Follow Us On

23

May

2019

Thursday

കുമ്പസാരക്കൂട് ജനമധ്യത്തിലേക്ക്‌

കുമ്പസാരക്കൂട് ജനമധ്യത്തിലേക്ക്‌

കരുണയുടെ കൂടാണ് കുമ്പസാരക്കൂട്. കാരുണ്യരൂപനായ കര്‍ത്താവുതന്നെയാണ് അതിനുള്ളില്‍ അനുതാപത്തോടെ അണയുന്നവരെ കാത്തിരിക്കുന്നതും അതിരുകളും അളവുകളുമില്ലാതെ കനിവും പാപപ്പൊറുതിയും നല്‍കുന്നതും. പാപവിമോചകനായ ക്രിസ്തുവിന്റെ പ്രതിപുരുഷനായ ഓരോ പുരോഹിതനും കുമ്പസാരക്കൂട്ടില്‍ ക്രിസ്തുവിന്റെ പാപമോചകദൗത്യമാണ് തുടര്‍ന്നുകൊണ്ടുപോകുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞതിനാലാണ് കത്തോലിക്കാ സഭയിലെ പല വിശുദ്ധരും പൗരോഹിത്യജീവിതത്തിന്റെ ഭൂരിഭാഗം സമയവും കുമ്പസാരക്കൂടുകളില്‍ ചെലവഴിച്ചത്.

ക്ലരീഷ്യന്‍ പ്രേഷിതസമൂഹത്തിന്റെ പ്രതിഷ്ഠാപകനായ വിശുദ്ധ ആന്റണി മേരി ക്ലാരറ്റ് (1807-1870) വൈദികനും പിന്നിട് ക്യൂബയിലെ ആര്‍ച്ച് ബിഷപ്പുമായിരുന്ന കാലഘട്ടത്തില്‍ കൂടുതല്‍ സമയവും കുമ്പസാരം കേള്‍ക്കുവാന്‍ നീക്കിവച്ചിരുന്നു. വിവിധയിടങ്ങളില്‍ തന്റെയടുക്കല്‍ പാപങ്ങള്‍ ഏറ്റുപറയാനായി തിങ്ങിക്കൂടിയവര്‍ക്കുവേണ്ടി മണിക്കൂറുകള്‍ ചെലവഴിച്ച അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘സഞ്ചരിക്കുന്ന കുമ്പസാരക്കൂട്’ തന്നെയായിരുന്നു.

ഇപ്രകാരം കരുണയുടെ കൂടാരത്തെ വല്ലാതെ പ്രണയിക്കുന്ന, കര്‍ത്താവിന്റെ അജഗണത്തെ വിശുദ്ധിയുടെ വീഥിയിലൂടെ നയിക്കുന്ന വൈദികര്‍ ഇന്നും സഭയിലുണ്ട്. അവരില്‍ പേരെടുത്തുപറയേണ്ട ഒരാളാണ് സി.എം.ഐ. സഭയുടെ കോട്ടയം പ്രവിശ്യാംഗമായ ‘അര്‍സേനിയൂസച്ചന്‍’ എന്ന ഫാ. ജോര്‍ജ് അര്‍സേനിയസ് പുല്ലുപറമ്പില്‍ സി.എം.ഐ. സ്‌പെയിനില്‍ ഉടലെടുത്ത ക്ലരീഷ്യന്‍ പ്രേഷിതസമൂഹത്തിന്റെ (സി.എം.എഫ്) ഭാരത മണ്ണിലെ തറവാടുവീടും മൈനര്‍ സെമിനാരിയുമായ കുറവിലങ്ങാട്ടുള്ള ക്ലാരറ്റ് ഭവനില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി വൈദിക വിദ്യാര്‍ത്ഥികളുടെ കുമ്പസാരക്കാരനായി ശുശ്രൂഷ ചെയ്തുവരികയാണ് എണ്‍പത്തിനാലുകാരനായ ഈ പുരോഹിത ശ്രേഷ്ഠന്‍.

