Follow Us On

25

August

2019

Sunday

എല്ലാത്തിനും ദൈവമേ നിനക്ക് മാത്രം നന്ദി!

എല്ലാത്തിനും ദൈവമേ നിനക്ക് മാത്രം നന്ദി!

അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ രണ്ടു വര്‍ഷം ഞാന്‍ ജീവിച്ചു. അരനൂറ്റാണ്ടുമുമ്പായിരുന്നു അത്. കേരള ഗവണ്‍മെന്റ് സര്‍വീസില്‍ ജൂണിയര്‍ എഞ്ചിനിയര്‍ ആയിരുന്ന ഞാന്‍ അമേരിക്കയിലായിരുന്ന സഹോദരിയുടെ ഉപദേശം സ്വീകരിച്ചാണ് അവിടേക്ക് പോയത്. ഭാര്യയെയും രണ്ടുവയസില്‍ താഴെയുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങളെയും നാട്ടിലാക്കിയിട്ട് രണ്ടു വര്‍ഷത്തെ സ്റ്റഡിലീവില്‍ സ്റ്റുഡന്റ് വിസായില്‍ പോവുകയായിരുന്നു.

ചെറിയ ജോലികളും പഠനവുമായി ആദ്യമാസങ്ങള്‍ പിന്നിട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍കാര്‍ഡ് ലഭിച്ചതിനാല്‍ അല്‍പം ഭേദപ്പെട്ട ജോലി കിട്ടി. ഭാര്യയും കുഞ്ഞുങ്ങളും അമേരിക്കയില്‍ വരുന്നതിനുള്ള അപേക്ഷാഫാറം ചെന്നൈയിലെ യു.എസ്. കോണ്‍സലേറ്റില്‍നിന്ന് ഭാര്യയുടെ അഡ്രസില്‍ ലഭിച്ചു. പക്ഷേ, അതു വേണോ എന്ന ചിന്ത ശക്തമായിത്തുടങ്ങി.

ചിക്കാഗോയില്‍ സ്ഥിര താമസമാക്കിയ പലരെയും ഞാന്‍ പരിചയപ്പെട്ടു. മലയാളി കുടുംബങ്ങളിലെ സാഹചര്യങ്ങളും നിരീക്ഷിച്ചു. എന്റെ കുടുംബത്തെ അമേരിക്കയില്‍ കൊണ്ടുവരേണ്ട എന്ന തീരുമാനമാണ് ഞാനെടുത്തത്. എല്ലാവരും എന്നെ പരിഹസിച്ചു. ഉയര്‍ന്ന സാമ്പത്തിക നില കൈവരിക്കാനുള്ള ഭാഗ്യം തട്ടിനീക്കുകയാണ് ഞാന്‍ ചെയ്യുന്നതെന്നാണ് പലരും പറഞ്ഞത്. പക്ഷേ ഞാന്‍ ഈ തീരുമാനത്തില്‍ ഉറച്ചുനിന്നു.

എന്റെ തീരുമാനത്തിലേക്ക് നയിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ഇതായിരുന്നു. അമേരിക്കയില്‍ മക്കളുടെ കൗമാരപ്രായം കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് അവരുടെമേല്‍ യാതൊരു നിയന്ത്രണവും പാടില്ല. കേരളീയരായ മാതാപിതാക്കള്‍പോലും മക്കളെ നിയന്ത്രിക്കാന്‍ ഒരുമ്പെടുകയില്ല. അഥവാ ആരെങ്കിലും ശിക്ഷിക്കുകയോ ശകാരിക്കുകയോ ചെയ്താല്‍ പോലിസ് നടപടികള്‍ക്ക് വിധേയരാകും. ഇതൊക്കെ അരനൂറ്റാണ്ട് മുമ്പുള്ള കാര്യമാണ്.

ചിക്കാഗോയില്‍ എന്റെ സുഹൃത്തായിരുന്ന പിതാവിന് രണ്ട് പെണ്‍മക്കള്‍ ഉണ്ടായിരുന്നു. മൂത്തമകള്‍ 20 വയസ് തികയുംമുമ്പേ ഒരു സര്‍ദാര്‍ജിയെ സ്വീകരിച്ചു. അവള്‍ അധികം താമസിയാതെ മരണമടഞ്ഞു. ഇളയവളെക്കുറിച്ച് കേട്ടത് 45 കഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി കഴിയുന്നുവെന്നുമാണ്.

രണ്ടു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ നാട്ടില്‍ ഉണ്ടായിരുന്ന ജോലിയില്‍ പ്രമോഷന്‍ ആയി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പോസ്റ്റ് എനിക്ക് ലഭിച്ചു. ഭാര്യയും മക്കളുമായി നാട്ടില്‍ കഴിയാന്‍ തീരുമാനിച്ചു മടങ്ങി. ഈ അവസരത്തില്‍ പ്രായമായ എന്റെ അമ്മയെയും സഹോദരി ചിക്കാഗോയില്‍ വരുത്തിയിരുന്നു. ഞാനും അമ്മയും കൂടി ന്യൂയോര്‍ക്കുവഴി നാട്ടിലേക്ക് മടങ്ങി.

അധികം താമസിയാതെ മൂന്നാമത്തെ മകള്‍ ഉണ്ടായി. കുടമാളൂരില്‍ സ്ഥലം വാങ്ങി വീടുവച്ച് താമസം തുടങ്ങുമ്പോള്‍ ഞാനും ഭാര്യയും മൂന്നു മക്കളും കൂടാതെ വിധവയായ അമ്മയും ആയിരുന്നു എന്റെ കുടുംബം. മൂന്നാമത്തെ മകള്‍ക്ക് എട്ട് വയസായപ്പോള്‍ കുടമാളൂര്‍ മുത്തിയമ്മയുടെ അനുഗ്രഹം എന്നു ഞാന്‍ വിശ്വസിക്കുന്നു, ഇരട്ടകളായി രണ്ടു പെണ്‍മക്കള്‍കൂടി ഉണ്ടായി.

അഞ്ച് പെണ്‍മക്കളുള്ള ഞങ്ങളോട് സഹതപിച്ചവര്‍ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബത്തില്‍ സമാധാനവും സന്തോഷവും മാത്രമാണ് മക്കളില്‍നിന്ന് ലഭിച്ചത്. കുടമാളൂരിലെ മലയാളം മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിച്ചപ്പോഴും വിമര്‍ശിച്ചവര്‍ ഏറെ. ദൈവാനുഗ്രഹം എന്നു പറയട്ടെ, എന്റെ മക്കള്‍ അഞ്ചുപേരും പഠിക്കാന്‍ മിടുക്കരായിരുന്നു. ഇന്ന് അഞ്ചുമക്കളും വിവാഹിതരായി ഉയര്‍ന്ന തലത്തില്‍ ജോലിചെയ്യുന്നു. ദൈവം തന്ന സന്തോഷത്തിന് നന്ദി.

കൂടുതല്‍ മക്കള്‍ ജനിക്കുന്നത് ദൈവാനുഗ്രഹമാണെന്നാണ് എന്റെ അഭിപ്രായം. സഭാപഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ധാര്‍മികത സൂക്ഷിക്കുന്ന കുടുംബങ്ങള്‍ ദീര്‍ഘനാള്‍ നിലനില്‍ക്കും.

ജയിംസ് ഐസക് കുടമാളൂര്‍
(എഴുത്തുകാരന്‍)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?