Follow Us On

23

May

2019

Thursday

തളർന്ന കാൽമുട്ടുകളെ ബലപ്പെടുത്തുന്ന ദൈവം

തളർന്ന  കാൽമുട്ടുകളെ ബലപ്പെടുത്തുന്ന ദൈവം

”എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും. അതിന്റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്ന് വരുന്ന പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും” (മലാക്കി 4:2). എന്റെ ജീവിതത്തില്‍ തകര്‍ച്ചയില്‍നിന്ന് യേശുഎന്നെ പിടിച്ചുയര്‍ത്തിയ ഒരനുഭവം പറയാം.
കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ് ഞാന്‍ ജനിച്ചത്. ബാല്യം മുതല്‍ ഓടിയും ചാടിയും നടക്കുന്ന പ്രകൃതമായിരുന്നു എന്റേത്.

പകല്‍ കിടന്നുറങ്ങുകയോ വെറുതെ ഒരിടത്തിരിക്കുകയോ ചെയ്യില്ല. എപ്പോഴും വേഗത്തിലാണ് നടത്തം. പടി രണ്ടെണ്ണം ചാടിക്കടക്കും. പഠനത്തില്‍ അന്ന് വളരെ പിന്നാക്കമായിരുന്നു. അള്‍ത്താര ബാലനായശേഷമാണ് ഒരുയര്‍ച്ച വന്നത്. കഷ്ടിച്ചുമാത്രം ജയിച്ചിരുന്ന എനിക്ക് ഈശോ നല്ല റിസള്‍ട്ട് പിന്നീട് തരാന്‍ തുടങ്ങി.
പഠിച്ച് മാര്‍ തെയോഫിലസ് ബി.എഡ് ട്രെയിനിങ്ങ് കോളജിലെ അധ്യാപകനായി. ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടന്നു. അപ്പോള്‍ പരിചയക്കാരിലൊരാള്‍ ഭാര്യയോട് പറഞ്ഞു, ”ഭര്‍ത്താവിന്റെ ഷൂസിന് ഒരു ബ്രേക്ക് ഉണ്ടാക്കിക്കൊടുക്കണമെന്ന്.”

വിദ്യാര്‍ത്ഥികളുടെ നല്ല ചങ്ങാതിയായി ഓടിച്ചാടി നടക്കുന്ന കാലത്ത് വലതുകാലിന്റെ മുട്ടിന് ഒരു വേദന വന്നു. അമ്മക്കും കാല്‍മുട്ട് വേദനയുണ്ട്. കാല് മടക്കാനും വണ്ടിയില്‍ കയറാനുമൊക്കെ ബുദ്ധിമുട്ടാണ്. അമ്മയുടെ അതേ രോഗലക്ഷണങ്ങളായിരുന്നു എനിക്കും.

അസ്ഥിരോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഏറ്റവും നല്ല ആശുപത്രിയിലെ പരിചയസമ്പന്നനും ജ്ഞാനിയുമായ ഡോ. ചെറിയാന്‍ എം. തോമസിനെ കണ്ടു. അദ്ദേഹം പറഞ്ഞു, ’35വയസില്‍ താങ്കള്‍ക്ക് മുട്ടിനുവേദന വന്നതെന്തെന്ന് മനസിലാകുന്നില്ല.’ മുട്ടിന്റെ ബലം കൂട്ടാന്‍ കുറെ വ്യായാമരീതികള്‍ അദേഹം പറഞ്ഞുതന്നു.
എന്നാല്‍ വേദന കൂടുകയാണ് ചെയ്തത്. പടി കയറാന്‍ ബുദ്ധിമുട്ട്. വലതുകാല്‍കൊണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റുന്നില്ല. കോളജിന്റെ ഒന്നാം നിലയിലാണ് ക്ലാസ് നടക്കുന്നത്. മുട്ടു വളയ്ക്കാതെ കാലുനീട്ടി അടുത്ത പടിയിലേക്ക് വച്ച് കയറാന്‍ തുടങ്ങി.

