Follow Us On

19

March

2024

Tuesday

പുതുചരിത്രം രചിച്ച് യു.എ.ഇ; പേപ്പൽ ദിവ്യബലിയിൽ 4000 ഇസ്ലാം മതസ്ഥരും

ഒറ്റപ്പെടലുകളിൽ ദൈവം സ്വാന്ത്വനമേകും: പ്രവാസിജനതയ്ക്കുമേൽ പാപ്പയുടെ പ്രത്യേക കരുതൽ

പുതുചരിത്രം രചിച്ച് യു.എ.ഇ; പേപ്പൽ ദിവ്യബലിയിൽ 4000 ഇസ്ലാം മതസ്ഥരും
അബുദാബി: സഹിഷ്ണുതയുടെ ഭൂമിയെന്ന ഖ്യാതിയോടെ വിരാജിക്കുന്ന യു.എ.ഇയിൽ പുതുചരിത്രം രചിച്ച് പേപ്പൽ ദിവ്യബലി. അബുദാബി സയീദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ അർപ്പിച്ച ദിവ്യബലിയിൽ പങ്കുകൊള്ളാൻ 4000ൽപ്പരം മുസ്ലീം സഹോദരങ്ങളെത്തിയതും മതസഹിഷ്ണുതയുടെ നേർക്കാഴ്ചയായി. സഹിഷ്ണുതാമന്ത്രി, സാംസ്‌ക്കാരികമന്ത്രി എന്നിവരുൾപ്പെടെ ഭരണകൂടപ്രതിനിധികളും ദിവ്യബലിയിൽ പങ്കുകൊണ്ടതും ശ്രദ്ധേയമായി.
പാസുമൂലം 1,35,000 പേർക്കുമാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചത്. എന്നാൽ ഏതാണ്ട് അത്രത്തോളംപേർ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച കൂറ്റൻ സ്‌ക്രീനുകളിലൂടെ ദിവ്യബലി തത്‌സമയം വീക്ഷിച്ചു. സമീപ എമിരേറ്റ്‌സുകളിൽനിന്ന് ഉൾപ്പെടെ ഏതാണ്ട് 100ൽപ്പരം രാജ്യങ്ങളിൽനിന്ന് ജനം പാപ്പയെ സന്ദർശിക്കാനെത്തിയപ്പോൾ ചരിത്രത്തിൽ ഇതുവരെ കാണാത്ത ജനസാഗരത്തിനാണ് യു.എ.ഇ സാക്ഷ്യം വഹിച്ചത്.
പ്രതിക്ഷയുടെയും സ്വസ്ഥതയുടെയും ആശയങ്ങളായിരുന്നു പാപ്പയുടെ സന്ദേശത്തിലുടനീളം. സ്വഭവനത്തിൽനിന്ന് വിട്ടുമാറി നിൽക്കുന്ന പ്രവാസികളോടുള്ള പ്രത്യേക കരുതലും പാപ്പയുടെ സന്ദേശത്തിൽ മുഴങ്ങി. ‘നിങ്ങളെ കുടുംബങ്ങളുടെയും സ്‌നേഹിക്കപ്പെട്ടവരുടെയും അസാന്നിധ്യം അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും തമ്പുരാൻ നിങ്ങളെ കൈയൊഴിയില്ല. അവിടുന്ന് വിശ്വസ്ഥനാണ്, ഒറ്റപ്പെടലുകളിൽ സ്വാന്ത്വനം നൽകുന്നവനാണ്,’ പാപ്പ പറഞ്ഞു.
മധ്യപൂർവദേശത്ത് ജീവിക്കുന്ന ക്രൈസ്തവർക്ക് ആത്മീയാനന്ദം എങ്ങനെ സാധ്യമാക്കാമെന്നതായിരുന്നു പാപ്പ പങ്കുവെച്ച മറ്റൊരുചിന്ത. നിങ്ങൾ അനുഗ്രഹീതരാണ്, എന്നാൽ നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നിലനിൽപ്പുണ്ടാകണമെങ്കിൽ ദൈവത്തോടൊപ്പം ദൈവത്തിന്റെ വചനങ്ങൾ കേട്ട് ജീവിക്കണം. അപ്പോൾ അത് വേദനകൾക്കിടയിലുമുള്ള ഒരു   സന്തോഷമായി മാറുമെന്നത് ഉറപ്പാണ്.
ആത്മസന്തോഷം എപ്പോഴും അളക്കപ്പെടുന്നത് വിജയിച്ചവരെയും സമ്പന്നരെയും ഊർജസ്വലരായവരെയും മാത്രം പരിഗണിച്ചുകൊണ്ടാണ്. എന്നാൽ, അത് പാവപ്പെട്ടവർക്കും പുറത്താക്കപ്പെട്ടവർക്കും പിന്തള്ളപ്പെട്ടവർക്കുകൂടി അവകാശപ്പെട്ടതാണ്. നേടുന്നതിലല്ല മറിച്ച്, നൽകുന്നതിലാണ്  നമ്മുടെ  മഹത്വം. നമ്മോടുതന്നെയും മറ്റുള്ളവരോടും ഇത്തരത്തിൽ സ്വയം നൽകികൊണ്ട് സ്‌നേഹത്തിൽ സംവദിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണമാകുന്നതെന്നും പാപ്പ ഓർമിപ്പിച്ചു.
ഇത്തരമൊരു ആഘോഷം സമാപിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് പകരുന്നതെന്ന് പാപ്പ ദിവ്യബലിയുടെ സമാപനത്തിൽ പറഞ്ഞു. ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ‘സതേൺ അറേബ്യ വികാരി അപ്പസ്‌തോലിക്ക ബിഷപ്പ് പോൾ ഹിന്ററിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. എന്റെ സന്ദർശനത്തിനു വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. എല്ലാ മേജർ ആർച്ച്ബിഷപ്പുമാർക്കും ബിഷപ്പുമാർക്കും പുരോഹിതർക്കും ഇവിടെ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കാൻ നിങ്ങൾ മറക്കരുത്,’ പാപ്പ പറഞ്ഞു.
120ൽപ്പരം പേർ അണിനിരന്ന ഗായകസംഘത്തെ പ്രശംസിക്കാനും പാപ്പ മറന്നില്ല. കൈകൊണ്ട് നിർമിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടിൽനിന്ന് കൊണ്ടുവരികയായിരുന്നു.  ദുബായ് എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിതായിരുന്നു വാദകൻ. ‘വിവിധ രാജ്യങ്ങളിൽ നിന്നുള്ള, വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ് നിങ്ങൾ ഓരോരുത്തരും. എന്നിട്ടും പരിശുദ്ധാത്മാവിന്റെ ഇഷ്ടംപോലെ നിങ്ങളുടെ ആലാപനം നാനാത്വങ്ങളിൽ ഏകത്വമായിരുന്നു. സാമാധാന സംരക്ഷകരും പരസ്പരം സംരക്ഷണം നൽകുന്നവരുമാകണം നിങ്ങൾ. ക്രൈസ്തവർക്കിടയിൽ തരംതിരിവുകൾ വെയ്ക്കാതെ സഹോദര്യം പുലർത്തി ദൈവസ്‌നേഹത്തിൽ നിങ്ങൾ ജീവിക്കണം,’ പാപ്പ ഓർമിപ്പിച്ചു.

