Follow Us On

04

June

2023

Sunday

പുതുവൽ

പുതുവൽ

ഒരു സാമുദായിക കഥ, ഒരു കർഷകകുടിയേറ്റത്തിന്റെ കഥ, ഒരു അസാധാരണ പ്രണയത്തിന്റെ കഥ പറയുന്ന നോവലാണ് ജി. ടി. നരിപ്പാറയുടെ പുതുവൽ. നന്മ തിന്മകളുടെ നിരന്തര സംഘട്ടനത്തിൽ തിന്മയെ പരാജയപ്പെടുത്തികൊണ്ട് ത്യാഗത്തിന്റെ കൊടി ഉയർത്തുന്ന നന്മയുടെ കഥകൂടി നോവലിസ്റ്റ് ഇവിടെ ഉൾചേർത്തിരിക്കുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ അഭിവാഞ്ഛയെ വളരെ വ്യക്തമായും കൃത്യതയോടും വരച്ചുകാണിക്കുന്ന നോവലാണ് ഇത്. ഇടുക്കിയിലെ ആനക്കാടുകളിലേയ്ക്കുള്ള കുടിയേറ്റ കഥയാണ് നോവൽ പറയുന്നത്. സൂഷ്മ പരിശോധനയിൽ മനുഷ്യമനസ്സിലെ കാടുകളാണ് നോവലിസ്റ്റ് വെട്ടിത്തെളിക്കാൻ ഉദ്യമിക്കുന്നതെന്ന് കാണാൻ സാധിക്കും. ശ്വാസം പിടിച്ച് വായിച്ചു പോകുന്ന വികാര വിപ്ലവങ്ങളിലൂടെ കടന്നുചെന്നിട്ടാണ് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പുതുവൽ കൃഷിക്ക് നോവലിസ്റ്റ് നിലം ഒരുക്കിയിരിക്കുന്നത്.
ഇര കിട്ടിയ കടുവാ
തറവാട്ടുമഹിമയിൽ അഹങ്കരിച്ച് ദുർവാശിയും കോടതിക്കേസുമായി കുടുംബം നശിപ്പിച്ച അവറാച്ചൻ മുതലാളിയുടെ മൂത്തമകൻ മാത്തച്ചനാണ് ഇതിലെ കഥാനായകൻ. എല്ലാ പരീക്ഷയിലും ഒന്നാമനായി ജയിച്ചു കയറിയ മാത്തച്ചൻ പത്താംക്ലാസ് ജയിച്ച് പഠനം നിർത്തിയെന്ന് കേട്ട് അവന്റെ അധ്യാപകനായിരുന്ന ജോസ് സാർ അവനെ കോളജിൽ പോകണമെന്നുപദേശിക്കാൻ തന്റെയടുത്ത് വിളിച്ചുവരുത്തുന്നു. തുടർന്ന് മാത്തച്ചന്റെ പിതാവായ അവറാച്ചൻ മുതലിയോടും സാർ സംസാരിക്കുന്നു…
ഞാൻ വെറുതെ പുകഴ്ത്തി പറയുകയല്ല. അവൻ എന്റെ ശിഷ്യനായിരിക്കുന്നതിൽ എനിക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു ഭാവി ഞാൻ അവനു കാണുന്നുണ്ട്. അതുകൊണ്ട് അവനെ കോളജിൽ വിടുന്ന കാര്യത്തിൽ യാതൊരു ഉപേക്ഷയും വിചാരിക്കരുതെന്ന് പറയുന്ന് സാറിനോട്, അതു പിന്നെ സാറു പറയണോ. കൊള്ളാം, അവനെ പഠിപ്പിച്ച് ഒരു വക്കീലാക്കണമെന്നാ എന്റെ ഉത്തേശമെന്ന് അവറാൻ ചേട്ടൻ മാത്തച്ചനെ പഠിപ്പിക്കാൻ താൽപ്പര്യമില്ലെന്ന ഉള്ളുകള്ളി പുറത്തു വിടാതെ പൊങ്ങച്ചം അടിക്കുന്നു. തുടർന്ന് സാർ മറ്റൊരു കാര്യം കൂടി പറയുന്നു. ഞങ്ങളുടെ മകൾ റോസക്കുട്ടിയെ മാത്യുവിനെക്കൊണ്ട് കല്യാണം കഴിപ്പിച്ചാൽ കൊള്ളാമെന്ന്. സാറിന് അങ്ങനെ ഒരു ഉത്തേശമുെണ്ടങ്കിൽ എനിക്കതു പരിപൂർണ സമ്മതമാ. കോളജിൽ പോകുന്നെന്നുകരുതി കല്യാണം നടത്തരുതെന്ന് വല്ല ലോയുമുണ്ടോ? എത്രയോ പേർ അങ്ങനെ നടത്തുന്നുവെന്നും, മാത്രമല്ല അവൻ കോളജിൽ പോകുന്നതുകൊണ്ട് അവന്റെ അമ്മയ്ക്കു വല്ല വെഷമോം ഒണ്ടെങ്കിൽ അതും അങ്ങു മാറിക്കൊള്ളുമെന്ന് പറഞ്ഞ് അവറാൻ ചേട്ടൻ ഇര കിട്ടിയ കടുവായെപ്പോലെ സന്തോഷിച്ചു. കാരണം അവറാൻ ചേട്ടന് മാത്തച്ചനെ പൈസ മുടക്കി കോളജിൽ വിടാൻ താൽപ്പര്യം ഉണ്ടായിട്ടല്ല. മകന് കിട്ടാൻ പോകുന്ന സ്ത്രീധനത്തെക്കുറിച്ച് ഓർത്തിട്ടാണ് അങ്ങനെ പറഞ്ഞത്.
റോസകുട്ടിയുടെ പ്രണയം
ഒന്നാം അധ്യായത്തിന്റെ അവസാനത്തിൽ സാറിന്റെ മകൾ സുന്ദരിയും സുകൃതിനിയുമായ റോസക്കുട്ടി അവനെ പ്രണയിച്ചു തുടങ്ങുന്നു. അവസാനത്തെ അധ്യായം വരെ വായനക്കാരനെ മുൾമുനയിൽ നിർത്തുന്നത് അവർക്ക് നേരിടേണ്ടി വന്നണ്ട വിവാഹതടസങ്ങളാണ്. അവറാച്ചൻമുതലാളിയുടെ അഹങ്കാരവും ദുർവാശിയും ധനമോഹവുമല്ലാതെ വിവാഹത്തിന് മറ്റു തടസ്സമൊന്നുമില്ല. അയ്യായിരം രൂവായും ഇരുപത്തിയഞ്ച് പവനുമാണ് അവറാച്ചൻ ചോദിച്ചത്. അതിന്റെ പകുതിപോലും വാസ്തവത്തിൻ സാറിന്റെ കൈയിൽ ഇല്ലായിരുന്നു. വിവാഹത്തെ പറ്റി അവാറാനും മകൻ മാത്തച്ചനും തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകുന്നു. ഇതിനിടെ പല തവണ കല്യാണം മാറിപ്പോകുന്നു. അവറാച്ചൻ കടത്തിലാണ് എന്നറിഞ്ഞ സാറ് കല്യാണത്തിൽനിന്ന് ആദ്യം പിൻമാറുന്നു. പിന്നീട് ഇത് മാത്തച്ചനും റോസകുട്ടിയും അറിയുമ്പോൾ ഉണ്ടാകുന്ന വികാരനിർഭരമായ രംഗങ്ങളിലൂടെ നോവൽ കടന്നുപോകുന്നു. ശേഷം വീണ്ടും തീരുമാനം മാറുന്നു.
