”കര്‍ത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി. അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു” (ലൂക്കാ 22:62).
സ്‌നേഹം ആദ്യം നിഴലിക്കുന്നത് കണ്ണിലാണ്. അതു മങ്ങുന്നതും കണ്ണില്‍ത്തന്നെ. കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണില്‍ ഒരാളുടെ ജീവനും മരണവും നിങ്ങള്‍ക്ക് വായിച്ചെടുക്കാം. രോഗനിര്‍ണയത്തില്‍ ഡോക്ടര്‍മാര്‍ കണ്ണില്‍ സൂക്ഷിച്ചു നോക്കുന്നത് എന്തിനാണ്? എന്റെ കണ്ണിലേക്ക് നോക്കി സത്യം പറയുക എന്ന് അമ്മമാര്‍ ശാഠ്യം പിടിക്കുന്നത് കാണുക. കരുണയും ക്രോധവും കണ്ണില്‍ തെളിയും. കണ്ണില്‍ ഒരാളുടെ ആത്മീയതയുടെ ഗ്രാഫു തെളിയുമെന്ന് ഗുരുക്കന്മാര്‍.
ആഫ്രിക്കന്‍ തീവ്രവാദികളുടെ കൈയിലകപ്പെട്ടുപോയ മകനെ തിരികെ പിടിക്കാന്‍ ഒരപ്പന്‍ നടത്തുന്ന ക്ലേശകരമായ ശ്രമങ്ങള്‍ രേഖപ്പെടുത്തുന്ന ഒരു ചിത്രമുണ്ട്. തന്റെ മകനും ഒരു തീവ്രവാദിയായി മാറിയേക്കുമോ എന്ന ഭയത്തില്‍ ഭ്രാന്തമായ അന്വേഷണചുവടുകള്‍ വയ്ക്കുകയാണീ അപ്പന്‍. മകനെ തിരികെ ലഭിക്കുമ്പോള്‍ യാതൊര കനിവും മിഴിയിലില്ലാതെ മനുഷ്യനെ കുരുതി കഴിക്കുന്ന ഒരാളായിക്കഴിഞ്ഞിരുന്നു, അവന്‍. അവന്റെ ഉള്ളില്‍ ദയയും സ്‌നേഹവും ഉണര്‍ത്തുന്നത് ആ പിതാവ് അവന്റെ മിഴികളില്‍ നോക്കിയാണ്. പരസ്പരം കണ്ണോടുകണ്ണു ചേര്‍ത്തുവച്ച് ഏറെ നേരം കാത്തിരുന്നു. അപ്പന്റെ സജലങ്ങളായ മിഴിയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവുന്നില്ല, ആ ചെറുപ്പക്കാരന്. അവനിലെ സ്‌നേഹത്തിന്റെ ജലപ്രവാഹം അവനെ വീണ്ടെക്കുന്നു. വാവിട്ടു കരയുമ്പോള്‍ പഴയ സ്‌നേഹവും ദയവും അവന്റെ കണ്ണില്‍ തെളിയാന്‍ തുടങ്ങി.
തന്റെ ഗുരുവും നാഥനുമായ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ ആത്മനിന്ദയിലാണ് പത്രോസ്. പീലാത്തോസിന്റെ പ്രത്തോറിയത്തിലേക്ക് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട യേശുവിനെ കൊണ്ടുപോവുകയാണ്, അപ്പോള്‍. അവന്റെ മുമ്പിലൂടെ നീങ്ങുമ്പോള്‍ തന്റെ പ്രിയശിഷ്യനെ ക്രിസ്തു നോക്കി. യാതൊന്നും ഉരിയാടിയില്ല. ആ നോട്ടത്തില്‍ അവര്‍ പങ്കിട്ടത് വാക്കുകളില്‍ പറയുക സാധ്യമല്ലല്ലോ. ഹൃദയംനൊന്തു കരയുകയാണവന്‍. സ്‌നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല. അതിനു മുറിവേറ്റേക്കാം. ക്രിസ്തുവിന്റെ സ്‌നേഹം പത്രോസിന്റെ നിഷേധത്തെക്കാള്‍ ശക്തംതന്നെ.
യേശുവിന്റെ മിഴികളില്‍ അവന്റെ ഗതകാലം അവന്‍ വായിച്ചെടുത്തു. മൂന്നാണ്ടില്‍ പറഞ്ഞതൊക്കെ മൂന്നു സെക്കന്റില്‍ ഒതുക്കി. നമ്മോടു തെറ്റു ചെയ്തവര്‍ക്ക് നമ്മെ സമീപിക്കുക എളുപ്പമല്ല. കാരണം, നമ്മുടെ നോട്ടം അവരില്‍ നിന്ദയും ലജ്ജയും ജനിപ്പിക്കും. ക്രിസ്തുവിന്റെ കണ്ണില്‍ നിങ്ങളതു കാണില്ല. അവന്റെ നോട്ടത്തില്‍ നിങ്ങളുടെ കുറ്റബോധങ്ങള്‍ അലിഞ്ഞില്ലാതാകും.
മുറിവേറ്റ ബലിമൃഗം ചോര ചിന്താന്‍ നീങ്ങുമ്പോള്‍ മുറിവു നല്‍കിയ വേടന്റെ ഉള്ളിലെ അമ്പു വലിച്ചൂരാന്‍ ശ്രമിക്കുന്നത് കാണുക. എങ്ങനെ, പത്രോസ് കരയാതിരിക്കും? മറ്റൊരു വേടനെക്കൂടി തിരയുന്നുണ്ട്, ആ കണ്ണുകള്‍. യൂദാസിനെ. പക്ഷേ അവന്‍ അതിനകം ജീവഹത്യ നടത്തിക്കഴിഞ്ഞു. ഒരു നോട്ടത്തിലും കരച്ചിലിലും തീരാത്ത എന്തപരാധമാണ് നിങ്ങള്‍ക്കുള്ളത്? ആ വെള്ളിനാണയങ്ങള്‍ എറിഞ്ഞുകളഞ്ഞ് ഒന്നു കരയാമായിരുന്നില്ലേ, അവന്.
ക്രിസ്തുവിന്റെ കണ്ണില്‍ നോക്കി നിങ്ങളിലെ സ്‌നേഹത്തെ ശക്തമാക്കുക. ദിവ്യകാരുണ്യത്തെ നോക്കിയിരുന്ന് വെറുതെ കരയുക. നിങ്ങളുടെ കണ്ണുകള്‍ ജീവനുറ്റതാകും.
പ്രാര്‍ത്ഥന: പ്രാണവേദനയില്‍ ഉരുകുമ്പോഴും അരുമശിഷ്യനില്‍ കണ്ണുറപ്പിച്ച രക്ഷകാ, എന്റെ മിഴികളിലും സ്‌നേഹം പകരണമേ!.
റവ.ഡോ.റോയ് പാലാട്ടി CMI
Leave a Comment
Your email address will not be published. Required fields are marked with *