Follow Us On

25

August

2019

Sunday

സ്‌നേഹം പെയ്തിറങ്ങുന്നു

സ്‌നേഹം  പെയ്തിറങ്ങുന്നു

സമരിറ്റന്‍ സന്യാസ സഭാംഗമായ സിസ്റ്റര്‍ അലോഷ്യാ വ്രതവാഗ്ദാന സുവര്‍ണ ജൂബിലി നിറവിലാണ്. ബൈബിളിലെ പ്രധാനപ്പെട്ട വാക്കാണല്ലോ നല്ല സമറായന്‍. നന്മപ്രവൃത്തികള്‍ ചെയ്യുന്നവരെ അഭിസംബോധന ചെയ്യുന്ന ‘ഗുഡ്‌സമരിറ്റന്‍’ എന്ന വാക്ക് ആഗോളതലത്തില്‍ തന്നെ പ്രസിദ്ധം.
ബൈബിളിലെ ആ വാക്കിന്റെ സന്ദര്‍ഭവും ആഴവും മനസിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും വരുംതലമുറയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നതിനാണ് തൃശൂര്‍ അതിരൂപത വികാരി ജനറാളായിരുന്ന മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി 1961 ജനുവരി 25-ന് സമരിറ്റന്‍ സന്യാസ സമൂഹം രൂപീകരിക്കുന്നത്.

തൃശൂര്‍ മേഖലയില്‍ ഉണ്ടായിരുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുംവേണ്ടി മോണ്‍. ചിറ്റിലപ്പിള്ളി ആരംഭിച്ച ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗികളുടെ ബാഹുല്യത്തിനനുസരിച്ച് ആവശ്യമായ സന്യസ്തരെ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സമരിറ്റന്‍ സന്യാസ സമൂഹം എന്ന ആശയം ഉദിച്ചത്. ‘നീയും പോയി അതുപോലെ ചെയ്യുക’ എന്നതാണ് സമൂഹത്തിന്റെ ആപ്തവാക്യം.

ഇന്ന് ഈ സന്യാസ സമൂഹത്തിന് പത്തുസംസ്ഥാനങ്ങളില്‍ 28 രൂപതകളിലായി ആതുരശുശ്രൂഷാമേഖലയില്‍ 67 സന്യാസ ഭവനങ്ങളുണ്ട്. സഭയ്ക്ക് രണ്ടു പ്രൊവിന്‍സുകളാണ് ഉള്ളത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ അടങ്ങിയ ‘സ്‌നേഹോദയം’ സൗത്ത് പ്രൊവിന്‍സും ഒഡീഷ, ബീഹാര്‍, യു.പി, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട ‘സ്‌നേഹാരം’ നോര്‍ത്ത് പ്രൊവിന്‍സും.

പാലാ രൂപതയിലെ കാഞ്ഞിരത്താനം പരേതരായ വടക്കേക്കര വി.ജി. സിറിയക് – തോട്ടാശേരി തങ്കമമ ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമത്തെയാളാണ് സിസ്റ്റര്‍ അലോഷ്യാ. പിതാവ് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സിസ്റ്റര്‍ അലോഷ്യായുടെ ജീവിതത്തിലെ പ്രധാന സ്ഥലങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരത്തെ പാങ്ങോടുള്ള ഒ.സി.ഡി വൈദികരുടെ കാക്കല്‍ഹില്‍ മൊണാസ്ട്രി. അവിടെ സേവനം ചെയ്തിട്ടുള്ള ഒ.സി.ഡി വൈദികരുടെ ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവുമാണ് തന്നെ ദൈവവിളിയിലേക്ക് നയിച്ചതെന്ന് സിസ്റ്റര്‍ അലോഷ്യാ പറയുന്നു.

ഇടവകയിലെ ഭക്തസംഘടനയായ ‘പയസ് യൂണിയന്‍’ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മീയ പ്രചോദനം നല്‍കിയിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യയാണ് ഈ സംഘടനയുടെ സ്വര്‍ഗീയ മധ്യസ്ഥ. എല്ലാ ദിവസവും വിദ്യാര്‍ത്ഥികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് വികാരിയച്ചന്‍ ഉദ്‌ബോധിപ്പിച്ചിരുന്നു. ആരെങ്കിലും വിശുദ്ധ ബലിയില്‍ പങ്കെടുത്തില്ലെങ്കില്‍ അച്ചന്‍ അതിനെപ്പറ്റി അന്വേഷിക്കും. അതിനാല്‍ ഞങ്ങള്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ ദിവസവും പങ്കെടുത്തിരുന്നു.
ഇടവകയിലെ വേദപാഠക്ലാസുകള്‍, ജൂലൈ മാസത്തിലെ കര്‍മല മാതാവിന്റെ തിരുനാള്‍, വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണസമയത്ത് മാലാഖവേഷം അണിഞ്ഞുള്ള വിദ്യാര്‍ത്ഥികള്‍ ഇതെല്ലാമന്ന് വിശ്വാസത്തിന്റെ പ്രതീകങ്ങളായിരുന്നു.

സഭയില്‍ ചേരാനൊരുങ്ങുമ്പോള്‍…
”പ്രീഡിഗ്രി പഠിക്കുമ്പോള്‍ സന്യാസ സമൂഹത്തില്‍ ചേരണമെന്നുള്ള ആഗ്രഹം വീട്ടില്‍ അറിയിച്ചപ്പോള്‍ പിതാവിന്റെ കര്‍ക്കശനിര്‍ദേശം ഏതു ജീവിതാന്തസ് തിരഞ്ഞെടുക്കുന്നതും ഡിഗ്രിയ്ക്കുശേഷം മാത്രം മതിയെന്നായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം വിമന്‍സ് കോളജില്‍നിന്നും ഡിഗ്രി പാസായി. അശ്വതിഭായി തമ്പുരാട്ടി സഹപാഠിയായിരുന്നു. ഡിഗ്രി പഠനത്തിനുശേഷം കോണ്‍വെന്റ് സ്‌കൂളില്‍ അധ്യാപികയായി ചേര്‍ന്നു. ഒരു വര്‍ഷം അവിടെ സേവനം ചെയ്തു. ആ സമയത്താണ് സമരിറ്റന്‍ സന്യാസ സഭയെപ്പറ്റി വികാരിയച്ചന്‍വഴി അറിയുന്നത്. കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്നത് വ്യത്യസ്തമായ ആതുരശുശ്രൂഷാ മേഖലയായതുകൊണ്ടാണ് അതിനോട് ആഭിമുഖ്യം തോന്നിയത്. അങ്ങനെയാണ് 1966 ഒക്‌ടോബറില്‍ അധ്യാപികജോലി ഉപേക്ഷിച്ച് സമരിറ്റന്‍ സന്യാസ സഭയില്‍ ചേരുന്നത്.” സിസ്റ്റര്‍ പറയുന്നു.

ഈ സന്യാസ സമൂഹത്തിന്റെ നൊവിഷ്യേറ്റ് ഹൗസിലെ പ്രഥമ ബാച്ചിലെ അംഗമാണ് സിസ്റ്റര്‍ അലോഷ്യാ. 1969 ജനുവരി 26-നായിരുന്നു സിസ്റ്റര്‍ അലോഷ്യായുടെ പ്രഥമ വ്രതവാഗ്ദാനം. സന്യാസ പരിശീലനത്തിനുശേഷം സിസ്റ്റര്‍ അലോഷ്യായ്ക്ക് ലഭിച്ച ആദ്യത്തെ സേവനരംഗം കോയമ്പത്തൂരിലെ സെന്റ് ജോസഫ്‌സ് ഓര്‍ഫനേജ് ആയിരുന്നു. 1968 മാര്‍ച്ച് 19-ന് വിശുദ്ധ യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ ദിനമാണ് ഈ സ്ഥാപനം രൂപീകൃതമായത്.
സന്യാസ സമൂഹത്തിന്റെ സ്ഥാപകനായ മോണ്‍. പോള്‍ ചിറ്റിലപ്പിള്ളി കോയമ്പത്തൂരിന് സമീപമുള്ള പോത്തന്നൂരില്‍കൂടി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു വയോവൃദ്ധയെ മരണാസന്നനിലയില്‍ കാണാനിടയായി. നിരാലംബയായ ആ സ്ത്രീയെക്കുറിച്ചോര്‍ത്തപ്പോള്‍ അദേഹത്തിന്റെ മനമിടറി.