Holy Mass by Pope Francis in the Zayed Sports City, AbuDhabi

Watch #Live from #UAE: Holy Mass in the Zayed Sports City, AbuDhabi.#PopeFrancisInUAE #PopeFrancis #Vatican #MassInUAE #ShalomWorldTV

Posted by Shalom World on Monday, 4 February 2019

ഇറ്റാലിയൻ ഭാഷയിൽ പാപ്പ നടത്തിയ പ്രാർത്ഥനയുടെയും പ്രഭാഷണത്തിന്റെയും ഇംഗ്ലീഷ് വിവർത്തനം തത്സമയം തന്നെ വിശ്വാസികൾക്ക് ലഭ്യമാക്കിയിരുന്നു. കൂടാതെ, സ്റ്റേഡിയത്തിന് പുറത്ത് പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ചെയുന്ന പടുകൂറ്റൻ സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു.  പാപ്പയ്ക്ക് സ്വാഗതമേകിക്കൊണ്ടുള്ള പതാകകളും ബോർഡുകളും കൊണ്ട് അബുദാബി സയിദ് സ്റ്റേഡിയം റോഡ് അലംകൃതമായിരുന്നു.
ദിവ്യബലി മധ്യേ ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയൻ, ലാറ്റിൻ, കൊറിയൻ, കൊങ്കണി, മലയാളം, ഉറുദു, ഫ്രഞ്ച് എന്നീ ഭാഷകളിലും പ്രാർത്ഥന നടന്നു. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉൾപ്പെടെ നിരവധി ബിഷപ്പുമാരും വൈദികരും സഹകാർമികരായി.
വിവിധ എമിറേറ്റുകളിൽനിന്നും രാത്രിയിൽ തന്നെ ബസുകളിൽ വിശ്വാസികൾ പുറപ്പെട്ടിരുന്നു. 2500ലേറെ ബസുകളാണ് ഇതിനായി ഭരണകൂടം സൗജന്യമായി വിട്ടുനൽകിയത്. ദിവ്യബലിക്കുമുമ്പേ സെന്റ് ജോസഫ് കത്തീഡ്രൽ സന്ദർശിച്ച പാപ്പ, അവിടെ എത്തിയ രോഗികളും കുട്ടികളും പ്രായമായവും ഉൾപ്പെടെ വിശ്വാസീസമൂഹത്തെ ആശീർവദിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?