Follow Us On

25

August

2019

Sunday

സന്തോഷ് ട്രോഫിയിലെ റഫറിയച്ചന്‍

സന്തോഷ് ട്രോഫിയിലെ റഫറിയച്ചന്‍

ഫാ. ജോയി സി. മാത്യുവിന്റെ വൈദികപഠനകാലം. മൈനര്‍ സെമിനാരിയില്‍ തുടങ്ങിയതാണ് സംഗീത ഉപകരണങ്ങളോടുള്ള അദേഹത്തിന്റെ കമ്പം. സംഗീതമാര്‍ഗമാണ് തന്റെ വഴിയെന്ന് അദേഹം മനസിലാക്കി.
ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നുകൊണ്ട് സംഗീതസംവിധാനം നിര്‍വഹിക്കാന്‍ അച്ചന് കഴിഞ്ഞിട്ടുണ്ട്. കാര്‍മല്‍ഗിരി സെമിനാരിയുടെ സുവര്‍ണ ജൂബിലിക്കായി തയാറാക്കിയ ആന്തത്തിന് ഈണം പകരുന്ന മത്സരരംഗത്ത് പ്രഗത്ഭരായ സംഗീതസംവിധായകരുടെ നീണ്ട നിരയാണ് എത്തിയത്. എന്നാല്‍ അന്ന് സെമിനാരി വിദ്യാര്‍ത്ഥിയായ ജോയി സി. മാത്യുവിനെ ദൈവനിയോഗംപോലെ തിരഞ്ഞെടുക്കുകയായിരുന്നു. സെമിനാരി പഠനകാലത്തുതന്നെ അച്ചന്‍ രചനയും സംഗീതവും നിര്‍വഹിച്ച ‘കാഴ്ചയായ് ഞങ്ങളെ ഏകാം’ എന്ന ഗാനം ശാലോം ടെലിവിഷന്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
സംഗീത സംവിധായകരായ ജെറി അമല്‍ദേവ്, ബേണി ഇഗ്നേഷ്യസ് എന്നിവരുടെ അതുല്യമായ സഹകരണം ഇന്നും ഒരു മുതല്‍ക്കൂട്ടായി അച്ചന്‍ കാണുന്നു. 2004-ല്‍ ഏറ്റവും നല്ല മൃതസംസ്‌കാരഗാനം ‘നാഥാ നിന്‍ കൃപയാലെ’ കെ.സി.ബി.സി അംഗീകരിച്ചു. ഖത്തറിലെ കലാക്ഷേത്ര എന്ന സംഗീത കോളജിനും സിംഗപ്പൂരിലെ മൊസാര്‍ട്ട് സ്‌കൂള്‍ ഓഫ് മ്യൂസിക് എന്നീ വിദേശ സ്ഥാപനങ്ങള്‍ക്ക് തീം സോങ്ങും അദേഹം ചെയ്തിട്ടുണ്ട്.
കൂടാതെ ഒരു സീരിയലിനായി ഏതാനും എപ്പിസോഡുകള്‍ക്ക് പശ്ചാത്തല സംഗീതവും ചെയ്തു. സ്‌കൂള്‍-കോളജ് തലങ്ങള്‍ക്കായി മത്സരങ്ങള്‍ക്കുള്ള മ്യൂസിക് ഒരുക്കി അച്ചന്‍ പ്രാഗത്ഭ്യം തെളിയിച്ചു.
സ്‌നേഹകൂടാരം, സ്‌നേഹസ്പര്‍ശം, സ്‌നേഹധാര, നിറയും മൗനവുമായ് എന്നീ ക്രിസ്തീയ ഗാന ആല്‍ബങ്ങള്‍ക്ക് അച്ചന്‍ രചനയും സംഗീതവും ഓര്‍ക്കസ്ട്ര സംവിധാനവും നിര്‍വഹിച്ചു. പ്രാര്‍ത്ഥനയ്ക്ക് ഏറ്റവും ഉപയുക്തമാണ് ശുദ്ധസംഗീതം. ദൈവാലയസംഗീതം സിനിമാറ്റിക് മ്യൂസിക്കുമായി കൂട്ടിയോജിപ്പിച്ച് ‘അടിപൊളി’ ബഹളമായി മാറ്റുന്നത് ആരാധനയ്ക്ക് വിഘ്‌നമുണ്ടാക്കുന്നുവെന്നാണ് അച്ചന്റെ അഭിപ്രായം.
”കര്‍ണാടക സംഗീതകച്ചേരിക്ക് ഉപയോഗിക്കുന്ന പക്കമേള വാദ്യങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സംഗീത ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ബദ്ധമുണ്ട്. ഇതുപോലെ പോപ് മ്യൂസിക്കിനും റോക്ക് മ്യൂസി ക്കിനും മാത്രമായി ക്രമപ്പെടുത്തിയിരിക്കുന്ന ബാന്റ് ഉപകരണങ്ങളുമുണ്ട്. പക്ഷേ എല്ലാ മ്യൂസിക് ഉപകരണങ്ങളുടെയും ശബ്ദം ദൈവാലയങ്ങളില്‍ മുഴങ്ങുന്നത് പ്രാര്‍ത്ഥനയുടെ ശാന്തതയെ നഷ്ടപ്പെടുത്തും. ഭക്തിയുടെ നിറവിന് ഏല്‍ക്കുന്ന മുറിവിലെ ആഴം സ്പര്‍ശിച്ചറിയണം.
