Follow Us On

23

May

2019

Thursday

കുടിയേറ്റത്തിന്റെ ചരിത്രകാരന്‍…

കുടിയേറ്റത്തിന്റെ ചരിത്രകാരന്‍…

തലശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ. അബ്രാഹം പോണാട്ട് പൗരോഹിത്യ ശുശ്രൂഷയില്‍ അരനൂറ്റാണ്ടിനോട് അടുക്കുകയാണ്. 1972 ഡിസംബര്‍ 20-ന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. വിശ്രമരഹിതമായിരുന്നു ഫാ. അബ്രാഹം പോണാട്ടിന്റെ 47 വര്‍ഷത്തെ ശുശ്രൂഷാജീവിതം. ഇടവക ഭരണത്തോടൊപ്പം രൂപതയിലെ പല ചുമതലകളും വഹിക്കുവാന്‍ പിതാക്കന്മാര്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി.

ഫാ. പോണാട്ടിന്റെ അര്‍പ്പണ-സേവന മനോഭാവത്തിനുള്ള അംഗീകാരമായിരുന്നു ഇത്. തലശേരി രൂപത സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച ‘കുടിയേറ്റത്തിന്റെ ഇതിഹാസം’ എന്ന അതിരൂപതയുടെ സമ്പൂര്‍ണ ചരിത്രഗ്രന്ഥം പോണാട്ടച്ചന്റെ കഠിനാധ്വാനത്തിന്റെ ഫലംകൂടിയാണ്.

632 പേജുകളില്‍ ആര്‍ട്ട് പേപ്പറിലാണ് ഗ്രന്ഥം അച്ചടിച്ചത്. എക്കാലവും ഉപകരിക്കപ്പെടുന്ന ഈ ചരിത്ര ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്ററായിരുന്നു അദ്ദേഹം. റവ. ഡോ. തോമസ് തെങ്ങുമ്പള്ളി എക്‌സിക്യുട്ടീവ് എഡിറ്ററും. ഓരോ ഇടവകകളും സന്ദര്‍ശിച്ച് പ്രാദേശിക ചരിത്രരചന കമ്മിറ്റികളുടെ സഹകരണത്തോടെയായിരുന്നു ഈ ആധികാരിക ഗ്രന്ഥം തയാറാക്കിയത്.

മുടങ്ങിയ പഠനം
പാലാ മേലുകാവുമറ്റത്തില്‍ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. മൂന്നു സഹോദരങ്ങളും രണ്ട് സഹോദരിമാരുമുണ്ട്. ഏഴാം വയസില്‍ 1952-ല്‍ മലബാര്‍ ജില്ലക്ക് പുറത്ത് സൗത്ത് കാനറ ജില്ലയില്‍പ്പെട്ട കുടിയേറ്റ കേന്ദ്രമായിരുന്ന തോമാപുരത്തേക്ക് കുടിയേറി. ചിറ്റാരിക്കല്‍ തോമാപുരം സെന്റ് തോമസ് സ്‌കൂളില്‍നിന്നും എസ്.എസ്.എല്‍.സി പാസായി. ഇടയ്ക്ക് ഒരു വര്‍ഷം പഠനം മുടങ്ങി.

തോമാപുരത്ത് ഹൈസ്‌കൂള്‍ അനുവദിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു. പക്ഷേ പിറ്റേക്കൊല്ലമാണ് ഹൈസ്‌കൂള്‍ അനുവദിച്ചത്. പ്രഥമ ബാച്ചില്‍ നല്ല മാര്‍ക്കോടെ പാസായി. എം.എസ്.എഫ്.എസ് സഭയില്‍ ചേര്‍ന്ന് മിഷനറിയാകണമെന്നതായിരുന്നു ആഗ്രഹം. സെമിനാരിയില്‍ ചേരാന്‍ വികാരിയച്ചന്റെ കത്തിനായി സമീപിച്ചു. കുടുംബസുഹൃത്തായിരുന്ന ഫാ. ജോസഫ് കൊല്ലംപറമ്പില്‍ ആയിരുന്നു വികാരി.

