Follow Us On

03

July

2022

Sunday

മധുരമീ സഹനം

മധുരമീ സഹനം

ആകാശ നീലിമയില്‍ നിറയെ കുരിശു പൂക്കളുള്ള ഒരു പുതിയ കുര്‍ബാനക്കുപ്പായമാണ് അന്നത്തെ വിശുദ്ധ ബലിയില്‍ ജോണ്‍സണച്ചനുവേണ്ടി ഒരുക്കിയിരുന്നത്. മാതാവിന്റെ നാമധേയത്തിലുള്ള അദ്ദേഹത്തിന്റെ ഇടവകപ്പള്ളിയില്‍ തന്റെ സഹന സിംഹാസനമായ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം ആ തിരുവസ്ത്രമണിഞ്ഞത്.

അള്‍ത്താരയില്‍ ഉരുകിയൊഴുകുന്ന അനേകം മെഴുകുതിരികള്‍ക്കൊപ്പം ദൈവം കരങ്ങളിലെടുത്ത ഒരു മെഴുതിരിനാളം കണക്കെ അദ്ദേഹത്തിന്റെ മുഖം പ്രകാശിതമായി കാണപ്പെട്ടു. കാപ്പയുടെ പിന്നില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന കുരിശുമുദ്ര, ദുര്‍ബലമായ തന്റെ കരങ്ങളിലെടുത്ത്, മുഖത്തോടു ചേര്‍ത്തു ചുംബിക്കുമ്പോള്‍ ആനന്ദം കൊണ്ടു കണ്ണു നിറയ്ക്കുന്ന ഒരുപാടോര്‍മകള്‍ അദ്ദേഹത്തെ പിന്‍വിളിച്ചിട്ടുണ്ടാവും!

കാല്‍വരി യാത്രയുടെ കാല്‍ നൂറ്റാണ്ട്

ഇക്കഴിഞ്ഞ ജനുവരി 26 ശനിയാഴ്ച. അഞ്ചല്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തില്‍ ജോണ്‍സണച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലിയാഘോഷം നടക്കുകയാണ്. വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി വീല്‍ചെയറില്‍ നിന്ന് ബലിപീഠത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച ഇരിപ്പിടത്തിലേക്ക് സഹവൈദികര്‍ അദ്ദേഹത്തെ താങ്ങിയിരുത്തി.

അഭിവന്ദ്യരായ തിരുമേനിമാരുടെയും സഹവൈദികരുടെയും സന്യാസിനിമാരുടെയും പ്രിയപ്പെട്ടവരുടെയും സ്‌നേഹ സാന്നിധ്യങ്ങള്‍ക്കു മധ്യേ പുഞ്ചിരിയോടെ അദ്ദേഹമിരുന്നു. പിന്നെ, ഇരുപത്തിയഞ്ചു വര്‍ഷം നീണ്ട പുരോഹിത ജീവിതത്തിലെ ബലിയര്‍പ്പണങ്ങളെ നന്ദിയോടെ ഓര്‍മിച്ചുകൊണ്ട് അള്‍ത്താരയിലെ ബലിയര്‍പ്പണം ആരംഭിച്ചു.

ഇത് മോണ്‍സിഞ്ഞോര്‍ ഡോ. ജോണ്‍സണ്‍ കൈമലയില്‍! മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വൈദികന്‍. ആഗോള സഭയുടെ തന്നെ ഏറ്റവും സുപ്രധാനമായ ശുശ്രൂഷാ രംഗങ്ങളില്‍ എത്തിച്ചേര്‍ന്ന ഒരാള്‍. പാതിവഴിയില്‍ ശരീരം തളര്‍ന്നുപോയിട്ടും മനസു തളരാതെ, ദൈവം നല്‍കിയ തീവ്രമായ സഹനത്തിന്റെ കാസാ സന്തോഷത്തോടെ സ്വീകരിച്ച്, പരാതികളില്ലാതെ, മട്ടോളം അദ്ദേഹം ആസ്വദിക്കുന്നു.
അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലി വര്‍ഷമാണിത്. ജീവിതത്തിലെ സഹനങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നു പറഞ്ഞു തരുന്ന പാഠപുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ ജീവിതം ഒരു ബെസ്റ്റ് സെല്ലറായിരിക്കും!

