Follow Us On

29

May

2020

Friday

നിശബ്ദതയിലെ സൗഹൃദങ്ങള്‍

നിശബ്ദതയിലെ സൗഹൃദങ്ങള്‍

ഏറ്റവും നല്ല കൂട്ടുകാരെ എങ്ങനെ നേടാം? അതുപോലെ കൂട്ടുകാരെ ആകര്‍ഷിക്കാന്‍ പെരുമാറ്റവും സംഭാഷണവും എങ്ങനെ ആയിരിക്കണം? മറ്റുള്ളവര്‍ ആദ്യം ശ്രദ്ധിക്കുന്നത് നമ്മുടെ പെരുമാറ്റമായിരിക്കും. മാന്യമായ പെരുമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. കണ്ടാല്‍ എത്ര സുമുഖനാണെങ്കിലും പെരുമാറ്റം തൃപ്തികരമല്ലെങ്കില്‍, അഴക് നമ്മെ എങ്ങുംകൊണ്ടെത്തിക്കില്ല. അതുപോലെ സൗന്ദര്യം കുറവാണെങ്കിലും പെരുമാറ്റം സംസ്‌കാര സമ്പന്നമാണെങ്കില്‍ മറ്റുള്ളവരെ നമ്മിലേക്ക് ആകര്‍ഷിക്കും.

ജന്മനാ മാത്രം ലഭിക്കുന്നതല്ല നല്ല പെരുമാറ്റശൈലി. അത് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തപസ്യകൊണ്ട് നേടിയെടുക്കാനുള്ളതാണ്. വളര്‍ന്നു വരുന്ന സാഹചര്യം ഒരു പരിധിവരെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ, മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാനും അവയെ ബഹുമാനിക്കാനുമുള്ള ആന്തരികശക്തി, സ്വഭാവ നൈര്‍മല്യം, നല്ല പെരുമാറ്റത്തിന് കൂടിയേ തീരൂ. ഉള്ളില്‍ കരുണയുണ്ടെങ്കില്‍ മാത്രമേ പെരുമാറ്റത്തില്‍ കാരുണ്യം പ്രകടമാകൂ. ചെറിയ ചെറിയ കാര്യങ്ങള്‍ നന്നായി ചെയ്യുവാനുള്ള സ്വഭാവവും കഴിവും പ്രധാനമാണ്.

ആകര്‍ഷമായതെല്ലാം നല്ലതല്ല
വിനയപൂര്‍വം പെരുമാറുക, അഹന്ത ഇല്ലാതിരിക്കുക, ആരോടും സ്വരമുയര്‍ത്തി, കര്‍ക്കശമായി സംസാരിക്കാതിരിക്കുക, മറ്റുള്ളവരെ യാതൊരു തരത്തിലും വേദനിപ്പിക്കാത്ത പെരുമാറ്റത്തിന്റെ ഉടമയായിരിക്കുക – മാന്യതയുടെ മുഖമുദ്ര ഇതൊക്കെയാണ്.
ബാഹ്യമായ പെരുമാറ്റം സമൂഹം അംഗീകരിക്കുന്ന രീതിയിലായാല്‍ മാത്രം പോരാ. ആകര്‍ഷകമെന്ന് തോന്നിക്കാവുന്ന ഭാഷയില്‍ മറ്റുള്ളവരെ പരിഹസിക്കാനും കൊച്ചാക്കാനും കഴിയും. അതുകൊണ്ട് ഭാഷയും അംഗവിക്ഷേപവും മുഖഭാവവും സ്വരത്തിന്റെ ആരോഹണാവരോഹണത്തിലേര്‍പ്പെടുത്തുന്ന നിയന്ത്രണവും അല്ല പ്രധാനം. ഇവയെല്ലാം നല്ല പെരുമാറ്റത്തിന്റെ പുറംചട്ട മാത്രമാണ്.

യഥാര്‍ത്ഥത്തിലുള്ള നല്ല പെരുമാറ്റം ആന്തരികമായ ഗുണവിശേഷത്തിന്റെ ബാഹ്യസ്ഫുരണമാണ്. മറ്റുള്ളവരും മനുഷ്യരാണ്, നമ്മെപ്പോലുള്ളവരാണ്, ആത്മാഭിമാനമുള്ളവരാണ്. അവരുടെ ആത്മാഭിമാനത്തെ അംഗീകരിച്ചുകൊണ്ടും അതിന് യാതൊരു വിധത്തിലും ക്ഷതമേല്പിക്കാത്ത രീതിയിലും പെരുമാറുക, അവരുമായി ഇടപെടുക – അതാണ് നല്ല പെരുമാറ്റം.