അശരണരും ആലംബഹീനരുമായവര്‍ക്ക് ഒരു ഭവനം സ്ഥാപിക്കണമെന്ന ആശയം അദ്ദേഹത്തിലുണ്ടായി. ഈ ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് സമരിറ്റന്‍ സന്യാസ സഭയുടെ പോത്തന്നൂരിലെ വയോജനാലയം. മൂന്ന് അംഗങ്ങളുമായി ആരംഭിച്ച ഈ ഭവനത്തില്‍ ഇപ്പോള്‍ 125 അന്തേവാസികളുണ്ട്. 60 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാര്‍ക്ക് ഇവിടെ അഭയം ലഭിക്കുന്നു. ഏതെങ്കിലും കാരണത്താല്‍ സ്വന്തം ഭവനത്തില്‍ താമസിക്കുവാന്‍ സാധിക്കാത്തവരാണ് ഇവിടെയുള്ള അന്തേവാസികള്‍. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തില്‍പരം പേര്‍ക്ക് ഈ ഭവനം അഭയം നല്‍കിയിട്ടുണ്ട്.

സ്ഥാപനത്തിന്റെ ആദ്യ സുപ്പീരിയര്‍ സിസ്റ്റര്‍ ലിഡിയ ചുങ്കത്തായിരുന്നു. സിസ്റ്റര്‍ ലിഡിയായുടെ കൈയില്‍ 200 രൂപ കൊടുത്തശേഷം കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബ്രാഞ്ചുകളുള്ള സ്ഥലങ്ങളിലെല്ലാം പോയി സഹായം അഭ്യര്‍ത്ഥിച്ചുകൊള്ളുക എന്നാണ് മോണ്‍. ചിറ്റിലപ്പിള്ളിയച്ചന്‍ സിസ്റ്ററിനോട് പറഞ്ഞത്. ഈ വൃദ്ധഭവനത്തിന്റെ പ്രവര്‍ത്തനമൂലധനമായിരുന്നു 200 രൂപ. കോയമ്പത്തൂരിന് പുറമെ പാലക്കാട്, പൊള്ളാച്ചി, ഈറോഡ്, തിരുപ്പൂര്‍, സോമനൂര്‍, കരുമത്താലപ്പെട്ടി മുതലായ സ്ഥലങ്ങളിലെല്ലാം സിസ്റ്റര്‍മാര്‍ കയറിയിറങ്ങി. അനാഥാലയത്തെപ്പറ്റിയും അതിന്റെ ഉദ്ദേശ്യത്തെപ്പറ്റിയും വിവരിച്ചു.

പൊതുജനങ്ങളില്‍നിന്നും നല്ല സഹായസഹകരണങ്ങളാണ് ലഭിച്ചത്. കോയമ്പത്തൂരിലെ രാമനാഥപുരം, പുലിയാകുളം, ഗൗരിപാളയം, കടവീഥി, കോട്ടമേട്, കാട്ടൂര്‍, വെള്ളല്ലൂര്‍, പോത്തന്നൂര്‍, ആര്‍.എസ്.പുരം, സായിബാബ കോളനി, ഗാന്ധിപുരം, ഇടയാര്‍പാളയം മുതലായ സ്ഥലങ്ങളിലെ വീടുകളിലും സിസ്റ്റര്‍മാര്‍ സന്ദര്‍ശിച്ചു. ഒരു രൂപ, രണ്ടുരൂപ, അഞ്ചുരൂപ, പത്തുരൂപ തുടങ്ങിയ പ്രതിമാസ സംഭാവനകളാണ് സിസ്റ്റര്‍മാര്‍ക്ക് ലഭിച്ചത്. കാല്‍നടയായിട്ടാണ് ഇവരുടെ യാത്ര. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും യാത്രാമധ്യേയുള്ള ഏതെങ്കിലും വീടുകളില്‍നിന്നും ലഭിച്ചിരുന്നു. കോയമ്പത്തൂര്‍ മേഖലയിലുള്ള വിവിധ വികാരിമാരും ഇടവകകളിലെ വിവിധ സംഘടനകളും ഇവര്‍ക്ക് താങ്ങും തണലുമായിരുന്നു.

