Follow Us On

30

November

2020

Monday

മണ്ണാണ്, വെറും മണ്ണ് !

പഞ്ചഭൂതങ്ങളിൽനിന്ന് സ്വീകരിക്കുന്നതെല്ലാം ഇവിടെതന്നെ ഉപേക്ഷിക്കണം. ഗൗരവത്തോടെ ഈ വിചാരം ഉള്ളിലെടുത്താൽ നമ്മുടെ ജീവിതം മാറാതെ തരമില്ല.

മണ്ണാണ്, വെറും മണ്ണ് !

മനുഷ്യാ, നീ പൊടിയാണ്. പൊടിയിലേക്കുതന്നെ നീ മടങ്ങും (ഉൽപ്പ.3:19) മനുഷ്യന്റെ വെറുമയെ ധ്യാനിക്കുന്ന കാലമല്ലേ നോമ്പ്. അതാരംഭിക്കുന്നത് ചാരത്തിൽതന്നെ. ചാരം നെറ്റിത്തടത്തിൽ കുരിശാകൃതിയിൽ പൂശി നോമ്പിലെ ധ്യാനവഴിയിലൂടെ ആദ്യചുവട് വയ്ക്കുന്നു. മണ്ണിൽനിന്ന് സൃഷ്ടിക്കുന്നവൻ മണ്ണിലേക്കുതന്നെ മടങ്ങണം. പഞ്ചഭൂതങ്ങളിൽനിന്ന് സ്വീകരിക്കുന്നതെല്ലാം ഇവിടെതന്നെ ഉപേക്ഷിക്കണം. പ്രാണൻ അതു നിക്ഷേപിച്ചവനിലേക്കും മടങ്ങും (സഭാ. 12:7)

ഗൗരവത്തോടെ ഈ വിചാരം ഉള്ളിലെടുത്താൽ നമ്മുടെ ജീവിതം മാറാതെ തരമില്ല. ഈ പ്രപഞ്ചം നൽകിയതൊക്കെ അവൾ തിരിച്ചെടുക്കും. എത്ര കുതറിമാറിയാലും അതു നിന്നെ കീഴ്‌പ്പെടുത്തും. മരണമെന്നും നിന്റെ കൺമുമ്പിലുണ്ടാകണം എന്ന വിശുദ്ധ ബെനഡിക്ടിന്റെ ഉപദേശം ഓർക്കുന്നു. ജീവിതത്തെ സർഗാത്മകമാക്കാനാണിത്, ഭയപ്പെടാനല്ല. മനോഹരമായൊരു ഉദ്യാനത്തിന്റെ ഹൃദയഭാഗത്ത് അരിമത്തിയാക്കാരൻ ജോസഫ് ഒരു കല്ലറ സൂക്ഷിച്ചത് എന്തിനാണ്? ഇടയ്ക്കിടെ ജീവിതത്തിന്റെ അങ്ങേയറ്റം ധ്യാനിക്കണം.

പഴയ അഗസ്റ്റിൻ ഓടുകയാണ്, സത്യത്തെയും സ്‌നേഹത്തേയും തേടി. ഗുരുവായ വിശുദ്ധ അംബ്രോസ് ചോദിച്ചു. നീ എവിടേക്കാണ് ഇത്രയും തിടുക്കത്തിൽ. അവൻ പറഞ്ഞു: ‘നിൽക്കാൻ സമയമില്ല. സത്യവും സ്‌നേഹവും എന്തെന്ന് എനിക്കറിയണം.’ അവ നിന്റെ പിറകെ വരുന്നുണ്ട്, അഗസ്റ്റിൻ നിന്റെ വേഗതയിൽ അതിന് എത്തിപ്പിടിക്കാനാവുന്നില്ല. അതെ, സത്യവും സ്‌നേഹവും നിങ്ങളുടെ പിറകെ വരുന്നുണ്ട്.

ജഡം ഭസ്മമാണെന്ന ചിന്തയ്ക്ക് അലങ്കാരങ്ങൾ ആവശ്യമില്ല. കൂടുതൽ അലങ്കരിക്കാത്ത കുരിശ് നെറ്റിയിൽ പൂശുന്നതും അതുകൊണ്ടുതന്നെ. പൊടിയിലും ചാരത്തിലും കിടന്നുള്ള പശ്ചാത്താപം പഴയനിയമത്തിലുടനീളം കാണാം. ജോബ് പശ്ചാത്താപ വിവശനായി ചാരം പൂശി ഉപവസിക്കുന്നു. ചാക്കുടുത്ത് ചാരം പൂശുന്ന ദാനിയേൽ. നീതിമാനായിരുന്നിട്ടും സ്വന്തം ജനത്തിനായി ചെയ്യുന്നതാണിത്.