പുതുവൽ
അപ്പനെ ആശ്രയിക്കാതെ സ്വയംപര്യാപ്തത നേടിയിട്ട് റോസക്കുട്ടിയെ വിവാഹം ചെയ്യാനാണ് മത്തച്ചന്റെ ഉദ്യമം. അതിനായി മാത്തച്ചൻ പുതുവൽ കൃഷിക്ക് പുറപ്പെടുന്നു.സർക്കാരിന്റെ ഭക്ഷ്യോൽപ്പന്നവർധന പരിപാടിയുടെ ഭാഗമായി കൊടുത്ത വനഭൂമിയിലാണ് പുതുവൽകൃഷി. കൊടുംകാട്ടിലാണ് കൃഷിക്കായി സർക്കാർ ഭൂമി കൊടുത്തിരിക്കുന്നത്. ഹിംസ്ര ജന്തുക്കൾ ധാരാളമുള്ള സ്ഥലം. നിരവധി വെല്ലുവിളികളെ നേരുട്ടുകൊണ്ടാണ് മാത്തച്ചൻ പുതുവൽ കൃഷിക്ക് ഇറങ്ങിതിരിച്ചിരിക്കുന്നത്. മാത്തച്ചന്റെ കൃഷിയോടുള്ള താൽപ്പര്യവും അധ്വാനശീലവും മറ്റുള്ളവരിൽ അസൂയപോലും ഉളവാക്കുന്നു. ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരോടും മറ്റ് ചിലരോടും മാത്തച്ചന് അതിന്റെ പേരിൽ പിണങ്ങേണ്ടിയും വന്നിട്ടുണ്ട്. റോസകുട്ടിയോടുള്ള തന്റെ ആത്മാർത്ഥ സ്‌നേഹം മാത്തച്ചനെ മറ്റ് കാര്യങ്ങളിൽനിന്ന് പിൻന്തിരിപ്പിക്കുന്നു. തുടർന്ന് പുതുവൽ പ്രദേശത്തുവെച്ച് ഒരു കൂട്ടുകൃഷിക്കാരന്റെ മകൾ മേരിക്കുട്ടിക്ക് മത്തച്ചനിൽ പ്രിയം ജനിക്കുന്നു. ഈ പ്രണയങ്ങളൊക്കെ മത്തച്ചന്റെ ആകാരസൗഷ്ഠ്യത്തേക്കാൾ അവന്റെ സ്വഭാവമഹിമയെ കേന്ദ്രീകരിച്ചുള്ളതാണ്. മാത്തച്ചന്റെ സ്വഭാവം എല്ലാവരെയും ആകർഷിക്കുന്ന ഒന്നായിരുന്നു.
പ്രലോഭനങ്ങളെ അതിജീവിക്കുന്ന വ്യക്തിത്വം
നോവൽ വായിച്ചു പോകുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണത്; പ്രലോഭനങ്ങളെ അതിജീവിക്കുന്ന മാത്തച്ചന്റെ വ്യക്തിത്വം ഇത്രയും ദരിദ്രവും ഭീകരവുമായ സാഹചര്യങ്ങൾക്കും പ്രലോഭനങ്ങൾക്കും നടുവിൽ യൗവനയുക്തനായ ഒരു സാധാരണ നാട്ടിൻപുറത്തുകാരന് എങ്ങനെ വികാരാധീനനാകാതെ തന്റെ ആദർശശുദ്ധി സംരക്ഷിച്ചു ജീവിക്കാൻ സാധിക്കും? മനഃശാസ്ത്രപരമായി ഒരു ന്യായീകരണം കണ്ടെത്തുക പ്രയാസമാണ്. മഹർഷിമാരെപ്പോലും പ്രലോഭിപ്പിക്കുന്ന അന്തരീക്ഷത്തിൽ ഒരു നാട്ടിൻപുറത്തുകാരൻ പയ്യൻ ഇങ്ങനെ പിടിച്ചു നിൽക്കുമോ? ഇതൊരു അതിശയോക്തിയാണ്, സാഹിത്യത്തിൽ അതിശയോക്തിയാകാം ‘തെല്ലിതിൻ സ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേ’ എന്ന പ്രമാണിക വചനം ‘ഇല്ല സാഹിത്യത്തിലൊന്നുമേ’ എന്നു തിരുത്തിയും വായിക്കാം. ആധുനിക യുവലോകത്തിന് ഒരു ആദർശ മാതൃക സൃഷ്ടിച്ചുകൊടുക്കാനായി നോവലിസ്റ്റ് പരിശ്രമിക്കുന്നതായി തോന്നാം. പതിനേഴാമധ്യായത്തിൽ പത്താംക്ലാസുകാരനായ കഥാനായകൻ റോസക്കുട്ടിയോട് പറയുന്നതു നോക്കുക ‘വികാരാധീനനാകുന്നതിലല്ല, അതിനെ അതിജീവിക്കുന്നതിലാണ് മനുഷ്യന്റെ മഹത്വം സ്ഥിതിചെയ്യുന്നത’് ഇതു നോവലിസ്റ്റ് തന്റെവായനക്കാരോട് പറയുന്നതാണ്. സ്വയം വികാരങ്ങളെ നിയന്ത്രിച്ച് വലിയൊരു ത്യാഗത്തിനു വേണ്ടി ജീവിതം സമർപ്പിക്കുകയാണ് കഥാനായകൻ ചെയ്യുന്നത്.
