Follow Us On

29

May

2020

Friday

മനസിലൊരു നൊമ്പരപ്പൂവ്

മനസിലൊരു നൊമ്പരപ്പൂവ്

വല്ലാതെ നമ്മെ സ്‌നേഹിക്കുകയും അതോടൊപ്പം ശാസനയും ഉപദേശവും നല്‍കുകയും ചെയ്യുന്നവരുടെ പെട്ടെന്നുള്ള വേര്‍പാടുകള്‍ നമ്മെ നൊമ്പരപ്പെടുത്തും. കാരണം ഈ ശാസനത്തിനും പരിഭവത്തിനുമപ്പുറം സ്‌നേഹത്തിന്റെ സ്‌നിഗ്ദത അവരുടെ വാക്കുകളില്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന ഓര്‍മയാണത്. ഒരു ദിനം അവര്‍ നമ്മില്‍നിന്ന് അകലുമ്പോഴാണ് ആ സ്‌നേഹത്തെക്കുറിച്ച് നാം മനസിലാക്കുന്നത്. കുന്നംകുളത്തെയും പരിസരപ്രദേശങ്ങളിലെ ദൈവാലയങ്ങളെയും വ്യക്തികളെയും ദീര്‍ഘകാലം പത്രത്താളിലൂടെ പരിചയപ്പെടുത്തിയ ജോബേട്ടന്റെ വിയോഗത്തില്‍ ആ ഓര്‍മകളെന്റെ മനസിലിപ്പോള്‍ കരിമുകിലുകളായി നിറയുന്നു.

ജോബ് സ്രായില്‍ എന്ന 71 കാരനെ ഞാനാദ്യം പരിചയപ്പെടുന്നത് ഫോണിലൂടെയാണ്, 19 വര്‍ഷം മുമ്പായിരുന്നു അത്. പത്രത്തിലെ വായനക്കാരുടെ കോളങ്ങളില്‍ ഇടയ്ക്കിടെ കത്തുകളെഴുതുന്ന വ്യക്തി. അതിനാല്‍ അദേഹം ഫോണില്‍ പേരു പരിചയപ്പെടുത്തിയപ്പോള്‍ കൗതുകം തോന്നി. ഒരു മകനുണ്ടെന്ന് മാത്രമേ അദേഹം അന്ന് പറഞ്ഞുള്ളൂ. സംസാരത്തിനൊടുവില്‍ കുന്നംകുളം വാര്‍ത്തകള്‍ പതിവായി പത്രത്തില്‍ അയക്കാമെന്നും പറഞ്ഞു.
അതായിരുന്നു തുടക്കം. പിന്നെ അദേഹം വാര്‍ത്തകള്‍ അയച്ചുതന്നുകൊണ്ടിരുന്നു. ചെറിയ ഫീച്ചറുകള്‍.. നാട്ടുവിശേഷങ്ങള്‍, ലേഖനങ്ങള്‍, പള്ളികളുടെ ചരിത്രം, വൈദികരുടെ ജീവിതാനുഭവങ്ങള്‍…

അഞ്ചുവര്‍ഷത്തിനുശേഷം നേരില്‍ കാണുമ്പോഴാണ് ജോബ് സ്രായില്‍ പ്രായമേറിയ ‘ചെറുപ്പക്കാരനാണെന്ന്’ മനസിലാകുന്നത്. നിഷ്‌കളങ്കമായ ചിരി ഒളിപ്പിച്ച് അദേഹം തൃശൂര്‍ ഭാഷയില്‍ പറഞ്ഞു.
”ഇപ്പോ മനസിലായല്ലോ… ഈ വയസനാണ് വാര്‍ത്തകളൊക്കെ എടുക്കാനായി ഓടിച്ചാടി നടക്കുന്നതെന്ന്…”

അതിനാലാകണം പിന്നീടദേഹമെഴുതുന്ന ഫീച്ചറുകള്‍ മാറ്റിവെച്ചിട്ടില്ല. മിക്കപ്പോഴും അതു പ്രസിദ്ധീകരിച്ചു. ഒരു ലക്കം എത്തുംമുമ്പേ അടുത്ത മാറ്റര്‍ അദേഹമയക്കും. അയച്ച മാറ്റര്‍ ഒന്നുരണ്ടാഴ്ച കാണാതിരുന്നാല്‍ വിളിക്കും. കുശാലാന്വേഷണങ്ങള്‍ക്കുശേഷമാണ് പരിഭവം. വാര്‍ത്തകള്‍ വരാത്തതില്‍ സങ്കടം പറയും. ഒടുവില്‍ സന്തോഷത്തോടെ തന്നെ അവസാനിപ്പിക്കും.

