Follow Us On

28

March

2024

Thursday

സെമിനാരിയിൽനിന്ന് പുറത്തായി, നിത്യവ്രതം തടഞ്ഞു; ഭൂതകാലം പങ്കുവെച്ച്‌ ജോർജ് പനയ്ക്കലച്ചൻ

സെമിനാരിയിൽനിന്ന് പുറത്തായി, നിത്യവ്രതം തടഞ്ഞു; ഭൂതകാലം പങ്കുവെച്ച്‌ ജോർജ് പനയ്ക്കലച്ചൻ

മേജർ സെമിനാരി പ്രവേശനം നിഷേധിക്കപ്പെട്ടവൻ, നിത്യവ്രത വാഗ്ദാനം തടയപ്പെട്ട ‘നോട്ടപ്പുള്ളി’… സുപ്രശസ്ത വചനപ്രഘോഷകൻ പനയ്ക്കലച്ചന് ഇപ്രകാരമൊരു ഭൂതകാലം ഉണ്ടായിരുന്നു! പൗരോഹിത്യ ജീവിതത്തിലേക്കുള്ള യാത്രയിലുണ്ടായ രണ്ട് ദൈവീക ഇടപെടലുകളെക്കുറിച്ചും അതിലൂടെ വെളിപ്പെട്ട നിത്യസത്യങ്ങളെ കുറിച്ചും സൺഡേ ശാലോമിലൂടെ ഫാ. ജോർജ് പനയ്ക്കൽ വി.സി കുറിക്കുന്നു, സപ്തതി വർഷത്തിൽ.

 

എനിക്ക് 70 വയസ് പൂർത്തിയാകുന്ന ദിവസമായിരുന്നു ഫെബ്രുവരി രണ്ട്. അന്ന് പ്രഭാതത്തിൽ വിശുദ്ധ ഗ്രന്ഥം തുറന്നപ്പോൾ 77^ാം സങ്കീർത്തനം 11മുതൽ 12 വരെയുള്ള വാക്യങ്ങളാണ് ലഭിച്ചത്! ‘ഞാൻ കർത്താവിന്റെ പ്രവൃത്തിയെ ഓർമിക്കും, പണ്ട് അങ്ങ് എനിക്ക് ചെയ്ത അത്ഭുതങ്ങൾ ഞാൻ അനുസ്മരിക്കും, ഞാൻ അങ്ങയുടെ സകല പ്രവൃത്തികളെയും കുറിച്ച് ധ്യാനിക്കും, അങ്ങയുടെ അത്ഭുതകരമായ പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കും.’
അന്നേ ദിനം റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വന്നെത്തിയവരോട് എന്താണ് പ്രസംഗിക്കേണ്ടതെന്നതിനെക്കുറിച്ച് ഹൃദയത്തിൽ ആരാഞ്ഞപ്പോൾ ഏശയ്യ. 63:7 ആണ് ലഭിച്ചത്: ‘കർത്താവ് നമുക്ക് നൽകിയ എല്ലാറ്റിനെയുംപ്രതി, തന്റെ കരുണയെപ്രതി ഇസ്രായേൽ ഭവനത്തിന് ചെയ്ത മഹാ നന്മയെപ്രതി ഞാൻ അവിടുത്തെ ദയാവായ്പിനൊത്ത് അവിടുത്തെ കാരുണ്യത്തെ കീർത്തിക്കും.’
എന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്  ഈ രണ്ട് വചനങ്ങൾക്കും. എന്റെ ഉള്ളിൽ ഒരിക്കലും മറക്കാനാവാത്തവിധം രേഖപ്പെടുത്തപ്പെട്ട രണ്ട് അനുഭവങ്ങൾ പങ്കുവെക്കാൻ തമ്പുരാൻ ആവശ്യപ്പെടുകയല്ലേ, ഈ തിരുവചനങ്ങളിലൂടെ. ‘അവിടുന്ന് നൽകിയ അനുഗ്രഹമൊന്നും മറക്കരുത്,’ 103^ാം സങ്കീർത്തനം രണ്ടാം വാക്യവും ‘നിങ്ങളെ നയിച്ച വഴികളെല്ലാം നിങ്ങൾ ഓർക്കണം,’ എന്ന നിയമാവർത്തനം എട്ടാം അധ്യായം രണ്ടാം വാക്യവും മനസിൽ തെളിഞ്ഞപ്പോൾ, ദൈവം ആഗ്രഹിക്കുന്നതും അതുതന്നെയാണെന്നും ഉത്തമബോധ്യംലഭിച്ചു.

