Follow Us On

17

July

2019

Wednesday

യേശുവേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു

യേശുവേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു

കരുണയുടെ ഈശോയുടെ ചിത്രത്തിനു മുമ്പില്‍ ആദരവോടെ, ഭക്തിയോടെ കൈകൂപ്പി ഒരു നിമിഷം നിന്നു. പ്രാര്‍ത്ഥനയോടെ ആ ചിത്രത്തെ അടിമുടി വീണ്ടും നോക്കിയപ്പോള്‍ മനസില്‍ വിരിഞ്ഞ ചിന്തകളും പ്രാര്‍ത്ഥനകളുമാണ് ഇവിടെ കുറിക്കുന്നത്.

വളരെ പ്രത്യേക വശ്യതയുള്ള ചിത്രം! നീണ്ടുമെലിഞ്ഞ മുഖവും രൂപവും. കണ്ണുകള്‍ക്ക് വലുപ്പം കുറവാണെങ്കിലും ആഴക്കടലിന്റെ ശാന്തത. ഹൃദയഭാഗത്തുനിന്ന് രണ്ട് പ്രകാശകതിരുകള്‍ ചിത്രത്തിന്റെ ഫ്രെയിമിന് പുറത്തേക്കുവരെ നീളുന്നു. ഇളംചുവപ്പും തൂവെണ്‍മയുമായി ഒഴുകിയെത്തുന്ന പ്രകാശവഴികള്‍ ഹൃദയം നിറയുന്ന ദൈവികതയും മാനുഷികതയും എന്നോട് മന്ത്രിക്കുന്നു. ആ പാദം മൂടുന്ന നീണ്ട അങ്കി ഒത്തിരി മുറിവുകള്‍ ഒളിപ്പിച്ചുവയ്ക്കുന്നു. സിസ്റ്റര്‍ ഫൗസ്റ്റീന മൊഴിഞ്ഞ വാക്കുകള്‍ ഒഴുകിവരുന്നു. ‘യേശുവേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു’ എന്ന് നിരന്തരം മന്ത്രിക്കുവാന്‍ ആ അധരങ്ങള്‍ ആവശ്യപ്പെടുന്നു.

കണ്ണീരിന്റെ തീരങ്ങളില്‍നിന്ന് പുറപ്പെട്ട് കാനാന്‍ദേശം തേടുന്ന ഈ പുറപ്പാട് ജീവിത്തില്‍ കര്‍ത്താവേ, എനിക്കെന്നും പ്രാര്‍ത്ഥിക്കുവാന്‍ ഒരു മന്ത്രമേയുള്ളൂ… ‘ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു.’ ശക്തന്മാര്‍ ആരെയും ആശ്രയിക്കുന്നില്ല. അവര്‍ക്ക് അതിന്റെ ആവശ്യമില്ല. തങ്ങളുടെ കഴിവിലും സിദ്ധികളിലുമാണ് അവര്‍ വിജയത്തിന്റെ അടിസ്ഥാനമുറപ്പിക്കുന്നത്. അവര്‍ക്ക് ആയുധങ്ങള്‍ ആവോളമുണ്ട്. ജന്മംകൊണ്ട് കരഗതമായ പൊക്കത്തിലും വണ്ണത്തിലും അവര്‍ അഭിമാനിക്കുന്നു. കാഹളധ്വനികളിലും ഗോലിയാത്തുമാര്‍ ആഹ്ലാദിച്ച് ആരവമുയര്‍ത്തുന്നു.

ബലം കുറഞ്ഞവനാണ്, ആയുധങ്ങള്‍ ഇല്ലാത്തവനാണ് മറ്റുള്ളവന്റെ പേര് പറഞ്ഞ് വിജയിക്കുവാന്‍ നോക്കുന്നത്. ”വാളും കുന്തവും ചാട്ടുളിയുമായി നീ എന്നെ നേരിടാന്‍ വരുന്നു. ഞാനാകട്ടെ സൈന്യങ്ങളുടെ കര്‍ത്താവിന്റെ നാമത്തിലാണ് വരുന്നതെന്ന് ദാവീദ് പിറുപിറുക്കുന്നു” (1 സാമു. 17:15). ബലം കുറഞ്ഞ ദാവീദാണ് കര്‍ത്താവേ ഞാനും. അതിനാല്‍ നിന്റെ കരംപിടിക്കാതെ, നിന്റെ നാമം ഏറ്റുപറയാതെ എനിക്ക് വിജയിക്കാനാവില്ല. എന്റെ ബലഹീനതകളാണ് ബലവാനായ നിന്നിലേക്ക് നോക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

