Follow Us On

23

May

2019

Thursday

സത്യത്തിന് വയസായ കാലം

സത്യത്തിന്  വയസായ കാലം

യേശുവാകട്ടെ നിശബ്ദനായിരുന്നു (മത്തായി). അവന്‍ നിശബ്ദനായിരുന്നു (മര്‍ക്കോസ്). അവന്റെ മൗനം അത്രമേല്‍ കനമുള്ളതായിരുന്നു. മലമുകളില്‍ കത്തിച്ചുവച്ച വിളക്കായിരുന്നു അവന്‍. യൂദയായിലും സമരിയായിലും ആ വാക്കുകളുണ്ടാക്കിയ പ്രകമ്പനങ്ങള്‍ക്ക് അവസാനമുണ്ടായില്ല. സിനഗോഗുകളിലും കടല്‍ത്തീരങ്ങളിലും തെരുവോരങ്ങളിലും മുന്നറിയിപ്പും സാന്ത്വനവുമായി മാറിയ അവന്‍ പീഡാനുഭവ യാത്രയിലുടനീളം മൗനിയായിരുന്നു.

പീഡാനുഭവചരിത്രത്തില്‍ ആറ്റിക്കുറുക്കിയെടുത്താല്‍ അവന്റെ മൊഴികള്‍ വിരലിലെണ്ണാവുന്നത്ര വിരളമാണ്. എന്തുകൊണ്ട് ഒരു കുഞ്ഞാടിനെപ്പോലെ അവന്‍ നിശബ്ദനായി. യേശു സത്യത്തിന് സാക്ഷിയായവനാണ്. അവന്റെ മൊഴികളും വഴികളും സത്യമാണ്. പീഡാനുഭവ ചരിത്രത്തില്‍ ദുര്‍ബലമാകുന്നത് യേശു മാത്രമല്ല സത്യത്തിന്റെ സ്വരമാണ്. അന്ധകാരം ഭരണം നടത്തുന്ന സമയമെന്നാണ് ക്രിസ്തു പറയുന്നത്.

മുഖ്യപുരോഹിതന്റെയും ജനക്കൂട്ടത്തിന്റെയും രൂപത്തില്‍ നുണ പെരുമ്പറ മുഴുക്കുമ്പോള്‍ സത്യം, അത് ഒരു മര്‍മ്മരം പോലുമില്ലാതെ നേര്‍ത്ത് ഒറ്റപ്പെടുന്നു. ഈ ഒറ്റപ്പെടല്‍ ബൈബിളില്‍ മാത്രമല്ല ഏത് സന്ദര്‍ഭത്തിലും പ്രസക്തമാണ്. ഒറ്റപ്പെട്ടവനും പരിത്യക്തനുമായ സത്യം ആര്‍ക്കുംവേണ്ടാതെ നമ്മുടെയും കാലഘട്ടത്തിലും അഴിഞ്ഞുകൂടുന്നുണ്ട്. ആളും ആള്‍ക്കാരും വക്താക്കളും നുണയ്‌ക്കൊപ്പമാണ്. പണ്ടത്തെ ജനക്കൂട്ടത്തെപ്പോലെ ഒരുപക്ഷേ, നമ്മളും നുണകളുടെ സൂക്ഷിപ്പുകാരും കൈമാറ്റക്കാരും പ്രഘോഷകരുമായി മാറുന്നുണ്ടോ? സത്യം ഇവിടെ അറിയാതെ ഒറ്റപ്പെടുന്നുണ്ടോ?

