Follow Us On

25

August

2019

Sunday

കുപ്പത്തൊട്ടിയിലെ മാണിക്യം

കുപ്പത്തൊട്ടിയിലെ മാണിക്യം

1873 ഏപ്രില്‍ മാസം 15-ന് ഹവായിയിലെ ഒരു ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു: ”കൊളോണയിലെ അവഗണിക്കപ്പെട്ട കുഷ്ഠരോഗികളെ ആശ്വസിപ്പിക്കാനും ആത്മത്യാഗത്തോടെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും തയാറുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതനോ വചനപ്രഘോഷകനോ കന്യാസ്ത്രീയോ ഉണ്ടോ?

അവര്‍ മനുഷ്യസ്‌നേഹത്തിന്റെ സിംഹാസനങ്ങളില്‍ കാലാകാലം വിളങ്ങിനില്‍ക്കുന്ന ശ്രേഷ്ഠമായ ആത്മാക്കളായിരിക്കും.” ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകള്‍ ഹവായില്‍ ആണെങ്കിലും അവയിലൊന്നായ മെളോക്കോ ഒരു കുപ്പത്തൊട്ടിയായാണ് കണ്ടുവന്നത്. മനുഷ്യന് അറപ്പും വെറുപ്പും ഉളവാക്കുന്ന കുഷ്ഠരോഗികളെ കൊണ്ടുപോയി തള്ളുന്ന ഇടം അതായിരുന്നു മെഹാല എന്നറിയപ്പെട്ടിരുന്ന ആ സ്ഥലം.

അതുകൊണ്ടുതന്നെയാണ് അന്നത്തെ സര്‍ക്കാര്‍ ക്രിസ്തുവിനെപ്രതി, ഈ അവഗണിക്കപ്പെട്ടവരെ ശുശ്രൂഷിക്കാന്‍ ആരെങ്കിലും തയാറാണോ എന്ന് പത്രവാര്‍ത്തയിലൂടെ ആരാഞ്ഞതും. എണ്ണായിരത്തോളം കുഷ്ഠരോഗികളെ അക്ഷരാര്‍ത്ഥത്തില്‍ മരണത്തലേക്ക് വലിച്ചെറിഞ്ഞ സ്ഥലമായിരുന്നു മൊളോക്കോ ദ്വീപ്. രാജ്യത്ത് എവിടെയെങ്കിലും കുഷ്ഠം ബാധിച്ച ആരെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ ബന്ധുജനങ്ങളുടെയും രോഗിയുടെയും സമ്മതമൊന്നും കൂടാതെതന്നെ അവരെ വലിച്ചുകൊണ്ടുപോയി നിക്ഷേപിക്കുന്നത് ഈ ദ്വീപിലായിരുന്നു.

ദ്വീപിലേക്ക് കപ്പല്‍ അടുപ്പിക്കാതെ തീരത്തിന് ദൂരെ വച്ചുതന്നെ ടിപ്പര്‍ലോറിയില്‍നിന്ന് മണലടിക്കുന്നതുപോലെ കുഷ്ഠരോഗികളെ കപ്പലിന്റെ കണ്ടെയ്‌നറുകള്‍ തുറന്ന് തള്ളിയിരുന്നത് കടലിലേക്കുതന്നെയായിരുന്നു. തീരം എത്താന്‍ കഴിയാത്തവര്‍ കടലില്‍തന്നെ അലകളുടെ ഓളങ്ങളില്‍ മൃതശരീരമായി ഒഴുകിത്തീരുകയായിരുന്നു. അത്രയ്ക്കും ഭയാനകമായിരുന്നു കുഷ്ഠരോഗികളുടെ അവസ്ഥ. അന്നത്തെ പത്രവാര്‍ത്തയ്ക്ക് പ്രതികരിക്കാന്‍ ജീവന്‍ തുളുമ്പുന്ന ശരീരവും നിത്യത തേടുന്ന ആത്മാവുമായി വന്നത് ഫാ. ഡാമിയന്‍ ആയിരുന്നു.