”രോഗങ്ങളാല്‍ ശരീരം ബലഹീനമാണ്; കഴിവുകള്‍ കുറഞ്ഞ മനസും ബലഹീനമാണ്; കാഴ്ചപ്പാടുകളിലും ചിന്തകളിലും ബലഹീനനാണ്.”
നന്മയുടെ താഴ്‌വാരങ്ങളില്‍ നില്‍ക്കുവാനും നമ്മള്‍ പുഷ്പിക്കുവാനും ആഗ്രഹിക്കുന്നുവെങ്കിലും തിന്മയുടെ കാട്ടുപൂക്കളാണ് എന്നില്‍ വിരിയുന്നത്. ആഗ്രഹിക്കാത്ത ദുര്‍ഗന്ധവുമായി വിടര്‍ന്നു നില്‍ക്കുന്ന ഈ ജന്മത്തിന് വസന്തമായ നിന്നിലേക്ക് തലലുയര്‍ത്താന്‍ മോഹം.

‘ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന്’ (റോമാ 7:19) മൗനസന്ധ്യകളില്‍ ഞാനും വിലപിക്കുന്നു. ഓരോ കാല്‍വയ്പും നന്മയിലേക്കാകണമെന്ന് മനസില്‍ തീരുമാനിച്ചിരുന്നു. പക്ഷേ തിന്മയിലേക്ക് തെന്നി വീഴുവാന്‍ മാത്രം അത് ബലഹീനമായിപ്പോയി. വീഴാന്‍ അനുവദിക്കില്ല, വീഴില്ല എന്ന് പ്രാര്‍ത്ഥിച്ച് നടന്നിട്ടും തലകുത്തി വീഴുന്ന ബലഹീനനായവന്റെ മൗനനൊമ്പരങ്ങളില്‍ നിന്നിലേക്ക് തലയുയര്‍ത്താതെ മറ്റെന്ത് വഴി എനിക്കേറെ പോകാനുണ്ട്. നടക്കാനിരിക്കാനാവില്ല. വീഴുമെന്നുറപ്പായിട്ടും നടക്കാതിരിക്കാനാവാത്തവന്റെ ഈ പദസഞ്ചലനത്തില്‍ അങ്ങ് എന്റെ കൈ പിടിക്കണം. വീണാല്‍ വലിച്ച് പൊക്കണം. അതെ! ബലഹീനമായവന്റെ, തോറ്റുപോകുന്നവന്റെ പ്രാര്‍ത്ഥനയായി ഞാനും ഉരുവിടുന്നു… ”കര്‍ത്താവേ, ഞാന്‍ അങ്ങില്‍ ആശ്രയിക്കുന്നു..’


വിശുദ്ധ തീരുമാനങ്ങളുടെ ചിറകടിയുമായി ഓരോ ഒന്നാം തീയതികളും ഓരോ പ്രഭാതങ്ങളും പിറക്കുന്നു. പക്ഷേ അന്തിമേഘങ്ങള്‍ക്ക് മുമ്പു അവയുടെ ചിറകറ്റ് വീഴുന്നു. വിജയത്തിന്റെ കൊടുമുടികളിലേക്ക് നോക്കി വിജയിക്കണമെന്ന ശാഠ്യത്തോടെ ഒന്നാം കാല്‍വയ്പ് നടത്തുന്നു. പക്ഷേ പരാജയപ്പെട്ടുപോകുമെന്ന ഉള്‍ഭീതിയില്‍ ഞാന്‍തന്നെ പിന്‍വാങ്ങുന്നു.

എത്താന്‍ കഴിഞ്ഞില്ലെങ്കിലോ, തോറ്റുപോയാലോ, നാണംകെടുകയില്ലേ….. എന്നൊക്കെ സ്വയം ചിന്തിച്ച് ഞാന്‍ പിന്‍വാങ്ങുന്നു. പരാജയഭീതിയാണ് ഞങ്ങളെ പലരെയും തോല്‍പിക്കുന്നത്. ആവേശത്തിലും ആത്മാര്‍ത്ഥതയിലും പലയുദ്ധക്കളത്തിലും ഇറങ്ങിച്ചാടിയാലും നിമിഷങ്ങള്‍ക്കുള്ളില്‍ ഉള്ളില്‍ മുഴങ്ങുന്ന പരാജയഭീതിയുടെ പെരുമ്പറശബ്ദത്തില്‍ കൂടാരങ്ങളിലേക്ക് പിന്‍വാങ്ങി ഓടിയൊളിക്കുന്നു. തോറ്റു പോകുമോ….. തോറ്റാല്‍ നാണക്കേടല്ലേ….. എന്ന ചിന്ത എന്നെ എന്നും തോല്‍പിക്കുന്നു.

