Follow Us On

25

August

2019

Sunday

കാരുണ്യത്തിന്റെ വിജയഗാഥ

കാരുണ്യത്തിന്റെ വിജയഗാഥ

തിരക്കുകളുടെയും ലാഭക്കണക്കുകളുടെയും നിലയ്ക്കാത്ത പ്രവാഹത്തിലാണ് ആധുനിക കാലഘട്ടം. തിരക്കുകളുടെ ആധിക്യം മനുഷ്യനിലെ നന്മയെ യും പങ്കുവയ്ക്കലുകളെയും തടസപ്പെടുത്തുന്നു. നഷ്ടക്കണക്കുകളെക്കുറിച്ചുള്ള ഭീതി മനുഷ്യനെ നന്മ ചെയ്യിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുന്നു. ഇതിനര്‍ത്ഥം മനുഷ്യനില്‍നിന്നും നന്മ നഷ്ടപ്പെട്ടുകഴിഞ്ഞു എന്നല്ല. അവന്റെ അന്തരാത്മാവില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആയിരമായിരം വിത്തുകള്‍ പാകിയശേഷമാണ് ദൈവം ഓരോ ശിശുവിനെയും ഈ മണ്ണില്‍ പിറക്കാന്‍ അനുവദിക്കുന്നത്.

നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള ഓട്ടങ്ങള്‍ക്കിടയില്‍ മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും കാരുണ്യത്തിനുമൊക്കെ മങ്ങലേല്‍ക്കുന്നു എന്നുമാത്രം. മറന്നുപോയ കാരുണ്യവഴികളെ ഓര്‍മിപ്പിക്കുവാനും നന്മയുടെ കണ്ണികള്‍ ഇഴപൊട്ടാതെ കോര്‍ക്കുവാനും ദൈവം ചില ജീവിതങ്ങളെ പ്രചോദിപ്പിക്കുമ്പോള്‍ അത് സമൂഹത്തെയാകെ നന്മ മരത്തണലില്‍ ഉള്‍ച്ചേര്‍ക്കുന്നു.

ഇടുക്കി രൂപതയിലെ വൈദികനായ ഫാ. മാത്യു ഇരുമ്പുകുത്തിയിലിന്റെ ജീവിതവഴികള്‍ ശ്രദ്ധേയമാകുന്നതും ഈ പശ്ചാത്തലത്തിലാണ്. ആധുനിക ജീവിതശൈലിയുടെ ബാക്കിപത്രവും വെല്ലുവിളിയുമായി മാറിയിരിക്കുന്ന കിഡ്‌നിരോഗികളുടെ ഇടയിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയാണ് അച്ചന്‍ ശ്രദ്ധേയനാകുന്നത്. ഇന്ന് ഇടുക്കി ജില്ലയിലെ വിവിധ ഡയാലിസിസ് കേന്ദ്രങ്ങളിലായി നൂറുകണക്കിന് രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ഈ വൈദികന്‍ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്.

കിഡ്‌നി തകരാറായാല്‍ സാമ്പത്തികശേഷിയുള്ളവര്‍പോലും സാമ്പത്തികമായി ക്ഷയിക്കും. മാനസികമായി തളരുകയും ആശുപത്രി കേന്ദ്രീകൃതമായ ജീവിതക്രമത്തിന് അടിപ്പെടുകയും ചെയ്യും. ആഴ്ചയില്‍ ഒന്നും രണ്ടും മൂന്നും തവണയോ അതില്‍ കൂടുതലോ ഡയാലിസിസ് ചെയ്യേണ്ടിവരുന്നവരുണ്ട്. രോഗിയും കൂട്ടിരിപ്പുകാരനും ഒരുപോലെ തളരും. രോഗിയോടൊപ്പം ഒരാള്‍ എപ്പോഴും വേണ്ടിവരുന്നതിനാല്‍ രോഗിക്കും കുടുംബത്തിലെ ഒരംഗത്തിനും ജോലിക്ക് പോകാന്‍ കഴിയാതെയും വരുന്നു.

പല കുടുംബങ്ങളുടെയും വരുമാനം ഇതോടെ ഇല്ലാതാകും. ഒടുവില്‍ അഭിമാനബോധം മാറ്റിവച്ച് മറ്റുള്ളവര്‍ക്കുമുമ്പില്‍ കൈ നീട്ടാന്‍ പോലും നിര്‍ബന്ധിതരാകും. ആഴ്ചതോറും ആവശ്യമായ ഭീമമായ തുക എങ്ങനെയെങ്കിലും ഉണ്ടാക്കിയില്ലെങ്കില്‍ പ്രിയപ്പെട്ട കുടുംബാംഗത്തിന്റെ മരണത്തിലേക്കുള്ള ദൂരം കുറയും. ചുരുക്കത്തില്‍ കിഡ്‌നിരോഗികളുടെ അവസ്ഥ അതിദയനീയമാണ്.