ഞാന്‍ ഇവനെ സെമിനാരിയില്‍ വിട്ടുകൊള്ളാം എന്നു പറഞ്ഞ് കൂട്ടത്തിലെത്തിയ എം.എസ്.എഫ്.എസ് വൈദികനെ മടക്കിയയച്ചു. പിന്നീട് കൊല്ലം പറമ്പിലച്ചന്‍, മാര്‍ വള്ളോപ്പിള്ളി പിതാവിന് ഒരു കത്ത് കൊടുത്തു. തലശേരി രൂപതയില്‍ സെമിനാരി പഠനത്തിനുള്ള സെലക്ഷന്‍ കഴിഞ്ഞിരുന്നു. ദൈവവിളി ക്യാമ്പില്‍ പങ്കെടുത്തിരുന്നുമില്ല. അതിനാല്‍ ആശങ്കയോടെയായിരുന്നു പിതാവിന്റെയടുക്കല്‍ പോയത്. കത്തു വായിച്ച പിതാവ് ചോദ്യങ്ങളൊന്നും ഇല്ലാതെ, സെമിനാരി പ്രവേശനത്തിന് തിരഞ്ഞെടുക്കുകയായിരുന്നു.
ഗിരിദീപം
വൈദിക പരിശീലന കാലത്ത് അവിടുത്തെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ സെക്രട്ടറിയായിരുന്നു. ‘മതവും ചിന്തയും’ ദൈവശാസ്ത്ര മാസികയുടെ പ്രസിദ്ധീകരണം തുടങ്ങുന്നത് ഇക്കാലത്താണ്. മാസികയിലേക്ക് ലേഖനങ്ങള്‍ തയാറാക്കി നല്‍കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.
വൈദികപരിശീലനം പൂര്‍ത്തിയാക്കിയ വര്‍ഷമായിരുന്നു ആലുവാ പൊന്തിഫിക്കല്‍ സെമിനാരിയില്‍, ‘പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ തുടങ്ങിയത്. പ്രഥമ ബാച്ചില്‍ രണ്ടാം റാങ്കോടെയാണ് പാസായത്.

ഒന്നാം റാങ്ക് ഇപ്പോഴത്തെ സീറോ മലബാര്‍ സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കായിരുന്നു. 1974 ഒക്‌ടോബറില്‍ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായി നിയമിച്ചു. ആ സമയത്താണ് രൂപതാ ബുള്ളറ്റിന്‍ തുടങ്ങിയത്. അതിന്റെ പ്രസിദ്ധീകരണ ചുമതല അച്ചനായിരുന്നു. രൂപതാബുള്ളറ്റിനായ ഗിരിദീപത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്ത് ഫാ. ജോസഫ് തയ്യില്‍ ആയിരുന്നു രൂപതാ പ്രൊക്യുറേറ്റര്‍. പിന്നീട് രൂപതാധ്യക്ഷനായ ഫാ. ജോര്‍ജ് വലിയമറ്റം മതബോധന കേന്ദ്രം ഡയറക്ടറുമായിരുന്നു. ആ സമയത്തുണ്ടായ അനുഭവം ഫാ. അബ്രാഹം പോണാട്ടിന്റെ പൗരോഹിത്യ ശുശ്രൂഷയില്‍ ഒരിക്കലും മറക്കാനാവാത്തതാണ്.

‘വിശുദ്ധയുടെ’ അന്ത്യനിമിഷങ്ങള്‍
പട്ടുവം ആസ്ഥാനമായി കോഴിക്കോട് രൂപതയുടെ കീഴില്‍ സ്ഥാപിതമായ ‘ദീനസേവനസഭ’ പ്രാരംഭഘട്ടത്തിലായിരുന്നു. 1976 ജൂണ്‍ അഞ്ചിനായിരുന്നു ദീനസേവനസഭ (ഡി.എസ്.എസ്) മദര്‍ സുപ്പീരിയറും സ്ഥാപകയുമായ ദൈവദാസി മദര്‍ പേത്ര ഉള്‍പ്പെടെയുള്ള സിസ്റ്റേഴ്‌സ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട വാഹനാപകടം. മദര്‍ പേത്രയുടെ അന്ത്യനിമിഷങ്ങളില്‍ പ്രാര്‍ത്ഥന ചൊല്ലി, ആശീര്‍വദിച്ച് നെറ്റിയില്‍ കുരിശുവരച്ചത് ഫാ. അബ്രാഹം പോണാട്ടായിരുന്നു.