ബെല്‍ജിയത്തെ ഫ്‌ളെമിഷ് ജില്ലയില്‍പെട്ട ഒരു കുഗ്രാമത്തിലാണ് ഡാമിയന്‍ ജനിച്ചത്. വാക്കും പ്രവൃത്തിയും ചേരുംപടി ചേര്‍ക്കുവാന്‍ കുഞ്ഞുനാള്‍മുതല്‍ അദ്ദേഹം പഠിച്ചിരുന്നു. സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ആന്റ് മേരി എന്ന സഭയില്‍ അംഗമായ കാലംമുതല്‍ പ്രാര്‍ത്ഥന ജീവിതമാക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതശൈലിയായിരുന്നു. 1817 മെയ്മാസം 14-ന് തന്റെ പുതിയ ദൗത്യവുമായി കപ്പല്‍ കയറുമ്പോള്‍ അദ്ദേഹത്തിന്റെ മെത്രാന്‍ ചോദിച്ചു:

”നിങ്ങള്‍ക്ക് ഭയമില്ലേ?” അതിനുള്ള മറുപടിയില്‍ കുരിശുമായി കാല്‍വരി കയറിയ ക്രിസ്തുവിന്റെ ചങ്കുറപ്പുണ്ടായിരുന്നു. ഇപ്രകാരമാണത്: ”എന്റെ സന്യാസവ്രത സ്വീകരണ സമയത്ത്, മൃതസംസ്‌കാരത്തിന് മൃതശരീരം മൂടിയിരുന്ന കറുത്ത തുണികൊണ്ട് മൂടപ്പെട്ടത് ഞാനോര്‍ക്കുന്നു. ക്രിസ്തുവിനെപ്രതി മരിക്കുക എന്നതാണല്ലോ അതിനര്‍ത്ഥം. ആ ഓര്‍മയില്‍ ഞാന്‍ പറയുന്നു: പിതാവേ, എന്നെത്തന്നെ ആ നിര്‍ഭാഗ്യ ദരിദ്രരോടുകൂടെ ജീവനോടെ സംസ്‌കരിക്കാന്‍ ഞാന്‍ തയാറാണ്.”

മൂന്ന് വശങ്ങളില്‍ കടലും ഒരു വശത്ത് ഉയര്‍ന്ന പര്‍വതവും വഴി വേര്‍തിരിക്കപ്പെട്ട മൊളോക്കോ ഒരു തടവറയുടെ ഭീകരതയാണ് സമ്മാനിച്ചിരുന്നത്. താന്‍ ഊഹിച്ചതിനപ്പുറത്തെ ഭയാനക ദൃശ്യങ്ങളായിരുന്നു ഡാമിയന് ദ്വീപില്‍ കാണാന്‍ കഴിഞ്ഞത്. മനുഷ്യവിസര്‍ജ്യങ്ങള്‍ക്ക് നടുവില്‍ കഴിയുന്ന മാംസപിണ്ഡങ്ങള്‍. അറപ്പും വെറുപ്പും ഉളവാക്കുന്ന മദിരോത്സവങ്ങളില്‍ മുഴുകിയിരുന്നവര്‍. ശരീരം മാത്രമല്ല മനസിനും കുഷ്ഠം ബാധിച്ചവര്‍.

എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നദ്ദേഹത്തിന് അറിവില്ലായിരുന്നു. പതിയെ പതിയെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നാന്ദികുറിച്ചു. രോഗികള്‍ താമസിക്കുന്ന ഇടങ്ങള്‍ ശുചീകരിച്ചു. അവരുടെ മുറിവുകള്‍ വച്ചുകെട്ടി. മരുന്നു നല്‍കി. ആവോളം സ്‌നേഹം നല്‍കി.
അവരുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് സമയം കണ്ടെത്തി. ആര് അവഗണിച്ചാലും ക്രിസ്തുവിന് അവരെ ഇഷ്ടമാണെന്ന് അവരെ വിശ്വസിപ്പിക്കുമാറ് ജീവിച്ചു. കഠിനപാപികളെപോലും കുമ്പസാരിപ്പിച്ച് വിശുദ്ധീകരിച്ചു. കഠിനദാരിദ്ര്യവും അവഗണനയും ഏറ്റുവാങ്ങി മരണത്തോട് മല്ലടിക്കുന്ന മനുഷ്യജീവിതങ്ങള്‍ക്കിടയിലേക്ക് കടന്നുചെന്ന ദൈവാത്മാവായി ഡാമിയന്‍ തന്നെത്തന്നെ മാറ്റി.

അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. അത് സര്‍ക്കാരില്‍നിന്ന് ഭക്ഷണസാധനങ്ങളും മരുന്നും കന്നുകാലികളുമായി മൊളോക്കോയിലേക്ക് ദൈവാനുഗ്രഹത്തിന്റെ ദൃശ്യ അടയാളങ്ങളായി എത്തിച്ചേര്‍ന്നു. തന്റെ തനിച്ചുള്ള അധ്വാനംകൊണ്ട് ഏകദേശം മുന്നൂറ് ഭവനങ്ങള്‍ ആ ദ്വീപില്‍ അദ്ദേഹം പണിതുയര്‍ത്തി. പകല്‍ കഠിനാധ്വാനം ചെയ്ത കരങ്ങള്‍ സായംവേളകളില്‍ കുര്‍ബാനയ്ക്ക് മുന്നിലെ പുണ്യങ്ങളായി. അദ്ദേഹം ഒരു പുരോഹിതനായിരുന്നു; എന്നാല്‍ അത് മാത്രമായിരുന്നില്ല.

വൈദ്യന്‍, തൊഴിലാളി, ആശാരി, തൂപ്പുകാരന്‍, വഴിവെട്ടുകാരന്‍….. ഇങ്ങനെയിങ്ങനെ ഒരു ദേശത്തെ, അവിടുത്തെ ജനങ്ങളെ സ്‌നേഹിക്കാനും പടുത്തുയര്‍ത്താനും എന്തെല്ലാം ആകാമോ അതെല്ലാമായിരുന്നു അദ്ദേഹം. മരണമടഞ്ഞ രണ്ടായിരത്തോളം കുഷ്ഠരോഗികള്‍ക്കായി കുഴിവെട്ടിയ ഏക പുരോഹിതനും ആ പുണ്യാത്മാവായിരുന്നു.

മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിനിടയില്‍ സ്വന്തം കുറവുകളെക്കുറിച്ച് വലിയ ബോധ്യമുള്ള പുരോഹിതനായിരുന്നു ഡാമിയന്‍. കുമ്പസാരിക്കാനുള്ള അതിയായ ആഗ്രഹംനിമിത്തം അതുവഴി ഒരു കപ്പല്‍ പോയപ്പോള്‍ അതില്‍ വൈദികനുണ്ടെന്നറിഞ്ഞ് ഒരു കുഞ്ഞു വള്ളത്തില്‍ തനിക്ക് കുമ്പസാരിക്കണമെന്ന ആവശ്യവുമായി അദ്ദേഹം കടന്നുചെന്നെങ്കിലും കപ്പിത്താന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് കപ്പലിന്റെ ചവിട്ടുപടികളില്‍ പിടിച്ചുനിന്ന് തന്റെ പാപങ്ങള്‍ കപ്പലിനകത്തുള്ള വൈദികന് കേള്‍ക്കത്തക്കവണ്ണം വിളിച്ചുപറഞ്ഞ് കുമ്പസാരിച്ച ആ വൈദികനെയോര്‍ത്ത് കണ്ണീര്‍ തൂകിയിട്ടുണ്ട് അന്നത്തെ കപ്പിത്താന്‍. ആ കപ്പിത്താന്‍തന്നെയാണ് തന്റെ മാനസാന്തരത്തിലേക്കുള്ള നടപ്പുവഴിയായി ഫാ. ഡാമിയന്റെ ഈ പുണ്യം പിന്നീട് ലോകത്തിന് വെളിപ്പെടുത്തിയതും.