മാത്യു അച്ചന്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഇടവകയില്‍ ഒരു കുട്ടിക്ക് കിഡ്‌നിരോഗം വന്നു. അച്ചന്റെ നേതൃത്വത്തില്‍ ചികിത്സയ്ക്കും കിഡ്‌നി മാറ്റിവയ്ക്കുന്നതിനുമുള്ള പണം കണ്ടെത്തുവാനുള്ള ശ്രമം നടത്തുകയും അത് വിജയകരമാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ കയറിയിറങ്ങിയപ്പോള്‍ ഈ മേഖലയിലുള്ള രോഗികളും കുടുംബാംഗങ്ങളും നേരിടുന്ന പ്രയാസങ്ങള്‍ മനസിലായി. അച്ചന്റെ മനസില്‍ കിഡ്‌നിരോഗികളെക്കുറിച്ചുള്ള ചിന്തകള്‍ ആഴത്തില്‍ പതിഞ്ഞു.

അങ്ങനെയിരിക്കെയാണ് വൈദികരുടെ വാര്‍ഷികധ്യാനം നടക്കുന്നത്. ധ്യാനാവസരത്തില്‍ വിളിക്കുള്ളിലെ വിളി കണ്ടെത്തുവാനും വേദനയനുഭവിക്കുന്നവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാനുമുള്ള ആഹ്വാനം ധ്യാനഗുരുവില്‍നിന്ന് ലഭിച്ചു. ധ്യാനത്തിനുശേഷം വൃക്കരോഗികള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. നിര്‍ണായകമായ തീരുമാനം എടുക്കുമ്പോള്‍ പ്രത്യേകിച്ച് വരുമാനമാര്‍ഗമൊന്നും മുന്നില്‍ കണ്ടില്ല. ഇത് ദൈവികശുശ്രൂഷയാണ്; ദൈവം നടത്തും എന്ന പ്രത്യാശ മാത്രമാണ് കൈമുതലായുണ്ടായിരുന്നത്.

2017 നവംബറില്‍ ഏഴുപേര്‍ക്ക് ഡയാലിസിസിനുള്ള പണം നല്‍കിക്കൊണ്ടാണ് തുടക്കം കുറിച്ചത്. അന്ന് 24,000 രൂപയാണ് മാസം ചെലവ് വന്നത്. ഇപ്പോള്‍ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നാനാജാതി മതസ്ഥരായ 125 രോഗികള്‍ക്ക് സഹായധനം നല്‍കിവരുന്നു. ഒരു മാസം ഏഴുലക്ഷം രൂപയിലധികം ആവശ്യമാണ്.

ആദ്യകാലങ്ങളില്‍ സുഹൃത്തുക്കളോടും സ്‌നേഹിതരോടുമെല്ലാം ചോദിച്ചാണ് പണം കണ്ടെത്തിയിരുന്നത്. മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഇടവകകളില്‍ പോയി പത്രക്കടലാസുകള്‍ ശേഖരിച്ച് വിറ്റും മിഷന്‍ പിരിവുകള്‍ വഴിയും പണം കണ്ടെത്തി. തിരുനാള്‍ നടക്കുന്ന ഇടവകകളില്‍നിന്ന് ചെറിയ സംഭാവനകള്‍ സ്വീകരിച്ചും ശുശ്രൂഷ മുന്നോട്ടുപോയി.

രോഗികളുടെ എണ്ണം കൂടുകയും പണത്തിന്റെ ആവശ്യം വര്‍ധിക്കുകയും ചെയ്തപ്പോള്‍ പുതിയ വഴികള്‍ തേടേണ്ടി വന്നു. ഇടുക്കി രൂപതയുടെ മാതൃവേദി ഡയറക്ടര്‍ കൂടിയായ അച്ചന്‍ എല്ലാ ഞായറാഴ്ചയും ഏതെങ്കിലും ഒരു ഇടവകയില്‍ പോകും. അന്നേദിവസം അവിടുത്തെ കുര്‍ബാനകളെല്ലാം മാത്യു അച്ചന്‍തന്നെ ചൊല്ലും.