അപകടം നടന്ന ഉച്ചയ്ക്ക് ടെലിഫോണിലൂടെയായിരുന്നു ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ”കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് വാഹനാപകടമുണ്ടായി. സിസ്റ്റേഴ്‌സ് സഞ്ചരിച്ചിരുന്ന വാനും ബസുമായി കൂട്ടിയിടിച്ചു. ഏതാനും സിസ്റ്റേഴ്‌സ് മരിച്ചു. കുറെപ്പേരെ തലശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.” വിവരം ഉടന്‍ രൂപതാ പ്രൊക്യുറേറ്ററെ അറിയിച്ചു. പ്രൊക്യുറേറ്റര്‍ ഫാ. തയ്യിലുമൊപ്പം ഫാ. അബ്രാഹം പോണാട്ട് മോട്ടോര്‍ സൈക്കിളില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയി.

അവര്‍ ആശുപത്രിയിലെത്തുമ്പോള്‍ ഒടിവും ചതവും മുറിവുകളുമായി ഗുരുതര പരിക്കുകളോടെ നിരവധി സിസ്റ്റേഴ്‌സ് ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഒരു വിദേശി സിസ്റ്റര്‍ അപകടത്തില്‍പെട്ട് പരിക്കുകളുമായി അകത്ത് ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഉടനെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രൂപത മതബോധന കേന്ദ്രത്തില്‍ അന്ന് ഒരു ജീപ്പ് ഉണ്ടായിരുന്നു. കേന്ദ്രം ഡയറക്ടറായിരുന്ന ഫാ. ജോര്‍ജ് വലിയമറ്റത്തെ വിവരമറിയിക്കാനും വാഹനത്തിനുമായി ഫാ. ജോസഫ് തയ്യില്‍ രൂപതാ കേന്ദ്രത്തിലേക്ക് പോയി.

വളരെ പെട്ടെന്ന് വാനുമായി തിരിച്ചെത്തി. ഫാ. ജോര്‍ജ് വലിയമറ്റമാണ് വണ്ടി ഓടിച്ചിരുന്നത്. ജോസ്ഗിരി ആശുപത്രിയിലെ ഡോ. പോള്‍ വാഴപ്പള്ളി, സിസ്റ്റര്‍ എല്‍സിസ് പ്ലാത്തോട്ടം എന്നിവരും വണ്ടിയിലുണ്ടായിരുന്നു. പരിക്കേറ്റവരുമായി വാഹനം പെട്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയി. വടകരയെത്തിയപ്പോള്‍ മദറിന് ചില മാറ്റങ്ങള്‍ കണ്ടു. ഉടന്‍ ഡോ. പോള്‍ വാഴപ്പള്ളി മദറിനെ പരിശോധിച്ചു. മദര്‍ മരണത്തിലേക്ക് പോകുകയാണ്, പ്രാര്‍ത്ഥിക്കണം; ഡോക്ടര്‍ പറഞ്ഞു. എല്ലാവരും സ്തബ്ധരായി. പെട്ടെന്ന് ഫാ. പോണാട്ട് പ്രാര്‍ത്ഥന ചൊല്ലി. നെറ്റിയില്‍ കുരിശു വരച്ചു. ആശീര്‍വാദം കൊടുത്തു. മദര്‍ നിത്യതയിലേക്ക് യാത്രയായി. 45 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അച്ചന്റെ മനസില്‍നിന്നും ഈ ഓര്‍മകള്‍ മാഞ്ഞുപോയിട്ടില്ല.

ട്രിബ്യൂണര്‍ നോട്ടറി
മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നീ പിതാക്കന്മാര്‍ക്കൊപ്പം അതിരൂപതാ ആസ്ഥാനത്ത് ദീര്‍ഘകാലം വ്യത്യസ്ത നിലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. മാര്‍ വള്ളോപ്പിള്ളിയുടെ സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. മോണ്‍. ജേക്കബ് വാരിക്കാട്ടിനുശേഷം കുറെക്കാലം പിതാവിന്റെ കുമ്പസാരക്കാരനായും ശുശ്രൂഷ ചെയ്തു. പിതാവിന്റെ അവസാന കാലംവരെ അടുപ്പവും സ്‌നേഹവും പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു.