തെരഞ്ഞെടുപ്പിന്റെ നാള്‍വഴികള്‍
1968-ല്‍ കൊല്ലം ജില്ലയിലെ കിഴവള്ളൂര്‍ എന്ന പ്രദേശത്താണ് മോണ്‍സിഞ്ഞോര്‍ ജോണ്‍സണ്‍ കൈമലയില്‍ ജനിച്ചത്. കൈമലയില്‍ കുടുംബത്തില്‍ അധ്യാപക ദമ്പതികളായ വര്‍ഗീസിന്റെയും തങ്കമ്മയുടെയും നാലു മക്കളില്‍ ഇളയവനായിരുന്നു അദ്ദേഹം. അഞ്ചല്‍ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകാംഗം.

1985 ല്‍ പട്ടം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍ നിന്ന് 1994 ഏപ്രില്‍ ഏഴിന് വൈദികപട്ടം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്ത ശേഷം, 1997 ല്‍ ഉപരിപഠനത്തിനായി റോമിലേക്കു പോയി. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന അദ്ദേഹം പ്രാദേശിക ഭാഷകള്‍ക്കു പുറമേ ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം നേടി. റോമിലെ ഹോളിക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദവും തുടര്‍ന്ന് 2003 ല്‍ കൗദാശിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

വലിയ മുക്കുവന്റെ റോമായില്‍
2003-ല്‍ പരിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ പൗരസ്ത്യ തിരുസംഘത്തില്‍ കര്‍ദ്ദിനാള്‍ മൂസാ ദാവൂദിന്റെ ഓഫീസ് അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചു. റുഥീനിയന്‍, എത്യോപ്യന്‍, അര്‍മേനിയന്‍, സീറോ മലബാര്‍, സീറോ മലങ്കര തുടങ്ങിയ റീത്തുകളുടെ ആരാധനാക്രമപരമായ കാര്യങ്ങളുടെ ക്രമീകര ണത്തില്‍ വളരെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2009 ല്‍ പരിശുദ്ധ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി, ഫസ്റ്റ് ഗ്രേഡ് അണ്ടര്‍ സെക്രട്ടറിയായി ഉയര്‍ത്തി. 2014 വരെ അദ്ദേഹം തന്റെ ശുശ്രൂഷ സ്തുത്യര്‍ഹമാം വിധം നിര്‍വഹിച്ചു. വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധിയായി മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍ മൂന്നു തവണ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മേജര്‍ ആര്‍ച്ച്ബിഷപ് കാതോലിക്കോസ് ആയി സിറില്‍ ബസേലിയോസ് തിരുമേനി ഉയര്‍ത്തപ്പെട്ടപ്പോഴും കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയുടെ സ്ഥാനാരോഹണ വേളയിലും. പിന്നീട് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ഭാഗമായും റോമിന്റെ ഔദ്യോഗിക പ്രതിനിധിയായി അദ്ദേഹം നിയോഗിക്കപ്പെട്ടിട്ടുണ്ട്.

വത്തിക്കാന്‍ ഓഫീസില്‍ ശ്രുശ്രൂഷ നിര്‍വഹിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വൈദികന്‍ അദ്ദേഹമാണ്. പൗരസ്ത്യ തിരുസംഘത്തില്‍ നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പുരോഹിതനും അദ്ദേഹമാണ്.
പ്രൊഫൈലില്‍ അക്കമിട്ട് എഴുതാന്‍ നേട്ടങ്ങളും പദവികളും സ്ഥാനമാനങ്ങളുമൊക്കെ ധാരാളം. പക്ഷേ ദൈവം അദ്ദേഹത്തിനു നല്‍കാന്‍ തീരുമാനിച്ചിരുന്ന സമ്മാനങ്ങളോടു തുലനം ചെയ്യുമ്പോള്‍ അവയൊക്കെ നിസാരമായിരുന്നു. ദൈവം അദ്ദേഹത്തെ വിളിച്ചത് തന്റെ സഹനദാസനാക്കാന്‍ വേണ്ടിയായിരുന്നു.