ഒരു പ്രഭാതത്തില്‍ ക്ഷൗരം ചെയ്യുന്നതിനിടയില്‍ തന്റെ കൈതട്ടി പാത്രത്തിലെ തിളച്ച വെള്ളം വീണത് അദ്ദേഹത്തിന്റെതന്നെ കാല്‍പാദങ്ങളിലേക്കായിരുന്നു. തന്റെ ശരീരത്തില്‍ പാദങ്ങള്‍ വികാരങ്ങളില്ലാതെ കുഷ്ഠം പിടിച്ച് മരിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് പൊള്ളാത്ത കാല്‍പാദം അദ്ദേഹത്തിനോടുതന്നെ വിളിച്ചുപറഞ്ഞു. അന്നത്തെ ദിവ്യബലിക്കിടയില്‍ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചുതുടങ്ങി:

”കുഷ്ഠരോഗികളായ നമ്മള്‍ ഓരോരുത്തരും…” അസ്ത്രംപോലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് തുളച്ചുകയറിയ ആ വാക്കുകള്‍ അവരുടെ കവിളുകളില്‍ കണ്ണീല്‍ച്ചാലുകള്‍ തീര്‍ത്തു.  തന്റെ 16 വര്‍ഷത്തെ സേവനങ്ങള്‍ക്കുശേഷം ഒരു കുഷ്ഠരോഗിയായി അദ്ദേഹം 1888 ഏപ്രില്‍ 14-ന് കുര്‍ബാന സ്വീകരിച്ച് അടുത്ത ദിവസം തന്നെ തന്റെ ദൈവത്തെ മുഖാമുഖം ദര്‍ശിക്കാന്‍ യാത്രയായി.

ഫാ. ഡാമിയന്‍ വിശുദ്ധനായത് അദ്ദേഹം ക്രിസ്തുവിനുവേണ്ടി സ്വീകരിച്ച നിലപാടുകള്‍ മുഖേനയാണ്. വിശുദ്ധ അഗസ്റ്റിന്‍ പറയുന്നതുപോലെ, ജീവിതത്തില്‍ രണ്ടുതരം സഹനങ്ങള്‍ ഉണ്ട്. ഒന്ന്, ചില സാഹചര്യങ്ങള്‍കൊണ്ട് വന്നുചേരുന്നത്. രണ്ട്, ക്രിസ്തുവിനുവേണ്ടി എടുക്കുന്ന നിലപാടുകളിലൂടെ വന്നുചേരുന്നത്.

ക്രിസ്തുവിനുവേണ്ടി നീ നിലപാടുകള്‍ ഏറ്റെടുക്കുമ്പോള്‍ സമൂഹവും മനുഷ്യനും അവഗണിക്കുന്ന കുപ്പത്തൊട്ടികളില്‍നിന്നുപോലും മാണിക്യം കണ്ടെത്താന്‍ കഴിയും എന്ന വലിയ പാഠം ഈ വിശുദ്ധന്‍ പഠിപ്പിക്കുന്നു. നമുക്കാര്‍ക്കും സൂര്യനാകാന്‍ കഴിയില്ല. പക്ഷേ ഒരു തിരിയെങ്കിലുമായി ഉരുകുന്നതിലൂടെ ആ സൂര്യന്റെ പണിയാണ് നമ്മളും ചെയ്യുന്നതെന്ന് മറക്കാതിരിക്കാം.

ഫാ. ജന്‍സണ്‍ ലാസലെറ്റ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?