സ്‌നേഹബന്ധങ്ങളുടെ നായകൻ
മാത്തച്ചൻ തന്റെ പുതുവൽ കൃഷിക്ക് വേണ്ടി അധ്വാനിക്കുമ്പോൾ, കൃഷിയെക്കുറിച്ച് നല്ല ധാരണ ഇല്ലാത്തവരെ ഒപ്പം സഹായിക്കുന്നുണ്ട്. അതിലൂടെ മാത്തച്ചന്റെ സൗഹൃദവും വളരുന്നു. പാപ്പച്ചൻ ആയിരുന്നു അതിൽ ഏറ്റവും സഹായം വേണ്ടിയിരുന്ന വ്യക്തി. അങ്ങനെ അവർ അടുത്ത മിത്രങ്ങളുമായി. ഒരിക്കൽ മാത്തച്ചനോട് ദേഷ്യമുള്ള മണ്ണടിപാപ്പൻ എന്നയാൾ മത്തച്ചനെ ഇല്ലാതാക്കാൻ ശ്രമിച്ചു. പക്ഷെ മണ്ണടി പാപ്പന് ആളുമാറിപോകുകയും കത്തികൊണ്ടുള്ള കുത്ത് മാത്തച്ചന്റെ കൂട്ടുകാരനായ പാപ്പച്ചന് ഏൽക്കുകയും ചെയ്തു. പാപ്പച്ചൻ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും ആനാഥരുമായി. പക്ഷ മത്തച്ചൻ അവരെ കൈവിട്ടില്ല. അനിയന്റെ സ്ഥാനത്തുനിന്ന് അവരുടെ എല്ലാ ആവശ്യങ്ങളിലും സത്യസന്ധതയോടെ ഇടപെട്ടു. പക്ഷെ മേരികുട്ടിയുടെ പിതാവ് തന്റെ മകൾക്ക് വേണ്ടി സാർത്ഥനാകുന്നു. മാത്തച്ചനെ റോസകുട്ടിക്ക് വിട്ടുകൊടുകൊടുക്കാതെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. നുണകൾ പറഞ്ഞ് റോസകുട്ടിയിൽനിന്ന് മാത്തച്ചനെ വേർതിരിക്കുന്നു. ഇവിടെ നോവൽ പുതിയൊരു വഴിത്തിരിവിലെത്തുന്നു.