കുര്യനാട് പുല്ലുപറമ്പില്‍ പരേതരായ അബ്രാഹം-ഏലി ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനായി 1935 ജനുവരി 22-ന് ഭൂജാതനായി. വൈദിക-സന്യാസ ദൈവവിളികളാല്‍ സമ്പുഷ്ടമായ കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്നതുകൊണ്ടുതന്നെ ചെറുപ്പംമുതലേ പുരോഹിതനാകാനുള്ള ആഗ്രഹം അദ്ദേഹത്തില്‍ മുളപൊട്ടിയിരുന്നു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പ്രൈമറി സ്‌കൂള്‍, ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്‌സ് മിഡില്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായി പി.എ. വര്‍ക്കി എന്ന അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

സെമിനാരി പരിശീലനം
1953-ല്‍ 10-ാംക്ലാസ് പഠനത്തിനുശേഷം ജൂണ്‍ മാസം ആറിന് സി.എം.ഐ. സഭയുടെ മാന്നാനത്തുള്ള സെമിനാരിയില്‍ ചേര്‍ന്നു. 1954-ല്‍ അമ്പഴക്കാട്ടുള്ള നൊവിഷ്യേറ്റില്‍ പ്രവേശിച്ച് 1955 ഡിസംബര്‍ എട്ടിന് ‘അര്‍സേനിയസ്’ എന്ന പേരില്‍ പ്രഥമവ്രതവാഗ്ദാനം നടത്തി. തുടര്‍ന്ന് ബംഗളൂരു ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ തത്വ-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1962 മേയ് 17-ന് പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന പുണ്യസ്മരണാര്‍ഹനായ സെബാസ്റ്റ്യന്‍ വയലില്‍ പിതാവില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. പിന്നീടങ്ങോട്ട് ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും കരസ്ഥമാക്കി വൈദിക ജീവിതത്തിന്റെ സിംഹഭാഗവും കോളേജ് അധ്യാപകവൃത്തിക്കുവേണ്ടി മാറ്റിവച്ച അദ്ദേഹം 1990-ല്‍ അധ്യയന മേഖലയില്‍നിന്നു വിരമിച്ചു.

1972 ജനുവരി മാസത്തില്‍ മാന്നാനത്ത് താമസിച്ചിരുന്ന അവസരത്തിലാണ് കുറവിലങ്ങാട് മര്‍ത്ത്മറിയം ഇടവകപ്പള്ളിയോട് ചേര്‍ന്നുള്ള ‘ജര്‍മ്മന്‍കുന്നി’ന്റെ നിറുകയില്‍1970-ല്‍ സ്ഥാപിതമായ ക്ലാരറ്റ് ഭവനിലെ ആദ്യത്തെ രണ്ട് ബാച്ച് വൈദികാര്‍ത്ഥികളുടെ കുമ്പസാരക്കാരനാകാനുള്ള നിയോഗം അര്‍സേനിയൂസച്ചനെ തേടിയെത്തിയത്. അന്ന് സെമിനാരിയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ഫാ. ജോസഫ് മാധവത്ത്, ഫാ. മാത്യു ഞായര്‍കുളം, ഫാ. വര്‍ഗീസ് തെക്കേവയലില്‍ എന്നിവര്‍ മാന്നാനത്ത് ചെന്ന് തങ്ങളുടെ സെമിനാരിക്കാര്‍ക്ക് ‘അധികം പ്രായമാകാത്തതും, തീരെ പ്രായം കുറയാത്തതുമായ ഒരു കുമ്പസാരക്കാരനെ നല്‍കണമെന്ന് അച്ചന്റെ സുപ്പീരിയറച്ചനോട് അഭ്യര്‍ത്ഥിച്ചു.