ദൈവവിളി തടഞ്ഞ ‘മേജർ’ പരീക്ഷ

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത രണ്ട് അനുഭവങ്ങളും അതിലൂടെ പിൽക്കാലത്ത് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങളും പങ്കുവെക്കാം. അങ്കമാലിയിലെ വിൻസെൻഷ്യൻ ആശ്രമത്തിൽ അധികാരികളുടെ ആശീർവാദത്തോടെ ഞാൻ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയായിരുന്നതിനാൽ മൈനർ സെമിനാരി പ~നം കഴിഞ്ഞാൽ ആലുവയിലെ മേജർ സെമിനാരിയിൽ പ്രവേശിക്കാം.
ആലുവയിലെ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രവേശിക്കണമെങ്കിൽ എല്ലാ സെമിനാരിക്കാരും എൻട്രൻസ് പരീക്ഷ എഴുതണം. ആദ്യ അവസരത്തിൽതന്നെ ജയിക്കണം, രണ്ടാമത് എന്നൊരു അവസരം ഇല്ലാത്തതിനാൽ തോറ്റാൽ വീട്ടിലേക്ക് മടങ്ങുക മാത്രമാണ് ഏക മാർഗം. അന്നുവരെയുള്ള സെമിനാരിയുടെ ചരിത്രത്തിലും ഈ നിയമവ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടില്ല എന്നാണെന്റെ അറിവ്.
പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ, ഞാൻ തോറ്റു. റിസൽറ്റ് എന്നെ അറിയിച്ച ബഹുമാനപ്പെട്ട റെക്ടറച്ചൻ, വീട്ടിലേക്ക് മടങ്ങിപോകാനും ആവശ്യപ്പെട്ടു. എന്റെ ഒരു ചെറിയ പെട്ടി അവിടെ വെച്ചശേഷം ബാക്കിയുള്ള എല്ലാ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങി. വൈദികനാകണമെന്ന ആഗ്രഹവും സ്വപ്‌നവും എന്നേക്കുമായി തടയപ്പെട്ടെന്ന ചിന്ത എന്നെ മാനസികമായി വളരെയധികം തളർത്തി.
വീട്ടിൽ എത്തിയ ഞാൻ എന്നെ സെമിനാരിയിൽനിന്ന് പറഞ്ഞുവിട്ടതും ഇനി അവിടെ പ~ിക്കാൻ പറ്റില്ലെന്നുമുള്ള യാഥാർത്ഥ്യം ആരോടും പറഞ്ഞില്ല. ഇനി എന്തു ചെയ്യണമെന്നും എനിക്കറിയില്ലായിരുന്നു. തുടർന്നുള്ള ദിനങ്ങളിൽ ‘കുരിശിന്റെ വഴി’ പ്രാർത്ഥനയും ‘ജപമാല’യുമാണ് എനിക്ക് കരുത്തായത്. ജപമാലയും കുരിശിന്റെ വഴിയും ഓരോ ദിവസവും പലപ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി. ഒരു വഴി കാണിച്ചുതരണമേ എന്ന യാചന എപ്പോഴും ഹൃദയത്തിൽ ഉയർന്നുകൊണ്ടേയിരുന്നു.
മൂന്നര ആഴ്ച കഴിഞ്ഞപ്പോൾ എനിക്ക് അങ്കമാലി ആശ്രമത്തിൽനിന്ന് റെക്ടറച്ചന്റെ ഒരു കത്ത് ലഭിച്ചു. ഞാൻ ആശ്രമത്തിൽ വച്ചിട്ടുപോയ പെട്ടി എടുത്തുകൊണ്ടുപോകണം എന്ന അറിയിപ്പായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, പച്ചാളം ഡോൺബോസ്‌കോ സെന്ററിൽ നടക്കുന്ന സന്യാസ സഭകളുടെ എക്‌സിബിഷൻ ഹാളിലുള്ള വിൻസെൻഷ്യൻ സഭാ സ്‌റ്റോളിൽ ഒരാഴ്ച സൗജന്യ സേവനം ചെയ്യാനാകുമോ എന്നു ചോദിച്ചുകൊണ്ടുള്ള ഒരു ക്ഷണക്കത്തായിരുന്നു അത്.

അത്ഭുതം, സെമിനാരി വീണ്ടും തുറന്നു!

