അബുദാബി: ഇന്നുമുതൽ 5വരെ നീളുന്ന ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശന വേളയിൽ മലയാള ഭാഷയും ഇടംപിടിക്കും. ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ അബുദാബിയിലെ സഈദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ മലയാള ഭാഷയിലും പ്രാർത്ഥനയുണ്ടായിരിക്കും.
പാപ്പയുടെ സന്ദേശമടക്കം 2 മണിക്കൂർ നീളുന്ന ദിവ്യബലിയിലെ, മധ്യസ്ഥ പ്രാർത്ഥനയിലാണ് മലയാളമടക്കമുള്ള 7 ഭാഷകളിൽ പ്രാർത്ഥന ചൊല്ലുന്നത്. അറബി, ഹിന്ദി, കൊറിയൻ, താഗലോക്, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിവയാണ് മറ്റ് 6 ഭാഷകൾ. പാപ്പയുടെ മതാന്തര സമ്മേളനം, ദിവ്യബലി എന്നിവയിലെല്ലാം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് മാർ ബസേലിയൂസ് ക്ലീമീസ് ബാവ എന്നിവരും പങ്കെടുക്കുന്നുണ്ട്.
ഇതുകൂടാതെ പാപ്പയോടു ചേർന്ന് സഹകാർമ്മികത്വം വഹിച്ച് ദിവ്യബലിയർപ്പിക്കുന്ന വൈദിക സംഘത്തിലും അൾത്താര ബാലന്മാരിലും ഗായക സംഘത്തിലും മലയാളികളുടെ സാന്നിധ്യമുണ്ടാകും. പാപ്പയെ കൊട്ടാരത്തിൽ സ്വീകരിക്കുന്ന വൈദികരിലും മലയാളികളുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *