Follow Us On

23

May

2019

Thursday

ദുഃഖവെളളികളെ ഉത്ഥാനമാക്കുക

ദുഃഖവെളളികളെ ഉത്ഥാനമാക്കുക

ക്രിസ്തു എന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണെങ്കില്‍ അനുദിന ജീവിതത്തിലെ പ്രശ്‌നങ്ങളെപ്രതി ഞാനെന്തിന് വേവലാതിപ്പെടണം? എല്ലാം അവിടുത്തെ കുരിശിനുമുമ്പില്‍ സമര്‍പ്പിക്കുക. ദൈവം മറുപടി നല്‍കും.

”ഏതവസ്ഥയിലും ദൈവം നമ്മെ ഉറ്റുനോക്കിയിരിക്കുന്നു. വേദനയുടെ മധ്യത്തിലും ദൈവകരങ്ങളിലാണ് നാമെന്ന് മനസിലാക്കണം. വലിയ സഹനത്തിന്റെ മധ്യത്തിലും ഈശോ പറഞ്ഞത്, ‘ദൈവേഷ്ടം നിറവേറട്ടെ’യെന്നാണല്ലോ. ഈ ചിന്തയിലേക്ക് മനസിനെ നോമ്പുകാലത്ത് തിരിച്ചുവിടണം. മനുഷ്യന്റെ ചിന്തയും ദൈവത്തിന്റെ ചിന്തയും തമ്മില്‍ ആകാശവും ഭൂമിയും പോലെയുള്ള അകലങ്ങളുണ്ട്.

എങ്കിലും എല്ലാ കാര്യത്തിലും ദൈവേഷ്ടത്തിന് കീഴ്‌വഴങ്ങി ജീവിക്കാന്‍ കഴിയുക എന്നതിലാണ് നമ്മുടെ വിജയം. ” പറയുന്നത് മിനി തട്ടില്‍ എന്ന യുവതി. ഒന്നര വയസില്‍ പോളിയോ ബാധിച്ച് ശരീരം തളര്‍ന്നതാണ് മിനി തട്ടിലിന്.

”ഒരുപാട് സഹനങ്ങളിലൂടെ കടന്നുപോയിട്ടും തന്റെ ജീവിതത്തില്‍ ദൈവം അറിയാതെയും അവിടുന്ന് അനുവദിക്കാതെയും യാതൊന്നും സംഭവിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുകയാണ് മിനി ഇന്നും. അവിടുത്തെ പദ്ധതിയില്‍ അപ്രതീക്ഷിതങ്ങളില്ല, ആ പദ്ധതിയോട് നമുക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കാനില്ല; അതില്‍നിന്ന് യാതൊന്നും വ്യവകലനം ചെയ്യാനുമില്ല. അതിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല”; മിനി പറയുന്നു.

ഫാ. എമിലിന്‍ ടര്‍ഡിഫ് എഴുതിയ ‘ജീസസ് ഈസ് എലൈവ്’ എന്ന പുസ്തകം മിനി അത്ഭുതങ്ങളേ സാക്ഷി എന്ന പേരില്‍ വിവര്‍ ത്തനം ചെയ്തിട്ടുണ്ട്. അതുപോലെ വിശുദ്ധ ലൂയീസ് ഡി. മോണ്‍് ഡി ഫോര്‍ട്ടിന്റെ ‘ദ സീക്രട്ട് ഓഫ് ദ റോസറി’ എന്ന പുസ്തകം ദിവ്യരഹസ്യങ്ങളുടെ പുഷ്പകിരീടം എന്ന പേരില്‍ മിനി തര്‍ജിമ ചെയ്തിട്ടുണ്ട്. ഈ രണ്ട് പുസ്തകങ്ങളും ശാലോമാണ് പബ്ലിഷ് ചെയ്തത്. ഇതോടൊപ്പം നിരവധി പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും ലേഖനങ്ങളുമൊക്കെ ഇപ്പോഴും അവള്‍ തയ്യാറാക്കുന്നു.

