Follow Us On

08

August

2020

Saturday

ബംഗ്ലാദേശിലെ ‘ലൈറ്റ്ഹൗസ്’ അണയുന്നു; ആശങ്കയോടെ കാരിത്താസും വിദ്യാര്‍ത്ഥിസമൂഹവും

ബംഗ്ലാദേശിലെ ‘ലൈറ്റ്ഹൗസ്’ അണയുന്നു;  ആശങ്കയോടെ കാരിത്താസും   വിദ്യാര്‍ത്ഥിസമൂഹവും

ധാക്ക (ബംഗ്ലാദേശ്): രാജ്യത്തെ ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കാരിത്താസ് ബംഗ്ലാദേശിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന ‘ലൈറ്റ്ഹൗസ്’ പദ്ധതി ഫണ്ടുകളുടെ അഭാവത്തെ തുടര്‍ന്ന് നിര്‍ത്തലാക്കുന്നു. 2012-ല്‍ ആരംഭിച്ച ഈ പദ്ധതി വഴിയായി ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ആയിരത്തിലധികം സ്‌കൂളുകളില്‍ കാരിത്താസ് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കിയിരുന്നു.

യൂറോപ്യന്‍ യൂണിയന്റെയും കാരിത്താസ് ഫ്രാന്‍സിന്റെയും സഹായത്തോടെയാണ് പദ്ധതി ഇതുവരെ നടപ്പാക്കിയത്. 2012-ല്‍ 10 മില്യന്‍ യൂറോയാണ് ഈ പദ്ധതിക്കായി ലഭിച്ചിരുന്നത്. 2017 നവംബര്‍ മാസത്തില്‍ പദ്ധതിയുടെ കാലഘട്ടം പൂര്‍ത്തിയായെങ്കിലും 2018 ഡിസംബര്‍ വരെ പദ്ധതി തുടരാന്‍ കാരിത്താസ് യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പദ്ധതിയില്‍ 1339 അധ്യാപകരും 172 സ്റ്റാഫും പങ്കാളികളായി. ഈ കാലാവധിയും കഴിഞ്ഞതോടെ ലൈറ്റ്ഹൗസ് പദ്ധതിയിലൂടെ വിദ്യാഭ്യാസം ലഭ്യമാക്കി വന്നിരുന്ന ഒന്നര ലക്ഷത്തിലധികം കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

‘ഇത് വളരെ ദുഃഖകരമായ അവസ്ഥയാണ്. ഏറ്റവും ദുര്‍ബലമായ പ്രദേശങ്ങളിലുള്ള കുറച്ച് സ്‌കൂളുകള്‍ക്ക് സഹായം നല്‍കുന്നത് തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്’ – കാരിത്താസ് ബംഗ്ലാദേശിന്റെ അസിസ്റ്റന്റ് എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ രഞ്ചന്‍ ഫ്രാന്‍സിസ് റൊസാരിയോ പ്രതികരിച്ചു.
ഏറ്റവും ഉള്‍ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 83 സ്‌കൂളുകള്‍ക്ക് അതാത് രൂപതകളുടെയും കാരിത്താസിന്റെയും പ്രാദേശികമായ ജനങ്ങളുടെയും സഹകരണത്തോടെ തുടര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് റൊസാരിയോ പറഞ്ഞു.

ഒരു വര്‍ഷത്തേക്ക് കൂടി സ്‌കൂളുകള്‍ ഈ വിധത്തില്‍ മുമ്പോട്ട് പോകും. ആ സമയത്തിനുള്ളില്‍ പദ്ധതിക്കായുള്ള ഫണ്ടിംഗ് കണ്ടെത്താന്‍ പരിശ്രമിക്കും. പദ്ധതിക്ക് കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന ദരിദ്രരായ കുട്ടികളെ ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ നടത്തിയിരുന്നു; റൊസാരിയോ വ്യക്തമാക്കി.

നൂറു ശതമാനം കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും ഗവണ്‍മെന്റ് നല്‍കുന്ന പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളില്ലാത്ത ഉള്‍ഗ്രാമങ്ങളിലെ കുട്ടികളെ ലൈറ്റ്ഹൗസ് പദ്ധതി നിര്‍ത്തലാക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് ബംഗ്ലാദേശ് കാത്തലിക്ക് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ജ്യോതി എഫ് ഗോമസ് വ്യക്തമാക്കി. 16 കോടി ജനങ്ങളുള്ള ബംഗ്ലാദേശിലെ നാല് കോടിയോളം ജനങ്ങള്‍ കഠിനമായ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 60 ശതമാനമാണ് ബംഗ്ലാദേശിലെ ഔദ്യോഗിക സാക്ഷരതാനിരക്ക്.

Related Posts

Don’t want to skip an update or a post?