മിഷന്‍ലീഗിന്റെ രൂപതാ ഡയറക്ടറായി ആറുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടര്‍ സ്ഥാനത്തേക്ക് ആദ്യം തിരഞ്ഞെടുപ്പിലൂടെയാണ് എത്തിയത്. രണ്ടു തവണയായി ആറുകൊല്ലം ആ സ്ഥാനത്ത് തുടര്‍ന്നു. മിഷന്‍ലീഗ് ആസ്ഥാനം ഭരണങ്ങാനത്തുനിന്നും എറണാകുളത്തേക്ക് മാറ്റിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു.

1976-ല്‍ രൂപതാ ആസ്ഥാനത്തെ ചുമതലകള്‍ക്കൊപ്പം രണ്ടാംകടവ് ഇടവക വികാരിയായും ചുമതലയേറ്റു. അക്കൊല്ലം മുതല്‍ രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറായും ശുശ്രൂഷ തുടങ്ങി. 77-78 കാലത്ത് ടി.എസ്.എസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ടി.എസ്.എസ് പ്രസിഡന്റാണ്. ജാതിമത വ്യത്യാസമില്ലാതെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സഹായമായിത്തീര്‍ന്ന ‘സേവ് എ ഫാമിലി’ പ്ലാന്‍ രൂപതയില്‍ പുനരാരംഭിച്ച് സജീവമാക്കിയത് ഇക്കാലത്താണ്. 1978-ല്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) മുംബൈയില്‍ നടത്തിയ പരിശീലനകോഴ്‌സില്‍ പങ്കെടുത്തശേഷം രൂപതാ ട്രിബ്യൂണലില്‍ നോട്ടറിയായി.

വിവാഹ ഒരുക്ക കോഴ്‌സ്
1984-ല്‍ രൂപത കുടുംബപ്രേഷിതത്വ വിഭാഗം ഡയറക്ടറായി വീണ്ടും നിയോഗിച്ചു. മാര്യേജ് ഗൈഡന്‍സ് കോഴ്‌സ് രൂപതയില്‍ തുടക്കം കുറിച്ചത് ഇക്കാലത്താണ്. ആദ്യം ഇടവക-ഫൊറോന തലത്തിലും പിന്നീട് രൂപതാ ആസ്ഥാനത്തെ സന്ദേശ് ഭവനിലും കോഴ്‌സ് തുടങ്ങി. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കിത്തുടങ്ങി. 1987-ല്‍ കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ അംഗമായി. മാര്‍ ജോസഫ് കുണ്ടുകുളം ആയിരുന്നു ചെയര്‍മാന്‍.

വൈകാതെ കുടുംബപ്രേഷിതത്വത്തിന്റെ മലബാര്‍ മേഖലാ ഡയറക്ടറായി നിയോഗിച്ചു. ഇക്കലാത്ത് ഫാ. തോമസ് തോപ്പില്‍, ചീഫ് എഡിറ്ററായി ഫാ. അബ്രാഹം പോണാട്ട്, ജോസഫ് കൊച്ചുപറമ്പില്‍ എന്നിവര്‍ എഡിറ്റര്‍മാരായും ‘കുടുംബവേദിയില്‍’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 518 പേജുകളോടെ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ 25,000 കോപ്പികള്‍ അക്കൊല്ലംതന്നെ വിറ്റഴിഞ്ഞു.

ഫാ. ജോര്‍ജ് വലിയമറ്റം (പിന്നീട് രൂപതാധ്യക്ഷന്‍) തുടങ്ങിവച്ച മതബോധന-മിഷന്‍ലീഗ് പ്രവര്‍ത്തനരംഗത്തെ പരിപാടികള്‍ എല്ലാം പുനര്‍ജീവിപ്പിച്ച് അവ പൂര്‍ണ ലക്ഷ്യത്തിലെത്തിക്കാന്‍ ഫാ. അബ്രാഹം പോണാട്ടിന് കഴിഞ്ഞു. 1984-ല്‍ മിഷന്‍ലീഗ് ജൂബിലി മലബാര്‍ കുടിയേറ്റത്തിന്റെ പിതൃഭൂമിയായ പേരാവൂരില്‍ വിപുലമായി ആഘോഷിച്ചു. പേരാവൂരില്‍ നടത്തിയ മിഷന്‍ എക്‌സിബിഷന്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായകമായി.