അപ്പോൾ തന്നെ ഞാൻ അങ്കമാലി ആശ്രമത്തിലേക്ക് പുറപ്പെട്ടു. അടുത്ത ദിവസം എന്നെ മേജർ സെമിനാരിയിലെ ശെമ്മാശൻമാർ സെറ്റ് ചെയ്ത സ്റ്റോളിലേക്ക് പോകാൻ നിയോഗിക്കുകയും ഞാനവിടെ ഒരാഴ്ച സേവനം ചെയ്യുകയും ചെയ്തു. അതിനുശേഷം സ്‌റ്റോളിൽ വച്ചിരുന്ന എല്ലാ സാധനങ്ങളും തിരിച്ചേൽപ്പിക്കാൻ അങ്കമാലി ആശ്രമത്തിലേക്ക് വന്ന ഞാൻ അന്ന് രാത്രി അവിടെ അന്തിയുറങ്ങി.
രാവിലെ എഴുന്നേറ്റ് ദിവ്യബലിയിൽ പങ്കുകൊണ്ട ഞാൻ വീണ്ടും കുറേസമയം പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അപ്പോൾ പെട്ടെന്ന് ഒരു ബ്രദർ വന്ന് സുപ്പീരിയർ ജനറൽ വിളിക്കുന്നു എന്ന് പറഞ്ഞു. റവ. ഫാ. ജേക്കബ് കല്ലറയ്ക്കലായിരുന്നു അപ്പോഴത്തെ സുപ്പീരിയർ ജനറൽ. അദ്ദേഹത്തിനടുത്ത് എത്തിയ എന്നോട് മുഖവുര കൂടാതെ ഒരു കാര്യം ചോദിച്ചു: ‘മേജർ സെമിനാരിയിലേക്ക് ശുപാർശ ചെയ്താൽ പ~ിക്കാൻ പറ്റുമോ, അതിനുള്ള ഉറപ്പുണ്ടോ?’
ഞാൻ വളരെ അത്ഭുതത്തോടെ ‘യെസ്’ എന്നു പറഞ്ഞു. എന്നാൽ ഇന്ന് വൈകുന്നേരം തൃക്കാക്കര സെമിനാരിയിൽ നടക്കുന്ന വാർഷിക ധ്യാനത്തിൽ പങ്കെടുക്കാൻ വേഗം തയാറായി വരണം എന്ന് നിർദേശിച്ചാണ് എന്നെ തിരിച്ചയച്ചത്. ആദ്യം, ഞാൻ ദൈവാലയത്തിൽ പോയി ദൈവത്തിന് നന്ദി പറഞ്ഞു. ദൈവം എന്നെ വൈദികനാക്കാൻ തിരഞ്ഞെടുത്തിട്ടുണ്ടെന്ന ശക്തമായ ഒരു ബോധ്യം ദൈവവിളിയേക്കുറിച്ചുള്ള എല്ലാ സംശയങ്ങളും എന്നിൽനിന്ന് മാറ്റിക്കളഞ്ഞു.
എന്റെ ഏതെങ്കിലും ഒരു യോഗ്യതയാലല്ല, ദൈവത്തിന്റെ കരുണയും അവിടുത്തെ സൗജന്യ ദാനവുമായാണ് എന്റെ പൗരോഹിത്യ വിളി. അത് ഒരു മൺപാത്രത്തിലല്ല, അടിയന്റെ ഭിക്ഷാപാത്രത്തിലാണ് ഈ ദാനം സ്വീകരിച്ചിരിക്കുന്നത്. ഞാൻ ഏറ്റവും നിസഹായകനായി തീർന്ന, ആശ്രയിക്കാൻ ഒരു പിടിവള്ളിയും ഇല്ലാതിരുന്ന ഒരു ഘട്ടംവരെ ദൈവം എന്നെ എത്തിക്കുകയും ആ നിസ്സഹായതയിൽ അവിടുന്നെന്നെ വാരിയെടുക്കുകയും ചെയ്തു.