ഇതൊക്കെയും തളര്‍ന്ന ശരീരത്തെ അത്ഭുതകരമായി ചലിപ്പിച്ച് ഏറെ പരിശ്രമിച്ചാണെന്നറിയുമ്പോഴാണ് മിനിയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസ്‌നേഹം എത്ര വലുതെന്ന് നാം തിരിച്ചറിയുന്നത്. തന്റെ വേദനകളെയും, കുറവുകളെയും മിനി ദൂരെ അകറ്റിയിരുന്നത് ആത്മീയപ്രകാശം ചൊരിയുന്ന ബുക്കുകള്‍ വായിച്ചും, അതില്‍ നിന്നുടലെടുത്ത ചിന്തകള്‍ രൂപപ്പെടുത്തിയും ആയിരുന്നു.

‘ഈശോയെ തിരിച്ചറിഞ്ഞ നാള്‍, അന്നാണ് തന്റെ ജീവിതത്തില്‍ ഇരുള്‍ മാറി ഒരു പുതിയ പ്രഭാതം ഉദയം ചെയ്തതെന്ന്’ അവള്‍ പറയുന്നു. മിനി ഓര്‍ക്കുകയാണ്; സ്‌കൂളില്‍ പൊയ്‌ക്കൊണ്ടിരുന്ന ബാല്യകാലത്തെപ്പറ്റി… ”ഒന്നര വയസില്‍ പോളിയോയ്ക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നു. എന്നാല്‍ അധിക ദിവസം കഴിയും മുമ്പേ ശക്തമായ പനി തുടങ്ങി. ചികിത്സ തുടരുന്നതിനിടയില്‍, ശരീരം പതുക്കെപതുക്കെ തളര്‍ന്നു. മൂന്നു സഹോദരന്മാരും, അഞ്ച് സഹോദരിമാരുമാണ് എനിക്കുള്ളത്. ചേര്‍പ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലായിരുന്നു ഒന്നു മുതല്‍ പത്താം ക്ലാസ് വരെ പഠിച്ചത്.

”എന്നും രാവിലെ ചേട്ടന്മാരാണ് സ്‌കൂളില്‍ എന്നെ എത്തിച്ചത്. രാവിലെ ഏഴരയ്ക്ക് ചേട്ടന്മാര്‍ക്ക് കോളജിലേക്ക് പോകണം. എനിക്ക് പത്തുമണിക്ക് മതിയെങ്കിലും ബൈക്കില്‍ ചേട്ടന്‍ പോകുമ്പോള്‍ ഒപ്പം എനിക്കും പോകേണ്ടിവന്നു. ഞാന്‍ സ്‌കൂളില്‍ എത്തുമ്പോള്‍ ആരും എത്തിയിട്ടുണ്ടാവുകയില്ല. സ്‌കൂള്‍ വിട്ട് എല്ലാവരും വീട്ടിലെത്തിയതിനുശേഷമാകും ചേട്ടന്‍മാര്‍ ക്ലാസ് കഴിഞ്ഞ് എന്നെ കൂട്ടിക്കൊണ്ടു പോകാനെത്തുന്നത്.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ, ഹൃദയസംബന്ധമായ രോഗം മൂലം മരിച്ചു…. പക്ഷേ അന്നെല്ലാം പഠനം മുടങ്ങാതെ കൊണ്ടുപോകാന്‍ ദൈവം കൃപ നല്‍കി.”
ശാരീരികമായി വളരെയേറെ ക്ലേശിച്ചാണെങ്കിലും മിനി എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 526 മാര്‍ക്ക് വാങ്ങി വിജയിച്ചു. അസാധാരണ വിജയമായിരുന്നു ഇത്. കാരണം ശാരീരികമായ എല്ലാ ക്ലേശങ്ങളോടും മല്ലിട്ടാണ് അവള്‍ വിജയം നേടിയത്.