ഞായറാഴ്ച പ്രസംഗത്തില്‍ വൃക്കരോഗികളുടെ അവസ്ഥ വിവരിച്ചതിനുശേഷം ബക്കറ്റ് പിടിച്ചുകൊണ്ട് പള്ളിയുടെ മുന്‍വശത്ത് വന്നു നില്‍ക്കും. ദൈവാത്മാവ് നല്‍കിയ പ്രചോദനംമൂലമാണ് ഇങ്ങനെ ചെയ്തുതുടങ്ങിയത്. അത്ഭുതകരമായ പ്രതികരണമാണ് ആളുകളില്‍നിന്ന് ലഭിച്ചത്. ചെറുതും വലുതുമായ തുകകള്‍ ആളുകള്‍ ഈ ബക്കറ്റില്‍ നിക്ഷേപിക്കുവാന്‍ തുടങ്ങി. പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്കുള്ള തുകകള്‍ ലഭിക്കാറുണ്ട്. ലക്ഷം രൂപവരെ ലഭിച്ച ആഴ്ചകളുണ്ട്. ഇടവകകളിലെ ഞായറാഴ്ച സ്‌തോത്രക്കാഴ്ചയുടെ അനേക മടങ്ങാകും പലപ്പോഴുമിത്. ഓരോ മാസത്തേക്കും ആവശ്യമായ കൃത്യം തുകയാണ് ലഭിക്കാറുള്ളത്. ഒരു രൂപപോലും അടുത്ത മാസത്തേക്ക് മിച്ചം വരാറില്ല. ദൈവത്തിന്റെ അത്ഭുതകരമായ ക്രമീകരണമായി ഇതിനെ കാണുന്നു.

തിങ്കള്‍ മുതല്‍ ശനിവരെ രൂപതയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പലായുള്ള ജോലിയില്‍ വ്യാപൃതനാണ് മാത്യു ഇരുമ്പുകുത്തിയച്ചന്‍. അവശേഷിക്കുന്ന ഞായറാഴ്ച ദിവസം പൂര്‍ണമായും ഡയാലിസിസ് രോഗികള്‍ക്കാവശ്യമായ സാമ്പത്തികം ക്രമീകരിക്കാനുള്ള പ്രവര്‍ത്തനത്തിലും കേന്ദ്രീകരിക്കുന്നു. പല ആളുകളും സ്വര്‍ണമോതിരവും ആഭരണങ്ങളും ഊരി ബക്കറ്റില്‍ നിക്ഷേപിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഈ ദൗത്യം തുടങ്ങുമ്പോള്‍ ദൈവതിരുമുമ്പില്‍ രണ്ട് വാഗ്ദാനങ്ങള്‍ നടത്തി. ഒന്നാമത്തേത്, തന്റെ കൈയിലുള്ളത് മുഴുവന്‍ ഇതിനുവേണ്ടി നല്‍കും എന്നുള്ളതായിരുന്നു. രണ്ടാമത്തേത് ഇതിന്റെ പേരില്‍ ഒരംഗീകാരവും വാങ്ങില്ല എന്നതും. അംഗീകാരം വാങ്ങാത്തത് എളിമകൊണ്ടല്ല, മറിച്ച് മാസംതോറും ലക്ഷക്കണക്കിന് രൂപ രോഗികള്‍ക്കായി കണ്ടെത്താന്‍ മാനുഷികമായി കഴിയില്ല. പൂര്‍ണമായും ദൈവപരിപാലനയാണ്, ദൈവമാണിത് നടത്തുന്നതെന്ന തിരിച്ചറിവാണ് കിഡ്‌നി രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന പ്രത്യേക പരിഗണന നിരസിക്കുന്നതിന്റെ പിന്നില്‍.

അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടുമനസിലാക്കിയ ഒരു നല്ല വ്യക്തി ആറേക്കര്‍ സ്ഥലം സൗജന്യമായി നല്‍കാന്‍ തയാറായി. ഏറെ പ്രാര്‍ത്ഥിച്ച് ആലോചിച്ചശേഷം സ്ഥലം വാങ്ങേണ്ടെന്ന് തീരുമാനിച്ചു. ഉയര്‍ന്ന വില ലഭിക്കുന്നതും ആദായവുമുള്ള ഏലത്തോട്ടമായിരുന്നിട്ടും സ്ഥലം ഉപേക്ഷിക്കാന്‍ കാരണം ദൈവപരിപാലനയിലുള്ള ബോധ്യം ഒന്നുമാത്രമായിരുന്നു. പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള തുക സാധാരണക്കാരുടെ ചില്ലിക്കാശില്‍നിന്നും എളിയ പങ്കുവയ്ക്കലുകളില്‍നിന്നും തന്നെയാകട്ടെ എന്ന് അച്ചന്‍ ചിന്തിക്കുന്നു. ഇതുവരെയും ദൈവം തന്നു, ഇനിയും ദൈവം മുന്നോട്ട് നയിക്കും.

