Follow Us On

25

August

2019

Sunday

സാധുക്കള്‍ക്കായി അമ്പത് ആണ്ടുകള്‍…

സാധുക്കള്‍ക്കായി അമ്പത് ആണ്ടുകള്‍…

പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍ ഫാ. ജോര്‍ജ് ചിറയിലില്‍

തലശേരി അതിരൂപതയിലെ മുടയിരഞ്ഞി സെന്റ് ജോസഫ് ഇടവക വികാരിയും സീനിയര്‍ വൈദികനുമായ ഫാ. ജോര്‍ജ് ചിറയിലിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയാഘോഷം ആത്മീയ നിറവില്‍ ഇടവകയില്‍ നടത്തി. സേവനം ചെയ്ത ഇടവകകളിലെല്ലാം അനേകം സാമൂഹിക-ആത്മീയ മുന്നേറ്റങ്ങള്‍ നടത്തിയ ജോര്‍ജച്ചന്‍ ഒരിക്കലും ദേഷ്യപ്പെടാത്ത വ്യക്തിയായിരുന്നുവെന്നാണ് അച്ചന്റെ അസിസ്റ്റന്റ് വികാരിമാരായിരുന്ന വൈദികര്‍ പങ്കുവച്ചത്.

കൊല്ലം ജില്ലയിലെ പുനലൂര്‍ സെന്റ് മേരീസ് ഇടവകയിലെ ചിറയില്‍ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ രണ്ടാമനായി 1943 ഏപ്രില്‍ 24-ന് ജനിച്ചു. ജോര്‍ജ് എന്ന മാമോദീസപ്പേരിനൊപ്പം ബേബിച്ചന്‍ എന്ന വിളിപ്പേരും അച്ചനുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ഗോരേറ്റീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആരംഭിച്ചു. എട്ടാം ക്ലാസുവരെ അവിടെ തുടര്‍ന്നു. പുനലൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടര്‍പഠനം നടത്തി.

1959-ല്‍ ചിറയില്‍ ജോസഫും കുടുംബവും നെല്ലിക്കാംപൊയിലിലേക്ക് കുടിയേറിപ്പാര്‍ത്തു. അതേ വര്‍ഷംതന്നെ അച്ചന്‍ കുന്നോത്ത് മൈനര്‍ സെമിനാരിയില്‍ വൈദികപഠനം ആരംഭിച്ചു.

ആലുവ മേജര്‍ സെമിനാരിയില്‍നിന്ന് ഫിലോസഫിയും മംഗലപ്പുഴ സെമിനാരിയില്‍നിന്ന് തിയോളജി പഠനവും പൂര്‍ത്തിയാക്കി. 1968 ഡിസംബര്‍ 21-ന് തലശേരി കത്തീഡ്രല്‍ പള്ളിയില്‍വച്ച് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

അതിനുശേഷം നടവയല്‍ ഫൊറോന ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ഒരു വര്‍ഷം സേവനം ചെയ്തു. 1970-ല്‍ കര്‍ണാടകയിലെ കളഞ്ചപ്പള്ളി, ധര്‍മസ്ഥലം എന്നീ ഇടവകകളില്‍ നാലുവര്‍ഷം വികാരിയായി. കളഞ്ചപ്പള്ളിയില്‍ ദൈവാലയം പണിയുകയും ധര്‍മസ്ഥലത്ത് പള്ളിക്കുവേണ്ടി അഞ്ചേക്കര്‍ സ്ഥലം വാങ്ങുകയും ചെയ്തു.

ഇപ്പോള്‍ താമരശേരി രൂപതയില്‍പെട്ട വെറ്റിലപ്പാറ സെന്റ് അഗസ്റ്റിനോസ് ഇടവകയില്‍ 1974-ല്‍ വികാരിയായി. കര്‍മനിരതനായ ചിറയിലച്ചന്റെ നേതൃത്വത്തില്‍ ഇടവകജനങ്ങളുടെ സഹകരണത്തോടെ അരീക്കോട്ട്-ഓടക്കയം പതിനെട്ട് കിലോമീറ്റര്‍ റോഡ് കോണ്‍ട്രാക്റ്റ് എടുത്ത് നിര്‍മിക്കുകയും ഇതിന്റെ ലാഭത്തില്‍നിന്ന് ഗവണ്‍മെന്റ് ആശുപത്രിക്കായി ഒരേക്കര്‍ സ്ഥലം വാങ്ങി കെട്ടിടം പണിത് ഗവണ്‍മെന്റിന് വിട്ടുകൊടുക്കുകയും ചെയ്തു. കൂടാതെ ബാങ്ക്, പോസ്റ്റോഫീസ്, കടകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു.