ബാല്യം മുതല്‍ ഡോക്ടര്‍ ആകണമെന്നായിരുന്നു മിനിയുടെ ആഗ്രഹം. അതിനുവേണ്ടി സയന്‍സ് ഗ്രൂപ്പെടുത്ത് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളജില്‍ പഠനം തുടങ്ങി. പക്ഷേ, ആറുമാസത്തിനുള്ളില്‍ കിടപ്പിലായി. കോളജില്‍ മൂന്നാം നിലയിലായിരുന്നു അവളുടെ ക്ലാസ്മുറി. അന്ന് കാലിപെര്‍ ധരിച്ച് പിടിച്ച് നടക്കുവാന്‍ മിനിക്ക് സാധിച്ചിരുന്നു. ഒരുപാട് ക്ലേശിച്ച് ഗോവണി കയറിയിറങ്ങി നട്ടെല്ല് അല്‍പം വളഞ്ഞു; ഹിപ്പ്‌ബോണ്‍സിന് ചെറിയ സ്ഥാനഭ്രംശവും സംഭവിച്ചു.

”ഞാനാകെ നിരാശയിലായി. കുറേ ചികിത്സകള്‍ക്കുശേഷം കുറച്ചുസമയമൊക്കെ ഇരിക്കാമെന്നായപ്പോള്‍ ഞാന്‍ വീണ്ടും പഠനമാരംഭിച്ചു. ഡോക്ടര്‍ ആകണമെന്നുള്ള ആശ വേദനയോടെയാണെങ്കിലും ഞാന്‍ ഉപേക്ഷിച്ചു. എന്നാലൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആകാമെന്ന് കരുതി പ്രീഡിഗ്രി ഗ്രൂപ്പ് മാറ്റി വീട്ടിലിരുന്ന് പഠനമാരംഭിച്ചു.”മിനി പറയുന്നു.

ആയുര്‍വ്വേദ മരുന്നുകളും അലോപ്പതി മരുന്നുകളുമൊക്കെ മാറിമാറി കഴിച്ചുനോക്കി. ഏതാനും ദിവസത്തേക്ക് തെല്ല് ആശ്വാസം കിട്ടുമെന്നല്ലാതെ ശാശ്വതപരിഹാരം അതിലൊന്നും ഉണ്ടായില്ല. മസിലുകളുടെ സ്ഥിതി ഓരോദിവസവും ദയനീയമായിത്തീര്‍ന്നു.
ആ ഇടയ്ക്കാണ് മിനി ഡിവൈനില്‍ ഒരു ധ്യാനത്തില്‍ സംബന്ധിച്ചത്. അതുവരെ പ്രാര്‍ത്ഥനയെക്കുറിച്ചും, ദൈവാനുഭവത്തെക്കുറിച്ചും അവള്‍ക്ക് വലിയ ഗ്രാഹ്യമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ആ ധ്യാനം അവളുടെ ജീവിതത്തെ മാറ്റിമറിച്ചു.

ധ്യാനത്തിന് നേതൃത്വം നല്‍കിയത് ഫാ. അഗസ്റ്റിന്‍ വല്ലൂരാനും ഫാ. ജോര്‍ജ് പനയ്ക്കലും ആയിരുന്നു. അതുവരെ പാഠപുസ്തകങ്ങളല്ലാതെ മറ്റൊന്നും അവള്‍ വായിച്ചിരുന്നില്ല. ആത്മീയ ഗ്രന്ഥങ്ങളുടെ പാരായണം മിനിയെ കൂടുതല്‍ ദൈവസ്‌നേഹത്തിലേക്ക് വലിച്ചടുപ്പിച്ചു. ദൈവത്തെ അറിഞ്ഞപ്പോഴേക്കും ആ സ്‌നേഹം കൂടുതല്‍ അനുഭവിക്കണമെന്നുള്ളതായി അവളുടെ ആ്രഗഹം.