അന്ന് മുപ്പത്തിയേഴു വയസ്സ് പ്രായവും പത്തുവര്‍ഷത്തെ പൗരോഹിത്യ പരിചയവുമുണ്ടായിരുന്ന അര്‍സേനിയൂസച്ചന്റെ മുഖമാണ് അദ്ദേഹത്തിന്റെ മനസില്‍ പെട്ടെന്നു തെളിഞ്ഞത്. അങ്ങനെ, സുപ്പീരിയറച്ചന്റെ നിര്‍ദ്ദേശപ്രകാരം, പ്രായത്തിലും പക്വതയിലും അനുയോജ്യനായ അര്‍സേനിയൂസച്ചന്‍ തന്റെ ഗൗരവമേറിയ ഉത്തരവാദിത്തം സസന്തോഷം ഏറ്റെടുത്തു. അന്നുമുതല്‍ 2011-ല്‍ അല്പം ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുന്നതുവരെ കുറവിലങ്ങാട് പള്ളിക്കവലയില്‍ ബസിറങ്ങിയ ശേഷം അവിടെനിന്ന് ഒരു കിലോമീറ്ററോളം ദൂരത്തില്‍ സാമാന്യം കുത്തനെ കിടക്കുന്ന റബര്‍തോട്ടത്തിലൂടെയുള്ള ദുര്‍ഘടമായ ചെങ്കല്‍വഴിയിലൂടെ കുന്നിന്‍മുകളിലുള്ള സെമിനാരിയിലേക്ക് എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും അച്ചന്‍ കാല്‍നടയായി കയറിയിറങ്ങുമായിരുന്നു.

2011-നു ശേഷമാണ് അച്ചനു യാത്രാസൗകര്യം ഒരുക്കിയതും സന്ദര്‍ശനം രണ്ടാഴ്ചയില്‍ ഒന്നാക്കി ചുരുക്കിയതും. എന്റെ സെമിനാരിക്കാലത്ത് ഞങ്ങളുടെ കുമ്പസാരം കേള്‍ക്കാന്‍ അച്ചന്‍ ഒരു കറുത്ത കുഞ്ഞുബാഗും കൂട്ടിനൊരു കുടയുമായി കുന്നുകയറുന്നതും ഇറങ്ങുന്നതും കൗതുകത്തോടെ ഞാനും നോക്കിനിന്നിട്ടുണ്ട്.  1990 വരെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അച്ചന്‍ തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള തന്റെ തിരക്കേറിയ ജോലികള്‍ക്കൊടുവിലാണ് എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന രണ്ട് അവധിദിനങ്ങളില്‍ കുട്ടികളുടെ കുമ്പസാരം കേള്‍ക്കാനും അവര്‍ക്ക് ആത്മീയോപദേശങ്ങള്‍ നല്‍കാനുമായി ത്യാഗം സഹിച്ച് എത്തിയിരുന്നത്.

മന്നാനത്തുനിന്നു തുടങ്ങി പാലാ, മൂലമറ്റം, പൂഞ്ഞാര്‍, മുത്തോലി, ഇടമറ്റം, അമനകര, കുര്യനാട് എന്നിങ്ങനെ എട്ട് സ്ഥലങ്ങളില്‍നിന്നാണ് അച്ചന്‍ സെമിനാരിയിലേക്ക് വന്നിരുന്നത്. അതിനേക്കുറിച്ച് അദ്ദേഹം പറയുന്നത്: ”മൂലമറ്റം, പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്ര ക്ലേശകരമായിരുന്നു. രണ്ടും മൂന്നും ബസുകള്‍ കയറിയിറങ്ങി വേണം കുറവിലങ്ങാട്ടെത്താന്‍. സമയത്തിനു ബസ് കിട്ടണമെന്നില്ല.

ചിലപ്പോള്‍ ഏറെനേരം കാത്തിരിക്കണം. മാത്രവുമല്ല, ശനിയാഴ്ചകളില്‍ സെമിനാരിയില്‍ വരണമെങ്കില്‍ എന്റെ വ്യക്തിപരമായ പല പരിപാടികളും വേണ്ടെന്നുവയ്ക്കണം. എങ്കിലും, അത്തരം ബുദ്ധിമുട്ടുകളെ ഞാന്‍ ഒരിക്കലും കാര്യമാക്കിയിരുന്നില്ല.” സ്വകാര്യതകളെ പരിഗണിക്കാതെ, അന്യരുടെ ആത്മീയ കാര്യങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കുന്ന അച്ചനിലെ പൗരോഹിത്യതീക്ഷ്ണതയുടെ കനലുകളാണ് ഈ വാക്കുകള്‍ക്കുള്ളില്‍ കത്തിജ്ജ്വലിക്കുന്നത്.

