Follow Us On

29

May

2020

Friday

കാല്‍നട തീര്‍ത്ഥാടകന്‍ യാത്രയായി

കാല്‍നട തീര്‍ത്ഥാടകന്‍ യാത്രയായി

വയനാട് പുല്‍പ്പള്ളി താമരക്കാട്ടില്‍ ജോസഫ് ചേട്ടനെ (73) ക്രിസ്ത്യന്‍ തീര്‍ത്ഥാടകരിലേറെപ്പേരും അറിയും. ഒരു കുരിശുമേന്തി വയോവൃദ്ധനായ ഒരാള്‍ ചാക്കു വസ്ത്രങ്ങളണിഞ്ഞ് പ്രാര്‍ത്ഥനാപൂര്‍വ്വം നടക്കുന്ന ഫോട്ടോ മാധ്യമങ്ങളില്‍ ഒരു തവണയെങ്കിലും നാം കണ്ടിട്ടുണ്ടാകും.

സ്വദേശമായ വയനാട്ടില്‍ നിന്നും മലയാറ്റൂരിലേക്ക് ചാക്കുടുത്ത് ചാരംപൂശി കുരിശുമേന്തി നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തിലൂടെയാണ് സൗമ്യനായ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്. ക്രിസ്തുവിന്റെ പീഡാസഹനത്തോട് സമരസപ്പെട്ട് ജീവിച്ച് മരിക്കണമെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
കുരിശു യാത്രക്കിടയില്‍ ദൈവത്തില്‍ വിലയം പ്രാപിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പല അഭിമുഖത്തിലും അദേഹം സൂചിപ്പിച്ചിട്ടുണ്ട്.

ഇത്തരമൊരു യാത്രയിലാണ് മരണം അദേഹത്തെ വന്നു കുട്ടിക്കൊണ്ടു പോയതും. ചെന്നൈയിലെ മൈലാപ്പുരില്‍ നിന്നും മലയാറ്റൂരിലേക്കുള്ള തീര്‍ത്ഥാടനത്തിനിടയില്‍ ലോറി തട്ടിയാണ് അദ്ദേഹം നിത്യതയിലേക്ക് യാത്രയാകുന്നത്.

മാനന്തവാടി സ്വദേശിയായ അദ്ദേഹം ചാക്കു വസ്ത്രം ധരിക്കുന്നതിനാല്‍ ‘ചാക്കച്ചന്‍ ‘ എന്ന പേരില്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നു.
തന്നെത്തന്നെ താഴ്ത്തി ദാസന്റെ രൂപം സ്വീകരിച്ച യേശുവിന്റെ സഹന മാതൃക സ്വജീവിതത്തില്‍ പകര്‍ത്തിയാണ് അദേഹം തന്റെ തീര്‍ത്ഥാടനമത്രയും നടത്തിയിട്ടുള്ളത്.

ശിരസില്‍ കാര കൊണ്ടുള്ള മുള്‍കിരീടം ചാര്‍ത്തി, ചണം കൊണ്ട് പൂര്‍ണമായും നിര്‍മിച്ച ചാക്കുവസ്ത്രവും ധരിച്ചായിരുന്നു ജോസഫ് ചേട്ടന്റെ ത്യാഗയാത്ര. പൊള്ളുന്ന വെയിലത്ത് ചെരുപ്പു ധരിക്കാതെ ഒരാള്‍ പൊക്കമുള്ള കുരിശും വഹിച്ചു നടത്തുന്ന തീര്‍ത്ഥാടനം ക്രിസ്തുവിന്റെ കുരിശ് യാത്രയെയാണ് അനുസ്മരിപ്പിക്കുന്നത്.

വിശ്വാസം കൈവിടുന്ന പുതുതലമുറയെ വിശ്വാസ ദീപ്തിയാല്‍ ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോസഫ് ചേട്ടന്‍ ഈ കുരിശു യാത്ര നടത്തിയിരുന്നത്. നോമ്പിന്റെ പൂര്‍ണതയില്‍ ത്യാഗത്തോടെ രക്ഷകനായ യേശുവിന്റെ പീഡാസഹനം അനുകരിക്കുവാനുള്ള ഈ വയോധികന്റെ ശ്രമം വാക്കുകള്‍ക്ക് അതീതമാണ്. മൂന്നും നാലും മണിക്കൂര്‍ നടത്തത്തിനിടയില്‍ ഇടക്ക് കുറച്ച് സമയം വിശ്രമം. അതും ബസ് സ്‌റ്റോപ്പുകളിലെ ഷെഡ്ഡില്‍.

ഏഴു പതിറ്റാണ്ട് പിന്നിട്ടതിന്റെ അവശതയും ക്ഷീണവും ജോസഫ് ചേട്ടന്റെ അര്‍പ്പണ മനോഭാവത്തെ ഒരിക്കലും തളര്‍ത്തിയിരുന്നില്ല.
പഞ്ചസാരചാക്കു കൊണ്ട് തുന്നിയെടുത്ത വസ്ത്രവും അരയില്‍ ചകിരിക്കയറും ധരിച്ചു ജീവിക്കുവാന്‍ ഇദ്ദേഹം ആരംഭിച്ചിട്ട് 16 വര്‍ഷത്തിലധികമായി. ഇതിനിടെ പൂര്‍ണ്ണമായും നടന്നുകൊണ്ട് മലയാറ്റൂര്‍ യാത്രകളുടെ എണ്ണവും അത്ര തന്നെ വരും.

കോഴിക്കോട് കല്ലാനോട്ടെ താമരച്ചാലില്‍ ആദ്യം താമസിച്ചിരുന്ന അദ്ദേഹം പിന്നീട് വയനാട്ടിലെ പുല്‍പ്പള്ളിയിലെ വാടക വീട്ടിലേക്ക് മാറുകയായിരിന്നു.
മുപ്പത് വര്‍ഷത്തോളമായി ഇവിടെയാണ് താമസം. ഇതിനിടെ രണ്ട് വര്‍ഷം ഡല്‍ഹിയിലെ സ്വര്‍ഗധ്യാന്‍ ആശ്രമത്തില്‍ ശുശ്രൂഷകനായും പ്രവര്‍ത്തിച്ചു.
തെരുവില്‍ അലയുന്നവരെ ആശ്രമത്തില്‍ എത്തിച്ച് വേണ്ട പരിചരണം നല്കുകയായിരുന്നു അന്ന് അദ്ദേഹത്തിന്റെ കടമ.

പിന്നീട് കാഞ്ഞങ്ങാട് സ്‌നേഹാലയത്തിലും ഇടക്കാലത്ത് ചെന്നൈയിലെ ആശ്രമത്തിലും സേവനമനുഷ്ഠിച്ചു. ഇതിന്റെ തുടര്‍ച്ചയെന്നോണം യേശുവിന്റെ സഹനത്തെ ജീവിതത്തോട് ചേര്‍ത്ത് വച്ച് ജീവിക്കുകയായിരുന്നു ഈ വയോധികന്‍.
ലോകത്തിനു മുന്നില്‍ ക്രിസ്തുവിന്റെ മാതൃക പിന്തുടര്‍ന്ന ജോസഫ് ചേട്ടനെ ഇനി തെരുവോരങ്ങളില്‍ നാം കാണില്ല. അതിനാല്‍ കുരിശുമരത്തെ എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന ജോസഫു ചേട്ടനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാം!

ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?