പരീക്ഷയില്‍ തോല്‍ക്കുമോ, ഇന്റര്‍വ്യൂവില്‍ തോല്‍ക്കുമോ, ടെസ്റ്റില്‍ തോല്‍ക്കുമോ എന്ന ചിന്തയാല്‍ പല വേദികളില്‍നിന്നും ആരും കാണാതെ പിന്‍വാങ്ങുന്നു. ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ട്….. വണ്ടി ഓടിച്ചാല്‍ മുട്ടുമെന്ന ഭീതിയാല്‍ വണ്ടി സ്വന്തമായി ഉണ്ടായിട്ടും ഓടിക്കാത്ത സുഹൃത്ത് എനിക്കുണ്ട്. തോറ്റാല്‍ ആരും കൊല്ലുമൊന്നുമില്ലെന്ന് പരീക്ഷയുടെ തലേദിവസം അന്ന് ധൈര്യം തന്ന അധ്യാപകരും ഇന്ന് കുറവാണ്. തോല്‍ക്കരുത്, ജയിക്കാന്‍ ജനിച്ചവനാണ് നീ…. കരയുന്നത് വിഡ്ഢിത്തമാണ് എന്നൊക്കെ കാലം പറഞ്ഞുവച്ച സൂക്തങ്ങള്‍ വീണ്ടും പേടിപ്പിക്കുമ്പോള്‍ കര്‍ത്താവേ നിന്നോട് ഞാന്‍ പ്രാര്‍ത്ഥിക്കും…. ‘യേശുവേ, ഞാന്‍ അങ്ങയില്‍ ആശ്രയിക്കുന്നു.’

അമിതമായ ആകുലതകളുടെ തിരമാലകള്‍ ചുറ്റിലും ഉയര്‍ന്ന് വീശുമ്പോള്‍ വീണ്ടും ഞാന്‍ താഴുകയാണ്. മനസ് തന്നെ കാറ്റടിച്ച് ഉയര്‍ത്തുന്ന ഉല്‍ക്കണ്ഠകളും ഈ തിരമാലകളില്‍ ജീവിതത്തിന്റെ ചെറുവള്ളം ഉലയുന്നു. മാനുഷിക ബുദ്ധിക്ക് എത്തിനോക്കാനാവാത്ത നാളെകള്‍ മനസില്‍ വിഹ്വലതകളുയര്‍ത്തുന്നു.
ഈ രാത്രിക്കുശേഷം നാളെ സൂര്യനുദിക്കുമോ? ഭൂമി കറങ്ങുമോ? കിളികള്‍ പാടുമോ..? വിഡ്ഢിത്തപരമായ ചോദ്യങ്ങളാണെന്ന് അറിയാമെങ്കിലും ഞാന്‍ ചിന്തിച്ചുപോകുന്നു, ചോദിച്ചു പോകുന്നു, എന്തൊരു ടെന്‍ഷന്‍!

ഞാന്‍ ചിന്തിക്കും ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ രോഗം ഈ ടെന്‍ഷനാണെന്ന്… മക്കളെക്കുറിച്ച്, ജീവിതപങ്കാളിയെക്കുറിച്ച്, ജോലിയെക്കുറിച്ച്, സാമ്പത്തിക മെച്ചങ്ങളെക്കുറിച്ച്, ഓരോന്ന് ചിന്തിച്ച് നാം നമുക്കുതന്നെ തടവറ നിര്‍മിക്കുന്നു. പിന്നെ അതിനുശേഷം… ഇങ്ങനെ ഓരോന്ന് ചിന്തിച്ച് വെറുതെ നമ്മെത്തന്നെ തോല്‍പിക്കുന്നു. കര്‍മശേഷിയുടെ ജലസംഭരണിക്ക് ഇടുന്ന തുളയാണ് ഈ ഉല്‍ക്കണ്ഠ. അതിലൂടെ വിജയശക്തിയാണ് ഒഴുകിപ്പോകുന്നത്.

അവര്‍ എന്ത് പറയും? എന്തു ചിന്തിക്കും? അവര്‍ അങ്ങനെ പറഞ്ഞാല്‍? ഇങ്ങനെ ചെയ്താല്‍ എന്നൊക്കെയുള്ള ചിന്തകള്‍ കള്ളനെപ്പോലെ എന്നെ കവരുന്നു. വരുന്നിടത്ത് വച്ച് കാണാം എന്ന് പറഞ്ഞ് മനസിനെ ശാന്തമാക്കുവാന്‍ കഴിയുന്നില്ല. ‘നാളയെക്കുറിച്ച് ആകുലപ്പെടേണ്ട’ എന്ന തിരുവചനം എത്രയോ പ്രാവശ്യം വായിച്ചിട്ടും നാളയെക്കുറിച്ച് തന്നെ ടെന്‍ഷന്‍ പിടിക്കുന്നതാണ് മനസിന്റെ വിരോധാഭാസം. ഈ ആകുലതകള്‍കൊണ്ട് യാതൊരു കാര്യവുമില്ല, ഒരു മാറ്റവും സംഭവിക്കുവാന്‍ പോകുന്നില്ല എന്ന് അറിഞ്ഞിട്ടുതന്നെ വെറുതെ ഉല്‍ക്കണ്ഠപ്പെടുന്നു. ചെറുതും വലുതുമായ അര്‍ത്ഥശൂന്യചിന്തകള്‍ ഉയര്‍ത്തുന്ന ഈ തിരമാലകളില്‍ മുങ്ങിത്താഴുമ്പോള്‍ കര്‍ത്താവേ തീക്ഷ്ണതയോടെ ഞാന്‍ ഏറ്റുപറയട്ടെ ‘ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു.’