കഴിഞ്ഞ അമ്പതു വര്‍ഷത്തെ തന്റെ ശുശ്രൂഷയെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിനു പറയാനുള്ളത്, ക്ലരീഷ്യന്‍ സഭയിലെ വൈദികാര്‍ത്ഥികളുടെ ആദ്ധ്യാത്മിക രൂപീകരണത്തിനുവേണ്ടി ഇത്തരത്തിലുള്ള ഒരു സേവനം ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സംതൃപ്തനാണ്” എന്നു മാത്രമാണ്. കൂടാതെ, ക്ലാരറ്റ് ഭവനില്‍ നാളിതുവരെ സേവനം ചെയ്തിട്ടുള്ള എല്ലാ വൈദികരും വിദ്യാര്‍ത്ഥിസമൂഹവും തങ്ങളില്‍ ഒരുവനായി എന്നെ കരുതുകയും, എന്റെ സേവനത്തെ അംഗീകരിക്കുകയും, ഇടക്കിടക്കു ഫോണ്‍ വിളിക്കുകയും, വ്രതവാഗ്ദാനം, ഡീക്കന്‍പട്ടം, തിരുപ്പട്ടം, ജൂബിലി തുടങ്ങിയ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു എന്നതില്‍ ഒത്തിരി സന്തോഷമുണ്ട് എന്നും അച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇവയൊക്കെയാണ് ഈ എളിയവൈദികന്‍ തന്റെ ശുശ്രൂഷാമേഖലയില്‍ കാത്തുസൂക്ഷിക്കുന്ന ചില നുറുങ്ങുസന്തോഷങ്ങള്‍. ക്ലരീഷ്യന്‍ സഭാംഗങ്ങള്‍ അച്ചനെ തങ്ങളില്‍ ഒരാളായിത്തന്നെയാണ് പരിഗണിക്കുന്നത്. അങ്ങനെയാകാന്‍ അച്ചനും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടൊക്കെത്തന്നെയാണ് ഇന്നും ക്ലാരറ്റ് ഭവനിലെ ഒരു മുറി ‘അര്‍സേനിയൂസച്ചന്റെ മുറി’ എന്ന് അറിയപ്പെടുന്നതും. സെമിനാരിയില്‍ ഉള്ളപ്പോള്‍ അദ്ദേഹം സമൂഹത്തോടൊത്തു പ്രാര്‍ത്ഥിക്കുകയും ഭക്ഷിക്കുകയും ചെയ്യും. ക്ലാരറ്റ് ഭവനില്‍ എല്ലാവര്‍ഷവും ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കാനുള്ള പേരുകളില്‍ അച്ചന്റെ പേരുമുണ്ടാകും.

ക്രിസ്മസ് ആഘോഷപരിപാടികളില്‍ അദ്ദേഹം വന്ന് ആദ്യന്തം പങ്കെടുക്കുകയും ചെയ്യും. തദവസരത്തില്‍ നല്‍കപ്പെടുന്ന നിസാരമായ ഒരു ഉപഹാരം ഒഴിച്ചാല്‍ മറ്റൊന്നും പ്രതിഫലമായി അച്ചന്‍ സ്വീകരിക്കാറില്ല. അതുപോലെ തന്നെ, ക്ലാരറ്റ് ഭവനില്‍ നടക്കുന്ന സഭയുടെ എല്ലാ പൊതുചടങ്ങുകളിലും അച്ചന്‍ പങ്കെടുക്കാറുണ്ട്. ക്ലരീഷ്യന്‍ സഭയുടെ കേരളത്തിനകത്തും പുറത്തുമുള്ള പല ഭവനങ്ങളും അച്ചന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സഭയിലെ മലയാളികളായ എല്ലാ വൈദികരുടെയുംതന്നെ പേരുകള്‍ അച്ചനു മനഃപാഠമാണ്.

