Follow Us On

21

September

2023

Thursday

ഹിരോഷിമ ഒരു സൂചനയാണ്

ഹിരോഷിമ ഒരു സൂചനയാണ്

”സ്വയം നശിക്കാനുള്ള ശേഷി മനുഷ്യനുണ്ടെന്ന് ബോംബ് കാട്ടിത്തന്നു. ഇന്ന് ഹിരോഷിമയിലേക്ക് നാം വന്നത് മരിച്ചവരെ അനുസ്മരിക്കാനാണ്. ഇവിടെ നില്ക്കുമ്പോൾ അവരുടെ ആത്മാക്കൾ നമ്മെ ചിലത് ഓർമിപ്പിക്കുന്നുണ്ട്. ഹൃദയങ്ങളിലേക്ക് നോക്കാനും പ്രവൃത്തികൾ വിലയിരുത്താനുമാണ് അവർ ആവശ്യപ്പെടുന്നത്. ഇവിടെ നിശബ്ദമായ ഒരു നിലവിളി കേൾക്കുന്നു.” അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ആഴ്ചകൾക്ക് മുമ്പ് ഹിരോഷിമ സന്ദർശിച്ചപ്പോൾ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണിത്. ഹിരോഷിമ ദുരന്തത്തിന്റെ സ്മാരകമായ ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിൽ പുഷ്പചക്രം അർപ്പിച്ചതിനുശേഷമായിരുന്നു ഒബാമയുടെ പ്രസംഗം. അമേരിക്ക ഹിരോഷിമയിൽ ബോംബ് ഇട്ടതിനുശേഷം ആദ്യമായി അവിടം സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റാണ് ഒബാമ. ആ കൊടുംക്രൂരതക്ക് അമേരിക്കൻ പ്രസിഡന്റ് മാപ്പുപറയുമോ എന്നായിരുന്നു ലോകം ഉറ്റുനോക്കിയത്. എന്നാൽ, പ്രസിഡന്റ് ക്ഷമചോദിക്കേണ്ട ആവശ്യമില്ല എന്ന നയമാണ് അവർ സ്വീകരിച്ചത്. 1945 ഓഗസ്റ്റ് 6-ന് അമേരിക്ക ഹിരോഷിമയിൽ വർഷിച്ച ആറ്റംബോംബ് ഏതാണ്ട് ഒന്നരലക്ഷം ആളുകളുടെ ജീവനെടുത്തു എന്നാണ് കണക്ക്. 10 ചതുശ്ര കിലോമീറ്റർ സ്ഥലം ബോംബ് വീണ് ഇല്ലാതായി. ആറ്റംബോംബ് സൃഷ്ടിച്ച റേഡിയേഷൻ വഴി പിന്നീട് ജനിച്ച ആയിരക്കണക്കിന് കുട്ടികൾ മാരകമായ രോഗങ്ങൾക്ക് ഇരകളായി.
മനുഷ്യർ ചെയ്ത വലിയ പാതകങ്ങളിലൊന്നാണ് ഹിരോഷിമയിൽ നിക്ഷേപിച്ച ബോംബ്. ഒബാമയുടെ വാക്കുകളിൽ ആ യാഥാർത്ഥ്യം നിഴലിക്കുന്നുണ്ട്. മരിച്ചവരെ അനുസ്മരിക്കാനാണ് ഇവിടെ നില്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിരോഷിമ ദുരന്തത്തിൽ ജീവൻ നഷ്ടമായവരും പരിക്കേറ്റവരും വേദനതിന്ന് വർഷങ്ങളോളം ജീവിക്കേണ്ടിവന്നരും പ്രിയപ്പെട്ടവരുടെ വേർപാടിൽ നീറിക്കഴിഞ്ഞവരും മനുഷ്യത്വരഹിതമായ തീരുമാനങ്ങളുടെ ബലിയാടുകളാണ്. മനുഷ്യന്റെ ക്രൂരതകൾക്ക് കൊടുക്കേണ്ടിവന്ന വിലയാണ് ആ നിരപരാധികളുടെ ജീവനും സഹനങ്ങളും. ഒന്നരലക്ഷത്തോളം പേർ മരിച്ചെങ്കിൽ അതിന്റെ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. ലോകത്തിന്റെ വക്രതകൾ ഒന്നും അറിയാത്ത പതിനായിരക്കണക്കിന് കുട്ടികളുടെ ജീവനും ആറ്റംബോംബ് കവർന്നെടുത്തു. ദൈവം കുട്ടികളിലൂടെ കണ്ട എല്ലാ സ്വപ്‌നങ്ങളും മനുഷ്യർ തകർത്തു. ആ സ്മാരകം മനുഷ്യന്റെ ദുഷ്ടതയെക്കുറിച്ചും വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളെക്കുറിച്ചുമാണ് അനുസ്മരിപ്പിക്കുന്നത്. ഹിരോഷിമ നഗരത്തെ തകർത്തതിന് നഷ്ടപരിഹാരമായി വേണമെങ്കിൽ പണം നൽകാമെന്ന് കരുതാം. എന്നാൽ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടും മാരകമായി