വിപണിയില്‍ ലഭ്യമാകുന്ന കീബോര്‍ഡിലെ ടെക്‌നോളജിയെ ആസ്പദമാക്കി നേരത്തേ തയാറാക്കിയിരിക്കുന്ന പ്രോഗ്രാമിംഗ് റിഥം ഉപയോഗിച്ച് ഗാനങ്ങളുടെ കരോക്ക ചേര്‍ത്ത് പാടുന്നത് ആരാധനയ്ക്ക് വിഘ്‌നം വരുത്തുമെന്നാണ് എന്റെ അഭിപ്രായം. മനുഷ്യഹൃദയങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുവാനുള്ള ധര്‍മമാണ് ദൈവാലയ സംഗീതത്തിനുള്ളത്. ” അദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഫുട്‌ബോള്‍ റഫറി
ഫാ. ജോയി സി. മാത്യു നല്ലൊരു ഫുട്‌ബോള്‍, നാഷണല്‍ റഫറി കൂടിയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും സന്തോഷ് ട്രോഫി ജേതാക്കളും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരം നിയന്ത്രിച്ചത് അച്ചനാണ്. ജി.വി. രാജ ഫുട്‌ബോള്‍ മത്സരം ക്രമപ്പെടുത്തിക്കൊണ്ടാണ് ഈ മേഖലയിലേക്കുള്ള രംഗപ്രവേശം. ട്രിവാന്‍ഡ്രം ഇലവനും ഹൈദരബാദ് ബാങ്കും തമ്മിലുള്ള മത്സരത്തിലും അച്ചനിലെ റഫറി നിയന്ത്രണം സജീവമാണ്. സഭയിലെ നല്ല ഇടയനായ അച്ചന്‍ കളിക്കളത്തില്‍ കര്‍ക്കശക്കാരനാണ്. ദൗത്യത്തിലെ സൂക്ഷ്മതയില്‍ ഒരു അധ്യാപകന്‍ എന്നപോലുള്ള മനോഭാവം തെളിഞ്ഞു കാണാം. വൈദിക ജീവിതത്തില്‍ സമൂഹത്തിന് നന്മ പകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ കളിക്കളത്തില്‍ കളിക്കാരുടെ ഉന്നമനത്തിന് ഉറച്ച തീരുമാനങ്ങള്‍ എടുക്കാനും അച്ചന്‍ മടി കാട്ടാറില്ല. അത് റഫറിമാരുടെ ഇടയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
കേരളത്തിലെ മൈതാനങ്ങളില്‍ പന്ത് തട്ടുന്നവര്‍ക്ക് മികച്ച പരിശീലനം ലഭിക്കുന്നില്ലെന്നും കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് കളിപ്രേമികളായ കുട്ടികള്‍ക്ക് മികച്ച പിന്‍തുണ നല്‍കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നുമുള്ള അഭിപ്രായവും അച്ചന്‍ സൂചിപ്പിച്ചു.
തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയായ ഫാ. ജോയ് സി. മാത്യു, കുട്ടിക്കാലത്ത് തീരദേശ സ്‌കൂളില്‍ പഠനം നടത്തുമ്പോഴാണ് കാല്‍പന്തുകളിയിലേക്ക് ആകൃഷ്ടനാകുന്നത്. 14-ാം വയസില്‍ ട്രിവാന്‍ഡ്രം ജില്ലാ ടീമില്‍ അംഗമായി. തുടര്‍ന്ന് നിരവധി സംസ്ഥാനമത്സരങ്ങളില്‍ ജഴ്‌സി അണിഞ്ഞു. മുന്നേറ്റ നിരയില്‍ ട്രിവാന്‍ഡ്രം യൂണിയന്‍ ടീമിന്റെ മുഖ്യനായിരുന്നു ഇദ്ദേഹം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വൈദികപഠനത്തിന് സെമിനാരിയില്‍ ചേര്‍ന്നപ്പോഴും ഫുട്‌ബോള്‍ ടീമില്‍ അംഗമായി കളിക്കളത്തില്‍ നിറഞ്ഞുനിന്നു.
സെമിനാരി പഠനം പൂര്‍ത്തിയാക്കി വൈദികനായശേഷവും ഫുട്‌ബോളിനോടുള്ള ഭ്രമം വിടാന്‍ ഇദ്ദേഹം തയാറായില്ല. ഒഴിവു സമയങ്ങളില്‍ താന്‍ വികാരിയായിരിക്കുന്ന ദൈവാലയങ്ങളില്‍ യുവാക്കളുമൊത്ത് ഫുട്‌ബോള്‍ പരിശീലനം തുടര്‍ന്നു.