ഈ കാലത്തിന് മാധ്യമനിരൂപകരും സാമൂഹികനിരീക്ഷകരും സമ്മാനിച്ച ഒരു പേരാണ് സത്യാനന്തരകാലം (Post truth). സത്യം തീര്‍ന്നുപോയകാലം. മലയാളത്തിലെ മഹാകവികളിലൊരാളായ വയലാര്‍ സ്വര്‍ഗവാതില്‍ പക്ഷിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ”ഭൂമിയില്‍ സത്യത്തിന് എത്ര വയസായി” എന്ന്. വയസ് ജീവനുള്ളവയ്ക്കാണ്. സത്യം ജീവനുള്ളതാണ്. അതിനുമുണ്ട് ബാല്യകൗമാരങ്ങളും വാര്‍ധക്യവും ഒടുവില്‍ മരണവും. വയലാറിന്റെ ആ ഭാവന കടമെടുത്തു പറഞ്ഞാല്‍ ഭൂമിയില്‍ സത്യത്തിന് ഏറെ വയസായ കാലത്താണ് നാം ജീവിക്കുന്നത്.

2016-ല്‍ ഓക്‌സ്‌ഫോഡ് ഡിക്ഷണറി തിരഞ്ഞെടുത്ത ആ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട വാക്കായിരുന്നു സത്യാനന്തരത. റൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷമാണ് സത്യാനന്തയുഗം തുടങ്ങുന്നതെന്ന് ചിലര്‍ പറയുന്നു. ട്രംപ് തന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ച പ്രചരണായുധങ്ങളില്‍ പലതും വമ്പന്‍ നുണകളായിരുന്നുവത്രേ. ഏതായാലും ഒരു കാര്യം സത്യമാണ്, റൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം വൈറ്റ് ഹൗസിന്റെ ഒരു പ്രസ്താവന ഇപ്രകാരമായിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ ഒരു പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇത്രയും ജനപങ്കാളിത്തം ആദ്യമായാണ്. പക്ഷേ, പിറ്റേദിവസം അമേരിക്കന്‍ ചാനലുകള്‍ മുന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇതിലും ആളുകളുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിലൂടെ സ്ഥാപിച്ചു. ഇതാണ് സത്യാനന്തരകാലത്തിന്റെ പ്രത്യേകത. സത്യം ഒരു സമസ്യയായി മാറുന്നു.

നുണ എല്ലാക്കാലത്തും ഉണ്ടായിരുന്നു. പക്ഷേ സത്യാനന്തരകാലത്ത് നുണ ഒരു ആചാരമായി മാറി. സമര്‍ത്ഥമായി നുണ പറയുന്നവനാണ് സ്വീകാര്യനാകുന്നത്. ആധുനിക മാധ്യമങ്ങള്‍ പലതും നുണ ഫാക്ടറികളാണ്. കൃത്യമായ ലക്ഷ്യങ്ങളോടെ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നു. ഏകപക്ഷീയമായി വിലയിരുത്തുകയോ ഉപസംഹരിക്കപ്പെടുകയോ ചെയ്യുന്നു. സത്യാനന്തരതയെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള ജയിംസ് ബാന്‍ ആരൊക്കെയാണ് ഇക്കാലത്ത് വ്യാജം പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

സാമ്പ്രദായിക മാധ്യമങ്ങള്‍, നവമാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, പിന്നെ നമ്മളും എന്നാണ് ബാന്‍ പറയുന്നത്. അതുകൊണ്ട് വ്യാജത്തിന്റെ സൃഷ്ടാക്കളും പ്രചാരകരും മാധ്യമങ്ങള്‍ മാത്രമല്ല. നവമാധ്യമങ്ങളില്‍ വരുന്ന സന്ദേശങ്ങള്‍ നാം വായിക്കുകയും മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. അതില്‍ പലതും വ്യാജങ്ങളോ അര്‍ദ്ധസത്യങ്ങളോ ആയിരിക്കാം. അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ സത്യാനന്തരതയുടെ പ്രവാചകന്മാരായി നമ്മളും മാറുന്നുണ്ട് എന്ന് ഓര്‍ക്കണം.