സ്ഥലകാല ബോധവും വിവേകവും ഒരിക്കലും കൈവിട്ടുകൂടാ. ഉറ്റ കൂട്ടുകാരോട് ഒറ്റയ്ക്ക് പറയാവുന്നതും നാലുപേരുടെ മുമ്പാകെ പറഞ്ഞുകൂടാത്തതുമായ കാര്യങ്ങളുണ്ട്; തമാശകളുണ്ട്. പറയാവുന്നതേ പറയാവൂ; പറയാവുന്നിടത്തേ പറയാവൂ. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനായി എന്തും എവിടെയും പറയുന്നവരുണ്ട്. തന്റെ പരിചയത്തിലുള്ളവരുടെ സ്വഭാവം പരസ്യമായി കീറിമുറിച്ച് ചര്‍ച്ച ചെയ്യുക, കണ്ടതും കേട്ടതും കാണാത്തതും കേള്‍ക്കാത്തതും അതിശയോക്തി കലര്‍ത്തി മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുക – ഇതൊക്കെ മറ്റുള്ളവരെ ശ്വാസം മുട്ടിക്കുന്നുണ്ടോ എന്ന് നാം ശ്രദ്ധിക്കാതിരുന്നാല്‍ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് അത് കാരണമാകാനിടയുണ്ട്. മിത്രങ്ങളെ ശത്രുക്കളാക്കാനും അല്പ പരിചയമുള്ളവരെ നമ്മില്‍നിന്നകറ്റാനും ഇടവരുത്തുന്ന ഇത്തരം പെരുമാറ്റരീതികള്‍ ഉപേക്ഷിക്കണം.

സംഭാഷണം ഒരു കല
സംഭാഷണം ഒരു കലയാണ്. ആളുകള്‍ക്ക് ഇഷ്ടമാകണമെങ്കില്‍ നമ്മള്‍ നല്ലൊരു ശ്രോതാവാകണം. സംഭാഷണം പ്രഭാഷണമാകാതെ സൂക്ഷിക്കണം. അതുപോലെ മൂന്നോ നാലോ പേര്‍ ഒന്നിച്ച് ഒരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരാള്‍ മാത്രം സംസാരിച്ചാല്‍ അത് സംഭാഷണമാകില്ല. കാരണം സംഭാഷണം എന്നത് കൊടുക്കല്‍ വാങ്ങലാണ്. ഇവിടെ രണ്ടിനും തമ്മില്‍ ന്യായമായ അനുപാതം വേണം.

സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ആളിന്റെ പ്രതികരണവും നമ്മുടെ വാക്കുകള്‍ അയാളില്‍ ഉണര്‍ത്തുന്ന വികാരങ്ങളും ശ്രദ്ധിക്കണം. നമ്മുടെ സംസാരം മുഷിപ്പനാണെങ്കിലും കൂട്ടുകാര്‍ സഹിക്കും. നമ്മെ വേദനിപ്പിക്കേണ്ട എന്നു കരുതി നിശബ്ദം സഹിക്കാന്‍ തയാറാകും. പക്ഷേ നാമൊരു തൊഴിലാക്കിയാല്‍ നമ്മെ കാണുമ്പോള്‍ അവര്‍ വഴിമാറി നടന്നുകളയാന്‍ ഇടയുണ്ട്. അല്ലെങ്കില്‍ ഓടി രക്ഷപ്പെട്ടേക്കാം. സംഭാഷണത്തില്‍ ചെറുകഥാകൃത്തിന്റെ കലാവൈഭവം നമ്മള്‍ പ്രകടിപ്പിക്കണം. പരിമിതമായ വാക്കുകളില്‍ പറയാനുള്ളത് പറഞ്ഞ് ഉദ്ദിഷ്ടലക്ഷ്യം നേടാന്‍ നമുക്ക് സാധിക്കണം. നീണ്ട വര്‍ണനകള്‍ക്ക് ചെറുകഥയില്‍ പ്രസക്തിയില്ലാത്തതുപോലെ സംഭാഷണത്തിലും നീണ്ട വര്‍ണനകള്‍ക്ക് പ്രസക്തിയില്ല.

ചിലര്‍ക്ക് തങ്ങളുടെ സ്വരം കേള്‍ക്കുന്നത് മഹാരസമാണ്. അതിനുവേണ്ടിയാണ് അവര്‍ സംസാരിക്കുന്നത് എന്നു തോന്നും. അത്തരക്കാര്‍ക്ക് ശ്രോതാക്കളും സുഹൃത്തുക്കളും ഉണ്ടാകുക പ്രയാസമാണ്. ചിലര്‍ നിശബ്ദതയെ ഭയപ്പെടുന്നവരാണ്. സദാ സമയവും സംസാരിച്ചുകൊണ്ടിരിക്കുന്നത് അഭികാമ്യമല്ല. അതുപോലെ അധികം സംസാരിക്കാത്തത് സൗഹൃദം കുറയുന്നതിന്റെ ലക്ഷണമാണെന്നും കരുതരുത്. നിശബ്ദതയിലും സൗഹൃദം വളരും. പാടത്തുവീണ വിത്ത് നിശബ്ദമായല്ലേ പൊട്ടിമുളയ്ക്കുന്നതും വളരുന്നതും.

മറ്റുള്ളവരോട് അടിസ്ഥാനപരമായ ബഹുമാനം വേണം. എനിക്ക് എന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉള്ളതുപോലെ മറ്റുള്ളവര്‍ക്ക് അതുമായി യോജിക്കാനോ വിയോജിക്കാനോ ഉള്ള അവകാശമുണ്ട് എന്നുകൂടി അംഗീകരിക്കണം. സംഭാഷണത്തില്‍ എന്തു പറയണമെന്നറിയുക, എങ്ങനെ അത് പറയണമെന്നറിയുക. സ്ഥലകാല ബോധമുള്ളവരായി, പരിസരബോധമുള്ളവരായി, വിവേകമുള്ളവരായി സംഭാഷണം തുടരുക. ഇങ്ങനെയുള്ളിടത്താണ് നല്ല സൗഹൃദങ്ങള്‍ മൊട്ടിടുന്നത്.

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?