ആളുകള്‍ക്ക് എന്തൊരു ഓര്‍മയാണ്. പഴയ മുറിവുകളും വ്രണങ്ങളും അവര്‍ മറക്കുന്നില്ല. നന്മയുടെയും ലാഭത്തിന്റെയും സുഗന്ധവഴികള്‍ മനഃപൂര്‍വമോ അല്ലാതെയോ മറക്കുമ്പോഴും ചില ഓര്‍മകളെ അവര്‍ താലോലിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകളും വീഴ്ചകളും മറക്കുവാന്‍ ആ മനസുകള്‍ മടിക്കുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബസില്‍ ടിക്കറ്റ് എടുക്കാത്തതിന് കണ്ടക്ടര്‍ പിടിച്ച കാര്യം ഈയിടെ കണ്ട ഒരു സ്ത്രീ എന്നെ കള്ളച്ചിരിയോടെ ഓര്‍മിപ്പിച്ചു.
45 വര്‍ഷം പഴക്കംചെന്ന ഒരു കൗമാരത്തെറ്റ് ഇന്നും ഓര്‍ത്തുവച്ച് പഴയ വ്രണങ്ങളില്‍ കുത്തി നിഗൂഢ സുഖത്തിന്റെ സാഡിസം അവര്‍ അനുഭവിക്കുന്നു.

പലരുടെയും കുറ്റപ്പെടുത്തലുകള്‍ എന്നില്‍ കുറ്റബോധത്തിന്റെ അലകള്‍ നിറയ്ക്കുകയാണ്. പ്രായത്തിന്റെ ചാപല്യങ്ങളും വീഴ്ചകളും പരിണാമത്തിന്റെ സ്വാഭാവിക തരംഗങ്ങളാണെന്ന് ബോധ്യപ്പെടുത്താന്‍ പലര്‍ക്കും സ്വയം കഴിയുന്നില്ല. കുറ്റബോധത്താല്‍ തലകുനിഞ്ഞുതന്നെ ജീവിക്കുന്നു പലരും… കുമ്പസാരത്തില്‍ പാപം മുഴുവന്‍ പറഞ്ഞോ, ചിലതൊക്കെ വിട്ടുപോയോ, കര്‍ത്താവ് ക്ഷമിക്കുമോ എന്നൊക്കെ എല്ലാ കുമ്പസാരത്തിനും ചോദിക്കുന്ന ഒരു സഹോദരിയുടെ സ്വരം ഓര്‍മവരുന്നു. കുറ്റബോധത്തിന്റെ വന്യമൃഗങ്ങള്‍ വേട്ടയാടുന്നതിനാല്‍ ദാമ്പത്യജീവിതത്തിന്റെ സ്വച്ഛത നഷ്‌പ്പെട്ട പേടമാനുകളെ ഞാന്‍ കണ്ടിട്ടുണ്ട്.

പ്രണയനഷ്ടത്തിന്റെ പളുങ്കുപാത്രങ്ങള്‍ക്ക് പകരമായി ദൈവവിളികളുടെ കാസകള്‍ കൈയിലെടുക്കാന്‍ ശ്രമിച്ചവരെയും അറിയാം. എന്നാല്‍ അവരുടെ ജീവിതങ്ങള്‍ക്ക് സമര്‍പ്പിത ജീവിതത്തിന്റെ സന്തോഷവും പുഞ്ചിരിയും വിരിയുന്ന മഴവില്ലുകള്‍ അന്യമാണ്.
കുറ്റബോധത്തിന്റെ പുഴുത്ത വ്രണങ്ങളെ മാന്തിയിരുന്ന് തന്നിലേക്കുതന്നെ ചുരുങ്ങുവാന്‍ എന്നെ പ്രഘോഷിക്കുന്ന മാനസികശൈത്യത്തിന്റെ മഞ്ഞുകാറ്റില്‍ കൂപ്പിയ കൈകളോടെ ഞാന്‍ നിന്നെ നോക്കുന്നു; നിന്റെ നാമം മന്ത്രിക്കുന്നു…. ‘യേശുവേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു.’

ഫാ. മാത്യു ആശാരിപറമ്പില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?