Follow Us On

23

May

2019

Thursday

ഇന്‍സൈഡര്‍ ആന്റ് ഔട്ട്‌സൈഡര്‍ ഓഫ് ഹെവന്‍

ഇന്‍സൈഡര്‍ ആന്റ്  ഔട്ട്‌സൈഡര്‍ ഓഫ് ഹെവന്‍

മരണശേഷം സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരുന്ന വ്യക്തിയാണ് ‘ഇന്‍സൈഡര്‍ ഓഫ് ഹെവന്‍’. മരിച്ചശേഷം സ്വര്‍ഗത്തില്‍ എത്തുവാന്‍ കഴിയാതെ ശിക്ഷിക്കപ്പെടുന്ന വ്യക്തിയാണ് ‘ഔട്ട്‌സൈഡര്‍ ഓഫ് ഹെവന്‍.’ മരണശേഷം ഓരോ വ്യക്തിയും ഒന്നുകില്‍ ഇന്‍സൈഡര്‍ ആകും. അല്ലെങ്കില്‍ ഔട്ട്‌സൈഡര്‍.

ആരൊക്കെയാണ് ഇന്‍സൈഡ് ആവുക? ആരൊക്കെയാണ് ഔട്ട്‌സൈഡര്‍ ആവുക? യേശു ഇതിന് വ്യക്തമായ ഉത്തരം പറഞ്ഞിട്ടുണ്ട്. യേശുവില്‍ വിശ്വസിക്കുകയും ദൈവകല്പനകള്‍ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്യുന്നവരാണ് സ്വര്‍ഗരാജ്യത്തില്‍ എത്തുക. വിശ്വസിച്ചതുകൊണ്ടുമാത്രം ആയില്ല. വിശ്വാസം അനുസരിച്ച് ജീവിക്കുകകൂടി വേണം.

പലപ്പോഴും വിശ്വാസവും പ്രവൃത്തികളും തമ്മിലും ബോധ്യങ്ങളും പ്രവൃത്തികളും തമ്മിലും വ്യത്യാസം ഉണ്ടാകാം. യേശു രക്ഷകനാണെന്ന് വിശ്വസിക്കുമ്പോഴും ദൈവകല്പനകള്‍ പാലിക്കാതെ ജീവിക്കാം. ദൈവകല്പനകള്‍ പാലിച്ച് ജീവിച്ചാലേ സ്വര്‍ഗത്തില്‍ എത്തുകയുള്ളൂവെന്ന് അറിയാമായിരുന്നിട്ടും ദൈവകല്പനകള്‍ ലംഘിച്ച് ജീവിക്കുന്നവരും ഉണ്ട്. അതിനാല്‍ യേശുവിലുള്ള വിശ്വാസവും ദൈവകല്പനകളെപ്പറ്റിയുള്ള അറിവുംകൊണ്ട് കാര്യമില്ല.

യേശുവിലുള്ള വിശ്വാസത്തോടൊപ്പം ദൈവകല്പനകള്‍ അനുസരിച്ചുകൊണ്ടുള്ള ജീവിതംകൂടി ആവശ്യമാണ്. എത്രമാത്രം ദൈവകല്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ചാലും കുറ്റങ്ങളും കുറവുകളും സംഭവിക്കാം. അപ്പോള്‍ അനുതപിച്ച് നല്ല കുമ്പസാരം വഴി പാപമോചനം പ്രാപിക്കണം. അധരങ്ങള്‍കൊണ്ട് യേശുവിനെ മഹത്വപ്പെടുത്തുന്നതുകൊണ്ടുമാത്രം ഇന്‍സൈഡര്‍ ആവുകയില്ല.

കരിസ്മാറ്റിക് ജീവിതാനുഭവം ഉള്ളവര്‍ക്കും മറ്റും അധരംകൊണ്ട് ദൈവത്തെ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും ഒരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല. ആരുടെ മുമ്പില്‍വച്ച് എത്ര ശബ്ദമുയര്‍ത്തിയും കൈകള്‍ ഉയര്‍ത്തിയുമെല്ലാം അവര്‍ ദൈവത്തെ സ്തുതിക്കും. പക്ഷേ, അങ്ങനെയൊക്കെ ചെയ്യുമ്പോഴും അവര്‍ക്കും ദൈവകല്പനകള്‍ ലംഘിച്ചുകൊണ്ട് ജീവിക്കുവാന്‍ കഴിയും. അതിനാല്‍ കല്പനകള്‍ പാലിച്ച് ജീവിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.

ഒരു ഉദാഹരണംകൂടി യേശു ചൂണ്ടിക്കാണിക്കുന്നുണ്ട്. ദൈവവചനം പ്രസംഗിക്കുന്നവരും ദൈവനാമത്തില്‍ അത്ഭുതങ്ങളും രോഗശാന്തികളും നടത്തുന്നവരും പിശാചുക്കളെ പുറത്താക്കുന്നവര്‍പോലും ചിലപ്പോള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാതെ ഔട്ട്‌സൈഡര്‍ ആകാം. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ അനുമതി ഇല്ലെന്നറിയുമ്പോള്‍ അങ്ങനെ പുറത്താക്കപ്പെടുന്നവര്‍ ചില ന്യായങ്ങള്‍ നിരത്തുകയാണ്.

യേശുവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ അത്ഭുതങ്ങള്‍ ചെയ്തിട്ടില്ലേ? രോഗികളെ സുഖപ്പെടുത്തിയിട്ടില്ലേ? എന്നിട്ട് ഇപ്പോള്‍ ഞങ്ങളെ അറിയുകയില്ല എന്ന് അങ്ങ് പറയുന്നതിന്റെ ന്യായം എന്താണ്? ഈ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ നമ്മള്‍ മനസിലാക്കണം. ഒന്ന്, യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ ചെയ്യുന്നവരും രോഗശാന്തി നല്‍കുന്നവരും എല്ലാവരും ദൈവകല്പന പാലിക്കുന്നവര്‍ ആകണമെന്നില്ല! അതായത് യേശുവില്‍ വിശ്വസിക്കുമ്പോഴും വചനം പ്രസംഗിക്കുമ്പോഴും രോഗശാന്തി നല്‍കുമ്പോഴും പിശാചുക്കളെ പുറത്താക്കുമ്പോഴും അവര്‍ പാപാവസ്ഥയില്‍ ആകാന്‍ സാധ്യതയുണ്ട്; കല്പനകള്‍ ലംഘിച്ചുകൊണ്ട് ജീവിക്കുന്നവര്‍ ആകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ സ്വാഭാവികമായും അവര്‍ ശിക്ഷിക്കപ്പെടാം. അവര്‍ ഔട്ട്‌സൈഡേര്‍സ് ആയിത്തീരാം. അപ്പോള്‍ മനസില്‍ വരുന്ന ഒരു സംശയമുണ്ട്. പാപികളായിരിക്കെ, സ്വര്‍ഗത്തില്‍ പോകുവാന്‍പോലും യോഗ്യത ഇല്ലാതിരിക്കെ, എങ്ങനെ ഇവര്‍ക്ക് രോഗശാന്തി നല്‍കാനും പിശാചുക്കളെ പുറത്താക്കാനും അത്ഭുതങ്ങള്‍ ചെയ്യുവാനും കഴിയുന്നു? ഇതിന് ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ രണ്ട് കാര്യങ്ങള്‍ ഓര്‍ക്കണം. യേശുനാമത്തില്‍ ഒരു അത്ഭുതമോ രോഗശാന്തിയോ ഒക്കെ സംഭവിക്കുന്നതിന്റെ പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. ഒന്ന്, പ്രാര്‍ത്ഥന നയിക്കുന്ന വ്യക്തിയുടെ വിശ്വാസം, വിശുദ്ധി എന്നിവ.

രണ്ട്, പ്രാര്‍ത്ഥന സ്വീകരിക്കുന്ന വ്യക്തിയുടെ വിശ്വാസം, വിശുദ്ധി എന്നിവ. മൂന്ന്, പ്രാര്‍ത്ഥന സ്വീകരിക്കുന്ന വ്യക്തിയോടുള്ള ദൈവത്തിന്റെ കരുണ. പ്രാര്‍ത്ഥന നയിക്കുന്ന നമ്മുടെയും പ്രാര്‍ത്ഥന സ്വീകരിക്കുന്ന ആളുടെയും വിശ്വാസവും വിശുദ്ധിയും അത്ഭുതങ്ങള്‍ സംഭവിക്കുവാന്‍ പ്രധാന ഘടകങ്ങളാണ്. രോഗശാന്തി ശുശ്രൂഷകള്‍ നടത്തുന്നവര്‍ അതിനുമുമ്പ് കുമ്പസാരിച്ച് ഒരുങ്ങുന്നതും ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നതുമെല്ലാം അതുകൊണ്ടാണ്. പ്രാര്‍ത്ഥന സ്വീകരിക്കുന്ന വ്യക്തികളോടും കുമ്പസാരിക്കുവാനും നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങുവാനും ആവശ്യപ്പെടാറുണ്ട്.

പ്രാര്‍ത്ഥന നയിക്കുന്ന വ്യക്തിയും പ്രാര്‍ത്ഥന സ്വീകരിക്കുന്ന വ്യക്തിയും പാപാവസ്ഥയില്‍ ആണെങ്കില്‍പോലും പ്രാര്‍ത്ഥനവഴി അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കാം. ഇത് സഹിക്കുന്ന ആ വ്യക്തിയോടുള്ള ദൈവത്തിന്റെ കാരുണ്യംമൂലം സംഭവിക്കുന്നതാണ്. അത്തരം ചില അത്ഭുതങ്ങളും രോഗശാന്തികളും ആളുകളുടെ മാനസാന്തരത്തിന് കാരണമാകുകയും ചെയ്യാറുണ്ട്.

അതിനാല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അത്ഭുതം നടന്നു, രോഗശാന്തി ഉണ്ടായി, പിശാച് വിട്ടുപോയി എന്നിവയെല്ലാം പ്രാര്‍ത്ഥന നയിച്ച വ്യക്തിയുടെ വിശുദ്ധ ജീവിതത്തിന്റെ അടയാളം ആകണമെന്ന് നിര്‍ബന്ധമില്ല. പ്രത്യുത, സൗഖ്യം കിട്ടിയ വ്യക്തിയോടുള്ള ദൈവത്തിന്റെ കാരുണ്യംകൊണ്ട് സംഭവിച്ചതാകാം.

അതിനാല്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതും രോഗശാന്തി നല്‍കുന്നതും പിശാചിനെ പുറത്താക്കുന്നതുമൊന്നുമല്ല വിശുദ്ധ ജീവിതത്തിന്റെ ശരി അടയാളം. ദൈവകല്പനകള്‍ പാലിച്ച് ജീവിക്കുക എന്നതാണ് വിശുദ്ധ ജീവിതത്തിന്റെ ശരി അടയാളം. അങ്ങനെയുള്ളവരാണ് സ്വര്‍ഗത്തില്‍ ഇന്‍സൈഡേര്‍സ് ആവുക. അല്ലാത്തവരെല്ലാം ഔട്ട്‌സൈഡേര്‍സ് ആകും.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?