Follow Us On

25

August

2019

Sunday

എല്ലാവരും ഒന്ന് പതറിയ സമയത്ത്…

എല്ലാവരും ഒന്ന്  പതറിയ സമയത്ത്…

ദൈവസ്‌നേഹം അനുഭവിച്ചറിഞ്ഞ നാള്‍ മുതല്‍ ദൈവപരിപാലനയില്‍ ആ ശ്രയിച്ചാണ് ഞങ്ങള്‍ ജീവിതം മുന്നോട്ടു നയിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
എനിക്കും ഭര്‍ത്താവിനും ജോലിയുള്ളപ്പോഴും ഇല്ലാതിരുന്നപ്പോഴും കരുതുന്നവന്റെ കരങ്ങളില്‍ ഞങ്ങള്‍ അഭയം കണ്ടു. സിസേറിയനിലൂടെ ജന്മമെടുത്ത ആറു കുഞ്ഞുങ്ങളുമായി ദൈവത്തെ മഹത്വപ്പെടുത്തി ഞങ്ങളിന്ന് മുന്നോട്ട് പോകുന്നു.

അടുത്തകാലത്ത് എന്റെ കുടുംബത്തിലുണ്ടായ ഒരനുഭവം ജീവിതത്തില്‍ മറക്കാനാവാത്തതാണ്. ആ സംഭവം ഞാ ന്‍ ചുരുക്കി പറയാം. മരണകരമായ അനുഭവത്തിലൂടെയാണ് എന്റെ ഇളയ കുഞ്ഞ് അനീറ്റ അന്ന് കടന്നുപോയത്.

‘ഞങ്ങള്‍ കുടുംബ സമേതം കളമശേരി സയന്‍സ് പാര്‍ക്കില്‍ പോയി. അപ്പോള്‍ എന്റെ അനിയത്തി സീമയും കുടുംബവും കൂടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സമയം രാത്രി ഏഴേകാല്‍ കഴിഞ്ഞിട്ടുണ്ടാവും. പാര്‍ക്കിലെ മ്യൂസിക്കല്‍ ഫൗണ്ടേഷന്‍ കണ്ടശേഷം കുട്ടികള്‍ തൊട്ടപ്പുറത്ത് കളിക്കുകയാണ്. കുഞ്ഞുമോള്‍ അനീറ്റ ഒരു കമ്പിയില്‍ പിടിച്ചു ഞാന്നു നടക്കുകയായിരുന്നു. അവള്‍ക്കതായിരുന്നു ഇഷ്ടം.

ഊഞ്ഞാലില്‍ തൂങ്ങി നടക്കുന്നതു പോലെ അതിലൂടെ അവള്‍ പിടിച്ചുപിടിച്ചു നടന്നു. അനീറ്റയുടെ പാദം നിലത്തു നിന്ന് കേവലം രണ്ടടി മാത്രം ഉയരത്തിലാണ്. അതായത് മുകളില്‍ നിന്ന് കൈവിട്ടാലും ഒന്നും അവള്‍ക്ക് സംഭവിക്കില്ല. അപകടമൊന്നുമില്ല എന്നുറപ്പുള്ളതിനാല്‍ ഞങ്ങള്‍ അതു നോക്കി തൊട്ടടുത്തു തന്നെയിരുന്നു.

എന്നാല്‍ ഞങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ തന്നെ കമ്പിയില്‍ നിന്നും പെട്ടെന്ന് അവളുടെ കൈ വിട്ടു കുട്ടി നിലത്തേക്ക് വീണു. ഭര്‍ത്താവ് ജില്‍സണും ഞാനും കുട്ടിയില്‍നിന്നും അഞ്ചുമീറ്റര്‍ മാത്രം അകത്തിലാണ്. ഉടന്‍ കുട്ടി ചാടി എണീല്‍ക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്.

