Follow Us On

29

March

2024

Friday

മാധ്യസ്ഥം വഹിക്കാൻ 14 അമേരിക്കൻ അമ്മമാർ; സംതിംഗ് സ്‌പെഷൽ വിയാസാക്ര!

മാധ്യസ്ഥം വഹിക്കാൻ 14 അമേരിക്കൻ അമ്മമാർ; സംതിംഗ് സ്‌പെഷൽ വിയാസാക്ര!

പാനമ: ലോക യുവജനസംഗമത്തിന്റെ മുഖ്യ ആകർഷണമാണ് പാപ്പയുടെ നേതൃത്വത്തിൽ ലോകയുവത ഒന്നടങ്കം പങ്കെടുക്കുന്ന വിയാസാക്ര- കുരിശിന്റെ വഴി. അതിൽതന്നെ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ കുരിശിന്റെ വഴി. കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിൽ സമർപ്പിച്ച പ്രാർത്ഥനാനിയോഗങ്ങളും അതിന് മാധ്യസ്ഥയായി 14 മരിയൻ ദർശനങ്ങളെ നിയോഗിച്ചതുമാണ് പാനമയിലെ വിയാസാക്രയെ സംതിംഗ് സ്‌പെഷ്യലാക്കിയത്.

ലോകജനത നേരിടുന്ന സമകാലീന വെല്ലുവിളികളാണ് ഓരോ സ്ഥലത്തും പ്രാർത്ഥനാ നിയോഗങ്ങളായത്, മധ്യസ്ഥം വഹിച്ചത് അമേരിക്കൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങൾ പ്രത്യേകമാം വണങ്ങുന്ന മരിയൻ ദർശനങ്ങളും. വേൾഡ് യൂത്ത് ഡേയ്ക്ക് തുടക്കംകുറിച്ച് വത്തിക്കാനിൽവച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ യുവജനപ്രതിനിധികളെ ഏൽപ്പിച്ച മരിക്കുരിശാണ് കുരിശിന്റെ വഴിക്ക് ഉപയോഗിക്കുന്നത്. വിവിധ രാജ്യക്കാരായ 10 യുവജനങ്ങളാണ് ഇത്തവണ കുരിശു വഹിച്ചത്.

ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള കുരിശുയാത്ര, വേദിയിൽത്തന്നെ പ്രതീകാത്മകമായി നീങ്ങുമ്പോൾ ആലപിച്ച ”ഈശോയേ… അങ്ങേ കുരിശിനെ ഞങ്ങൾ കുമ്പിട്ടു വണങ്ങുന്നു…” എന്ന പ്രഭണിതത്തിന്റെ മൃദുതാളത്തിൽ മാലാഖമാരെ പ്രതിനിധാനംചെയ്ത ശുഭ്രവസ്ത്രധാരികളായ യുവജനങ്ങൾ അവതരിപ്പിച്ച ലളിതമായ ചുവടുവയ്പ്പുകളും അവിസ്മരണീയ ഭക്ത്യാനുഭൂതിയാണ് പങ്കെടുത്തവരിൽ പകർന്നത്.

പ്രാർത്ഥനാ നിയോഗങ്ങളും മാധ്യസ്ഥ്യം വഹിച്ച മരിയൻ ദർശനങ്ങളും ചുവടെ:

ഒന്നാം സ്ഥലം- ഈശോ ഗദ്‌സെമൻ തോട്ടത്തിൽ
നിയോഗം: യുവജങ്ങളുടെ ജീവിത തിരഞ്ഞെടുപ്പുകൾക്കുവേണ്ടി
മധ്യസ്ഥ: ഹോണ്ടൂരാസിലെ സുയാപാ കന്യകാനാഥ

രണ്ടാം സ്ഥലം- യൂദാസിന്റെ ഒറ്റുകൊടുക്കൽ
നിയോഗം: സഭകളുടെ ഐക്യം
മധ്യസ്ഥ: ക്യൂബയിലെ കോബറിലെ കന്യകാനാഥ

മൂന്നാം സ്ഥലം- ഈശോയെ സെൻഹെദ്രീൻ സംഘം വിധിക്കുന്നു
നിയോഗം: പീഡിത സഭയ്ക്കുവേണ്ടി
മധ്യസ്ഥ: ഏൽ സാൽവദേറിലെ ലാപാസ് കന്യകാനാഥ

