Follow Us On

23

May

2019

Thursday

അടഞ്ഞ വാതിലിനപ്പുറത്തെ തുറന്ന വാതില്‍

അടഞ്ഞ വാതിലിനപ്പുറത്തെ തുറന്ന വാതില്‍

”സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍ എപ്പോഴും മറ്റൊന്ന് തുറക്കുന്നു. അടഞ്ഞ വാതിലില്‍ തന്നെ നോക്കി നില്‍ക്കുന്നതുകൊണ്ടാണ് തുറന്ന വാതില്‍ നമ്മള്‍ കാണാത്തത്.” – ഹെലന്‍ ഹെല്ലര്‍

ആറാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ടു. പതിനാറാമത്തെ വയസില്‍ പഠനം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവന്നു. പതിനേഴ് വയസായപ്പോഴേക്കും നാല് ജോലികള്‍ നഷ്ടപ്പെട്ടു. പതിനെട്ടാം വയസിലായിരുന്നു വിവാഹം. തുടര്‍ന്ന് നാലുവര്‍ഷം റെയില്‍വേയില്‍ ജോലി നോക്കി. പക്ഷേ, അവസാനം പരാജിതനായി പടിയിറങ്ങേണ്ടിവന്നു. തുടര്‍ന്ന് പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും അവിടെനിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ശ്രദ്ധ തിരിഞ്ഞത് നിയമപഠനത്തിലേക്കാണ്. എന്നാല്‍ പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് ഇന്‍ഷുറന്‍സ് സെയില്‍സ്മാനായി. എന്നാല്‍ അവിടെയും പരാജയത്തിന്റെ കഥയാണ് ആവര്‍ത്തിക്കപ്പെട്ടത്.

പത്തൊന്‍പതാം വയസില്‍ ഒരു മകളുടെ പിതാവായി. ഇരുപതാം വയസില്‍ ഭാര്യ ഉപേക്ഷിച്ചുപോയി. കൂടെ മകളെയും കൊണ്ടുപോയി. പിന്നീട് ചെറിയൊരു കോഫി ഷോപ്പില്‍ പാചകക്കാരനായും പാത്രം കഴുകല്‍ ജോലിയും; ഡബിള്‍ റോള്‍. ഇതിനിടെ തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയില്‍നിന്ന് മകളെ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഏറെ ശ്രമങ്ങള്‍ക്കുശേഷം ഭാര്യയെ തിരിച്ചെത്തിച്ചു. അറുപത്തിയഞ്ചാം വയസില്‍ റിട്ടയര്‍ ചെയ്തു. നൂറ്റിയഞ്ച് ഡോളറാണ് റിട്ടയര്‍ ചെയ്തപ്പോള്‍ കിട്ടിയത്.

തുച്ഛമായ ആ തുകയുടെ ചെക്ക് കണ്ടപ്പോള്‍ തന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍പോലും തൃപ്തമല്ല എന്ന നിരാശാബോധത്താല്‍ താന്‍ ഒരു പരാജയമാണെന്ന് തീരുമാനിച്ച് ആത്മഹത്യക്കൊരുങ്ങി. ഒരു മരച്ചുവട്ടിലിരുന്ന് വില്‍പത്രത്തിനു പകരം ജീവിതത്തില്‍ ഇതുവരെ എന്തുനേടി എന്ന് ഒരു നോട്ടുബുക്കില്‍ കുറിക്കാന്‍ തുടങ്ങി. പക്ഷേ നേടിയതിനെക്കാള്‍ കൂടുതല്‍ ഇനിയും നേടാനുണ്ട് എന്ന തിരിച്ചറിവില്‍ ആത്മഹത്യാശ്രമം ഉപേക്ഷിച്ചു. തനിക്ക് മറ്റാരേക്കാളും നന്നായി കുക്ക് ചെയ്യാന്‍ പറ്റുമെന്ന് ഹൃദയത്തിന്റെ ആഴത്തില്‍ ഉറപ്പായിട്ട് വിശ്വസിച്ചു. തുടര്‍ന്ന് എണ്‍പത്തിയേഴ് ഡോളര്‍ കടം വാങ്ങി.

