Follow Us On

17

July

2019

Wednesday

ഇതും ഒരു ഭരണാധിപന്‍

ഇതും ഒരു ഭരണാധിപന്‍

തന്റെ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്ന ഒരു ഭരണാധികാരിയെ പരിചയപ്പെടാം!
തൊഴിലവസരങ്ങളും, കൃഷിയും അദേഹത്തിന്റെ ഭരണകാലത്ത് വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി. അഭ്യസ്തവിദ്യരായവരുടെ എണ്ണവും കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമാണുണ്ടായത്. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.
തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ‘ജോസ് മുജിക്ക’യാണ്.

ഒരു സാധാരണക്കാരന്‍ പ്രസിഡന്റ്. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും മുടന്തുള്ള വളര്‍ത്തു നായക്കുമൊപ്പം രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു അദേഹത്തിന്റെ താമസം. പ്രസിഡണ്ട് ആകുന്നതിനു മുന്‍പും പദവി രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ.
ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് ‘സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി’ എന്ന്. രാഷ്ട്രപതിയായി നിയമിതനായപ്പോള്‍ ഓര്‍ഡറിലെ ശമ്പളം കണ്ട് പുത്തന്‍ രാഷ്ട്രപതി ഞെട്ടിപ്പോയി.

മാസം 13300 ഡോളര്‍. തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി. ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്റെ പഴയ ഫോക്‌സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും, ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ അദ്ദേഹം സാധാരണ വേഷത്തിലാണ് കഴിഞ്ഞത്. ഓഫീസില്‍ അദേഹം തന്റെ ഉത്തരവാദിത്വങ്ങള്‍ തെല്ലും കുറച്ചില്ല. പ്രസിഡണ്ട് ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും വീട് വൃത്തിയാക്കുന്നതും ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ്.

സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്. അതും സര്‍ക്കാരിന്റെ കടുത്ത നിര്‍ബന്ധത്താല്‍. അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.
പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെ. ട്രാക്ടര്‍ കേടായാല്‍ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തി. ഭാര്യക്കാണ് കൃഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിച്ചത്.

‘ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്’ അദ്ദേഹം ചോദിക്കുമായിരുന്നു.
ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്‌നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും. ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു:

”രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറയുടെ കയ്യില്‍ എന്റെ രാജ്യം സുരക്ഷിതമാണെന്ന് പൂര്‍ണ്ണ ബോധ്യമുണ്ട്. അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. മുടന്തനായ മാനുവല്‍ എന്ന നായക്കും വയസ്സനായ ബീട്ടല്‍ കാറിനും എന്നെ ആവശ്യമുണ്ട്. അവര്‍ക്കൊപ്പം എനിക്കിനി ബാക്കികാലം.”
ഉറുഗ്വേ എന്ന രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡന്റ് ജോസ് മുജിക്ക നല്‍കുന്ന പാഠങ്ങള്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും ജനസേവകരും അധികാര വൃന്ദങ്ങളും കണ്ടിരുന്നെങ്കില്‍….എന്തെങ്കിലുമൊക്കെ നമ്മുടെ നാട്ടിലും നടന്നേനെ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?