വാര്‍ത്തകളും കഥകളും തമ്മിലുള്ള ദൂരം ഇന്ന് അവ്യക്തമായിരുന്നു. ന്യൂസ് സ്റ്റോറി എന്നാണ് പറയുന്നത്. വാര്‍ത്തകള്‍ക്കും കഥകള്‍ക്കുമിടയിലുള്ള ദൂരമില്ലായ്മയ്ക്ക് മികച്ച ഉദാഹരണമാണ് ജോണ്‍ സ്റ്റന്‍ബക്കിന്റെ ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍ (The grapes of warth)) എന്ന നോവല്‍. ടൈം മാഗസിനുവേണ്ടി അമേരിക്കയില്‍ നടന്ന ഒരു കുടിയേറ്റത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ പത്രപ്രവര്‍ത്തകനായ സ്റ്റന്‍ബാര്‍ക്ക് വാര്‍ത്തയ്ക്ക് പകരം ഈ വിഷയത്തെ അധികരിച്ച് ഒരു നോവല്‍ എഴുതി.

വാര്‍ത്ത ഭാവനയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും സന്തതിയായ കഥയായി പരിണമിച്ചത് എത്ര വേഗമാണ്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എഴുതിയ ഫീച്ചറിന് പരിഷ്‌ക്കാരങ്ങള്‍ വരുത്തി പുനഃസൃഷ്ടിച്ചതാണ് അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ കപ്പല്‍ഛേദത്തില്‍ അകപ്പെട്ട നാവികന്‍ (The S-tory of a Shipwrecked Sailor).

അച്ചടിക്കാലത്തേക്കാള്‍ നേര്‍മ്മയേറിയതാണ് ഇന്ന് വാര്‍ത്തയും കഥയും തമ്മിലുള്ള അകലം. ചിത്രങ്ങള്‍ക്കുപോലും നിരവധി വ്യാഖ്യാന സാധ്യതകളുണ്ട്. വ്യാജം നിര്‍മ്മിക്കുന്നവര്‍ ചിത്രങ്ങളെയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. ദൃശ്യങ്ങള്‍ കള്ളം പറയില്ല കാണുന്നത് എന്തും വിശ്വസിക്കാവുന്നതാണെന്നു സമൂഹത്തില്‍ പരക്കെയുള്ള വിശ്വാസമാണ് ചിത്രങ്ങളെ വ്യാജനിര്‍മ്മിതികള്‍ക്ക് ഉപയോഗിക്കാനുള്ള കാരണം. ഫോട്ടോഷോപ്പ് എഡിറ്റിങ്ങിലൂടെ ഒരു ചിത്രത്തെ ഏത് വിധത്തിലും മാറ്റിമറിക്കാവുന്നതാണ്. ഫോട്ടോഷോപ്പിനേക്കാള്‍ കൃത്യതയേറിയ ഇമേജ് എഡിറ്റിംങ് ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്.

ചലിക്കുന്ന ചിത്രങ്ങള്‍ക്കൊണ്ടും നിരവധി വ്യാജനിര്‍മ്മിതിക്കുള്ള സാധ്യതകളുണ്ട്. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ദൃശ്യങ്ങള്‍ ഈയിടെ ഒരു ചാനല്‍ പുറത്തുവിട്ടു. കുറേ വിദ്യാര്‍ത്ഥികള്‍ അല്‍ക്വയിദ അനുകൂല പ്രകടനം നടത്തി എന്ന പേരില്‍ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഏതോ സിനിമാ താരത്തെ സ്വീകരിക്കുവാന്‍ കോളേജ് ഡേയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനമായിരുന്നു എന്ന് പറയപ്പെടുന്നു.

