Follow Us On

23

May

2019

Thursday

ആ ജപമാല ദിനം മറക്കില്ല

ആ ജപമാല ദിനം  മറക്കില്ല

2019 ഫെബ്രുവരി അഞ്ച് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ്. മാര്‍പാപ്പയുടെ ഗള്‍ഫ് തീര്‍ത്ഥാടനത്തില്‍ ജപമാല ചൊല്ലുവാന്‍ ലഭിച്ച കൃപയെ ഓര്‍ത്ത് ദൈവത്തിന് നന്ദി പറയുന്നു. ചെറിയൊരു വേദിയില്‍പോലും നില്‍ക്കുവാന്‍ ധൈര്യമില്ലാത്ത എന്നെ ജപമാലക്കായി തെരഞ്ഞെടുത്തതും ഒരുലക്ഷം പേരുടെ മുമ്പില്‍ നിര്‍ത്തിയതും ദൈവമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അബുദാബി സന്ദര്‍ശനത്തോട് അനുബന്ധിച്ച് ജപമാലയര്‍പ്പണത്തിന് എന്നെ തെരഞ്ഞെടുത്ത നാള്‍മുതല്‍ ഞാന്‍ അതിനായി പ്രാര്‍ത്ഥിച്ച് ഒരുങ്ങുവാന്‍ തുടങ്ങി. ഉപവാസവും നോമ്പുമെല്ലാം ഈയൊരു നിയോഗത്തിനാണ് സമര്‍പ്പിച്ചത്. വിശുദ്ധ കുര്‍ബാനയിലും പ്രത്യേകമായി ഈ വിഷയം സമര്‍പ്പിച്ചു. പതിവായി ദിവ്യബലിയില്‍ പങ്കെടുത്തു. മാര്‍പാപ്പ എത്തുന്നതിന് രണ്ടു ദിവസം മുമ്പ് ഹൃദയം നുറുങ്ങി കുമ്പസാരിക്കാന്‍ സാധിച്ചത് ഹൃദ്യമായൊരു അനുഭവമായി.

ഇത്രയേറെ ജനത്തിന് മുമ്പില്‍ നിന്ന് എങ്ങനെ ജപമാല ചൊല്ലുമെന്നോര്‍ത്തുള്ള ടെന്‍ഷന്‍ എന്റെയുള്ളിലുണ്ടായിരുന്നു. പക്ഷേ കുമ്പസാരത്തിനുശേഷം പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ വേറൊരു ആളായി മാറി. എനിക്കിത് തീര്‍ച്ചയായും ചെയ്യാന്‍ പറ്റുമെന്നുള്ളൊരു ധൈര്യം ഉള്ളില്‍ നിറയുന്നതായി അനുഭവപ്പെട്ടു.
ചാപ്പലില്‍ പോയി കുറച്ചുനേരം പ്രാര്‍ത്ഥിക്കാമെന്ന് കരുതി. കുറെപ്പേര്‍ അപ്പോള്‍ അവിടെയിരുന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.

ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാനും ഈശോയും മാത്രമായൊരു അവസരം. അപ്പോള്‍ ജപമാലക്കായി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് എടുത്ത് അവിടെയിരുന്ന് ഞാന്‍ ഉറക്കെ വായിച്ചു. റോസറിക്ക് മുമ്പുള്ള ആമുഖവും അതു കഴിഞ്ഞുള്ള പ്രാര്‍ത്ഥനകളും ഞാനവിടെയിരുന്ന് ഉറക്കെ ചൊല്ലി. പരിശുദ്ധ അമ്മ ആവശ്യമായ തിരുത്തലുകള്‍ നല്‍കി പഠിപ്പിക്കുന്നതായി എനിക്കനുഭവപ്പെട്ടു. അതുവരെ ചൊല്ലിയതുപോലെയല്ല ചൊല്ലേണ്ടതെന്ന ബോധ്യവും അപ്പോള്‍ ലഭിച്ചു.