കുരിശിന്റെ വഴിയുടെ തുടക്കം
2009-ല്‍ റോമില്‍ സേവനംചെയ്യുന്ന കാലത്ത് ഭക്ഷണത്തിലൂടെ ഉള്ളില്‍ ചെല്ലാനിടയായ എന്തോ വിഷപദാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകിടംമറിച്ചത്. ചെറിയൊരു വയറു വേദനയിലായിരുന്നു തുടക്കം. പരിശോധനകള്‍ക്കു ശേഷം അണുബാധയെന്നോര്‍ത്ത് മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങി. എന്നാല്‍, വേദനയ്ക്ക് ശമനമുണ്ടായില്ല.

പിന്നീട് ആ വേദന കാലുകളിലേക്കു പടര്‍ന്നു. നില്‍ക്കാനും നടക്കാനുമൊക്കെ പ്രയാസമായിത്തുടങ്ങി. മാര്‍പാപ്പ ചികിത്സ തേടുന്ന റോമിലെ ഏറ്റവും മികച്ച ഹോസ്പിറ്റലുകളിലാണ് പരിശോധനകള്‍ നടത്തിയത്. രോഗകാരണമോ പ്രതിവിധിയോ കണ്ടെത്താനായില്ല. കൂട്ടുകാരുടെ സഹായത്തോടെ കുറെനാള്‍ ജോലി തുടര്‍ന്നെങ്കിലും അധികനാള്‍ അങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

ചെറുപ്പക്കാരനായ വൈദികന്‍ ക്രമേണ തളര്‍ന്നവശനായി. ശരീരം മുഴുവന്‍ വേദനയും മരവിപ്പും വ്യാപിച്ചു. ചലനശേഷി ഗണ്യമായി കുറഞ്ഞു. തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ശരീരം പ്രതികരിക്കാത്ത അവസ്ഥ. ചിന്താശേഷി മാത്രമുള്ള വെറുമൊരു മാംസപിണ്ഡമായി തന്റെ ശരീരം മാറുന്നത് ഞെട്ടലോടെ അദ്ദേഹം തിരിച്ചറിഞ്ഞു. ഒരുതരത്തിലും മുന്നോട്ടു പോകാന്‍ കഴിയാതെ വന്നപ്പോള്‍ വിദഗ്ധ ചികിത്സകള്‍ക്കായി അദ്ദേഹം 2014 ല്‍ നാട്ടില്‍ മടങ്ങിയെത്തി.

ആശുപത്രികളിലേക്ക്
വിമാനത്താവളത്തില്‍ നിന്നു നേരേ പോയത് കൊച്ചി അമൃതാ മെഡിക്കല്‍ കോളേജിലേക്കാണ്. രണ്ടാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ സ്റ്റീറോയ്ഡുകള്‍കൊണ്ട് താല്‍ക്കാലികമായി പരുവപ്പെടുത്തിയെടുത്ത ശരീരവുമായി വീട്ടിലേക്കു മടങ്ങി. തുടര്‍ന്ന് കാരണം കണ്ടുപിടിക്കാനാവാത്ത രോഗവും പേറി ഒരു പരീക്ഷണാര്‍ത്ഥം തിരികെ റോമിലേക്കു പറന്നു. അധികകാലം അതു തുടരാനായില്ല. വീണ്ടും അവധി കിട്ടിയപ്പോള്‍ മടങ്ങിവന്നു. വെല്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലാണ് ഇത്തവണ ചികിത്സ തേടിയത്. ഏഴെട്ടു മാസം വെല്ലൂരിലെ ചികിത്സ. സ്റ്റീറോയ്ഡുകളും ഫിസിയോ തെറാപ്പിയുമല്ലാതെ മറ്റൊന്നും അവര്‍ക്കും നിര്‍ദ്ദേശിക്കാന്‍ ഉണ്ടായിരുന്നില്ല. വീണ്ടും വീട്ടിലേക്ക്.