കഴിവതും എല്ലാ തിരുപ്പട്ടശുശ്രൂഷകളിലും ചിലപ്പോള്‍ ദീര്‍ഘദൂരം യാത്രചെയ്തുപോലും, അദ്ദേഹം സംബന്ധിക്കാറുണ്ട്. 1987ല്‍ പൗരോഹിത്യത്തിന്റെ രജതജൂബിലിയും, 2012 മേയ് മാസം 29-ന് ക്ലാരറ്റ് ഭവനില്‍വച്ച് വൈദികരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ സുവര്‍ണ്ണജൂബിലിയും ആഘോഷിക്കുവാനുള്ള ഭാഗ്യം അച്ചനു ദൈവം നല്‍കി. ഇതൊക്കെ അറിയാവുന്നതുകൊണ്ടാണ് ഒരിക്കല്‍ അച്ചന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അച്ചന്റെ സഭയിലെ സഹവൈദികര്‍ ‘നിങ്ങളുടെ അര്‍സേനിയൂസച്ചന്‍ ആശുപത്രിയിലാണ്’ എന്ന് ക്ലാരറ്റ് ഭവനിലെ വൈദികരെ അറിയിച്ചതും.

കൂദാശകളുടെ കാവലാള്‍
പരിശുദ്ധകൂദാശകളെ സംബന്ധിച്ചുള്ള കത്തോലിക്കാ പ്രബോധനങ്ങളുടെ ജാഗ്രതയുള്ള ഒരു കാവല്‍ക്കാരനെ അച്ചനില്‍ ദര്‍ശിക്കാന്‍ കഴിയും. അവയെ എതിര്‍ക്കുന്നവരോടും, തമസ്‌കരിക്കുന്നവരോടും അദ്ദേഹത്തിനുയാതൊരു വിട്ടുവിഴ്ചയുമില്ല. കൂദാശകളുടെ ശക്തി അനുഭവിച്ചറിഞ്ഞിട്ടുള്ളവരാരും അവയോട് മറുതലിക്കില്ലെന്നുമാണ് അച്ചന്റെ നിലപാട്. കുമ്പസാരത്തെ വിശ്വാസപൂര്‍വ്വവും ഗൗരവപൂര്‍വ്വവുമായി സ്വീകരിക്കുന്നവര്‍ക്ക് അതിന്റേതായ ഗുണം ലഭിക്കും. അതുകൊണ്ട് സെമിനാരിക്കാര്‍ അടുപ്പിച്ചടുപ്പിച്ച് കുമ്പസാരിക്കുന്നതാണ് ഉത്തമം. അതിനെ ഒരു ചടങ്ങായി ചെയ്താല്‍ നേട്ടമൊന്നുമുണ്ടാകില്ല എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സഭയുടെ കൂദശകളില്‍ ശരണപ്പെടുന്നവര്‍ക്ക് അര്‍സേനിയൂസച്ചന്‍ എന്ന ‘കുമ്പസാരക്കൂട്’ ഒരു ആന്തരികപ്രചോദനവും അവയെ അവഹേളിക്കുന്നവര്‍ക്ക് ആത്മപരിശോധനക്ക് ഒരു നിദാനവുമാണ്.

കുമ്പസാരിപ്പിക്കാനുള്ള അച്ചന്റെ ഉത്സാഹം കണ്ടാല്‍ കുമ്പസാരിക്കാതിരിക്കാന്‍ ആര്‍ക്കും തന്നെ കഴിയുമായിരുന്നില്ല. കുമ്പസാരത്തില്‍ ഏറ്റുപറയുന്ന കാര്യങ്ങള്‍ സശ്രദ്ധം ശ്രവിക്കുകയും, അവയ്‌ക്കോരോന്നിനും ഉചിതമായ ഉപദേശം കൊടുക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി കുമ്പസാരിക്കുന്നവര്‍ക്ക് ആത്മീയ ഉണര്‍വ്വിനു കാരണമാകാറുണ്ട്. ശാന്തശീലനും മിതഭാഷിയുമായ അദ്ദേഹം സമയനിഷ്ഠ, യഥാക്രമത്വം മുതലായ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. കുമ്പസാരം കഴിഞ്ഞ് ആത്മീയോപദേശം ആവശ്യമുള്ളവര്‍ക്ക് അതു നല്‍കുന്നതിലും അദ്ദേഹത്തിനു സന്തോഷമേയുള്ളൂ. കുമ്പസാരത്തിനുള്ള ദിവസമടുക്കുമ്പോള്‍ സെമിനാരിയിലേക്ക് ഫോണ്‍ വിളിച്ച് ഞാന്‍ നാളെ അങ്ങോട്ട് വരികയാണ് എന്നറിയിക്കുന്ന അച്ചന്റെ ഉത്തരവാദിത്വബോധവും ആത്മാര്‍ത്ഥതയും അനുകരണീയവും തന്നെ.