എന്നാല്‍ അവള്‍ അനങ്ങാതെ കിടക്കുന്നത് കണ്ട് അടുത്തു നിന്നൊരു വ്യക്തി പെട്ടെന്ന് മോളെ കോരിയെടുത്തു. അവള്‍ക്ക് ഒരു അനക്കവുമില്ല. അതുകണ്ട് എല്ലാവരും ഞെട്ടി. ഓടിച്ചെന്ന് കുഞ്ഞിനെ ഞങ്ങള്‍ കോരിയെടുത്തു. അപ്പോഴേക്കും അനീറ്റയുടെ കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നു. കൈകള്‍ രണ്ടും വടിപോലെ ബലം പ്രാപിച്ചിരിക്കുന്നു. കുട്ടി ശ്വാസം എടുക്കുന്നില്ല. അവള്‍ ആകെ വിളറി വെളുത്തതുപോലെ. ആ അനുഭവം വിവരിക്കാന്‍ പ്രയാസം. ഷോക്ക് അടിച്ചതുപോലെ ഞങ്ങള്‍ ഞെട്ടി. കുട്ടികളെല്ലാം ഉറക്കെ കരയാന്‍ തുടങ്ങി. പാര്‍ക്ക് സ്തംഭിച്ചു.

എന്തു ചെയ്യണമെന്ന് എനിക്കറിയില്ല, എങ്കിലും പ്രാര്‍ത്ഥനയോടെ കുഞ്ഞിനെ വാരിയെടുത്ത് ഞാന്‍ മുന്നോട്ട് ഓടി. 100 മീറ്റര്‍ മുന്നോട്ട് ഓടിക്കാണും. മോളെ കമഴ്ത്തിപ്പിടിച്ച് ഓടുമ്പോള്‍ ഇടയ്ക്ക് കുഞ്ഞിന്റെ പുറത്തു കൈകള്‍ തട്ടി കൊടുക്കുന്നുമുണ്ടായിരുന്നു. കുട്ടി ശ്വാസം എടുക്കാനുള്ള പ്രഥമ ശുശ്രൂഷ… പക്ഷേ എന്നിട്ടും കുട്ടി ശ്വാസം എടുത്തില്ല.

അവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മെഡിക്കല്‍ കോളജില്‍ ഉടനെ കുട്ടിയെ എത്തിക്കാം എന്ന് ഞാന്‍ ചിന്തിച്ചു. പക്ഷേ കുട്ടി ശ്വാസം എടുക്കാതെ അവിടെ ചെന്നിട്ട് കാര്യമില്ല എന്ന ചിന്ത ആ നിമിഷം പരിശുദ്ധാത്മാവ് തന്നു. പിന്നാലെ വന്ന ഭര്‍ത്താവ് ജില്‍സണോട് കുഞ്ഞിനെ മടിയില്‍ കിടത്താന്‍ ഞാന്‍ നിര്‍ദേശിച്ചു. അപ്പോഴും അനീറ്റയുടെ പള്‍സ് കിട്ടുന്നുണ്ടായിരുന്നില്ല. എങ്കിലും നെഞ്ചില്‍ അമര്‍ത്തി കാര്‍ഡിയാക് മസാജ് ചെയ്തു.

മഹാത്ഭുതമെന്ന് പറയട്ടെ, കുഞ്ഞ് ശ്വാസം എടുത്തു. ഒരാള്‍ കുഞ്ഞിനെ കോരിയെടുത്ത് അപ്പോഴേക്കും മുന്നോട്ട് ഓടിയിരുന്നു. ഏകദേശം 50 മീറ്റര്‍ പിന്നിട്ടപ്പോള്‍ അനീറ്റ കണ്ണ് തുറന്നു, തന്നെ എടുത്ത് ഓടുന്ന അപരിചിതനെ കണ്ടു കുഞ്ഞ് ചിണുങ്ങി. അവളുടെ കരച്ചില്‍ കണ്ടതോടെ എല്ലാവരുടെയും ശ്വാസം നേരെ വീണു.
ഞങ്ങള്‍ ഉറക്കെ ദൈവത്തെ സ്തുതിക്കുകയായിരുന്നു അപ്പോള്‍. മെഡിക്കല്‍ കോളജില്‍ കുട്ടിയെ എത്തിച്ചു. പരിശോധനയില്‍ കീഴ്ത്താടിക്കു നേരിയ ഒരുപോറല്‍ അല്ലാതെ പുറമെ ഒരു മുറിവുകളും അവളുടെ ശരീരത്തില്‍ ഇല്ല..

മരണത്തിന്റെ താഴ്‌വരയില്‍ കൂടിയാണ് കുഞ്ഞ് നടന്നതെങ്കിലും അവിടുന്ന് അവളെ ചേര്‍ത്തു പിടിച്ചുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഡോ. സുമ ജില്‍സണ്‍
(പ്രോ – ലൈഫ് പ്രവര്‍ത്തക)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?