നാലാം സ്ഥലം- പത്രോസ് ക്രിസ്തുവിനെ തള്ളിപ്പറയുന്നു
നിയോഗം: ലോകത്തെ തദ്ദേശിയ ജനതകൾക്കുവേണ്ടി
മധ്യസ്ഥ: ഗ്വാട്ടിമാലയിലെ ജപമാലരാജ്ഞി

അഞ്ചാം സ്ഥലം- പീലാത്തോസിന്റെ വിധി പറയൽ
നിയോഗം: പാരിസ്ഥിതിക സുസ്ഥിതി
മധ്യസ്ഥ: കോസ്റ്ററിക്കയിലെ മാലാഖമാരുടെ രാജ്ഞി

ആറാം സ്ഥലം- ചമ്മട്ടിയടിയും മുൾമുടിധാരണവും
നിയോഗം: കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുംവേണ്ടി
മധ്യസ്ഥ: വെനസ്വേലയിലെ തൊരൊമോത്തോ കന്യകാംബിക

ഏഴാം സ്ഥലം- ക്രിസ്തു കുരിശുവഹിക്കുന്നു
നിയോഗം: പ്രകൃതിദുരന്തങ്ങളിൽപ്പെട്ടവർക്കായി
മധ്യസ്ഥ: ഹെയ്ത്തിയിലെ നിത്യസാഹായ നാഥ

എട്ടാം സ്ഥലം- ഈശോയെ സൈറീൻകാരൻ ശീമോൻ സഹായിക്കുന്നു
നിയോഗം: യുവജനങ്ങൾക്കുവേണ്ടി
മധ്യസ്ഥ: ബ്രസീലിലെ അപ്പരസീദാ കന്യകാനാഥ

ഒൻപതാം സ്ഥലം- ജരൂസലേമിലെ സ്ത്രീകളെ ഈശോ ആശ്വസിപ്പിക്കുന്നു
നിയോഗം: പീഡിതരായ സ്ത്രീകൾക്കുവേണ്ടി
മധ്യസ്ഥ: ഡോമിനിക്കൻ റിപ്പബ്ലിക്കിലെ കൃപാപൂർണയായ ദൈവമാതാവ്

പത്താം സ്ഥലം- ഈശോ ക്രൂശിതനായി
നിയോഗം: അനുരജ്ഞനത്തിനും സമാധാനത്തിനുമായി
മധ്യസ്ഥ: കൊളംബിയയിലെ ചിക്കിങ്കിരയിലെ ദിവ്യജനനി

പതിനൊന്നാം സ്ഥലം- മാനസാന്തരപ്പെട്ട കള്ളന് ഈശോ രക്ഷ വാഗ്ദാനംചെയ്യുന്നു
നിയോഗം: അഴിമതിക്കെതിരെ
മധ്യസ്ഥ: പുവർത്തെ റീക്കോയിലെ ദൈവപരിപാലന നാഥ

പന്ത്രണ്ടാം സ്ഥലം- ഈശോ കുരിശിൽക്കിടന്ന് അമ്മയോടും ശിഷ്യനോടും സംസാരിക്കുന്നു
നിയോഗം: ലോകത്തെ അമ്മമാർക്കുവേണ്ടി
മധ്യസ്ഥ: അമേരിക്ക വണങ്ങുന്ന പരിശുദ്ധ അമലോത്ഭവനാഥ

പതിമൂന്നാം സ്ഥലം- ഈശോ കുരിശിൽ മരിക്കുന്നു
നിയോഗം: ഭീകരപ്രവർത്തനങ്ങൾ ദുരീകരിക്കാൻ
മധ്യസ്ഥ: മെക്‌സിക്കോയിലെ ഗ്വാഡലൂപെ നാഥ

പതിനാലാം സ്ഥലം- ഈശോയെ കല്ലറയിൽ സംസ്‌ക്കരിക്കുന്നു
നിയോഗം: ഭ്രൂണഹത്യയ്‌ക്കെതിരെ
മധ്യസ്ഥ: നിക്കരാഗ്വയിലെ അമലോത്ഭവനാഥ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?