ധ്യാനങ്ങള്‍ മിനിയെ ആത്മീയമായി ഉയര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുമ്പോഴും ശാരീരികമായി അവള്‍ കൂടുതല്‍ ക്രൂശിക്കപ്പെടുകയാണ് ചെയ്തത്. എഴുത്തിലോ വായനയിലോ മറ്റെന്തെങ്കിലും കാര്യത്തിലോ അമിത ശ്രദ്ധ കൊടുത്താല്‍ ശരീരത്തിന് ഇരട്ടി ക്ലേശമാണുണ്ടാകുന്നത്. സിരകളുടെ പ്രവര്‍ത്തനത്തെ അതു മന്ദീഭവിപ്പിക്കും. ഒരു കാര്യത്തിലും അധികസമയം ശ്രദ്ധകൊടുത്ത് ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

ഇത്രയേറെ കടുത്ത സഹനപാതയിലൂടെ കടന്നുപോയിട്ടും മിനിയുടെ മുഖത്ത് വേദനയുടെ ലാഞ്ജനപോലുമില്ല. നേരത്തെ തന്നെ കഠിനമായ ഏകാന്തതയില്‍ മിനിക്ക് കൂട്ട് പുസ്തകങ്ങളായിരുന്നു. കണ്ണുകൊണ്ട് ഏറെസമയം വര്‍ക്ക് ചെയ്തതിനാലാകണം, കണ്ണിന്റെ കാഴ്ചശക്തിക്ക് മങ്ങലേറ്റു.

”വേദനയുടെ മധ്യത്തിലെല്ലാം ദൈവകരങ്ങളിലാണ് നാമെന്ന് മനസിലാക്കണം. വലിയ സഹനത്തിന്റെ മധ്യത്തിലും ഈശോ പറഞ്ഞത്, ‘ദൈവേഷ്ടം നിറവേറട്ടെ’യെന്നാണല്ലോ. ഈ ഒരു ചിന്തയിലേക്ക് നാം നമ്മുടെ മനസിനെ തിരിച്ചുവിടണം. മനുഷ്യന്റെ ചിന്തയും ദൈവത്തിന്റെ ചിന്തയും തമ്മില്‍ ആകാശവും ഭൂമിയും പോലെയുള്ള അകലങ്ങളുണ്ട്. എങ്കിലും ദൈവഹിതത്തിന് കീഴ്‌വഴങ്ങി ജീവിക്കാന്‍ കഴിയുക എന്നതാണ് കരണീയമായ കാര്യം” ; മിനി ഓര്‍മിപ്പിക്കുന്നു.

നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സഹനങ്ങളും കഷ്ടപ്പാടുകളും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക. ഏതു പ്രതിസന്ധിയിലും ദൈവേഷ്ടം നിറവേറ്റുന്നവരായി നാം മാറുക.” യേശുവിനോടൊപ്പം കുരിശില്‍ കിടന്നുകൊണ്ട് സഹിക്കുക എന്നുള്ളതാണ് തന്റെ ദൈവവിളി’യെന്ന് മിനി പറയുന്നു. ഈ ദൈവവിളിയില്‍ അവള്‍ സന്തോഷം കണ്ടെത്തുന്നു. സഹനങ്ങളുടെ പാതയിലൂടെ കടന്നുപോകുന്ന നിരാശരും നിരാശ്രയരുമായ ഹൃദയങ്ങളില്‍ ഒരു പൊന്‍താരകമായി മിനി തട്ടില്‍- തന്റെ ജീവിതത്തിലൂടെ പ്രകാശം പരത്തുകയാണ്. ഈ പ്രകാശം ഇനി അനേകം ജീവിതങ്ങളിലേക്ക് സാന്ത്വനമായി ഒഴുകിയെത്തട്ടെ.

മിനി തട്ടില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?