പൊലിയുന്ന സ്വപ്‌നം
വായനക്കാരന്റെ പ്രതീക്ഷകളെപോലും തകർത്തുകൊണ്ടുള്ള കഥാന്ത്യം ട്രാജിക് കോമഡി എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളതാണ്. ഒരു പെൺകുട്ടിയുടെ ദീനവിലാപം അവിടെ മുഴങ്ങി കേൾക്കാം, മറ്റൊരുവളുടെ തേങ്ങലുകളും! രണ്ടാമത്തേത് ഏകപക്ഷീയമായ ഒരു ആശാഭംഗമാണ്. ആദ്യത്തേത് അങ്ങനെയല്ലല്ലോ. എല്ലാ ജീവിതങ്ങളും അങ്ങനെയാണ്. പൂർണമായ ട്രാജഡിയോ പൂർണമായ കോമഡിയോ ജീവിതത്തിലില്ല. എങ്കിലും ആശ കൊടുത്തു വളർത്തിയ ഒരു സ്‌നേഹത്തെ അവിചാരിതമായി നിഹനിച്ചു നേടിയ ത്യാഗമധുരത്തിൽ കണ്ണീരിന്റെ കൈപ്പുകലർന്നിട്ടുണ്ട് എന്നു പറയാതെ വയ്യ. നോവലിസ്റ്റിന് ഇതൊഴിവാക്കാമായിരുന്നില്ലേ? മരണത്തേക്കാൾവേദനിപ്പിക്കുന്ന ദുഃഖങ്ങൾ ജീവിതത്തിലുണ്ടാകാമെന്ന് ഈ നോവലിന്റെ ‘ശുഭപര്യവസാനം’ വായനക്കാരനെ ധരിപ്പിക്കുന്നു.കഥാപാത്രങ്ങൾ കഥയിൽ ജീവിക്കുമ്പോൾ മറ്റു കഥാപാത്രങ്ങൾ കടന്നു വരിക സാധാരണം. എന്നാൽ അവരുടെ ജീവിതത്തിൽ പുതിയ കഥാപാത്രം വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും വായനക്കാരെ ആകാംക്ഷയിൽ നിർത്താൻതക്കവിധം കാരണഹേതുവാകാറുണ്ട്. ഇവിടെ റോസകുട്ടിയും മേരികുട്ടിയും തങ്കമ്മയുമെല്ലാം അത്തരം റോളുകളിൽ എത്തുന്നു. ആദ്യ കഥാപാത്രങ്ങളായ റോസകുട്ടിയുടെയും പിന്നീട് വന്ന മേരികുട്ടിയുടെയും സ്വപ്‌നങ്ങൾ പെലിഞ്ഞപ്പോൾ അവസാനം വന്ന തങ്കമ്മയ്ക്ക് നിനച്ചിരിക്കാതെ വന്ന ഒരു സൗഭാഗ്യമായി മാറുന്നു മാത്തച്ചൻ.
രത്‌നചുരുക്കം
കുടുംബം എന്ന ആശയത്തെ മുൻനിർത്തി സ്‌നേഹബന്ധങ്ങളുടെ കഥ പറയുന്നു പുതുവൽ. സമൂഹജീവിയായ മനുഷ്യൻ സ്വാർത്ഥതയിൽ ജീവിക്കാനായി ശ്രമിക്കുമ്പോൾ മറ്റ് കുടുംബങ്ങളിൽപ്പോലും അതിന്റെ അലയടികൾ തകർച്ചകൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ നോവലിൽ കാണാം. ഓരോ അധ്യായവും സസ്‌പെൻസു നിലനിർത്തിക്കൊണ്ട് അവസാനിപ്പിക്കാനുള്ള കലാകൗശലം നോവലിസ്റ്റ് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ ജീവിതാന്തരീക്ഷം ഉൾക്കൊള്ളാൻ കഴിയുന്ന വായനക്കാർക്ക് കണ്ണീരോടു കൂടിയല്ലാതെ പല അധ്യായങ്ങളും വായിച്ചു തീർക്കാനാവില്ല. വ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ സൃഷ്ടിയിലും തികഞ്ഞ സൂഷ്മത പുലർത്താൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. മധ്യതിരുവിതാംകൂറിലെ നാടൻ പ്രയോഗങ്ങൾ അങ്ങിങ്ങു കടുന്നു വരുന്നതു വായനക്കാർ തിരിച്ചറിയണം. ആധുനിക ആംഗലമലയാളത്തിൽനിന്നു വളരെ പിറകിലാണ് ഈ നോവൽ.
സാമുദായികഭിത്തികൾക്കും പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കുകൾക്കും ഇടയിൽ ഒരു സൂഷ്മ പരിശോധനയ്ക്ക് ആരെങ്കിലും തയാറാകുമെങ്കിൽ പല സവിശേഷതകളും ഇതിൽ കണ്ടെത്താനാകും. അതെന്തൊക്കെയെന്നത് വായനക്കാരന്റെ വിചാരണയ്ക്ക് വിടുന്നു. നർമബോധത്തിന്റെ മിന്നലൊളികൾ കലർന്ന പ്രതിപാദനം. അധ്യായംതോറും ചെറുകഥാഘടനയും ആന്തരികസംഘട്ടനവും അവസാനം വരെ നിലനിർത്തുന്ന കഥകൂടിയാണ് ഈ നോവൽ.
By Online : www.sophiabuy.com


 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?