ചില ബോധ്യങ്ങള്‍
ആധുനികകാലഘട്ടത്തിലെ ദൈവവിളിയുടെ പ്രാധാന്യത്തെക്കുറിച്ചും വൈദികാര്‍ത്ഥികളുടെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ അച്ചനു വ്യക്തമായ നിഗമനങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. ”പണ്ടൊക്കെ സെമിനാരിയില്‍ ചേരുന്നവരില്‍ ഭൂരിഭാഗംപേര്‍ക്കും ശരിയായ ആന്തരോദ്ദേശ്യവും Right Motive)  വൈദിക-സന്യാസാന്തസുകളെപ്പറ്റിയുള്ള അറിവും (Knowledge) ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല.

പല ലക്ഷ്യങ്ങളുള്ളവരും, മതിയായ പരിജ്ഞാനം ഇല്ലാത്തവരുമാണ്. അതുകൊണ്ട്, വൊക്കേഷന്‍ പ്രൊമൊട്ടേഴ്‌സ് കുട്ടികളെയും അവരുടെ കുടുംബപശ്ചാത്തലവും കഴിവതും നന്നായി അറിയാന്‍ പരിശ്രമിക്കണം. അതുപോലെ, സെമിനാരിയിലെ ആദ്യവര്‍ഷത്തിന്റെ അവസാനം തന്നെ ശരിയായ ഒരു അരിച്ചെടുക്കല്‍ (Screening) നടത്തേണ്ടതായുണ്ട്. അത് കുട്ടികള്‍ക്കും അധികാരികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കും.” അനുഭവങ്ങളുടെ വെളിച്ചത്തില്‍ അര്‍സേനിയൂസച്ചന്‍ പറയുന്നു.

അതുകൊണ്ടാണ് സെമിനാരിയിലെ ഒന്നാം വര്‍ഷവിദ്യാര്‍ത്ഥികള്‍ക്ക് ദൈവവിളി, സെമിനാരിജീവിതം, ലൈംഗികത, വൈദികസന്യാസാന്തസുകള്‍ തമ്മിലുള്ള വ്യത്യാസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അച്ചന്‍ ക്ലാസുകള്‍ നല്‍കുന്നത്. വിജ്ഞാനത്തോടൊപ്പം, അതില്‍ക്കൂടുതലായി, വിശുദ്ധി വൈദികരുടെ കൈമുതലായിരിക്കണമെന്ന് അദ്ദേഹത്തിനു നിഷ്‌കര്‍ഷയുണ്ട്. പ്രത്യക്ഷത്തില്‍ അച്ചനു ഇന്നും വലിയ മാറ്റമൊന്നുമില്ല.

അര്‍സേനിയൂസച്ചന്‍ അന്നും, ഇന്നും ഒരുപോലെ എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഭാവിയില്‍ കുമ്പസാരം കേള്‍ക്കേണ്ടവരായ വൈദികാര്‍ത്ഥികളുടെ ഹൃദയങ്ങളെ കളങ്കരഹിതമായി കാത്തുസൂക്ഷിക്കാന്‍ കര്‍ത്താവ് പ്രത്യേകം നിയോഗിച്ചതുകൊണ്ടാകാം എണ്‍പത്തിനാലാം വയസിലുംആ മഹത്തായ ദൗത്യവുമായി കുന്നുകയറിവരാന്‍ ഈ ‘കുമ്പസാരക്കൂടി’നു അവിടുന്ന് ആയുരാരോഗ്യങ്ങള്‍ അനുവദിച്ചുകൊടുക്കുന്നത്.