ഞങ്ങൾ നിനക്കൊപ്പമുണ്ടായിരുന്നില്ല എന്നു പറഞ്ഞ് പ്രവാചകൻ നിലവിളിക്കുന്നു (ദാനി. 9:3) സ്വന്തം പാപങ്ങളെക്കുറിച്ച് അനുതപിച്ച് വസ്ത്രങ്ങൾ കീറി, ചാക്കുടുത്ത്, തലയിൽ ചാരം പൂശുന്ന ഇസ്രായേലിനെയും നാം കാണുന്നു (1മക്ക. 3:47). അന്നവർ മിസ്പായിൽ ഒരുമിച്ചു കൂടിയത് സ്വന്തം ജനത്തിന്റെ പാപത്തെക്കുറിച്ച് നിലവിളിക്കാനായിരുന്നു.

വിജാതീയ രാജാവ് സ്വന്തം പ്രിയരെ കുരുതികഴിക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞപ്പോൾ എസ്‌തേർ എന്ന പെൺകുട്ടി ആഡംബരങ്ങൾ ഉപേക്ഷിച്ച് ദുഃഖത്തിന്റെയും വിലാപത്തിന്റെയും വസ്ത്രം ധരിച്ചു. ചാരവും ചാണകവുംകൊണ്ട് അവൾ തലമൂടി. അത്യന്തം വേദനയോടെ ദൈവത്തെ വിളിക്കുന്നുണ്ട്, അവൾ (എസ്‌തേർ. 14:1^3). അവളുടെ നിലവിളിയിൽ ഇസ്രായേലിന്റെ ചരിത്രത്തിന്റെ ഗതി മാറുന്നുമുണ്ട്. ടയിറിലും സീദോനിലും ഉണ്ടായ ദുരിതംനിങ്ങളിൽ ആവർത്തിക്കാതിരിക്കാൻ ചാരം പൂശി പ്രാർത്ഥിക്കണമെന്ന് ക്രിസ്തു പറയുന്നു (മത്താ. 11:21).

ഒരാൾ തന്റെ ജീവിതത്തെ കുറേക്കൂടി എളിമപ്പെടുത്തുമ്പോൾ അയാൾ നിൽക്കുന്ന പരിസരംകൂടി മാറുന്നു. ആരൊക്കെയോ പശ്ചാത്താപ വിവശരാകുന്നതുകൊണ്ടും നിലവിളിക്കുന്നതുകൊണ്ടുമാണ് ഈ ഭൂമിയിൽ ഇനിയും സന്തോഷവും പൊട്ടിച്ചിരിയും അസ്തമിക്കാത്തത്. പരിഹാരം ചെയ്തവന്റെ കുരിശിനുതാഴെ നിൽക്കുന്നവരൊക്കെ അവനിൽ പങ്കുകാരാകും.

നെറ്റിയിൽ പൂശുന്ന ഭസ്മത്തിൽ ഒരു പ്രത്യേകതയുണ്ട്. തലേവർഷം ഓശാന ഞായറിൽ ജയ് വിളിക്കാൻ കൈകളിലേന്തിയ കുരുത്തോലകൾ കരിച്ചെടുത്തതാണിത്. ഇന്നലെയുടെ ഓശാനകളിൽ നമ്മുടെ ശിരസിനു മുകളിൽ ഉയർന്നതൊക്കെ ഇന്നത്തെ വിഭൂതിയിൽ ഭസ്മമാകും. അതുകൊണ്ടുതന്നെ, അനിത്യമായവയിൽനിന്ന് കണ്ണുപറിച്ച് നിത്യമായവയിൽ പ്രതിഷ്~ിക്കാൻ പ~ിക്കുക.

