Follow Us On

25

August

2019

Sunday

ആത്മീയത ഇല്ലെങ്കില്‍ എന്താണ് കുഴപ്പം?

ആത്മീയത  ഇല്ലെങ്കില്‍ എന്താണ് കുഴപ്പം?

ദൈവവിശ്വാസത്തിന് ഇളക്കംതട്ടാതെ നിലനില്‌ക്കേണ്ടത് ആത്മീയ നേതൃത്വത്തിന്റെ മാത്രം ആവശ്യമാണോ? അങ്ങനെയൊരു ചിന്താഗതി സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുമെങ്കിലും ആത്മീയതയുടെ കവചം നഷ്ടമാകുന്നത് സമൂഹത്തെ വിപരീതമായി ബാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. അതു വ്യക്തമാകണമെങ്കില്‍ ആത്മീയത ക്ഷയിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ അവസ്ഥ പരിശോധിച്ചാല്‍ മതി. തകരുന്ന കുടുംബബന്ധങ്ങളും ധാര്‍മികത നഷ്ടപ്പെടുന്ന സമൂഹവുമാണ് അവിടുത്തെ കാഴ്ചകള്‍. ധാര്‍മികതയില്‍ ഇടര്‍ച്ചകള്‍ ഉണ്ടാകുന്നത് രാജ്യത്തിന്റെ തകര്‍ച്ചയുടെ ആരംഭമാണ്. കുടുംബബന്ധങ്ങളില്‍ സംഭവിക്കുന്ന തകര്‍ച്ചകള്‍ ക്രമേണ രാജ്യത്തിന്റെ അടിത്തറ ഇളക്കും.

ദാമ്പത്യതകര്‍ച്ചകള്‍ വ്യക്തികളുടെ സ്വഭാവത്തിലും പ്രതിഫലിക്കും. അതു പ്രൊഫഷനെയും പ്രതികൂലമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്. മാതാപിതാക്കളുടെ വേര്‍പിരിയലുകള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മക്കളെയാണ്. അവരുടെ മനസുകളില്‍ ഏല്പിക്കുന്ന ആഘാതത്തെപ്പറ്റി പലരും ആലോചിക്കാറില്ല. മക്കളെ വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ പലര്‍ക്കും പിന്നീട് കഴിയില്ല. കുടുംബങ്ങള്‍ മുറിക്കുമ്പോള്‍ സഹോദരങ്ങളും വേര്‍പിരിയും.

ഒരാള്‍ പിതാവിന്റെ കൂടെയാണെങ്കില്‍ മറ്റൊരാള്‍ അമ്മയുടെ ഒപ്പമായിരിക്കും. തന്റെ പ്രിയപ്പെട്ട സഹോദരനോ സഹോദരിയോ മറ്റൊരു വീട്ടില്‍ ജീവിക്കുമ്പോള്‍ അവരുടെ ഹൃദയം മുറിയപ്പെടുന്നത് എത്ര ആഴത്തിലായിരിക്കും. പുതിയ തലമുറയുടെ സ്വഭാവരൂപീകരണത്തെ വിപരീതമായി അതു ബാധിക്കും. മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്ന യുവജനങ്ങള്‍ അവിടെ പതിവു കാഴ്ചകളാകും. മക്കളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ അവരുടെ ചുവടുകള്‍ ഇടറാന്‍ തുടങ്ങും. പല പാശ്ചാത്യ രാജ്യങ്ങളും കുടുംബത്തകര്‍ച്ചകളുടെ പണിതഫലങ്ങള്‍ നേരിടുകയാണ്.

വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം തിന്മയുടെ ആധിപത്യം ലോകത്തില്‍ കൊണ്ടുവരുകയാണ്. ആത്മീയതയില്‍ വിള്ളലുകള്‍ വീഴുമ്പോള്‍ ലോകത്തിന്റെ കെട്ടുറപ്പാണ് തകരാന്‍ തുടങ്ങുന്നത്. സാമ്പത്തികമായി മുമ്പില്‍നില്ക്കുന്ന രാജ്യങ്ങളുടെ തകര്‍ച്ചകള്‍ക്ക് ആയിരിക്കും അതു വഴിവയ്ക്കുന്നത്. 1960-കളില്‍ അമേരിക്കയില്‍ ഉടലെടുത്ത ഹിപ്പിപ്രസ്ഥാനം കേരളത്തിലെ കലാലയങ്ങളില്‍വരെ ഒരു കാലത്ത് കാര്യമായി സ്വാധീനം ചെലുത്തിയിരുന്നു.

