തിയ അമ്മയും കുഞ്ഞും ദൈവം നല്‍കിയൊരു സന്ദേശമായിരുന്നു. കാരണം അങ്ങനെയൊരു അമ്മയെയും കുഞ്ഞിനെയും പിന്നെ ആരും കണ്ടിട്ടും കേട്ടിട്ടുമില്ലത്രേ. അത് ഉണ്ണീശോയും മാതാവുമാണെന്നാണ് ഇന്നുമെന്റെ വിശ്വാസം.
അന്ന് വീട്ടിലെ തൊഴുത്തില്‍ മൂന്ന് പശുക്കളുണ്ടായിരുന്നു. ഡയറി ഫാം എന്ന രീതിയിലേക്ക് എന്റെ സ്വപ്‌നങ്ങള്‍ ചിറകുവിരിച്ചത് ആ സംഭവത്തോടെയാണ്.
അന്നുവരെ ചെയ്തിരുന്ന സോഫ്റ്റ് വെയര്‍ ബിസിനസും മറ്റും ഉപേക്ഷിച്ച് ഡയറി ഫാമിലേക്ക് തിരിയാനുളള പ്രേരണ ശക്തമായി. ഒപ്പമുളളവരെയെല്ലാം അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. പശുക്കളെ വിറ്റ് പലരും സോഫ്റ്റ് വെയര്‍ പഠിക്കുകയും ബിസിനിസിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുമ്പോള്‍ അതെല്ലാം ഉപേക്ഷിച്ച് ആരെങ്കിലും ഗോക്കളുടെ പിന്നാലെ പോകുമോ? പരിഹാസങ്ങളുടെ മുള്‍മുനകള്‍ പിന്നാലെ വന്നുകൊണ്ടിരുന്നു. എന്നാല്‍ ഞാന്‍ തെല്ലും നിരാശനായില്ല. ദൈവം എന്നെ വഴി നടത്തുമെന്ന ബോധ്യത്തോടെ മുന്നോട്ട് പോയി.
2014 വരെ ഡയറിഫാം സജീവമായിരുന്നു. 2010 ല്‍ എനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്ക് നേരിടാതിരിക്കാന്‍ ഫാംസ് ഡയറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് തുടക്കമിട്ടു. ഡയറിഫാമുകളുടെ നടത്തിപ്പിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്കുകയായിരുന്നു ഈ കമ്പനിയുടെ ദൗത്യം. കേരളത്തൊടൊപ്പം ഒറീസ, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം ഈ പ്രോജക്ടുകള്‍ പ്രവര്‍ത്തിക്കുന്നു.
ഇതിനോടകം ഈ മേഖലയില്‍ ഞങ്ങള്‍ നടത്താത്ത പരീക്ഷണങ്ങളൊന്നുമില്ല. പുതിയ പല കാഴ്ചപ്പാടുകളും ഞങ്ങളാണ് അവതരിപ്പിച്ചത്. ട്രയല്‍ എന്ന നിലയില്‍ ഒരു കോയിന്‍ മില്‍ക്ക് ബൂത്തിനും ശ്രമിച്ചു. ശുദ്ധമായ പാല്‍, ബൂത്തിലൂടെ എ.ടി.എം മാതൃകയില്‍ നല്‍കുന്നതാണ് ഈ സംരംഭം. ഇടപ്പള്ളിയില്‍ ആരംഭിച്ച ബൂത്തിന് ആവേശകരമായ സ്വീകരണമായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.
ഇത്തരം ബൂത്തുകള്‍ ഇന്ത്യയിലെങ്ങും ആരംഭിക്കുക എന്നത് ഞങ്ങളുടെ സ്വപ്‌നമാണ്. സ്വന്തമായി കൃഷിസ്ഥലവും പശുപരിപാലനത്തില്‍ താല്പര്യവുമുള്ളവര്‍ക്ക് വേണ്ടിയുള്ള അനേക കാര്യങ്ങള്‍ മനസിലുണ്ട്. ഇതിലേക്ക് യുവാക്കളെ ആകര്‍ഷിക്കണം. അവര്‍ക്ക് നല്ലൊരു വരുമാനത്തോടൊപ്പം കൃഷിയില്‍ അഭിമാനത്തോടെ മുന്നോട്ട് പോകാനും വഴിയൊരുക്കണം.

പ്രദീപ് സുഭാഷ്
(മാനേജിംഗ് ഡയറക്ടര്‍, ഫാംസ് ഡയറി പ്രൈവറ്റ് ലിമിറ്റഡ്)

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?