ദൃശ്യങ്ങളില്‍നിന്ന് സിനിമാതാരത്തെ ഒഴിവാക്കി ദൃശ്യങ്ങള്‍ക്ക് മറ്റൊരു വ്യാഖ്യാനം ചമച്ചു. ഇതേ ദൃശ്യങ്ങള്‍ ഒരു ലോക്കല്‍ ചാനല്‍ ഉപയോഗിച്ചത്, വിദ്യാര്‍ത്ഥികള്‍ ബൈക്കുകളില്‍ അമിതവേഗത്തില്‍ പായുന്ന വസ്തുതയെ വിശദീകരിക്കാനാണ്. ഒരേ ദൃശ്യങ്ങള്‍ രണ്ടുതരം വാര്‍ത്തയായി മാറുന്നു. രണ്ട് വാര്‍ത്തയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്ന കാര്യവും ഇവിടെ ഓര്‍ക്കുന്നു. ഒരേ ദൃശ്യം രണ്ടുതരം വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാകുന്നു. തുടര്‍ച്ചയായ ദൃശ്യങ്ങളുടെ എഡിറ്റിങ്, ക്രമീകരണം മാറുമ്പോള്‍ അര്‍ത്ഥം പാടെ മാറുന്നുണ്ട്.

പണ്ട് തിരുവനന്തപുരത്ത് നടന്ന ഒരു ലാത്തിച്ചാര്‍ജിന്റെ ദൃശ്യങ്ങള്‍ രണ്ട് ചാനലുകള്‍ രണ്ട് രീതിയിലാണ് സംപ്രേഷണം ചെയ്തത്. ഒരു ചാനലില്‍ ആദ്യം വിദ്യാര്‍ത്ഥികള്‍ പോലീസിനുനേരെ കല്ല് പ്രയോഗിക്കുന്നു. പിന്നീട് പോലീസ് തിരിച്ച് കല്ലെറിയുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്യുന്നു. രണ്ടാമത്തെ ചാനലിലെ ദൃശ്യങ്ങളില്‍ ആദ്യം കല്ലെറിയുന്നത് പോലീസുകാരനാണ്. യഥാര്‍ത്ഥ സംഭവത്തിന്റെ ക്രമീകരണം ഒന്നുമാറ്റിയ പ്പോള്‍ രണ്ട് വിപരീതാര്‍ത്ഥങ്ങളിലുള്ള വാര്‍ത്തകള്‍ പിറന്നു.

സത്യം അട്ടിമറിക്കപ്പെടാവുന്ന കാലത്താണ് നാം ജീവിക്കുന്നത്. സത്യത്തിന്റെ മരണം ദൈവത്തിന്റെ മരണം കൂടിയാണ്. ക്രിസ്തു പറയുന്നുണ്ടല്ലോ ഞാന്‍ സത്യത്തിനു സാക്ഷ്യം നല്‍കുവാനാണ് വന്നിരിക്കുന്നതെന്ന്. ഇവിടെ കള്ളങ്ങള്‍ക്കാണ് കൂടുതല്‍ നിറപ്പകിട്ടും മേളക്കൊഴുപ്പും. വ്യാജം കേള്‍ക്കുവാനും പ്രചരിപ്പിക്കുവാനും സുഖംകൂടും. ആള്‍ക്കൂട്ടവും വ്യാജത്തിനൊപ്പമാകാം. സത്യം ഇവിടെ വല്ലാതെ ഒറ്റപ്പെട്ടും തിരിച്ചറിയപ്പെടാതെയും പോകുന്നുണ്ടെന്നും നാം ഓര്‍ക്കണം. അതുകൊണ്ട് സത്യാനന്തരകാലം വ്യാജങ്ങളുടെയും അസത്യങ്ങളുടെയും പ്രളയകാലമാണ്. അന്ധകാരം ഭരണം നടത്തുമ്പോള്‍ വെളിച്ചം കുറച്ചുകാലത്തേക്ക് നിശബ്ദമാകാം. ക്രിസ്തുവിന്റെ മൗനം അതാണ് സൂചിപ്പിക്കുന്നത്. പക്ഷേ സത്യം ഉയര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും.

ഡോ. ബിന്‍സ് എം. മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?