ഇതിനിടയില്‍ ഒരിക്കല്‍ രോഗം വല്ലാതെ വഷളായി. തളര്‍ന്നവശനായ അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളെയൊക്കെ വിവരമറിയിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മരണത്തിനും ജീവനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ പതിയെപ്പതിയെ അദ്ദേഹം ജീവിതത്തിലേക്കു തിരിച്ചു വന്നു. പിന്നീടാണ് ബംഗളൂരു നിംഹാന്‍സ് ഹോസ്പിറ്റലില്‍ സഹായം തേടുന്നത്. ബംഗളൂരുവിലേക്കുള്ള നിരന്തര യാത്രകള്‍ പ്രയാസമായതിനാല്‍ അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരത്തെ മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സകള്‍ പുനക്രമീകരിച്ചു. ഏറെ നാളുകളായി അതങ്ങനെ തുടരുന്നു.

ചോദ്യങ്ങളും ദൈവത്തിന്റെ ഉത്തരങ്ങളും
നേരിടേണ്ടി വന്ന സഹനങ്ങള്‍ക്ക് പല തലങ്ങളുണ്ട്. അദ്ദേഹം ആരോഗ്യത്തോടെയിരുന്ന അവസ്ഥയും എത്തിച്ചേര്‍ന്ന രോഗാവസ്ഥയും തമ്മിലുള്ള ഭീമമായ അന്തരത്തെ അതിജീവിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമായിരുന്നു. ദൈവം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഉടച്ചുവാര്‍ത്തു.
”ദൈവം തന്ന ഈ സഹനം ദൈവത്തിന്റെ ഒരു കരുതലായിത്തന്നെയാണ് ഞാന്‍ സ്വീകരിക്കുന്നത്.

കാരണം ഭാരത സഭയില്‍ നിന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്നുമൊക്കെ ആദ്യമായി പൗരസ്ത്യ തിരുസംഘത്തിലേക്കും വത്തിക്കാന്‍ കൂരിയായിലേക്കും തെരഞ്ഞെടുക്കപ്പെടുക എന്നത് ഒരു പുരോഹിതനെ സംബന്ധിച്ച് വളരെ പ്രത്യേകതകളുള്ള, പ്രധാനപ്പെട്ട ഒരു ശുശ്രൂഷയാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു ശുശ്രൂഷ ദൈവം തന്നത് എന്റെ സഹന ശുശ്രൂഷയാണ്. സത്യത്തില്‍ ഇതൊരു സ്ഥാനക്കയറ്റമാണ്. കര്‍ത്താവിന്റെ മഹത്വത്തില്‍ മാത്രമല്ല സഹനത്തിലും പങ്കു ചേരുന്നതാണ് യഥാര്‍ത്ഥ പൗരോഹിത്യ ശുശ്രൂഷ”; മോണ്‍. ജോണ്‍സണ്‍ കൈമല പറയുന്നു.

ഈ കാലയളവില്‍ ചില ചോദ്യങ്ങള്‍ അദ്ദേഹത്തെ ഉല്‍ക്കണ്ഠാകുലനാക്കി: എന്തുകൊണ്ടാണ് ഇങ്ങനെയൊരു സഹനം ദൈവം തനിക്കു തന്നത്? നിരന്തരമായ ഒരാത്മീയ സാധനയിലൂടെ കാരണമറിയാത്ത സഹനത്തിന്റെ പിന്നിലെ ദൈവിക പദ്ധതി അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ ആ ഉത്തരമിങ്ങനെയാണ്:

”താലന്തുകളുടെ ഉപമയില്‍ യജമാനന്‍ തന്റെ ഭൃത്യന്മാര്‍ക്ക് അവരുടെ കഴിവനുസരിച്ച് താലന്തുകള്‍ നല്‍കിയതുപോലെ എന്റെ കഴിവിനൊത്ത് ദൈവം നല്‍കിയ ഒരു താലന്താണ് സഹനം. ഈ സഹനത്തെ കൃപയാക്കി മാറ്റാന്‍ എനിക്കു കഴിയുമെന്ന് തമ്പുരാന് ഉറപ്പുള്ളതു കൊണ്ടാണ് ഈ സഹനം അവിടുന്ന് എനിക്കു തന്നത്.”