നിലനിന്നിരുന്ന സംവിധാനങ്ങളെ മുഴുവന്‍ ചോദ്യം ചെയ്തു നിലവില്‍വന്ന ആ ആശയം ചെറുപ്പക്കാരെ വളരെ വേഗം ആകര്‍ഷിച്ചു. മദ്യവും മയക്കുമരുന്നും ലൈംഗികതയുമൊക്കെയായിരുന്നു അതിന്റെ മുഖമുദ്ര. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, എഴുത്തുകാരും കലാകാരന്മാരും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അതിന്റെ അനന്തരഫലം ഭീകരമായിരുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായി എണ്ണപ്പെട്ട അനേകം യുവജനങ്ങള്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും പിടിയില്‍ലകപ്പെട്ടു ഭാവി നഷ്ടപ്പെടുത്തി.

എഴുത്തുകാരും ബുദ്ധിജീവികളും മദ്യപിക്കുകയും മയക്കുമരുന്നുകള്‍ ഉപയോഗിക്കണമെന്ന ധാരണ എങ്ങനെയോ പരന്നു. അതിനെ അന്ധമായി അനുസരിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടം പല കാമ്പസുകളിലും രൂപപ്പെട്ടു. ധാര്‍മികതയെ പാടെ മാറ്റിനിര്‍ത്തി രൂപപ്പൈട്ട ആ മുന്നേറ്റം തകര്‍ത്തുകളഞ്ഞ വ്യക്തികളുടെ ജീവിതം പരിശോധിച്ചാല്‍ മനസിലാകും ദൈവത്തെ മാറ്റിനിര്‍ത്തിയുള്ള നിയമങ്ങളിലെ അപകടങ്ങള്‍.

തിന്മക്ക് വളരെ വേഗത്തില്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും. കാരണം, സമൂഹം തെറ്റെന്നു കല്പിച്ചു മാറ്റിനിര്‍ത്തിയിരിക്കുന്ന പലതിനും സാമൂഹ്യമായ മാന്യത കല്പിച്ചുകൊണ്ടായിരിക്കും ഇത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ആരംഭിക്കുന്നത്. സ്വാഭാവികമായും അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് യുവജനങ്ങളായിരിക്കും. തലമുറകളെ നശിപ്പിക്കുന്ന അര്‍ബുദമായി അതു വേഗത്തില്‍ വളരും. പേരുകേട്ട സംസ്‌കാരങ്ങള്‍ തകര്‍ന്നുപോയതിന്റെ കാരണമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് നഷ്ടപ്പെട്ട ധാര്‍മികതയാണ്.

പ്രാര്‍ത്ഥനയും ദൈവവിശ്വാസവും ലോകത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന മതിലുകളാണ്. വിശ്വാസികളുടെയും അവിശ്വാസികളുടെയും ധാര്‍മികതയുടെ അളവുകോലുകളില്‍പ്പോലും വ്യത്യാസങ്ങള്‍ ഉണ്ടാകും. തെറ്റുചെയ്യാന്‍ സാധ്യതകള്‍ ഉള്ളപ്പോഴും പലരെയും അതില്‍നിന്നും പിന്തിരിപ്പിക്കുന്നത് ദൈവവിശ്വാസമാണ്. നിയമംകൊണ്ട് വിശ്വാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച പല രാജ്യങ്ങളും തകര്‍ന്നുപോയി. വിശ്വാസത്തിന് ഇളക്കംതട്ടാതെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ സുഗമമായ നിലനില്പിന്റെ ആവശ്യമാണ്. തിന്മയില്‍നിന്നും സമൂഹത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന ആവരണമാണ് ആത്മീയത എന്നത് വിസ്മരിക്കരുത്.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?