അച്ചന്‍ മനസിലാക്കിയ കാര്യം, സമൂഹത്തിന് വൃക്കരോഗികളോട് വലിയ കരുണയാണ്. കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തിലുള്ളവരിലും ഇത് പ്രകടവുമാണ്. കരഞ്ഞുകൊണ്ടാണ് പലരും ബക്കറ്റില്‍ പണം നിക്ഷേപിക്കുന്നത്. ഒരിക്കല്‍ ഒരു മനുഷ്യന്‍ വീടുപണിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ബക്കറ്റില്‍ വലിയ തുക കരഞ്ഞുകൊണ്ട് നിക്ഷേപിച്ചശേഷം വീടുപണിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീടുപണി പിന്നീട് വേഗത്തിലും മനോഹരമായും ക്രമീകരിക്കപ്പെട്ടു. കുടുക്ക പൊട്ടിച്ച് തുക എണ്ണാതെതന്നെ ബക്കറ്റില്‍ നിക്ഷേപിച്ച അനവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പല കുട്ടികളും ബര്‍ത്ത്‌ഡേ ആഘോഷം ഒഴിവാക്കി അച്ചനെ ആ പണം ഏല്‍പിക്കാറുണ്ട്.

അവിസ്മരണീയമായ ഓര്‍മകളും അച്ചനുണ്ട്. ചികിത്സിച്ച ഒരു സഹോദരി കടം വീട്ടാന്‍വേണ്ടി സ്ഥലം വിറ്റു. അപ്രകാരം കിട്ടിയ തുകയില്‍നിന്നും 25,000 രൂപ അച്ചനെ ഏല്‍പിച്ചു. മറ്റൊരിക്കല്‍ കിഡ്‌നി മാറ്റിവയ്ക്കുന്നതിനുവേണ്ടി സഹായം നല്‍കിയ വ്യക്തി ചികിത്സ കഴിഞ്ഞ് അച്ചനെ കാണാന്‍ വന്നു. അദ്ദേഹം രോഗികള്‍ക്കായി ആയിരം രൂപ അച്ചനെ ഏല്‍പിച്ചത് മറക്കാനാവാത്ത അനുഭവമാണ്. ദാനമായി കിട്ടിയതിന്റെ ഒരു വിഹിതം പങ്കുവയ്ക്കാന്‍ തയാറായ ആ മനുഷ്യന്റെ വലിയ മനസിന് മുമ്പില്‍ നാമൊക്കെ ചെറുതായിപ്പോകും.

ഇക്കഴിഞ്ഞ പ്രളയകാലത്ത് എറണാകുളം ജില്ലയില്‍ പോയി ഡയാലിസിസ് ചെയ്തിരുന്ന മൂന്ന് രോഗികള്‍ക്ക് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് അവിടേക്ക് പോകാന്‍ കഴിഞ്ഞില്ല. ഈ അവസ്ഥയില്‍ സമയം ക്രമീകരിച്ച് അവര്‍ക്ക് ഇടുക്കി ജില്ലയിലെ ആശുപത്രിയില്‍തന്നെ ഡയാലിസിസ് നല്‍കിയതുകൊണ്ട് മാത്രമാണ് അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായത്. അടുത്തനാളില്‍ ഡയാലിസിസ് രോഗികളുടെ കുടുംബസംഗമം നടത്തി. രോഗികള്‍ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ തൊണ്ണൂറുശതമാനം പേരും കരയുകയായിരുന്നു. ജീവിതം വഴിമുട്ടിയപ്പോഴായിരുന്നു പലര്‍ക്കും അച്ചന്റെ കൈത്താങ്ങ് ലഭിച്ചത്.

പ്രളയകാലത്ത് ഒരു ഡയാലിസിസ് കുടുംബത്തിന്റെ ഏക വരുമാനമായ കറവപ്പശു ചത്തുപോയി. ആ ദമ്പതികള്‍, ഇനി ഒരു വഴിയുമില്ലല്ലോ ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചിരിക്കുമ്പോള്‍, അവര്‍ മുമ്പ് സമര്‍പ്പിച്ച അപേക്ഷപ്രകാരം ഫോണില്‍ വിളിച്ച് അവര്‍ക്ക് സഹായധനം നല്‍കി. അതവര്‍ക്ക് പ്രത്യാശ നല്‍കി. അവര്‍ ഇന്നും ജീവിക്കുന്നു.