ശാരീരികമായി ബലഹീനനായിപ്പോയ ഒരാളാണ് താന്‍. ഈ അവസ്ഥയില്‍ എന്തു ശുശ്രൂഷയാണ് തനിക്കിനി സഭയില്‍ നിര്‍വഹിക്കാനുള്ളത്? ചോദ്യങ്ങള്‍ മാത്രമല്ല, ഉത്തരങ്ങളും അദ്ദേഹം തന്നെ കണ്ടെത്തി: ”പൗരോഹിത്യ ശുശ്രൂഷയ്ക്ക് വ്യത്യസ്തമായ തലങ്ങളുണ്ട്. യജമാനന്‍ വ്യത്യസ്തമായ എണ്ണത്തില്‍ താലന്തുകള്‍ നല്‍കിയപോലെ ഓരോ പുരോഹിതനും സഭയില്‍ നിറവേറ്റാന്‍ വ്യത്യസ്തമായ ശുശ്രൂഷാ മേഖലകളുണ്ട്. സഹനത്തെ ക്രിയാത്മകമായി കണ്ടുകൊണ്ട് പല തരത്തില്‍ ഞെരുക്കങ്ങളിലായിരിക്കുന്നവര്‍ക്ക് പ്രത്യാശയുടെ ഒരു മാതൃക നല്‍കുക എന്നത് എന്റെ കടമയാണ്. സഹനങ്ങള്‍ സമര്‍പ്പിച്ച് സഭയ്ക്കും സമൂഹത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എനിക്കു കഴിയണം. അതാണ് ഈ ബലഹീനന്റെ പ്രസക്തി.”

അനുഗ്രഹിക്കപ്പെട്ട സഹനം
ഈ സഹനത്തെ ജോണ്‍സണച്ചന്‍ വിളിക്കുന്നത്, ‘അനുഗ്രഹിക്കപ്പെട്ട സഹനമേ’, എന്നാണ്. കാരണം ഈ സഹനമാണ് ദൈവത്തെ കൂടുതലറിയാനും അനുഭവിക്കാനും അദ്ദേഹത്തെ സഹായിച്ചത്.തന്റെ ശരീരത്തിന്റെ ബലം കുറെയൊക്കെ നഷ്ടമായെങ്കിലും ദൈവം തന്നില്‍നിന്ന് മനസിന്റെ ധൈര്യവും ആത്മാവിന്റെ ശക്തിയും തിരിച്ചെടുത്തില്ല എന്ന് അദ്ദേഹം ഓര്‍മിക്കുന്നു. ആ കരുത്ത് അദ്ദേഹമാര്‍ജ്ജിച്ചത് ഒരാത്മീയ സാധനയിലൂടെയാണ്. ക്രൂശിതനായ ക്രിസ്തുവിന്റെ സഹനങ്ങളോടു താദാത്മ്യപ്പെട്ട് അദ്ദേഹം അതിനെ അതിജീവിച്ചു. കൂടുതല്‍ ബലഹീനനാവുംതോറും കൂടുതല്‍ ദൈവത്തോടടുത്തു.