1980-ല്‍ പോത്തന്നൂരിലെ ഈ വൃദ്ധഭവനം ‘ഹെല്‍പ് എയ്ജ്’ ഇന്ത്യയുമായി സഹകരിച്ച് ‘അഡോപ്റ്റ് എ ഗ്രാനി’ സ്‌കീം ആരംഭിച്ചു. അതായത് ഈ വൃദ്ധസദനത്തിലുള്ള ഒരാളെ ദത്തെടുക്കുക എന്നതാണ് ഈ സ്‌കീമിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിലെ വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികളെയും സ്ഥാപനാധികാരികളെയും ക്ഷണിച്ച് വരുത്തി, ഈ സ്‌കീമിനെപ്പറ്റി വിശദീകരിക്കുകയുണ്ടായി. ഇവരില്‍നിന്നും നല്ല സഹായസഹകരണങ്ങളാണ് ലഭിച്ചത്. ഈ വൃദ്ധസദനത്തിന്റെ ബാലാരിഷ്ടതകള്‍ മറികടക്കുന്നതിന് ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍വരെ ഇവര്‍ നല്‍കിയിരുന്നു.

കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളിലുമുള്ള സംഘടനകള്‍, ആഘോഷവേളകളില്‍ ഇവിടെയെത്തി ഈ അന്തേവാസികളുമായി സന്തോഷം പങ്കുവയ്ക്കാറുണ്ട്. കുടുംബങ്ങളിലുള്ള ആഘോഷങ്ങള്‍, വിവാഹം എന്നീ സന്ദര്‍ഭങ്ങളിലും സന്മനസുള്ളവര്‍ ഇവിടെ എത്താറുണ്ട്. വിവിധ സ്‌കൂളുകളില്‍നിന്നും പ്രധാന അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഈ ഓര്‍ഫനേജ് സന്ദര്‍ശിക്കാറുണ്ട്. അവരുടെ ചെറിയ സംഭാവനകള്‍ അവര്‍ ഇവിടുത്തെ അന്തേവാസികളുമായി പങ്കുവയ്ക്കുന്നു. അശരണരും ആലംബഹീനരും നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നും അവരെ സഹായിക്കേണ്ട കടമ മറ്റുള്ളവര്‍ക്ക് ഉണ്ടെന്നുമുള്ള സന്ദേശം ഈ സന്ദര്‍ശനങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.

ജീവിതം മാറുന്നു
ഉപരിപഠനത്തിനായി സിസ്റ്റര്‍ അലോഷ്യാ മംഗലാപുരത്ത് പോയി. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്.ഡബ്ല്യുവില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തൃശൂരിലെ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സേവനത്തിനുശേഷം ബീഹാറിലെ ധന്‍ബാദ്-നിര്‍മല ആശ്രമത്തിലേക്ക് എത്തിയ സിസ്റ്റര്‍ അലോഷ്യാ കുഷ്ഠരോഗികള്‍ മരണത്തോട് മല്ലടിക്കുന്ന കാഴ്ചയാണ് കണ്ടത്. ധന്‍ബാദ് എന്ന പട്ടണത്തില്‍ രണ്ടായിരത്തില്‍പരം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. സമൂഹത്തില്‍ ഭ്രഷ്ട് കല്പിച്ച ഇവര്‍ക്ക് ഒരു മേഖലയില്‍നിന്നും സഹായം ലഭിച്ചിരുന്നില്ല. ധാരാളം കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശമാണ് ധന്‍ബാദ്.

കല്‍ക്കരി ഖനനം ചെയ്തശേഷം ആ ഖനികള്‍ ഉപയോഗശൂന്യമാകുകയും കുറ്റിക്കാടുകള്‍കൊണ്ട് മൂടപ്പെടുകയും ചെയ്യുന്നു. സമൂഹത്തില്‍നിന്നും വെറുക്കപ്പെട്ട ഈ കുഷ്ഠരോഗികളുടെ ആശ്രയസ്ഥലമാണ് കുറ്റിക്കാടുകള്‍. ഭക്ഷിക്കാനു ഉടുക്കാനും ഇല്ലാതെയാണ് അവര്‍ ഇവിടെ കഴിയുന്നത്. ഇവരുടെ കഷ്ടതകള്‍ വര്‍ണനാതീതമാണ്. പല രോഗികളുടെയും അവയവങ്ങള്‍ രോഗം മൂര്‍ഛിച്ച് അറ്റുപോയിരിക്കുന്നു.

ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നശിച്ച ഇവര്‍ ദുര്‍മാര്‍ഗജീവിതമാണ് നയിച്ചിരുന്നത്. ദൈവത്തെപ്പറ്റിയോ മരണാനന്തര ജീവിതത്തെപ്പറ്റിയോ ഇവര്‍ അജ്ഞരാണ്. ഈ കാലഘട്ടത്തിലാണ് ജാംഷഡ്പൂര്‍ ബിഷപ്പും പിന്നീട് കര്‍ദിനാളുമായ കര്‍ദിനാള്‍ ലോറന്‍സ് പിക്കാച്ചി സമരിറ്റന്‍ സന്യാസ സഭയുടെ കുഷ്ഠരോഗ ശുശ്രൂഷയെപ്പറ്റി മനസിലാക്കുകയും അദ്ദേഹം മോണ്‍. ചിറ്റിലപ്പിള്ളിയുമായി ബന്ധപ്പെടുകയും ചെയ്യുന്നത്. അതിന്റെ ഫലമായിട്ടാണ് ജാംഷഡ്പൂര്‍ രൂപതയില്‍ സമരിറ്റന്‍ സന്യാസ സഹോദരിമാര്‍ എത്തുന്നത്. കുഷ്ഠരോഗീ ശുശ്രൂഷ ചെയ്യുന്ന സഭകള്‍ അന്ന് വിരളമായിരുന്നു.

സമരിറ്റന്‍ സന്യാസ സഭയുടെ മറ്റൊരു ഭവനമായ ബീഹാറിലെ ബൊക്കാറോ സ്റ്റീല്‍പ്ലാന്റിന് സമീപമുള്ള ദോരി മാതി സമരിറ്റന്‍ സേവാ കേന്ദ്രത്തിലെ അനുഭവങ്ങള്‍ സിസ്റ്റര്‍ അലോഷ്യാ പങ്കുവച്ചു. ഈ പ്രദേശം ഡാല്‍ട്ടണ്‍ഗഞ്ച് രൂപതാതിര്‍ത്തിക്കുള്ളിലാണ്. കല്‍ക്കരി ഖനികളാല്‍ നിറഞ്ഞ പ്രദേശമാണ് ബൊക്കാറോ. മുപ്പത് വീടുകള്‍ വീതമുള്ള പല കോളനികളും ഇവിടെയുണ്ട്. എല്ലാ വീടുകളിലും കുഷ്ഠരോഗികളായ ഒന്നില്‍ കൂടുതല്‍ അംഗങ്ങളുണ്ട്.

ധന്‍ബാദിലെ സമരിറ്റന്‍ സന്യാസ ഭവനത്തെപ്പറ്റിയും അവിടെ കുഷ്ഠരോഗികള്‍ക്ക് ലഭിക്കുന്ന ശുശ്രൂഷകളെപ്പറ്റിയും മനസിലാക്കിയ ഡാല്‍ട്ടണ്‍ഗഞ്ച് രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് സോഫിന്‍, മോണ്‍. ചിറ്റിലപ്പിള്ളിയുമായി ബന്ധപ്പെടുകയും കുഷ്ഠരോഗി പരിചരണത്തിനായി ഒരു ഭവനം ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ബിഷപ് മുന്‍കൈ എടുത്ത് സന്യാസ ഭവനത്തിനായി ഒരു വീടും ക്ലിനിക്കിനായി മറ്റൊരു കെട്ടിടവും ശരിയാക്കി.

ഇവിടെ ധോരി എന്ന സ്ഥലത്തുള്ള ഒരു കല്‍ക്കറി ഖനിയില്‍നിന്നും മാതാവിന്റെ തിരുസ്വരൂപം ഗ്രാമവാസികള്‍ക്ക് ലഭിച്ചു. മാതാവില്‍ വിശ്വസിച്ച ഈ ഗ്രാവാസികള്‍ക്ക് അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം ലഭിച്ചതോടുകൂടി സമീപപ്രദേശങ്ങളില്‍നിന്നും നിരവധി പേര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കുമായിരുന്നു. തുടര്‍ന്ന് ഇവിടെ ആരംഭിച്ച സമരിറ്റന്‍ ഹോസ്പിറ്റലിന് ധോരി മാതാ സമരിറ്റന്‍ സേവാകേന്ദ്ര എന്ന നാമകരണം നല്‍കി. 1973-ലാണ് ഇത് ആരംഭിച്ചത്.