എന്റെ സഹനം ജീവിതപങ്കാളി ദീപ്തിയെയാണ് വേദനിപ്പിച്ചത്. ഓടി നടന്നുകൊണ്ടിരുന്ന ഒരാള്‍ വേഗത കുറച്ച് ബുദ്ധിമുട്ടി ഓരോ കാലും എടുത്തുവച്ച് നടക്കുന്നു. കണ്ണീരോടെ ദീപ്തി പ്രാര്‍ത്ഥിച്ചു തുടങ്ങി. ഈ വേദനയുടെയും സഹനത്തിന്റെയും കാലഘട്ടം ഒരു വര്‍ഷത്തോളം നീണ്ടുപോയി. 2008-ല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.മാത്യു ഇലവുങ്കലാണ് അനന്തപുരി കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത്. ഞാനും ഭാര്യയും മകള്‍ ആഗ്നസും ധ്യാനം കൂടിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിന്റെ അന്തരീക്ഷം പ്രാര്‍ത്ഥനകള്‍കൊണ്ട് നിറഞ്ഞു.

ശുശ്രൂഷയുടെ അവസാനം അച്ചന്‍ രോഗികള്‍ക്കായി പ്രാര്‍ത്ഥിച്ചു. കൃത്യമായി സൗഖ്യം കിട്ടിയവരുടെ വിശദാംശങ്ങള്‍ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊണ്ടിരുന്നു. അച്ചന്‍ പറഞ്ഞു, ”കാല്‍മുട്ടിന് വേദനയുള്ളവര്‍ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുവിനെന്ന്.” ദൈവജനം നിലവിളിയോടെ പ്രാര്‍ത്ഥിച്ചു. എന്റെ കാലിന് ആശ്വാസംപോലെ. ഞാന്‍ എഴുന്നേറ്റു നിന്നു.

ഒരു വര്‍ഷത്തിനുശേഷം വലത്തെ കാലുകൊണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ”അവിടുന്ന് എന്റെ കാലുകള്‍ക്ക് മാന്‍പേടയുടെ വേഗത നല്‍കി” (സങ്കീ. 18:33). ”അവിടുന്ന് എന്റെ തളര്‍ന്ന കൈകളെയും കാല്‍മുട്ടുകളെയും ശക്തിപ്പെടുത്തി” (ഹെബ്രാ. 12:12).

ഇന്ന് സൗഖ്യം കിട്ടിയിട്ട് 11 വര്‍ഷം തികയുമ്പോള്‍ എന്റെ കാല്‍മുട്ടുകള്‍ക്ക് പൂര്‍ണ ആരോഗ്യമാണ്. കുട്ടികളുടെയും യുവജനങ്ങളുടെയും ശുശ്രൂഷകളില്‍ തുള്ളിച്ചാടി ദൈവത്തെ സ്തുതിക്കാന്‍ സാധിക്കുന്നു. വചനപ്രഘോഷണ വേദികളില്‍ ”പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു” (ഹബക്കുക്ക് 1:5), ”മറ്റാര്‍ക്കും കഴിയാത്തവണ്ണം അവന്‍ തുറക്കും” (വെളിപാട് 3:7) എന്നീ വചനങ്ങള്‍ പറഞ്ഞ് രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ യേശു തൊടും സൗഖ്യമാക്കും എന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്, ഉറപ്പുണ്ട്. എന്റെ യേശുനാഥന്‍ എന്നെ തൊട്ടതല്ലേ. അതിനാല്‍ ദൈവമേ, നിനക്ക് നന്ദിയും സ്തുതിയും…

ഡോ. ജോജു ജോണ്‍
(മാര്‍ തെയോഫിലോസ് ട്രെയിനിംഗ് കോളജ് അസി. പ്രഫസര്‍)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?