Follow Us On

23

May

2019

Thursday

ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാം

ദൈവത്തോട് ചേര്‍ന്ന്  നില്‍ക്കാം

ദൈവത്തോട് അടുക്കൂ എന്ന് പറയുന്നതിനു പകരമായി, ദൈവം സ്‌നേഹമായതിനാല്‍ സ്‌നേഹത്തോട് അടുക്കൂ” (യോഹ.4:7-21) എന്നാണ് പറയേണ്ടത്. സ്‌നേഹിക്കുന്ന പിതാവിന്റെ ഹൃദയസ്പര്‍ശിയായ രംഗം ധൂര്‍ത്തപുത്രന്റെ ഉപമയിലാണല്ലോ ഉള്ളത്. ഇതിന്റെ രണ്ടാം ഭാഗത്താണ് ദൈവികത അടങ്ങിയിരിക്കുന്നത്. പാപം ചെയ്ത ധിക്കാരിയായ മകനോട് ക്ഷമിക്കുന്നതാണ് ഒന്നാം ഭാഗം. ക്ഷമിച്ചവനുവേണ്ടി കാളയെ കൊന്ന സ്‌നേഹം, ക്ഷമിച്ചവനെ മോതിരവും, ആഭരണങ്ങളും അണിയിക്കുന്ന സ്‌നേഹം, ക്ഷമിച്ചവനുവേണ്ടി പാട്ടു കച്ചേരിയും കലാപരിപാടികളും നടത്തുന്ന സ്‌നേഹം.

ഇതാണു ദൈവസ്‌നേഹത്തിന്റെ പ്രത്യേകത. ഈശോ കുരിശില്‍ കിടക്കുന്ന നേരം. കാലും കയ്യും ഒക്കെ ബന്ധിച്ച അവസ്ഥ. ആ ഒരവസ്ഥയിലല്ലായിരുന്നെങ്കില്‍- തന്റെ കൈക്കും കാലിനും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍- കാല്‍വരി മലയുടെ വിരിമാറില്‍ സദ്യയും, പാട്ടുകച്ചേരിയും നടന്നേനെയെന്നു വിശ്വസിക്കുന്നവനാണ് ഈയുള്ളവന്‍. തന്നെ ശിക്ഷിച്ചവര്‍ക്കുവേണ്ടി, താന്‍ ക്ഷമിച്ചവര്‍ക്കുവേണ്ടിയുള്ള ദൈവസ്‌നേഹമെന്ന ‘പ്രതികാരം’ സഹോദരന്റെ തലയില്‍ തീക്കൂനകള്‍ വാരിക്കൂട്ടാനുള്ള തന്ത്രം!! ഈ സ്‌നേഹത്തിലേക്കാണ് നോമ്പുകാലത്ത് നാം കൂടുതല്‍ അടുക്കേണ്ടത്.

ആദ്യത്തെ രക്തസാക്ഷിയായ സ്‌തേഫാനോസിനെ ഓര്‍മിക്കുന്നു (അപ്പ.പ്ര. 6:54-65). നമ്മുടെ കര്‍ത്താവിന്റെ ദൈവസ്‌നേഹസങ്കല്പം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ പ്രഥമ വ്യക്തിയെന്ന് സ്‌തേഫാനോസിനെ വിളിക്കാം. ആദ്യത്തെ രക്തസാക്ഷി എന്ന നാമം പേറുന്ന സമയത്ത് കൂര്‍ത്തുമൂര്‍ത്ത കല്ലുകള്‍ തന്റെമേല്‍ ആഞ്ഞാഞ്ഞു പതിച്ചപ്പോള്‍ അവന്‍ പ്രാര്‍ത്ഥിച്ചു, ‘കര്‍ത്താവേ ഈ പാപം ഇവരുടെ മേല്‍ ആരോപിക്കരുതേ’ (അപ്പ.പ്ര. 6:60) എന്ന്. ദൈവസ്‌നേഹത്തിന്റെ പ്രഥമ പ്രചാരകന്‍കൂടിയായി മാറുകയായിരുന്നു സ്‌തേഫാനോസ് അവിടെ.