ഓഫീസില്‍ വന്നതിനൊപ്പം ഒരിക്കല്‍ വീട്ടിലുമെത്തി. ഒന്നല്ല പലതവണ. ആജാനുബാഹുവായ ജോബേട്ടനെ ആദ്യം കണ്ട് വീട്ടുകാര്‍ അമ്പരന്നുപോയി. എന്നാല്‍ അതിനെക്കാള്‍ അവരെ അമ്പരപ്പിച്ചത് അദേഹത്തിന്റെ സ്‌നേഹം നിറഞ്ഞ വാക്കുകളായിരുന്നു. വലിയ ശരീരത്തില്‍നിന്ന് വരുന്നത് മൃദുത്വമാര്‍ന്ന വാക്കുകള്‍.. കുട്ടികള്‍ക്ക് ചെറിയ കളിപ്പാട്ടങ്ങള്‍.. പിന്നെ മധുര പലഹാരം. വാത്സല്യം വഴിഞ്ഞൊഴുകുന്ന വാക്കുകള്‍…

ആ സ്‌നേഹം ജീവിതാവസാനംവരെ അദേഹം കാത്തുസൂക്ഷിച്ചു. തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായ ഉടനെ വിളിച്ചു. ”സമയമുണ്ടെങ്കില്‍ തൃശൂരുവഴി വരുമ്പോള്‍ ഒന്നിറങ്ങണം. ഞാനിവിടെ അഡ്മിറ്റാണ് മോനേ..” നേരിയ സങ്കടത്തിന്റെ അലകള്‍ വാക്കിലുണ്ടായിരുന്നുവോ?
ചെന്നുകണ്ടപ്പോള്‍ മുഖത്ത് പുഞ്ചിരി. ചോദിച്ചതത്രയും വീട്ടിലെ വിശേഷങ്ങള്‍. കുട്ടികളുടെ പേരെല്ലാം ഓര്‍ത്തിരിക്കുന്നു. എല്ലാവരെയും കൂട്ടി അടുത്തതവണ വരണമെന്നു പറഞ്ഞു.

എന്റെ ചെറിയ കുട്ടി അല്‍ഫോന്‍സായെക്കുറിച്ചാണ് ഏറെയും ചോദിച്ചത്. അവളെന്തു ചെയ്യുന്നു. വലുതായോ? എന്റെ അന്വേഷണം അറിയിക്കണം… ഇങ്ങനെയാണ് അദേഹം അവസാനിപ്പിച്ചത്.

എന്നാല്‍ വീട്ടുകാരൊന്നിച്ച് അദേഹത്തെ കാണാന്‍ പോകാനായില്ല. രണ്ടാമത് പോയത് ഓഫീസില്‍നിന്നും പോയ ചെറിയൊരു ഗ്രൂപ്പിനൊപ്പമായിരുന്നു. അപ്പോഴേക്കും അദേഹം വല്ലാതെ പരിക്ഷീണനായിരുന്നു. ശരീരം ഭാഗികമായി തളര്‍ന്നിരിക്കുന്നു. കൈകളില്‍ കയറിപ്പിടിച്ചപ്പോള്‍ ഉറക്കത്തിലെന്നവണ്ണം വഴുതിപ്പോയി. ഇടയ്ക്ക് സ്‌നേഹത്തോടെ നോക്കി. ”ഇനി അധികകാലം മുന്നോട്ടുണ്ടെന്ന് തോന്നുന്നില്ല… ഇനി കാണാനും കഴിയുമെന്ന് തോന്നുന്നില്ല…” അത്രയുമേ പറഞ്ഞുള്ളൂ. അപ്പോഴേക്കും മയക്കത്തിലാണ്ടുപോയി.

”ഇപ്പോഴിങ്ങനെയാണ് ആള്. സംസാരിക്കുന്നതിനിടയില്‍ ഇടയ്ക്ക് ഉറങ്ങിപ്പോകുന്നു” അടുത്തിരുന്ന ബൈസ്റ്റാന്റര്‍ പറഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ മനസ് വല്ലാതെ ശൂന്യമായിരുന്നു. ഇനി അദേഹത്തെ കാണാന്‍ കഴിയില്ലെന്ന തോന്നല്‍ മടക്കയാത്രയില്‍ ശക്തിപ്പെട്ടു.

ആശുപത്രി വരാന്ത ഇറങ്ങുമ്പോള്‍ പരിചയപ്പൊട്ടൊരു മനുഷ്യന്‍ പറഞ്ഞത് ഇതുവരെ കേള്‍ക്കാത്തൊരു ജോബേട്ടനെക്കുറിച്ചായിരുന്നു. മറ്റുള്ളവരുടെ നന്മക്കുവേണ്ടി എന്തുചെയ്യാനും തയാറാകുന്ന വ്യക്തി. ഒരുപാടുപേരെ വിവിധ മീഡിയകളുമായി ബന്ധപ്പെടുത്തിയത് ആ മനുഷ്യനായിരുന്നു.
ഒന്നിനും അദേഹം തെല്ലും പ്രതിഫലം വാങ്ങിയിരുന്നില്ല. ‘നന്മ’ എന്ന പേരില്‍ ഒരു ജീവകാരുണ്യ സംരംഭം പോലും സ്വന്തമായി നടത്തുന്നുണ്ടായിരുന്നുവത്രേ. പാവപ്പെട്ട രോഗികളെ തന്റെ ഇല്ലായ്മയില്‍ നിന്നും സഹായിക്കാനുളള സംരംഭം. എന്നാല്‍ ആരോടും അതൊന്നും അദേഹം പറഞ്ഞില്ല. ഒരു വാര്‍ത്തയിലും ഒരുവരിപോലും എഴുതിയിട്ടില്ല.

