Follow Us On

28

March

2024

Thursday

ക്രിസ്റ്റഫറിന്റെ കരംപിടിച്ച് മറിയം ത്രേസ്യ വിശുദ്ധാരാമത്തിലേക്ക്

ക്രിസ്റ്റഫറിന്റെ കരംപിടിച്ച്  മറിയം ത്രേസ്യ വിശുദ്ധാരാമത്തിലേക്ക്

വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയിലുള്ള അദ്ഭുത രോഗശാന്തി വത്തിക്കാൻ തിരുസംഘം സ്ഥിരീകരിച്ചതോടെ ഒരു ഭാരതസഭാ തനയകൂടി വിശുദ്ധാരാമത്തിലേക്ക്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ ഒരു സുപ്രധാന ഘട്ടം ഇതോടെ പൂർത്തിയായി. തൃശൂർ സ്വദേശി ക്രിസ്റ്റഫർ എന്ന കുരുന്നിന് ലഭിച്ച രോഗസൗഖ്യമാണ് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

മെഡിക്കൽ റിപ്പോർട്ടുകൾ പഠിച്ച വിദഗ്ധ മെഡിക്കൽ സംഘം കഴിഞ്ഞ മാർച്ചിൽ അദ്ഭുത രോഗശാന്തി അംഗീകരിച്ചിരുന്നു. ഇക്കാര്യം ദൈവശാസ്ത്രജ്ഞരുടെ സമിതി കഴിഞ്ഞ ഒക്‌ടോബറിലും സ്ഥിരീകരിച്ചു. അദ്ഭുത രോഗശാന്തി സംബന്ധിച്ച രേഖകൾ ഉൾപ്പെടുന്ന ‘പൊസിസിയോ’ പഠിച്ചശേഷമാണ് നാമകരണ നടപടികൾക്കായുള്ള കർദിനാൾസംഘം ഇപ്പോൾ സ്ഥിരീകരണം നൽകിയത്.

ക്രിസ്റ്റഫർ എന്ന കുഞ്ഞിന് ലഭിച്ച അദ്ഭുത രോഗശാന്തി സംബന്ധിച്ച എല്ലാ പ~നങ്ങളും പൂർത്തിയായതായി നാമകരണ നടപടികൾക്കു നേതൃത്വം നൽകുന്ന പോസ്റ്റുലേറ്റർ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, ഹോളിഫാമിലി സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ മദർ സിസ്റ്റർ ഉദയ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ഡോ. റോസ്മിൻ മാത്യു എന്നിവർ അറിയിച്ചു.

തൃശൂർ ജില്ലയിലെ മാളയ്ക്കടുത്ത് പുത്തൻചിറയിൽ ചിറമ്മൽ മങ്കിടിയാൻ തോമയുടെയും താണ്ടയുടെയും മകളായി 1876 ഏപ്രിൽ 26നാണ് മറിയം ത്രേസ്യയുടെ ജനനം. കുടുംബങ്ങളെ വിശുദ്ധീകരിക്കുക, നവീകരിക്കുക, വളർത്തുക എന്ന ലക്ഷ്യത്തോടെ 1914 മേയ് 14ന് മറിയം ത്രേസ്യ പുത്തൻചിറയിൽ സ്ഥാപിച്ചതാണ് ഹോളിഫാമിലി സന്യാസിനീസമൂഹം. 1926 ജൂൺ എട്ടിന് ഇഹലോകവാസം വെടിഞ്ഞ മദർ മറിയം ത്രേസ്യയെ 2000 ഏപ്രിൽ ഒമ്പതിനാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.

മദർ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒമ്പതാം വാർഷികത്തിലാണ് ക്രിസ്റ്റഫറിന് ലഭിച്ച അദ്ഭുത രോഗശാന്തി റിപ്പോർട്ട് ചെയ്തത്. തൃശൂർ അതിരൂപത പെരിഞ്ചേരി ചൂണ്ടൽ ജോഷി^ ഷിബി ദമ്പതികളുടെ മകനാണ് ക്രിസ്റ്റഫർ. 2009 ഏപ്രിൽ ഏഴിന് അമല ആശുപത്രിയിൽ പൂർണ വളർച്ചയെത്തുംമുമ്പേ പ്രസവിച്ച കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവർത്തിച്ചിരുന്നില്ല. ജീവൻതന്നെ അപകടത്തിലാണെന്നു ഡോക്ടർമാർ വിധിച്ചിരുന്നു. ‘അക്യൂട്ട് റെസ്പിരേറ്ററി ഫെയ്‌ലിയർ’ രോഗം മൂലം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ്.

കുഞ്ഞിനെ ചികിത്സിച്ചുകൊണ്ടിരുന്ന സ്‌പെഷലിസ്റ്റ് ഡോ. വി. കെ. ശ്രീനിവാസൻ ഗുരുതരാവസ്ഥ പിതാവ് ജോഷിയെ ബോധ്യപ്പെടുത്തി. ഒമ്പതാം തിയതി വൈകുന്നേരം വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് കുഞ്ഞിന്റെ അരികിൽ വച്ച് കുടുംബാംഗങ്ങൾ രോഗശാന്തിക്കായി പ്രാർഥിച്ചു. ഏതാനും നിമിഷങ്ങൾക്കകം അപ്രതീക്ഷിതമായി കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?