പരീക്ഷണമെത്തി; വീണ്ടും ദൈവം മാറോടണച്ചു

വർഷങ്ങൾ കടന്നുപോയി, കർത്താവ് എന്നോട് കാണിച്ച കരുണ ഓർമയുണ്ടായിരുന്നെങ്കിലും പിന്നീട് അതിനോട് വിശ്വസ്തത പുലർത്തുന്നതിൽ ഞാൻ പരാജയപ്പെടുകയുണ്ടായി. അതിന്റെ ഒരു ഭാഗമെന്നതുപോലെ നിത്യവ്രതം എടുക്കേണ്ട സമയമായപ്പോൾ അധികാരികൾ എന്റെ സെമിനാരി ജീവിതത്തെ കൂലങ്കഷമായി വിലയിരുത്തി ഒരു നിർദേശം മുന്നോട്ടുവെച്ചു. നിത്യവൃത വാഗ്ദാനം നടത്തേണ്ടെന്നും വാഗ്ദാനം ഒരു വർഷത്തേക്കു മാത്രമായി നടത്തിയാൽ മതിയെന്നുമായിരുന്നു അത്.
എന്റെ ബാച്ചിലുള്ള എല്ലാവരും നിത്യവ്രതവാഗ്ദാനം നടത്തിയപ്പോൾ ഞാൻ ഒരു വർഷത്തേക്ക് മാത്രം വ്രതമെടുത്ത് നവീകരിച്ചു. അതിനുള്ള അനുവാദമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ ഒരു വർഷം, അധികാരികളുടെ നിരീക്ഷണത്തിനുവേണ്ടിയുള്ളതായിരുന്നു. ഈ സംഭവം എന്നെ മാനസികമായി തകർത്തു. വൈദികനാകാൻ സാധിക്കുമോ എന്ന സംശയവും ഭയവും എന്നിൽ ഉടലെടുത്തു. നിത്യവ്രതമെടുത്താലേ സഹപാ~ികൾക്കൊപ്പം ഡീക്കൻ പട്ടം സ്വീകരിക്കാനാകൂ. എങ്കിൽ മാത്രമേ അവരോടൊപ്പം തിരുപ്പട്ടവും ലഭിക്കൂ.
നിത്യവൃതം നിഷേധിക്കപ്പെട്ടതുകൊണ്ട്ഡീക്കൻ പട്ടവും തിരുപ്പട്ടവും എനിക്ക് വൈകും എന്നത് തീർച്ചയായി. ഞാനെല്ലാവരുടെയും മുമ്പിൽ ഒരു നോട്ടപ്പുള്ളിയെപോലെയായി. പുരോഹിതനായാലും കൃത്യമായി പ്രവർത്തിക്കാനാവില്ലെന്നും ചിലപ്പോൾ എന്റെ ദൈവവിളി നിഷേധിച്ച് വീട്ടിലേക്ക് തിരിച്ചയക്കാൻ സാധ്യതയുണ്ടെന്നുമുള്ള ചിന്തകൾ എന്നെ അസ്വസ്ഥനാക്കി.
ഒരു വർഷം കഴിഞ്ഞ് 1978 മാർച്ചിൽ നിത്യവൃത വാഗ്ദാനം ചെയ്യാനുള്ള അനുവാദം ലഭിച്ചു. എന്റെ സഹപാ~ികളെല്ലാവരും ഡീക്കൻ പട്ടവും സ്വീകരിച്ച് തിരുപ്പട്ടത്തിനൊരുങ്ങുമ്പോൾ എനിക്ക് കാറോയ പട്ടം മാത്രം! വളരെയധികം മാനസിക സംഘർഷത്തിഷത്തിലായിരുന്നു എന്റെ ജീവിതം. അപ്പോഴാണ്, മാർച്ചിൽ നടക്കേണ്ട തിരുപ്പട്ടം എന്റെ സഹപാ~ികൾക്ക് ഡിസംബറിൽ നൽകുമെന്ന് അറിഞ്ഞത്. അതായത് മൂന്നു മാസം മുമ്പേ അവർ വൈദികരായി അഭിഷിക്തരാകും.
കർദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമേനിയുടെ മെത്രാഭിഷേക ജൂബിലിയായിരുന്നു ആ വർഷം. ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 വൈദികാർത്ഥികളുടെ തിരുപ്പട്ട ശുശ്രൂഷ നിർവഹിക്കാൻ കർദിനാൾ തിരുമേനി തീരുമാനിച്ചതാണ്, തിരുപ്പട്ട ദാനം നേരത്തെയാകാൻ കാരണം. പക്ഷേ, അവിടെ ഒരു അത്ഭുതം സംഭവിച്ചു. എണ്ണം തികയ്ക്കാൻ എനിക്കുകൂടി ആ വർഷത്തെ തിരുപ്പട്ട ദാനത്തിൽ ഉൾപ്പെടുത്താൻ തീരുമാനമുണ്ടായി. അങ്ങനെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽവെച്ച് എന്റെ സഹപാ~ികൾക്കൊപ്പംതന്നെ തിരുപ്പട്ടം സ്വീകരിക്കാൻ കർത്താവ് എന്നെ അനുവദിച്ചു.
(രണ്ട് സംഭവങ്ങളിലൂടെ ചുരുളഴിഞ്ഞ ദൈവപദ്ധതിയെക്കുറിച്ച് അറിയാൻ സൺഡേ ശാലോമിന്റെ (യു.എസ് , യു.കെ എഡിഷനുകളിൽ) പുതിയ ലക്കം കാണുക.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?