കുന്നുകയറുന്ന കുമ്പസാരക്കൂട്!
ക്ലരീഷ്യന്‍ പ്രേഷിതസമൂഹത്തിന്റെ ഭാരതത്തിലെ വളര്‍ച്ചയുടെ ചരിത്രത്തിലെ ഒരധ്യായം അര്‍സേനിയൂസച്ചന്‍ എന്ന കുമ്പസാരക്കാരന്റെ സ്തുത്യര്‍ഹമായ ആദ്ധ്യാത്മിക സേവനത്തിന്റേതാണ്. 2019 ജൂണ്‍ മാസത്തിലെ വൈദികാര്‍ത്ഥികളുടെ ബാച്ച് അച്ചന്റെ ക്ലാരറ്റ് ഭവനിലെ ശുശ്രൂഷാരംഗത്തെ 50-ാം ജൂബിലി ബാച്ചാണ്. അദ്ദേഹത്തിന്റെ പൗരോഹിത്യജീവിതത്തിലെ അവിസ്മരണീയവും അഭിമാനാര്‍ഹവുമായ ഒരു നേട്ടമാണത്. ക്ലാരറ്റ് ഭവനില്‍ പഠിച്ചു കടന്നുപോയ, വൈദികരും അല്ലാത്തവരുമായ എല്ലാവരും എന്നുംനന്ദിയോടെ ഓര്‍ക്കുന്ന ഒരു മുഖമാണ് അര്‍സേനിയൂസച്ചന്റേത്.

അവരുടെയൊക്കെ വിശ്വാസജീവിതത്തിലെ ആത്മീയപച്ചപ്പായി അച്ചന്‍ അവശേഷിക്കുന്നുണ്ടാവണം. ക്ലരീഷ്യന്‍ സഭയുടെ ഭാരതാഗമനത്തിന്റെ 50 വര്‍ഷങ്ങള്‍ 2020-ല്‍ പൂര്‍ത്തിയാകുമ്പോള്‍ അത് അര്‍സേനിയൂസച്ചന്‍ എന്ന കുമ്പസാരക്കാരന്‍ 50 ബാച്ചു സെമിനാരിക്കാര്‍ക്കു സമ്മാനിച്ച നിസീമമായ സേവനത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരിക്കും.

വിശുദ്ധ ചാവറയച്ചന്റെ (1805-1871) സഭയിലെ അച്ചന്‍ വിശുദ്ധ ക്ലാരറ്റച്ചന്റെ (1807-1870) സഭാംഗങ്ങളുടെ ആദ്ധ്യാത്മിക ഗുരുവായത് കേവലമൊരു യാദൃച്ഛികതയല്ല. മറിച്ച്, ദൈവികമായ നിയോഗമായിരുന്നു. ഈ രണ്ടു വിശുദ്ധരും സമകാലികരായിരുന്നു എന്നു മാത്രമല്ല, തങ്ങളുടേതായ സാഹചര്യങ്ങളില്‍ സമാനചിന്താഗതികളോടെ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ചവരുമായിരുന്നു. സി.എം.ഐ., സി.എം.എഫ്. എന്നീ അക്ഷരങ്ങള്‍ക്കുപോലും ചില സമാനതകളുണ്ട്.

കര്‍ത്താവിന്റെ കരുണയുടെ മുഖങ്ങളായി കുമ്പസാരക്കൂടുകളില്‍ ഇരിക്കാനും പവിത്രതയുടെ പാതയിലൂടെ നടക്കാനും നടത്താനുമായി വൈദികാര്‍ത്ഥികളെ കരുതലോടെ ഒരുക്കുന്ന അച്ചനെപ്പോലുള്ള അനേകം ‘കുമ്പസാരക്കൂടു’കളാല്‍ കത്തോലിക്കാ സഭ ഉത്തരോത്തരം സമ്പന്നയാകട്ടെ. അവരെ ഓരോരുത്തരെയും കുമ്പസാരക്കാരുടെ രാജ്ഞിയായ കന്യകാമറിയത്തിന്റെ പ്രാര്‍ത്ഥനാമാധ്യസ്ഥത്താല്‍ കൂദാശകളുടെ നാഥന്‍ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന മുത്തോലി സി.എം.ഐ. ആശ്രമത്തില്‍നിന്നും വാര്‍ധക്യവും വല്ലായ്മകളുമൊന്നും കണക്കിലെടുക്കാതെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അര്‍സേനിയൂസച്ചന്‍ എന്ന കുമ്പസാരക്കൂട് ഇന്നും കുന്നു കയറിയിറങ്ങുകയാണ്.

 ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?