ഒരാഴ്ചകഴിഞ്ഞ് (ജനുവരി 22) ഉച്ചകഴിഞ്ഞപ്പോള്‍ ജോബേട്ടന്റെ മകന്‍ ബിനുവിനെ വിളിച്ചു, ജോബേട്ടനെക്കുറിച്ച് അന്വേഷിക്കാനാണ് വിളിച്ചതെങ്കിലും ചോദിക്കും മുമ്പേ ബിനു പറഞ്ഞത് ‘ജോബേട്ടന്‍ മെഡിക്കല്‍ ഐസിയുവില്‍ അഡ്മിറ്റായി’ എന്നായിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലത്രേ. അന്നുവൈകുന്നേരം ബിനു വിളിച്ചു, ‘ജോബേട്ടന്‍ പോയെ’ന്ന് മാത്രം പറഞ്ഞു. ഉള്ളില്‍ ഒരു അഗ്നിപര്‍വ്വതം പൊട്ടിയൊഴുകി.

പിറ്റേന്ന് മൃതസംസ്‌കാര വേളയില്‍ പങ്കെടുത്തപ്പോള്‍ അമല മെഡിക്കല്‍ കോളജിലെ ഏതാനും വൈദികരും അതില്‍ പങ്കെടുത്തിരുന്നു. ഒപ്പീസിനുശേ ഷം അമലയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജയ്‌സണ്‍ മുണ്ടന്മാണി പറഞ്ഞ വാക്കുകള്‍ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. ആ വാക്കുകളിവിടെ കുറിക്കട്ടെ.. ”അമലയില്‍ വരുന്ന സമയമത്തെല്ലാം ജോബേട്ടന്‍ അച്ചന്മാരെ കണ്ട് സംസാരിച്ച ശേഷമേ മടങ്ങിപ്പോകാറുള്ളൂ. പലപ്പോഴും അദേഹം ആദ്യം ചോദിക്കുന്നത്. ”അച്ചാ, സുഖമാണോ?” എന്നാണ്. തന്റെ വേദനയും നൊമ്പരവും മറച്ചുവച്ച് അദേഹം മറ്റുള്ളവരുടെ സുഖത്തില്‍ ആനന്ദം കണ്ടു.

ഒരിക്കല്‍ പ്രമേഹരോഗത്തെ തുടര്‍ന്ന് കാല്‍വിരലുകള്‍ മുറിച്ചു കളയുന്ന അവസ്ഥയില്‍ ഞാന്‍ അദേഹത്തെ കാണാനെത്തി. സങ്കടകരമായ മുഖമാണ് പ്രതീക്ഷിച്ചതെങ്കിലും പുഞ്ചിരിക്കുന്ന മുഖഭാവത്തോടെയാണ് അദേഹം സ്വീകരിച്ചത്. അന്ന് ജോബേട്ടന്‍ പറഞ്ഞത്, എന്നെ തന്നെ വിശുദ്ധീകരിക്കുന്നതിനുവേണ്ടി ദൈവം ഒരുക്കിയ അവസ്ഥയാണിതെന്നാണ്. സഹനത്തെ വിശുദ്ധീകരണത്തിനുള്ള അവസ്ഥയായി കാണുന്ന വലിയ മനസിന്റെ ഉടമയാണ് ജോബേട്ടന്‍. നൂറുകണക്കിന് വേദനിക്കുന്ന രോഗികള്‍ക്ക് സാന്ത്വനവും സമാധാനവും ആശ്വാസവും പകര്‍ന്നുകൊടുക്കാന്‍ ജോബേട്ടന് സാധിച്ചിട്ടുണ്ട്.”

വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റിന്റെ വാക്കുകള്‍ കൂടി കുറിക്കാം. ”നമുക്ക് സ്വാഭാവികമായി മരണം ഉണ്ടാകും. എന്നാല്‍ ഞാന്‍ സാധുക്കള്‍ക്കുവേണ്ടി ചെയ്തിട്ടുള്ളവ ഓര്‍ക്കുമ്പോള്‍ സമാധാനവും ആശ്രയബോധവും തിരിച്ചുവരുന്നു. അതുകൊണ്ട് എന്റെ മരണം ഉറച്ചതും ശക്തവുമാണ്. തന്മൂലം ഞാന്‍ സ്വര്‍ഗത്തിലാണെന്ന തോന്നലാണ് എനിക്കുള്ളത്. അതുകൊണ്ട് സാധുക്കള്‍ക്ക് നന്മ ചെയ്ത് ജീവിക്കുക…”
മറ്റുളളവര്‍ക്കുവേണ്ടി ചെയ്യുന്ന നമ്മുടെ പ്രയത്‌നങ്ങളൊന്നും പാഴാവില്ല, പ്രിയ ജോബേട്ടാ… അങ്ങയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം.

 

ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?