പരിശുദ്ധ പിതാവിന്റെ ആഗമനത്തിനുള്ള സമയമായി. അതിരാവിലെ അവിടെ എത്താനുള്ള വഴികളും ഞാന്‍ ധരിക്കേണ്ട വസ്ത്രംപോലും ദൈവം അത്ഭുതരമായി ക്രമീകരിക്കുന്നപോലെയാണ് എനിക്ക് തോന്നിയത്. അതായത് ദൈവം ഒരു ദൗത്യത്തിനുവേണ്ടി നമ്മെ വിളിക്കുന്നുണ്ടെങ്കില്‍ അതിനുവേണ്ടുന്നതെല്ലാം അവിടുന്ന് ചെയ്യും. ഏറ്റവും ചെറിയ കാര്യങ്ങളില്‍പോലും ദൈവം വളരെയധികം ശ്രദ്ധയോടെ നോക്കുന്നുവെന്നത് എന്ന അത്ഭുതപ്പെടുത്തിയൊരു കാര്യമാണ്. എന്റെ ജീവിതപങ്കാളിയും മകനും ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തുതന്നു. ഞങ്ങള്‍ മാര്‍പാപ്പ ബലിയര്‍പ്പിക്കുന്ന സ്റ്റേഡിയത്തിലെത്തി.

ക്വയര്‍ ഏരിയയില്‍ നിന്നാണ് ജപമാല ചൊല്ലേണ്ടതെന്നാണ് ആദ്യം എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അതു പാപ്പ ദിവ്യബലിയര്‍പ്പിക്കുന്ന അള്‍ത്താരയിലേക്ക് മാറ്റി. ‘ദൈവമേ നീ തന്നെ എനിക്ക് ശക്തി തരണമേ’എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വേദിയിലേക്ക് കയറിയത്. അവിടെ നില്‍ക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല. ദൈവാലയത്തില്‍ ലേഖനം വായിക്കുമ്പോള്‍പോലും കാലുകള്‍ വിറയ്ക്കുന്ന ആളാണ് ഞാന്‍.

എന്നാല്‍ ഞാന്‍ അവിടെ നിന്നപ്പോള്‍ പരിശുദ്ധാത്മാവ് എന്നെ നയിക്കുന്നതായി എനിക്കനുഭവപ്പെട്ടു. ആ സ്വാതന്ത്ര്യത്തോടെ ജപമാല ചൊല്ലി. ഇതുപോലൊരു ജപമാല ഇത്രയും ഭക്തിയോടെ കൂടി ഞാന്‍ ഇതുവരെ ചൊല്ലിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഓരോ വാക്കുകളും എന്റെ ഹൃദയത്തില്‍ തട്ടി. മാതാവിന്റെ എല്ലാ ഗുണങ്ങളും ഉള്‍ക്കൊണ്ട് ചൊല്ലിയൊരു ജപമാല ഒരുപക്ഷേ ജീവിതത്തിലാദ്യമാകാം.

ജപമാല എന്റെ ജീവിതത്തിന്റെ ഭാഗമാണ്. വര്‍ഷങ്ങളായിട്ട് എല്ലാ ദിവസവും രണ്ടും മൂന്നും ജപമാല ചൊല്ലുന്ന ദിവസങ്ങളുമുണ്ട്. ജപമാലയോട് ചേര്‍ന്നു ജീവിക്കുന്ന ഒരാളാണ് ഞാനെന്ന് കരുതുന്നു. ജപമാലയിലുള്ള എന്റെ ഉറച്ച ഭക്തിയാകാം ആയിരങ്ങളില്‍നിന്നും എന്നെ മാത്രം തെരഞ്ഞെടുത്തതെന്നും ഞാന്‍ കരുതുന്നു. എല്ലാത്തിനും പരിശുദ്ധ അമ്മക്ക് നന്ദി!

റീനു ജയിംസ്
(കോ- ഓര്‍ഡിനേറ്റര്‍, സോള്‍ജിയേഴ്‌സ് ഓഫ് ഹോളി റോസറി, യു.എ.ഇ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?