അബുദാബി: കുതിരപ്പടയാളികളുടെ അകമ്പടി, പേപ്പൽ വാഹനത്തിനു മുന്നിലും പിന്നിലും സുരക്ഷാവാഹനങ്ങൾ, പശ്ചാത്തല സംഗീതമൊരുക്കി സൈനീക ബാൻഡ്, ആകാശത്ത് പേപ്പൽ പതാകയുടെ വർണം വിതറി വ്യാമസേന, കൊട്ടാരാങ്കണത്തിൽ സായുധസേനയുടെ ഗാർഡ് ഓഫ് ഹോണർ… യു.എ.ഇയുടെ ഔപചാരിക ക്ഷണം സ്വീകരിച്ച് അറബ് ലോകത്ത് ആദ്യമായെത്തി പാപ്പയ്ക്ക് യു.എ.ഇ നൽകിയത് അതിഗംഭീര സ്വീകരണം. ഇന്നേവരെ മറ്റൊരു രാഷ്ട്രത്തലവനോ മതാധിപനോ നൽകാത്ത ആദരവും സ്നേഹവുമാണ് യു.എ.ഇ ഭരണകൂടം ഫ്രാൻസിസ് പാപ്പയ്ക്ക് നൽകിയത്.
പ്രസിഡൻഷ്യൽ കൊട്ടാരത്തിലെത്തിയ പാപ്പയെ കാറിനടുത്തേക്കു ചെന്ന് ആശ്ലേഷിച്ചാണ് പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനും സ്വീകരിച്ചാനയിച്ചത്. ഇവരെ കൂടാതെ രാജകുടുംബവും അറബ് ലോകത്തെ മതപണ്ഡിതരും ദുബായ് ഭരണകൂടത്തിലെ വിവിധ ഭരണാധികാരികളും പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സ്വീകരണചടങ്ങിൽ പങ്കെടുത്തു.
Watch #Live from #UAE: Welcome ceremony in the Presidential Palace#PopeFrancis. #ShalomWorldTV #PopeInUAE #AbuDhabi #Vatican #Catholic
Posted by Shalom World on Monday, 4 February 2019
പാപ്പയുടെ വരവിലുളള ആദരസൂചകമായി അബുദാബിയിൽ വ്യോമസേനാ ജെറ്റ് വിമാനങ്ങളുടെ അഭ്യാസ പ്രകടനം നടത്തിയതും ശ്രദ്ധേയമായി. പേപ്പൽ പതാകയുടെ നിറത്തിലുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകളോടെയായിരുന്നു വിമാങ്ങളുടെ പറക്കൽ. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നടന്ന സമയത്ത് വിമാനങ്ങൾ നഗരത്തിനു മുകളിലെ ആകാശം മഞ്ഞയും വെള്ളയും നിറങ്ങളിൽ മുക്കിയത് കൗതുകം പകരുന്ന കാഴ്ചയായിരുന്നു.
സമ്പൂർണ സൈനിക ബഹുമതികളോടെ പാപ്പയ്ക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നൽകിയ ആചാരപരമായ വരവേൽപ്പിൽ സൈനിക ബാൻഡിന്റെ സംഗീതം പ്രത്യേക വിരുന്നായി. കൊട്ടാരത്തിനു മുന്നിൽ പാപ്പ വന്നിറങ്ങിയതോടെ രാജ്യം നൽകുന്ന ഏറ്റവും ഉന്നതമായ ബഹുമതികളോടെയായിരുന്നു സ്വീകരണം. പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സ്വീകരണച്ചടങ്ങിൽ യു.എ.ഇയിലെ വിവിധ കത്തോലിക്കാ നേതാക്കളും പാപ്പയെ അനുഗമിച്ചിരുന്നു.
തുടർന്ന്, കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ് അൽ നഹ്യാനുമായി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, സമാധാനം രാജ്യങ്ങളും മതവിശ്വാസങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനം, ബന്ധങ്ങളിൽ സ്ഥിരത പാലിക്കാനും ഐക്യത്തിൽ വളരാനുമുള്ള പ്രാപ്തി അതുവഴി കൂടുതൽ ഉയർച്ചകൾ കൈവരിക്കാനുളള മാർഗങ്ങൾ എന്നിവ ചർച്ചയ്ക്ക് വിഷയമായെന്നാണ് റിപ്പോർട്ട്.
********************************************************************************
Leave a Comment
Your email address will not be published. Required fields are marked with *