മുറിവേറ്റവരോടും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവരോടും ഒരുരീതിയിലും പരിഹാരം ചെയ്യാനാവില്ല. അതിനാൽ തീരുമാനങ്ങളെടുക്കുമ്പോൾ മനഃസാക്ഷിയുടെ സ്വരത്തിന് ചെവികൊടുക്കണം. വിജയത്തിന് ഏതു മാർഗവും സ്വീകരിക്കാമെന്ന് വിചാരിക്കരുത്. നിരപരാധികളുടെ കണ്ണീര് വീഴ്ത്തുന്ന നേട്ടങ്ങൾകൊണ്ട് അധികകാലം ആർക്കും സന്തോഷിക്കാനാവില്ല. ചിലപ്പോൾ ഹ്രസ്വകാലത്തേക്ക് വിജയത്തിന്റെ ലഹരിയിൽ ജീവിക്കാൻ കഴിഞ്ഞേക്കും. കുറച്ചുകഴിയുമ്പോൾ മനഃസമാധാനം നഷ്ടപ്പെട്ട് അതു നമ്മുടെ ഉറക്കംകെടുത്തും.
യുദ്ധത്തിൽ വിജയിക്കുവാനുള്ള വഴിയാണ് അമേരിക്കൻ ഭരണാധികാരികൾ നോക്കിയത്. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന നഷ്ടങ്ങളെപ്പറ്റിയോ അനന്തരഫലങ്ങളെപ്പറ്റിയോ ഭരണനേതൃത്വം ആലോചിച്ചില്ല. വിജയം എന്ന ചിന്തയായിരുന്നു അവരെ ഭരിച്ചത്. അതുവഴി ഒഴുകുന്ന രക്തപ്പുഴയും നിരപരാധികളുടെ വേദനയും ആരും കണക്കിലെടുത്തില്ല. രാജ്യങ്ങളുടെ കാര്യത്തിൽമാത്രമല്ല, വ്യക്തിതലത്തിലും തീരുമാനങ്ങളെടുക്കുമ്പോൾ മാനുഷികതക്ക് മുൻതൂക്കം നൽകണം. അമേരിക്കൻ പ്രസിഡന്റിന്റെ ഹിരോഷിമ സന്ദർശനത്തെക്കാളും പ്രാധാന്യം അദ്ദേഹം പറഞ്ഞ വാക്കുകൾക്കാണ്. എന്നാൽ, ചരിത്രത്തോട് ചെയ്ത കടുത്ത അനീതിക്ക് മാപ്പുപറയാൻ ആ രാജ്യം തയാറായില്ല. യുദ്ധത്തിൽ നീതിയും നിയമവുമൊക്കെ വിസ്മരിക്കപ്പെടുമെന്ന് പറയാമെങ്കിലും സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരങ്ങളെ ചുട്ടെരിച്ചതിനും അതിലധികം പേരെ രോഗങ്ങളുടെയും വേദനകളുടെയും ദുരിതങ്ങളുടെയും നടുവിലേക്ക് തള്ളിവിട്ടതിനും ന്യായീകരണമില്ല. ബോംബ് ഇടാനെടുത്ത തീരുമാനം തെറ്റിപ്പോയെന്ന് അമേരിക്ക ലോകത്തിന്റെ മുമ്പിൽ ഏറ്റുപറയുകയായിരുന്നെങ്കിൽ ആ രാജ്യത്തിന്റെ യശഃസ് വർധിക്കുകയേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ആ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടാകുന്നത്.
നമ്മുടെ അനീതി നിറഞ്ഞ തീരുമാനങ്ങളെ ന്യായീകരിക്കാനും ലോകത്തിന്റെ മുമ്പിൽ പിടിച്ചുനില്ക്കുവാനും കഴിഞ്ഞെന്നുവരാം. എന്നാൽ, താല്ക്കാലിക ലാഭങ്ങൾക്കായി നീതിരഹിതമായ തീരുമാനങ്ങളും നിലപാടുകളും സ്വീകരിക്കുമ്പോൾ ദൈവത്തോട് എന്തു മറുപടി പറയുമെന്ന് ചിന്തിക്കണം. അവിടെ നമ്മുടെ നീതികേടുകളെ മറയ്ക്കാനാവില്ല. മനുഷ്യർ ചെയ്യുന്ന എല്ലാ അന്യായങ്ങൾക്കും ഉത്തരംകൊടുക്കേണ്ട ഒരു ദിവസം ഉണ്ടാകുമെന്നത് വിസ്മരിക്കരുത്. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന അവിടുത്തെ മുമ്പിൽ ഒന്നും മറച്ചുപിടിക്കുവാനും സാധിക്കില്ല. നമ്മുടെ തീരുമാനങ്ങൾകൊണ്ട് മറ്റുള്ളവർക്ക് ദ്രോഹങ്ങൾ ഉണ്ടാക്കുകയില്ലെന്നെങ്കിലും ഉറപ്പുവരുത്താൻ കഴിയണം. മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്ക് പ്രായ്ശ്ചിത്തം ചെയ്യാൻപോലും കഴിഞ്ഞെന്നുവരില്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?