വിശുദ്ധ കുര്‍ബാനയര്‍പ്പണവും ജീവിതവും തമ്മിലുള്ള അന്തരമില്ലാതായി. ജീവിതം തന്നെ ബലിയര്‍പ്പണമായി. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അനേകം മനുഷ്യരിലേക്കു ദൈവകൃപ ഒഴുകാന്‍ തുടങ്ങി. ഒരുപാടു മനുഷ്യര്‍ പ്രാര്‍ത്ഥനയും ഉപദേശങ്ങളും തേടി അദ്ദേഹത്തെ സമീപിക്കാന്‍ തുടങ്ങി.
ഓരോ അവയവങ്ങളും ബലഹീനമാവുമ്പോഴും അച്ചന് ദൈവത്തോടു ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ, തന്റെ വലതു കൈ മാത്രം തളര്‍ന്നു പോകാതെ ബാക്കി വയ്ക്കണേ എന്ന്. ഈ ഭൂമിയില്‍ തന്റെ ജീവന്‍ നിലനില്‍ക്കുന്നതുവരെയും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനും ജനത്തെ ആശീര്‍വദിക്കാനും തനിക്കാ വലതു കൈ വേണം.

ആ പ്രാര്‍ത്ഥന ദൈവം കേട്ടു. ശരീരത്തിന്റെ തൊണ്ണൂറു ശതമാനം ചലനശേഷിയും നഷ്ടപ്പെട്ടെങ്കിലും ബലിയര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വലതു കൈ ദൈവം ബാക്കി വച്ചു. തന്റെ പ്രാര്‍ത്ഥന കേട്ട് ദൈവം ഇടപെട്ട വലിയൊരത്ഭുതമായാണ് അദ്ദേഹം അതിനെ കാണുന്നത്. ഈ ഭൂമിയില്‍ പൗരോഹിത്യത്തിന്റെ കാല്‍ നൂറ്റാണ്ടു പൂര്‍ത്തിയാക്കാന്‍ ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. അതിനു ദൈവത്തോടു നന്ദിയര്‍പ്പിക്കാനാണ് ദൈവാലയത്തില്‍ ഇക്കഴിഞ്ഞ ജനുവരി 26 ന് എല്ലാവരും ഒരുമിച്ചു കൂടിയത്. കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെയും മറ്റനേകം മെത്രാപ്പോലീത്താമാരുടെയും ദൈവാലയത്തില്‍ തിങ്ങിനിറഞ്ഞ ജനസമൂഹത്തിന്റെയും സാന്നിധ്യത്തില്‍ സമാപനാശീര്‍വാദം നല്‍കി മോണ്‍. ജോണ്‍സണ്‍ കൈമലയില്‍ തന്റെ ബലിയര്‍പ്പണം പൂര്‍ത്തിയാക്കി.

ആശംസാ സമ്മേളനത്തിനൊടുവില്‍ മറുപടി പറയാന്‍ അദ്ദേഹം മൈക്രോഫോണ്‍ കയ്യിലെടുത്തു. ജോണ്‍സണച്ചന്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. സഹനങ്ങളില്‍ തളര്‍ന്നുപോയ ഒരുവന്റെ വിലാപമായിരുന്നില്ല അത്. ആത്മാവില്‍ ദൈവം കുടിയിരിക്കുന്നവന്റെ കരുത്തുറ്റ സാക്ഷ്യമാണ് ആ വാക്കുകളിലൂടെ പ്രകടമായത്.

അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലിയാഘോഷ വേളയില്‍, കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അദ്ദേഹത്തിന് ‘കോര്‍ എപ്പിസ്‌കോപ്പാ’ പദവി നല്‍കാനുള്ള സഭയുടെ തീരുമാനം പ്രഖ്യാപിച്ചു. വേദനയെ അനുഗ്രഹമായി കരുതുന്ന സഹനത്തിന്റെ രാജകുമാരന് സഭ നല്‍കുന്ന ആദരവും അംഗീകാരവുമാണത്. തന്നില്‍ നിക്ഷിപ്തമായ നിയോഗങ്ങള്‍ കൂടുതല്‍ തീക്ഷ്ണമായി നിര്‍വഹിക്കാന്‍ സഭ നല്‍കുന്ന ആധികാരികതയാണത്.

 ഫാ. ഷീന്‍ പാലക്കുഴി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?