1984-ല്‍ മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടറായിരിക്കേ മിഷന്‍ ലീഗ് സ്ഥാപകന്‍ പി.സി. അബ്രാഹം (കുഞ്ഞേട്ടന്‍), പിന്നീട് സുപ്രീം കോടതി ജസ്റ്റീസായി പ്രവര്‍ത്തിച്ച് വിരമിച്ച ജസ്റ്റീസ് കുര്യന്‍ ജോസഫ് തുടങ്ങിയവര്‍ക്കൊപ്പം കേരളം മുഴുവന്‍ സഞ്ചരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി. 1978-ല്‍ തലശേരി അതിരൂപത സ്ഥാപനത്തിന്റെ രജത ജൂബിലിയാഘോഷങ്ങള്‍ക്കൊപ്പം രൂപതാ മദ്യവര്‍ജന പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതിന്റെ ട്രഷററായി നിയോഗിക്കപ്പെട്ടു.

ഇക്കാലത്ത് ‘മദ്യവര്‍ജന പ്രസ്ഥാനം വിജയിപ്പിക്കുക’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് മോട്ടോര്‍ സൈക്കിളില്‍ മാത്യു എം. കണ്ടത്തിനൊപ്പം രൂപത മുഴുവന്‍ പര്യടനം നടത്തി. പ്രസ്ഥാനത്തിന്റെ ആദ്യ വാഹനപ്രചാരണ ജാഥയായിരുന്നു. 1979-ല്‍ വയനാട് പുതുപ്പാടി ഇടവക വികാരിയായി ചുമതലയേറ്റു. രൂപത മതബോധന കേന്ദ്രത്തിലെ ചുമതലകള്‍ക്കൊപ്പമായിരുന്നു പുതിയ നിയമനം. നാലുവര്‍ഷത്തെ സേവനകാലത്ത് രണ്ടിടത്ത് പള്ളികള്‍ക്ക് തുടക്കമിട്ടു.

അവികസിത പ്രദേശമായിരുന്ന പുതുപ്പാടി മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ജനകീയ കൂട്ടായ്മയില്‍ നടത്തി. എയ്ഡഡ് യു.പി സ്‌കൂള്‍, പോസ്റ്റോഫീസ് എന്നിവയുടെ സ്ഥാപനത്തില്‍ മുമ്പില്‍നിന്നു പ്രവര്‍ത്തിച്ചു. റോഡുകള്‍ പണിതു. ബസ് സര്‍വീസ് തുടങ്ങി. 83-ല്‍ വീണ്ടും രൂപതാ കേന്ദ്രത്തിലേക്ക് മാറ്റമായി. രൂപത മതബോധന വിഭാഗം, സന്ദേശ്ഭവന്‍ എന്നിവയുടെ അസിസ്റ്റന്റ് ഡയറക്ടര്‍, ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചു.

ഇക്കാലത്ത് തലശേരി രൂപത കേരളസഭയില്‍ത്തന്നെ ദൈവവിളിയില്‍ ഒന്നാം സ്ഥാനത്തെത്തി. 1985-ല്‍ രൂപതയിലെ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ ചുമതലയും ഫാ. പോണാട്ടിനെ ഏല്‍പിച്ചു. 84 മുതല്‍ 92 വരെ രൂപത വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആധ്യാത്മിക പിതാവായും സേവനം ചെയ്തു. ഇതിനിടെ 87 മുതല്‍ 90 വരെ രണ്ടാം തവണ മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടറായി സേവനം ചെയ്തു. മിഷന്‍ലീഗിന് സി.ബി.സി.ഐയുടെ അംഗീകാരം നേടിയെടുത്തത് ഇക്കാലത്താണ്.

