Follow Us On

28

March

2024

Thursday

ഗബ്രിയേലയെ വീണ്ടും താരമാക്കി പേപ്പൽ കമന്റ്: ‘അവളാളൊരു ധൈര്യവതി’

ഗബ്രിയേലയെ വീണ്ടും താരമാക്കി പേപ്പൽ കമന്റ്: ‘അവളാളൊരു ധൈര്യവതി’

അബുദാബി: സുരക്ഷാ നിയന്ത്രണങ്ങളെല്ലാം മറികടന്ന് ഫ്രാൻസിസ് പാപ്പയുടെ അടുത്തെത്തി ആശീർവാദം വാങ്ങുന്ന ഗബ്രിയേല എന്ന പെൺകുട്ടിയുടെ വീഡിയോ കണ്ടില്ലേ? സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായ ആ വീഡിയോയിലെ കുരുന്ന് പെൺകുട്ടി ഗബ്രിയേലയെ വീണ്ടും താരമാക്കി ഇതാ പേപ്പൽ കമന്റ്.

റോമിലേക്കുള്ള പാപ്പയുടെ മടക്കയാത്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പാപ്പ ഗബ്രിയേലയെ കുറിച്ച് പറഞ്ഞത്: ‘അവൾ ധൈര്യവതിയാണ്. ആ കുട്ടിക്ക് ശുഭമായ ഭാവിയുണ്ട്. അവളുടെ പാവം ഭാവി ഭർത്താവ്!,’ നർമരസത്തോടെ പാപ്പ പറഞ്ഞു.

യു.എ.ഇയിലെ ലക്ഷകണക്കിന് ആളുകൾക്കിടയിലൂടെ നടന്നു നീങ്ങിയപ്പോഴും അവളുടെ ആഗ്രഹം പാപ്പയുടെ അനുഗ്രഹം വാങ്ങി, താൻ എഴുതിയ കത്ത് അദ്ദേഹത്തിന് കൈമാറുക എന്നതായിരുന്നു. അതിനുവേണ്ടിയാണ് കൊളംബിയയിൽ നിന്ന് 13,000 കിലോമീറ്ററുകൾക്കിപ്പുറം ഫ്രാൻസിസ് പാപ്പയെ കാണാൻ ഗബ്രിയേല അബുദാബിയിൽ എത്തിയതും.

ദിവ്യബലി അർപ്പിക്കുന്നതിനായി പാപ്പ സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ എത്തിയപ്പോഴേക്കും, സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് അവൾ പാപ്പയുടെ അരികിലേക്ക് ഓടുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അവളെ തടഞ്ഞ് പേപ്പൽ വാഹനത്തിന് പോകാൻ വഴിയൊരുക്കിയെങ്കിലും പാപ്പ വാഹനം നിറുത്തിച്ച് അവളെ അടുത്തേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥൻ അവളെ പാപ്പയുടെ അരികിലേക്ക് എടുത്തുയർത്തി. പുഞ്ചിരിച്ചു കൊണ്ട് ആ പെൺകുട്ടിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച പാപ്പ, അവളുടെ കത്ത് കൈപ്പറ്റുകയും ചെയ്തു. സന്തോഷത്താൽ ഗബ്രിയേലയുടെ കണ്ണുകൾ നിറയുന്ന വികാരഭരിതമായ വീഡിയോ ദൃശ്യങ്ങൾ കാണുന്ന ഏതൊരു വ്യക്തിയുടെയും മനം നിറയ്ക്കുന്നതാണ്. ആ ദൃശ്യങ്ങളാവട്ടെ സാമൂഹ്യ മാധ്യമങ്ങളിൽ അനേകരാണ് ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?