സമരിറ്റന്‍ സന്യാസ സമൂഹത്തിന്റെ ആദ്യത്തെ ജനറല്‍ ചാപ്റ്ററില്‍ സെക്രട്ടറി ജനറല്‍, തുടര്‍ന്ന് ട്രഷറര്‍ ജനറല്‍, അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍, ജനറല്‍ കൗണ്‍സിലര്‍, സതേണ്‍ പ്രൊവിന്‍സിന്റെ പ്രഥമ പ്രൊവിന്‍ഷ്യാള്‍ എന്നിവയ്ക്കുപുറമെ പത്തോളം ഭവനങ്ങളില്‍ സുപ്പീരിയറായും സിസ്റ്റര്‍ അലോഷ്യാ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന പോത്തന്നൂരില്‍ ഇത് നാലാമത്തെ പ്രാവശ്യമാണെന്നത് സുവര്‍ണ ജൂബിലി തിളക്കം വര്‍ധിപ്പിക്കുന്നു.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ ജീവന്‍ രക്ഷിക്കുന്നതിന് സ്വന്തം ജീവന്‍ നല്‍കിയ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ സ്‌ക്കാഡ്രര്‍ ലീഡര്‍ മാത്യു സിറിയക്, സിസ്റ്റര്‍ അലോഷ്യായുടെ മൂത്ത സഹോദരനാണ്. 1977 നവംബര്‍ നാലിന് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി, പ്രധാന മന്ത്രിയുടെ മകന്‍ കാന്തിലാല്‍ ദേശായി, അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി പി.കെ. തുംഗന്‍, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ചഫ് ജോണ്‍ ലോബോ എന്നിവര്‍ സഞ്ചരിച്ചിരുന്ന ടി.യു. 124 എന്ന വിമാനത്തിന്റെ സഹപൈലറ്റായിരുന്നു സ്‌ക്കാഡ്രണ്‍ ലീഡര്‍ മാത്യു സിറിയക്. ഇവര്‍ ന്യൂഡല്‍ഹിയില്‍നിന്നും ആസാമിലെ ജോര്‍ഹാട്ട് എയര്‍ ബേബിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥ കാരണം റണ്‍വേ പൈലറ്റിന് കാണുവാന്‍ സാധിച്ചില്ല. നിര്‍ബന്ധിത ലാന്‍ഡിങ്ങ് മാത്രമായിരുന്നു ഏക പോംവഴി.

വിമാനത്തിലുള്ള വി.ഐ.പികളുടെ ജീവന്‍തന്നെയായിരുന്നു അവര്‍ക്ക് പ്രധാനം. തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ പൈലറ്റും സഹപൈലറ്റുമാരും തീരുമാനിച്ചു. വിമാനത്തിന്റെ മുന്‍വശം ചതുപ്പുനിലത്തില്‍ ഇടിച്ചിറക്കിയാണ് അവര്‍ വി.ഐ.പികളുടെ ജീവന്‍ രക്ഷിച്ചത്. വി.ഐ.പികള്‍ക്ക് യാതൊരു പോറലും കൂടാതെ വിമാനത്തില്‍നിന്നും ഇറങ്ങിയപ്പോള്‍, സ്‌ക്കാഡ്രന്‍ ലീഡര്‍ മാത്യു സിറിയക്കിന്റെ ഉള്‍പ്പെടെ അഞ്ച് എയര്‍ ഫോഴ്‌സ് പൈലറ്റുമാരുടെ ചേതനയറ്റ ശരീരമാണ് കോക്പിറ്റിലുണ്ടായിരുന്നത്.

ബാബു സിറിയക് (റിട്ട. ഐ.പി.എസ്) പരേതരായ ലീലാ ജോസഫ് ചൊവ്വാറ്റുകുന്നേല്‍, പരേതനായ സ്‌ക്കാഡ്രര്‍ ലീഡര്‍ മാത്യു സിറിയക്, ഡോമനിക് സിറിയക് വടക്കേക്കര (യു.എസ്.എ), അല്‍ഫോന്‍സാ എബ്രഹാം തെക്കുംമുറിയില്‍, ജോസ് സിറിയക് വടക്കേക്കര, പുഷ്പ ജോര്‍ജ് തെക്കേകണ്ടത്തില്‍ എന്നിവര്‍ സിസ്റ്റര്‍ അലോഷ്യായുടെ സഹോദരങ്ങളാണ്.

തോമസ് തട്ടാരടി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?