Follow Us On

05

December

2023

Tuesday

പരീക്ഷയുടെ മരുഭൂമി

പരീക്ഷയുടെ മരുഭൂമി

‘ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. സാത്താനാന്‍ പരീക്ഷിക്കപ്പെട്ട് നാല്‍പ്പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടു കൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.(മര്‍ക്കോ. 1: 12-13).

ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത നിങ്ങളുടെ ബലവും ബലഹീനതയും തെളിയുന്നിടമാണ് നിങ്ങള്‍ തനിയെ ആകുന്ന സമയം. അതാണ് മരുഭൂമി. ഇടറാനുള്ള സാധ്യതകള്‍ ജനമധ്യത്തിലെന്നതിനേക്കാള്‍ ആവൃതിക്കുള്ളിലാകുമ്പോഴാണ് ചില നിഷ്ഠയിലും നിശബ്ദതയിലും ജീവിതത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചുനോക്കൂ. പിശാചുണ്ടോ എന്നൊരു ചോദ്യം പിന്നൊരിക്കലും നിങ്ങള്‍ ചോദിക്കില്ല. എല്ലാ താളങ്ങള്‍ക്കുമൊപ്പം തുള്ളുന്നവരെത്തേടി പ്രലോഭകന്‍ വന്നേക്കില്ല. ജീവിത താളങ്ങളെ കൃത്യമായി പരുവപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ളതാണ് പരീക്ഷകള്‍.

ശ്രദ്ധേയമായ എഴുത്തുകാരനായ കസന്‍ദ്‌സാക്കിസ് വിയന്നയില്‍ വച്ച് ഒരു പെണ്‍കുട്ടിയെ കാര്യമായി ശ്രദ്ധിച്ചു. അന്നു രാത്രിയില്‍ അയാള്‍ക്ക് ഉറങ്ങാനായില്ല. തൊണ്ടവരണ്ടും ചുണ്ടുകള്‍ വിണ്ടുകീറിയും തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ നേരം വെളുപ്പിച്ചു. വിയന്ന വിടുവോളം അതയാളെ പരിഭ്രമിപ്പിച്ചു. താപസരുടെ ജ്വരമെന്നായിരുന്നു അന്നയാള്‍ കടന്നുപോയ ആലസ്യത്തിന് ഡോക്ടര്‍മാര്‍ നല്‍കിയ പേര്.
ദുര്‍ബലമായ സമയമുണ്ട് എല്ലാവര്‍ക്കും. നാല്‍പ്പതു ദിനരാത്രങ്ങളിലെ ഉപവാസത്തിനും പ്രാര്‍ത്ഥനയ്ക്കുമൊടുവിലാണ് പരീക്ഷ. ആത്മാവിറങ്ങിയ ജ്ഞാനസ്‌നാനം കഴിഞ്ഞു. ഇനി നിയോഗം നിവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ്. അതിനിടയിലാണ് പരീക്ഷ. ഉന്നതമായ നിയോഗം ലഭിച്ചവര്‍ കാലത്തിന്റെ ക്രൂരമായ പരീക്ഷകളിലൂടെ കടന്നുപോയേ മതിയാകൂ. ഉരകല്ലില്‍ അവരെ ശരിക്കും തേച്ചു നോക്കുന്നുണ്ട്. അബ്രാഹം, യാക്കോബ്, ജോസഫ്, മോശ, ദാവീദ് ഇവരൊക്കെ ഇങ്ങനെ പരീക്ഷിക്കപ്പെട്ടവരായിരുന്നു.

നഷ്ടപ്പെട്ട ആടിനെ കണ്ടെത്താനും അതിനെ തോളിലേറ്റാനും തിരികെ കൊണ്ടുവരാനും നല്ലിടയന് പരീക്ഷകള്‍ കൂടിയേ തീരു. എല്ലാ കാര്യത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടവനാണ് യേശു (ഹെബ്രാ. 4:15)

പരീക്ഷകളില്‍ മുഖ്യമായത് വിശപ്പാണ്. ദൈവപുത്രനെങ്കില്‍ കല്ലിനെ അപ്പമാക്കുക. വേണ്ടിവന്നാല്‍ അതും ചെയ്യാന്‍ പ്രാപ്തിയുള്ളവനോട് ഈ വെല്ലുവിളി. അതും വിശന്നിരിക്കുന്ന നേരത്ത്. എല്ലാ വിശപ്പും അപ്പമര്‍ഹിക്കുന്നതല്ല. മറ്റൊരര്‍ത്ഥത്തില്‍, അപ്പത്തിനു തീര്‍ക്കാനാവാത്ത വിശപ്പുകള്‍ അനവധിയില്ലേ. വയറുനിറയെ ഭക്ഷിച്ചിട്ടും തീരാത്ത മോഹങ്ങളുടെ വിശപ്പില്‍ നാം പതറുന്നതെന്തേ? ഒരാള്‍ ചോദിച്ചേക്കാം, ദൈവവചനം കൊണ്ടു വിശപ്പു മാറുമോ? മറുചോദ്യമിതാണ്: തിന്നാനും കുടിക്കാനും കിട്ടിയാല്‍ വിശപ്പടങ്ങുമോ?

നീതിപൂര്‍വ്വമല്ലാത്ത വഴിയിലൂടെയും വിശപ്പിനെ പരിഹരിക്കാനാണ് പ്രലോഭകന്റെ പക്ഷം. വിശപ്പു കൂടുമ്പോള്‍ എങ്ങനെയും നേരിടുക. ക്രിസ്തു പറയുന്നതു ശ്രദ്ധിക്കുക. അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വാക്കുകൊണ്ട് വിശപ്പകറ്റുക. നിങ്ങളെ നിലനിര്‍ത്തുന്നത് ദൈവത്തിന്റെ വചനമാകണം. നിങ്ങളുടെ ജീവിത ക്രമത്തില്‍ എടുത്ത ഉപവാസങ്ങള്‍ ജീവിത മരുഭൂമിയിലെ പരീക്ഷകളില്‍ തട്ടി തകിടം മറിയരുത്. മോഹങ്ങളുടെ വിശപ്പകറ്റാന്‍ ദൈവത്തിന്റെ വാക്കു കൂട്ടുപിടിച്ച ഒരാള്‍. പരീക്ഷയില്‍ വീണ് സ്വകാര്യമായ ചില ആഹ്ലാദങ്ങളില്‍ വീണുപോയാലോ. ദാമ്പത്യബന്ധത്തിന്റെ ഊട്ടുമേശ വിട്ട് മറ്റിടങ്ങളില്‍നിന്ന് വിശപ്പകറ്റുമ്പോള്‍ കല്ലിനെ അപ്പമാക്കുകയാണ് നീ.

തപസ്സില്‍ സമര്‍പ്പണം നടത്തിയ ഒരാള്‍ ജീവിതത്തിന്റെ ഏകാന്തതയില്‍ വിശപ്പകറ്റാന്‍ ദൈവത്തിനിണങ്ങാത്ത ഇടങ്ങളും ബന്ധങ്ങളും കണ്ടെത്തിയാലോ. ആത്മാസമര്‍പ്പണത്തിന്റെ ഊട്ടുമേശയില്‍നിന്നും ഭക്ഷിക്കാതെ മറ്റിടങ്ങളില്‍നിന്ന് വിശപ്പകറ്റുമ്പോള്‍ നീയും കല്ലിനെ അപ്പമാക്കുകയാണ്.
ഒരാളുടെ ദുര്‍ബലമായ കണ്ണികള്‍ അയാളേക്കാളുപരി പ്രലോഭകനറിയാം. അതുകൊണ്ടല്ലേ അജയ്യനായ സാംസനെ ദലീലയില്‍ കുടുക്കി ചുഴറ്റിയെറിഞ്ഞത്. പരീക്ഷയുടെ കല്ലുകള്‍ നിങ്ങളുടെ ദുര്‍ബല ഇടങ്ങളെ ലക്ഷ്യമാക്കിയാണ്. ദുഷ്ടന്‍ കള വിതയ്ക്കുന്നത് ഉറക്കത്തിലാണ്, നിങ്ങളുടെ ഉണര്‍വിലല്ല. നമ്മുടെ വിശപ്പ് എന്തിനെന്ന് കൃത്യമറിയാം പ്രലോഭകന്. ആ വിശപ്പകറ്റാന്‍ ദൈവത്തിന്റെ വചനത്തെ, ക്രിസ്തുവിനെ തന്നെ ചേര്‍ത്തു പിടിക്കുക. അവനല്ലേ നിത്യഭോജനം.

പ്രാര്‍ത്ഥന: മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ട മനുഷ്യപുത്രാ, ജീവിത മരുഭൂമിയില്‍ ഞാന്‍ പരീക്ഷയിലകപ്പെടുമ്പോള്‍ എനിക്ക് തുണയായിരിക്കണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

*************************************************

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?