അതുകൊണ്ട് കുറച്ച് ചിക്കന്‍ വാങ്ങി തനിക്കുമാത്രം അറിയാവുന്ന പ്രത്യേക മസാലക്കൂട്ടു ചേര്‍ത്ത് ഫ്രൈ ചെയ്ത് തന്റെ നാടായ കെന്റുക്കിയിലുള്ള വീടുകള്‍തോറും വില്പന തുടങ്ങി.ജീവിതത്തിന്റെ സര്‍വമേഖലകളിലും നിരന്തരം പരാജയങ്ങളേറ്റുവാങ്ങി അറുപത്തിയഞ്ചാം വയസില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഇദ്ദേഹമാണ് ഹര്‍ലാന്റ് ഡേവിഡ് സാന്‍ഡേഴ്‌സ്, കെ.എഫ്.സിയുടെ സ്ഥാപകന്‍. ഇന്ന് 123 രാജ്യങ്ങളിലായി ഇരുപതിനായിരത്തിലേറെ ഔട്ട്‌ലറ്റുകളുള്ള, വര്‍ഷത്തില്‍ ഇരുപത്തിയഞ്ച് ബില്ല്യന്‍ ഡോളര്‍ വിറ്റുവരവുള്ള ഓരോ ഔട്ട്‌ലറ്റിലും ആവറേജ് ഇരുന്നൂറ്റിയമ്പതോളം ഓഡറുകള്‍ നിത്യേന ലഭിക്കുന്ന കെ.എഫ്.സിയുടെ ഉടമയുടെ ജീവിതം ചരിത്രമാണ്.

മനുഷ്യര്‍ രണ്ടുതരം
തിരിച്ചടികള്‍ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഭയപ്പെടുകയോ അസ്വസ്ഥരാവുകയോ ചെയ്യരുത്. കാരണം ഇത്തരം സാഹചര്യങ്ങളിലാണ് നാം കരുത്താര്‍ജിക്കുന്നത്. ലോകംതന്നെ തനിക്കെതിരാണെന്നും ദൈവത്തിനുപോലും തന്നെ വേണ്ടായെന്നുമൊക്കെ ചിന്തിച്ചുപോകുന്ന സമയവും സാഹചര്യവും എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും. ഒരു പ്രശ്‌നത്തില്‍നിന്ന് കരകയറി എന്ന് ചെറുതായി ആശ്വസിക്കുമ്പോഴാവും അതിനെക്കാള്‍ വലിയ പ്രശ്‌നം തല പൊക്കുന്നത്.

സ്വാഭാവികമായും ലോകത്തോടും തന്നോടുതന്നെയും ദേഷ്യവും വിദ്വേഷവും അമര്‍ഷവും തോന്നും. എന്തുകൊണ്ട് എനിക്കിങ്ങനെ വന്നു? ഞാന്‍ എന്തു തെറ്റു ചെയ്തു? എന്നെല്ലാം ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടിരിക്കും. എന്നാല്‍ ഇവിടെ നാം ഉത്തരം കണ്ടെത്തേണ്ട ചോദ്യമുണ്ട്. ഇത്തരത്തില്‍ നിരാശനായി പിറുപിറുപ്പോടെ തള്ളിനീക്കാനുള്ളതാണോ ജീവിതം? ഒരു വഴിയടഞ്ഞാല്‍ മറ്റൊരു വഴി തുറക്കാന്‍ കഴിയാത്തവിധം ദുര്‍ബലരാണോ നമ്മള്‍?
മനുഷ്യരെ രണ്ട് തരക്കാരായി തിരിക്കാന്‍ സാധിക്കും. ഒരു വഴി അടഞ്ഞാല്‍ മറ്റൊരു വഴി തുറക്കാന്‍ ശ്രമിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്‍.

സാന്‍ഡേഴ്‌സ് അത്തരക്കാരനായിരുന്നു. ഒരു വഴി അടഞ്ഞാല്‍ മറ്റൊരു വഴി തുറക്കാതിരിക്കാന്‍ അതൊരു നീതീകരണമായല്ലോ എന്ന് ആശ്വസിക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. ബുദ്ധിമുട്ടാനോ പ്രായോഗികബുദ്ധിയോടെ ജീവിതപ്രശ്‌നങ്ങളോടു പ്രതികരിക്കാനോ തയാറാകാത്ത ഇത്തരക്കാര്‍ക്ക് എന്നും എപ്പോഴും പരാതികള്‍ മാത്രമേ പറയാനുണ്ടാകൂ. ജീവിതം തങ്ങളോട് ക്രൂരമായി പെരുമാറുന്നു എന്നു വിലപിക്കുന്ന ഇക്കൂട്ടര്‍ക്ക് തങ്ങളുടെ ‘ദൗര്‍ഭാഗ്യ’ങ്ങളിലാണ് എപ്പോഴും ശ്രദ്ധ.