നമ്മെ സ്‌നേഹിക്കുന്നവരെ നാമും സ്‌നേഹിച്ചാല്‍ അതില്‍ എന്തു മേന്മയാണുള്ളത്. സ്‌നേഹത്തിന്റെ പുതിയ പ്രത്യയശാസ്ത്രം അവതരിപ്പിച്ച യേശുവിന്റെ ഈ പ്രഖ്യാപനം നമുക്ക് സ്വീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ്. സ്‌നേഹിക്കുന്നവനെ സ്‌നേഹിക്കാന്‍ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കാലത്ത് സ്‌നേഹിക്കാത്തവനെ സ്‌നേഹിക്കണമെന്നും, അവനെ സ്‌നേഹിക്കുന്നു എന്നതിന്റെ ബാഹ്യ അടയാളമായി അവനുവേണ്ടി വിരുന്നൊരുക്കുകയും ആഘോഷം സംഘടിപ്പിക്കുകയും ചെയ്യണം എന്നും പറയുമ്പോള്‍ ഇതു സാധ്യമാവുമോ എന്ന് എഴുതുന്ന എനിക്കുതന്നെ സംശയം തോന്നുന്നു.

എന്നാല്‍ നോമ്പുകാലം സാഹസികതയുടെ ഒരു കാലമാണ് എന്നു നമുക്കു മനസിലാക്കാം. ആധ്യാത്മീക ജീവിതത്തിന്റെ സാഹസികതകളിലൂടെ കടന്ന്, ഉന്നത വിഹായസില്‍ വിരാജിക്കുന്ന വിശുദ്ധിയുടെ പടവുകള്‍ കാല്‍ചുവട്ടിലാക്കാനുള്ള നമ്മുടെ യജ്ഞം. ഇനിയും എത്തിപ്പിടിക്കാനാവാത്തതു പലതും എത്തിപ്പിടിക്കേണ്ടതുണ്ട്. മുഴുവന്‍ വിജയിക്കാന്‍ നമുക്കായില്ലെങ്കിലും ഈ സാഹസികതയുടെ കാലഘട്ടത്തില്‍ ദൈവസ്‌നേഹത്തെ കഴിയാവുന്നത്ര നമുക്ക് സ്വാംശീകരിക്കാം.

കണ്ണില്‍ കണ്ടതിനെയൊക്കെ സ്‌നേഹിച്ച സ്‌നേഹപ്രവാചകന്‍ വി.ഫ്രാന്‍സീസ് അസീസിയെപ്പോലെ നമുക്കും ലോകത്തെ മുഴുവന്‍ സ്‌നേഹിക്കാന്‍ ശ്രമിക്കാം. നമ്മെ സ്‌നേഹിക്കുന്നവരെ നമുക്കു സ്‌നേഹിക്കാം, നമ്മെ സഹായിക്കുന്നവരെ നമുക്കു സ്‌നേഹിക്കാം, നമ്മെ ദ്രോഹിക്കുന്നവരെ നമുക്കു സ്‌നേഹിക്കാം, നമ്മെ മുറിപ്പെടുത്തുന്നവരെ നമുക്കു സ്‌നേഹിക്കാം, സ്‌നേഹിക്കുക എന്നതില്‍ കവിഞ്ഞ് ഒരു കടപ്പാടും നമുക്ക് ആരോടും ഇല്ലല്ലോ.

പ്രായോഗികമായ ഒരു നിര്‍ദ്ദേശംകൂടി കുറിക്കട്ടെ. ഇങ്ങനെ കാടടച്ച് വെടിവച്ച് എല്ലാവരെയും സ്‌നേഹിക്കും എന്നു പറയുമ്പോഴും വ്യക്തിജീവിതത്തില്‍ ഒന്നോ രണ്ടോ മൂന്നോ പേരെ തിരഞ്ഞുപിടിച്ച് സ്‌നേഹിക്കാന്‍ തീരുമാനിക്കുന്നത് കൂടുതല്‍ ഉത്തേജനമാകും. എന്നെ ഉപദ്രവിച്ച മത്തായിയെ, എന്നെ ദ്രോഹിച്ച സിസ്റ്ററെ, എന്നെ കളിയാക്കിയ മറിയാമ്മയെ….. ഞാന്‍ സ്‌നേഹിക്കാനും സ്‌നേഹപിതാവിനെപ്പോലെ അവര്‍ക്കായി വിരുന്നൊരുക്കാനും പോവുകയാണ് എന്ന് ഒന്നു തീരുമാനിച്ച്, ഒന്നു പരീക്ഷിച്ച് നോക്കാമോ! സ്‌നേഹത്തിന്റെ അതുല്യമായ ശക്തി അപ്പോള്‍ നിങ്ങള്‍ക്കു മനസിലാകും.

ഫാ. ജിമ്മി പൂച്ചക്കാട്ട്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?