കാണുന്നതും കേൾക്കുന്നതും സ്പർശിക്കുന്നതും മണക്കുന്നതുമെല്ലാം കടന്നുപോകുന്നു. അവയെന്നും നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടുമിരിക്കും. സ്വന്തം ഉണ്മയിലേക്ക്, ആന്തരികതയിലേക്ക് പ്രവേശിക്കാനാണ് നോമ്പ്. നമ്മിലെ പ്രാണനെ ധ്യാനിക്കുമ്പോൾ ജീവിതത്തിന്റെ ഗതിമാറും. വിശുദ്ധ അഗസ്റ്റിൻ അത്തരമൊരു ശ്രമത്തിലായിരുന്നു. പിന്നെ സംഭവിച്ചതറിയാൽ അയാളുടെ ആത്മഭാഷണം ശ്രദ്ധിച്ചാൽ മതി:

‘നിത്യം പുരാതനവും നവീനവുമായ സൗന്ദര്യമേ, നിന്നെ അറിയാനും സ്‌നേഹിക്കാനും ഞാൻ എത്രയോ വൈകി. എന്നിലെ നിന്നെക്കാണാതെ എനിക്കായി സൃഷ്ടിച്ചവയിൽ ഞാൻ അഭിരമിച്ചു. നീഎപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ, ഞാൻ നിനക്കൊപ്പമുണ്ടായിരുന്നില്ല.’ ശരിയല്ലേ, ആർക്കായി സൃഷ്ടിച്ചുവോ അവനെ അന്വേഷിക്കാതെ, അവനെ അറിയാതെ, അവന്റെ ബിംബങ്ങളിൽ മനസിനെ പ്രതിഷ്~ിച്ചു. അവയും ചാരമെന്നറിയാതെ ചേർത്തുവെച്ചു.

നിരീശ്വര ചിന്തകനായ ഫ്യുയർ ബാക് പറഞ്ഞു, മനുഷ്യനെന്നാൽ അവൻ തിന്നുന്നതാണ്. ഇന്ന് ലോകം പറഞ്ഞേക്കും, മനുഷ്യനെന്നാൽ അവൻ കാണുന്നതാണെന്ന്. ഇന്ദ്രീയങ്ങൾ, ബാഹ്യമായതും ആന്തരികമായതും അടച്ചെങ്കിലേ മനുഷ്യനെ പിടികിട്ടു, ദൈവത്തേയും. അതിനാണ് ഉപവാസം, തപസ്, പ്രാർത്ഥന സകലതും.

വെറും നിരാഹാരമല്ല ഉപവാസം. കാഴ്ചയിൽ രണ്ടിലും ഭക്ഷണവും പാനീയവുമില്ല. നിരാഹാരം ആരുടെയൊക്കെയോ നിലപാടുകൾക്കുനേരെ നിങ്ങൾ നടത്തുന്ന സമരമാണ്. ഉപവാസമാകട്ടെ നിങ്ങൾക്കെരിരെ നിങ്ങൾതന്നെ നടത്തുന്ന സമരവും. നിരാഹാരത്തിൽ മറ്റുള്ളവർ നിങ്ങൾക്കു കീഴ്‌പ്പെടണം, ഉപവാസത്തിന്റെ ഒടുക്കം നിങ്ങൾ കീഴ്‌പ്പെടണം.

ആദ്യപാപം വായിലൂടെ അകത്തു പ്രവേശിച്ചെങ്കിൽ അധരത്തെയും ഉദരത്തെയും നിയന്ത്രിച്ച് ഉപവസിക്കുന്നു. കണ്ണിലൂടെയും അകത്തുകടന്നതിനെ കണ്ണുംപൂട്ടി പരിഹരിക്കുന്നു. അങ്ങനെ ഓരോ ഇന്ദ്രിയത്തെയും. ഒടുക്കം നിങ്ങൾ പ്രാണനെ അറിയും, പ്രാണനാഥനെയും. പ്രിയരെ, ഹൃദയം തുറന്ന് സ്‌നേഹിക്കാൻ ആന്തരികകരുത്തുള്ളവരായി മാറും.

പ്രാർത്ഥന: എന്റെ കണ്ണീരു തുടയ്ക്കണമേയെന്നല്ല ദൈവമേ ഞാനിന്ന് പ്രാർത്ഥിക്കുന്നത്. അനുതാപവിവശനായി കരയാൻ എനിക്കു കണ്ണീരു തരണമേ.

റവ. ഡോ. റോയ് പാലാട്ടി

(ലെന്റൻ റിഫ്‌ളക്ഷൻ തുടർച്ചയായി വായിക്കാം വലിയനോമ്പ് ആരംഭിക്കുന്ന ദിനംമുതൽ) 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?