2004-ല്‍ ജില്ലാ മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള റഫറി യോഗ്യതാ പരീക്ഷ ജയിച്ചു. 2015-ല്‍ അഖിലേന്ത്യാതലത്തില്‍ മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള കാറ്റഗറി -2 ലൈസന്‍സും സ്വന്തമാക്കി. ഐ ലിഗ് അണ്ടര്‍ മോഹന്‍ ബഗാന്‍-സാല്‍ഗോക്കര്‍ മത്സരങ്ങളിലാണ് ഫാ. ജോയ് ദേശീയ റഫറി കുപ്പായമണിഞ്ഞത്. പൂനയില്‍ നടന്ന ഐ ലീഗ് മത്സരങ്ങളും അച്ചന്‍ നിയന്ത്രിച്ചു.
കൊച്ചുതോപ്പ് ഫാത്തിമമാതാ ദൈവാലയ വികാരിയാണ് അച്ചന്‍. അതിരൂപതയില്‍ തുടങ്ങിയ ഫുട്‌ബോള്‍ അക്കാഡമിയുടെ പ്രാരംഭഘട്ടത്തില്‍ അച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ യുവാക്കള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നടത്തുന്നു. കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിങ്ങ് കോളജില്‍ കായിക അധ്യാപകന്‍, ജി.വി. രാജ സ്‌കൂളില്‍ വി.എച്ച്.എസ് യില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകനായി നിയമിതനായി. പരിശീലകനായും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ സാധിക്കുന്നത് അതിരൂപതയുടെ സമ്പൂര്‍ണ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണെന്ന് അച്ചന്‍ പറയുന്നു. ഒരു നാഷണല്‍ ഫുട്‌ബോള്‍ റഫറിയായ ഫാ. ജോയിയെ തേടി നിരവധി അവാര്‍ഡുകളും വന്നിട്ടുണ്ട്. ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ അവാര്‍ഡ്, പ്രേംനസീര്‍ സ്മാരക അവാര്‍ഡ്, ഇന്റര്‍നാഷണല്‍ റോയല്‍ ക്ലബ് അവാര്‍ഡ് തുടങ്ങിയവ പ്രധാനമാണ്.
ഇതൊടൊപ്പം ഇന്ത്യന്‍ ലീഗ് മത്സരങ്ങള്‍, രാജ്യാന്തര മത്സരങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം ജില്ലാ റഫറി അസോസിയേഷന്‍ പ്രസിഡന്റുകൂടിയാണ്. ഇന്ത്യന്‍ കായികരംഗം വളരുവാന്‍ സ്‌പോര്‍ട്‌സ് അക്കാഡമികള്‍ ഉണ്ടാകണമെന്ന് അച്ചന്‍ ആഗ്രഹിക്കുന്നു.
പൊഴിയൂര്‍ പൊയ്പ്പള്ളി വിളാകം പരേതനായ ക്ലീറ്റസിന്റെയും അല്‍ഫോന്‍സയുടെയും മൂന്നാമത്തെ പുത്രനാണ് റഫറിയായ ഫാ. ജോയി. ബ്രസീലിയന്‍ മഞ്ഞപ്പടയെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ ഇഷ്ട റഫറി ഇറ്റലിക്കാരന്‍ പിയര്‍ലൂജി കോളിനയാണ്. അതിരൂപത മെത്രാപ്പോലീത്ത ഡോ. എം. സൂസപാക്യവും സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസും ആത്മീയവും ഭൗതികവുമായ വരദാനം ദൈവം കലവറയില്ലാതെ അച്ചനെ അനുഗ്രഹിച്ചതില്‍ അഭിമാനംകൊള്ളുന്നു. ദൈവികപദ്ധതിയില്‍ ഒരുങ്ങിയ ദൗത്യങ്ങളുമായുള്ള യാത്ര അദേഹം തുടരുകയാണ്.

ഡോ. റോബര്‍ട്ട് ശാന്തിനഗര്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?