എട്ടുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം മണക്കടവ്, മാംപൊയില്‍ ദൈവാലയങ്ങളുടെ വികാരിയായി നിയമിക്കപ്പെട്ടു. മാംപൊയില്‍ എല്‍.പി സ്‌കൂള്‍ നിര്‍മിക്കുന്നതിനും മണക്കടവില്‍ സ്‌കൂളും ദൈവാലയവും പുതുക്കി പണിയുന്നതിനും അച്ചന്‍ നേതൃത്വം നല്‍കി.
1987-ല്‍ മാട്ടറ, കാലാജി എന്നീ ദൈവാലയങ്ങളുടെ വികാരിയായി നിയമിതനായി. ചിറയിലച്ചന്റെ അക്ഷീണ പരിശ്രമത്താലാണ് മാട്ടറയില്‍ ദൈവാലയം പണിതത്.

ദൈവാലയനിര്‍മിതിക്കുള്ള പരിശ്രമത്തിലുണ്ടായ ഒരു ദൈവിക ഇടപെടല്‍ പങ്കുവച്ചു. ഒരു ദിവസം അച്ചന്‍ പള്ളിപ്പണിക്കാവശ്യത്തിനുള്ള പിരിവിനായി വീടുകള്‍ കയറിയിറങ്ങി. എന്നാല്‍ അന്ന് എവിടെനിന്നും ഒന്നും ലഭിച്ചില്ല. ക്ഷീണിച്ചു തിരിച്ചുവന്ന അച്ചന്‍ വിഷമത്തോടെ എന്തോ പറഞ്ഞുകൊണ്ട് ബാഗ് മേശയിലേക്കെറിഞ്ഞു.

നിലവിലുള്ള പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി കയറിവന്ന ഒരു സ്ത്രീ ഇതുകണ്ടു. പ്രാര്‍ത്ഥന കഴിഞ്ഞ് ആ സ്ത്രീ അച്ചന്റെയടുത്തുചെന്ന് അസ്വസ്ഥതയെക്കുറിച്ച് അന്വേഷിച്ചു. അന്ന് പിരിവിന് പോയിട്ട് ഒന്നും കിട്ടാതെവന്ന അവസ്ഥ അച്ചന്‍ പങ്കുവച്ചു. വിദേശത്ത് ജോലിയുണ്ടായിരുന്ന ആ സ്ത്രീ പള്ളിപ്പണിക്ക് കുറച്ച് തുക വാഗ്ദാനം ചെയ്യുകയും ജോലിക്ക് ചെന്നയുടന്‍ അയക്കുകയും ചെയ്തു. ആ സ്ത്രീയുടെ വാഗ്ദാനമായിരുന്നു അദേഹത്തെ സന്തോഷിപ്പിച്ചത്.

മാട്ടറയിലാരിക്കെ ഇരിട്ടിയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം പണിയുന്നതിനും അച്ചന്‍ മുന്‍കൈയെടുത്തു. 1990-ല്‍ കര്‍ണാടകയിലെ ഷീരാടി ഫൊറോന വികാരിയായി നിയമിക്കപ്പെട്ടു. അവിടെ ടൗണില്‍തന്നെ ഒരു പള്ളി പണിയാന്‍ അച്ചന്‍ കാരണമായി. സ്ഥിരപരിശ്രമത്താല്‍ ഇപ്പോഴത്തെ ബല്‍ത്തങ്ങാടി രൂപതയ്ക്കായി അറുപതേക്കര്‍ സ്ഥലം അച്ചന്‍ വാങ്ങി നല്‍കി. അഞ്ചുവര്‍ഷത്തോളം അവിടെ പ്രശംസനീയമായ സേവനം നടത്തി.

കൂടാതെ കൃഷിക്കാര്‍ക്കുവേണ്ടിയുള്ള മലനാട് വികസനസമിതിയുടെ ഡയറക്ടറായി സേവനം ചെയ്തു. 1995-ല്‍ അന്ന് 1200 വീട്ടുകാരുള്ള ആലക്കോട് ഫൊറോന വികാരിയായി ടൗണില്‍ കുരിശുപള്ളി നിര്‍മിക്കുകയും സ്വാശ്രയസംഘം, പ്ലസ്ടു എന്നിവ ആരംഭിക്കുകയും ചെയ്തു. 1999-ല്‍ വെള്ളരിക്കുണ്ട് ഫൊറോന വികാരിയായി അവിടെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിര്‍മിക്കുകയും മാവുള്ളാലില്‍ വിശുദ്ധ യൂദാസ് ശ്ലീഹായുടെ തീര്‍ത്ഥാടനകേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.