ശാന്തിഭവനിലേക്ക്
1992-ല്‍ പെരുമ്പുന്ന-മേല്‍ മുരിങ്ങോടി ഇടവകകളില്‍ വികാരിയായി നിയമിച്ചു. മിഷന്‍ലീഗ് ചുമതലകൂടി തുടരാന്‍ പിതാവ് നിര്‍ദേശിച്ചു. 94 വരെ രൂപതാ നോട്ടറിയായും പ്രവര്‍ത്തിച്ചു. കാനന്‍നിയമത്തില്‍ ബിരുദമില്ലാത്തതിനാല്‍ റോമില്‍നിന്നും പ്രത്യേക അനുമതിയോടെ 94-ല്‍ രൂപത ട്രിബ്യൂണല്‍ ജഡ്ജിയായി മാര്‍ ജോര്‍ജ് വലിയമറ്റം പിതാവ് നിയമിച്ചു. 1997-ല്‍ അതിരൂപത ചാന്‍സിലറായി നിയമിച്ചു. പൗരസ്ത്യ കാനന്‍നിയമം വന്നതിനുശേഷം പൗരസ്ത്യ കാനന്‍ നിയമത്തിന്റെ വെളിച്ചത്തില്‍ അതിരൂപതയ്ക്ക് നിയമാവലി എഴുതിയുണ്ടാക്കി.

2003-ല്‍ അതിരൂപത സുവര്‍ണ ജൂബിലിയുടെ ആഘോഷങ്ങളുടെ ഡോക്യുമെന്റേഷന്‍ കമ്മിറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ചു. 2005-ല്‍ നടന്ന കുടിയേറ്റ ദേശീയ സെമിനാറിന്റെ പിന്നില്‍ ഫാ. പോണാട്ടായിരുന്നു. ‘കുടിയേറ്റത്തിലെ ഇതിഹാസം’ അതിരൂപതയുടെ പൂര്‍ണ ചരിത്രമാണ്. ഓരോ കുടിയേറ്റ കേന്ദ്രങ്ങളുടെയും സമ്പൂര്‍ണ ചരിത്രമടങ്ങിയ ഈ ഗ്രന്ഥം ചരിത്രത്തില്‍ ഇടം പിടിച്ചതാണ്. അതിരൂപത സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് രൂപതാ ആസ്ഥാനത്ത് ഒരു ആര്‍ക്കേവിന് രൂപം നല്‍കി. ചരിത്രരേഖകള്‍, പുരാവസ്തുക്കള്‍, വള്ളോപ്പിള്ളി പിതാവിന്റെ ഫയലുകള്‍, പിതാവിനോട് ബന്ധപ്പെട്ട രേഖകള്‍ എന്നിവയെല്ലാം ശേഖരിച്ച് ഒരു മുറിയില്‍ ക്രമപ്പെടുത്തി.

2004 മെയ് മാസത്തില്‍ തലശേരി അതിരൂപതയുടെ കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രിയുടെയും ശാന്തിഭവന്‍ വൈദിക മന്ദിരത്തിന്റെയും ഡയറക്ടറായി നിയമിതനായി. 2008 വരെയായിരുന്നു ഇവിടെ സേവനം. ഇക്കാലത്ത് ആശുപത്രിയോടനുബന്ധിച്ച് ആയുര്‍വേദ വിഭാഗത്തിന് തുടക്കമായി. ടൗണിലെ ആശുപത്രിവക കെട്ടിടത്തിന് പുതിയൊരു നില പണിത് വൈദികമന്ദിരത്തിന് വരുമാനത്തിനായി വിട്ടുകൊടുത്തു. ‘ഹോപ്പ്’ സംഘടനയുടെ സഹകരണത്തോടെ ആശുപത്രിയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗം തുടങ്ങാനും ഇക്കാലത്ത് കഴിഞ്ഞു.

2012 മെയ് മാസത്തില്‍ മാര്‍ വലിയമറ്റം, ഫാ. അബ്രാഹം പോണാട്ടിനെ തലശേരി അതിരൂപതയുടെ വികാരി ജനറാളായി നിയമിച്ചു. നിര്‍മലഗിരി കോളജ് മാനേജര്‍, മെഷാര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങി നിരവധി ചുമതലകള്‍ ഇതോടെ ഏറ്റെടുക്കേണ്ടിവന്നു.
2014 മുതല്‍ മുഖ്യവികാരി ജനറാളായി നിയമിച്ചു. 2017 മെയ് 28 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ന്ന് തളിപ്പറമ്പ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം പുഷ്പഗിരി, ധര്‍മശാല പള്ളികളുടെ വികാരിയായും സേവനമനുഷ്ഠിക്കുന്നു.

പ്ലാത്തോട്ടം മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?