ദൈവവചനം വായിക്കുന്നതും എഴുതുന്നതുമെല്ലാം മനുഷ്യനെ വല്ലാതെ രൂപാന്തരപ്പെടുത്തും. ഈ ചിന്തയില്‍നിന്നും ബൈബിള്‍ എഴുത്ത് പദ്ധതി അച്ചന്റെ നേതൃത്വത്തില്‍ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം 1600 പേര്‍ ബൈബിള്‍ എഴുത്തില്‍ പങ്കാളികളായി.

ഇടവകകളില്‍ സേവനം ചെയ്തപ്പോള്‍ ശാലോം ഉള്‍പ്പെടെയുള്ള ആത്മീയ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യാനും അച്ചന്‍ പരിശ്രമിച്ചു. മിഷന്‍ലീഗ് കുട്ടികളുടെ സഹായത്തോടെ മുഴുവന്‍ കുടുംബങ്ങളിലും പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി എത്തിച്ചു നല്‍കിയിരുന്നു. ഒരിക്കല്‍ തമിഴ് ശാലോം മാസിക തമിഴരായ തേയിലത്തോട്ട തൊഴിലാളികള്‍ക്ക് നല്‍കുന്നതിനായി അവരുടെ ലയങ്ങളില്‍ ചെന്നു. അന്ന് ആരുമത് വാങ്ങിയില്ല. മടങ്ങിയെത്തി മൂന്നുദിവസം കൂട്ടായ്മയില്‍ മാസികവച്ച് പ്രാര്‍ത്ഥിച്ചു. ഇതിനുശേഷം രണ്ടാമത് അവിടെ ചെന്നപ്പോള്‍ എല്ലാവരും മാസിക വാങ്ങി വായിച്ചു.

പുരോഹിതന്റെ ദൗത്യം ദൈവത്തില്‍നിന്നും കൃപകള്‍ വാങ്ങി ജനങ്ങളിലേക്ക് നല്‍കുകയാണെന്ന് അച്ചന്‍ കരുതുന്നു. അതിനായുള്ള അച്ചന്റെ പരിശ്രമങ്ങള്‍ സമൂഹത്തിനും സഭയ്ക്കും ഏറെ മാതൃകാപരവും പ്രചോദനാത്മകവുമാണ്. അച്ചന്റെ നിസ്വാര്‍ത്ഥമായ പരിശ്രമങ്ങളെ വിശ്വാസികളും വൈദികരും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് നെല്ലിക്കുന്നേല്‍ പിതാവുമെല്ലാം പ്രോത്സാഹിപ്പിക്കുന്നു.

ഇടുക്കി നെടുംങ്കണ്ടം ഇരുമ്പുകുത്തിയില്‍ മാത്യു-വല്‍സമ്മ ദമ്പതികളുടെ മകനാണ് വൈദിക ജീവിതത്തില്‍ പത്തുവര്‍ഷം പിന്നിട്ട ഫാ. മാത്യു ഇരുമ്പുകുത്തിയില്‍. ഇപ്പോള്‍ അദ്ദേഹം സാന്തോം പബ്ലിക് സ്‌കൂള്‍ ഡയറക്ടറായി സേവനം ചെയ്യുന്നു. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാതാപിതാക്കളും നാല് സഹോദരങ്ങളും പിന്തുണയും പ്രോത്സാഹനങ്ങളും നല്‍കിവരുന്നു.

തികച്ചും ലളിതമായി ഡയാലിസിസ് സഹായം ലഭിക്കുന്നു എന്ന പ്രത്യേകതയും ഈ ശുശ്രൂഷയ്ക്കുണ്ട്. ഇടവക വികാരിയുടെ കത്തുമാത്രമാണ് ആവശ്യപ്പെടുന്ന ഏക രേഖ. അക്രൈസ്തവരാണെങ്കില്‍ തങ്ങളുടെ പരിധിയില്‍ വരുന്ന ഇടവക വികാരിയുടെ കത്ത് വാങ്ങിയാല്‍ മതിയാകും. കര്‍ത്താവിന്റെ കരകവിഞ്ഞൊഴുകുന്ന സ്‌നേഹം സഹായമര്‍ഹിക്കുന്ന സഹജീവിയിലേക്ക് കാത്തുനില്‍ക്കാനിടം കൊടുക്കാതെ പകര്‍ന്നു നല്‍കുകയാണ് ഈ വൈദികന്‍. നന്മയുടെ ഉറവകള്‍ വറ്റുന്നുവെന്ന് തോന്നിപ്പിക്കുന്ന കാലഘട്ടത്തില്‍ ഇങ്ങനെ ചില നന്മയുടെ സാഗരങ്ങള്‍ നമുക്കിടയിലുണ്ട്.

സുബിന്‍ തോമസ് ഇടുക്കി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?