2005-ല്‍ കൂത്തുപറമ്പ് നിര്‍മലഗിരി ദൈവാലയ വികാരിയായി. ഒപ്പം കോളജിന്റെ മാനേജരുമായി. ഇക്കാലയളവില്‍ കോളജില്‍ കമ്പ്യൂട്ടര്‍ സെന്റര്‍, മഴവെള്ള സംഭരണി, ഗാര്‍ഡന്‍, മലയാളം ഡിപ്പാര്‍ട്ട്‌മെന്റ് മാറ്റി പുതിയ ബില്‍ഡിങ്ങില്‍ സ്ഥാപിച്ചത് എന്നിവ അച്ചന്റെ പരിശ്രമഫലമാണ്.
2010-ല്‍ അങ്ങാടിക്കടവ് തിരുഹൃദയ ദൈവാലയ വികാരിയായി. അച്ചന്റെ പരിശ്രമഫലമായി ഹയര്‍ സെക്കന്ററി സ്‌കൂള്‍ നിലവില്‍ വന്നു. തലശേരി അതിരൂപതയിലെ മികച്ച ഹയര്‍ സെക്കന്ററി സ്‌കൂളുകളിലൊന്നാണിത്.

2013-ല്‍ വിമലശേരി ഇടവക വികാരിയായി. അവിടെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥാടനകേന്ദ്രം നിര്‍മിച്ചു. 2017-ല്‍ പിതാവിനോടാവശ്യപ്പെട്ട് 90 ഇടവകക്കാരുള്ള സെന്റ് ജോസഫ് ഇടവക (മുടയിരഞ്ഞി) യില്‍ സുവര്‍ണ ജൂബിലേറിയനായി സേവനം ചെയ്യുന്നു. തലശേരി അതിരൂപതയിലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മെമ്പറായി സേവനം ചെയ്തു.

അതിരൂപതയിലെയും ഇടവകയിലെയും നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അച്ചന് കഴിഞ്ഞിട്ടുണ്ട്. 19 സഹവൈദികര്‍ അച്ചന്റെകൂടെ സേവനം ചെയ്തിട്ടുണ്ട്. അവരില്‍ മിക്കവരും കൃതജ്ഞതാബലിയര്‍പ്പണത്തില്‍ സഹകാര്‍മികരായി. താമരശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചനാനിയെ സെമിനാരിയില്‍ ചേര്‍ന്ന് വൈദികനാകാന്‍ പ്രചോദനം നല്‍കിയത് ഫാ. ജോര്‍ജ് ചിറയിലാണ്. സുവര്‍ണ ജൂബിലിയാഘോഷമായി അച്ചന്റെ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഇടവകയില്‍നിന്നുള്ള ഫാ. ജേക്കബ് പുളിക്കക്കുന്നേലും സഹവികാരിമാരായിരുന്ന വൈദികരും പങ്കെടുത്തു.

സമ്മേളനത്തില്‍ സുവര്‍ണ ജൂബിലിയുടെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കുന്നോത്ത് ഫൊറോന വികാരി ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. അയ്യംകുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിജു സെബാസ്റ്റ്യന്‍ കുന്നോത്ത്, ഗുഡ്‌ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടര്‍ ഫാ. മാണി ആട്ടേല്‍, ഫാ. മാത്യു പട്ടമന, സിസ്റ്റര്‍ യൂക്കരിസ്റ്റ്, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ബെന്നി ഫിലിപ്പ്, എ.കെ.സി.സി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല, ഇടവക കോ-ഓര്‍ഡിനേറ്റര്‍ പി.എ. മാത്യു, എബ്രഹാം ജോര്‍ജ് പനച്ചിക്കല്‍കരോട്ട്, ജോസ് മൂഴിക്കുഴിയില്‍, ആന്റണി പൊതിട്ടയില്‍, ലാലി പനച്ചിക്കല്‍, മെര്‍ലിന്‍ അറയ്ക്കല്‍, സോന വട്ടംതൊട്ടിയില്‍, സിസിലി പൊതിട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

വര്‍ഗീസ് മൂര്‍ക്കാട്ടില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?