തിരഞ്ഞെടുപ്പ് അനിവാര്യം
ജീവിതത്തിലെ എല്ലാ കാര്യങ്ങളും നമുക്ക് നിയന്ത്രിക്കാനാവില്ല. എത്രയേറെ ശ്രദ്ധാപൂര്‍വം ജീവിതം കരുപ്പിടിപ്പിച്ചാലും ഒട്ടേറെ തിരിച്ചടികള്‍ ഉണ്ടായെന്നുവരും. എന്നാല്‍ നമുക്ക് നിയന്ത്രിക്കാവുന്ന കാര്യങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം. ഇത്തരം അവസരങ്ങള്‍ ജീവിതത്തിലെ തെരഞ്ഞെടുപ്പിന്റെ അവസരംകൂടിയാണ്. ഇവിടെ ഓര്‍ത്തിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം നല്ലതും ഉചിതവുമായിട്ടുള്ളത് തെരഞ്ഞെടുക്കുവാനുള്ള ശക്തി ഭൂമിയില്‍ മനുഷ്യനുമാത്രമുള്ള പ്രത്യേക കഴിവാണ്.

സാഹചര്യങ്ങള്‍ എന്തുതന്നെയാകട്ടെ. അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്തുതന്നെയാകട്ടെ. ഇതിനെല്ലാം അപ്പുറം ഭാവി നിയന്ത്രിക്കുവാന്‍തക്ക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ നമുക്ക് കഴിവുണ്ട്. ഒന്നുകില്‍ ധൈര്യശാലിയെപ്പോലെ ജീവിതപ്രശ്‌നങ്ങളെ നേരിടാനുള്ള തീരുമാനം എടുക്കാം. അല്ലെങ്കില്‍ ഭീരുവിനെപ്പോലെ ജീവിതത്തില്‍നിന്ന് ഒളിച്ചോടനുള്ള തീരുമാനത്തിലെത്താം.

ഇവിടെ ഒരു സത്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നമ്മില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ശരിയായ തെരഞ്ഞെടുപ്പിന് തയാറാകുന്നത്. അതേസമയം തെറ്റായ പാത, വഴി പിഴച്ച തീരുമാനങ്ങള്‍, ലക്ഷ്യമില്ലാത്ത ജീവിതം, പ്രതിബന്ധങ്ങള്‍ കാണുമ്പോഴേ പിന്‍മാറുന്ന പ്രകൃതം ഇത്തരക്കാര്‍ ഏറെയാണിന്ന്. പ്രശ്‌നങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണ് മനുഷ്യജീവിതം. ഇത് മനസിലാക്കിക്കൊണ്ട് അവയെ തരണം ചെയ്യാതെ ജീവിതത്തില്‍ വിജയിക്കില്ലെന്നുള്ള കാര്യം പകല്‍പോലെ വ്യക്തമാണ്.

പ്രശ്‌നങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും മനുഷ്യജീവിതത്തിന്റെ അഭിഭാജ്യ ഘടകമാണ്. അവയില്‍നിന്ന് ഓടിയൊളിക്കുന്നതിനുപകരം ജീവിതവിജയത്തിന് സഹായകരമായ രീതിയില്‍ അവയെ എങ്ങനെ മാറ്റിയെടുക്കാം എന്നതായിരിക്കണം നമ്മുടെ ചിന്ത. ഇതിന് ആദ്യം വേണ്ടത് കാഴ്ചപ്പാടുകളിലും മനോഭാവങ്ങളിലും മാറ്റം വരുത്തുക യാണ്.

ദുഃഖവെള്ളിയുടെ വേദനകളില്‍ക്കൂടി കടന്നുപോകുമ്പോഴും ഉയിര്‍പ്പു ഞായറിനെക്കുറിച്ചുള്ള പ്രതീക്ഷ ഉള്ളില്‍ പച്ചപിടിച്ചു നില്‍ക്കണം. ഇരുളും വെളിച്ചവും ഇടകലര്‍ന്നതാണ് ലോകം. ഇവിടെ കാലപ്രവാഹത്തില്‍ വസന്തത്തിന് പിന്നാലെ ഹേമന്തമുണ്ട്. അല്ലെങ്കില്‍ ഹേമന്തത്തിന് പിന്നാലെ വസന്തമുണ്ട്. ഋതുഭേദങ്ങളുള്ള ലോകം സുഖദുഃഖ സമ്മിശ്രമാണ്.

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?