Follow Us On

02

April

2020

Thursday

അന്ത്യപരീക്ഷണം

അന്ത്യപരീക്ഷണം

പ്രമാണികളാകട്ടെ അവനെ പരിഹസിച്ചു പറഞ്ഞു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇവന്‍ ദൈവത്തിന്റെ ക്രിസ്തു ആണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍ തന്നെത്തന്നെ രക്ഷിക്കട്ടെ (ലൂക്കാ 23:35).

പരീക്ഷകള്‍ – അത് ക്ലാസ്മുറിയിലായാലും ജീവിതത്തിലായാലും ക്ലേശകരംതന്നെ. ഒട്ടേറെ പരീക്ഷകളിലൂടെ യാത്ര ചെയ്തുവേണം നാം നിത്യതയുടെ തീരത്തണയാന്‍. ചെറുപരീക്ഷകളെ അതിജീവിക്കാന്‍ ആകാത്തവര്‍ക്ക് അന്ത്യപ്രലോഭനങ്ങളെ നേരിടാനാകില്ല. ആദ്യം ക്രിസ്തുവിന്റെ അന്ത്യപരീക്ഷകളെ പരിശോധിക്കാം. ഗത്‌സമനിയും കാല്‍വരിയുമായിരുന്നു അവസാന പ്രലോഭനങ്ങളുടെ കളരി. ഗത്‌സമനില്‍ ക്രിസ്തു തന്റെ ഇഷ്ടത്തോട് മരിച്ചു, അതുകൊണ്ടാണ് കുതറാതെയും പതറാതെയും കാല്‍വരിയിലേക്ക് അവന് നീങ്ങാനായത്.

പൂര്‍ണ മനുഷ്യനുംകൂടിയായ ക്രിസ്തുവിന്റെ വേദനയെ വര്‍ധിപ്പിച്ചത് എന്തായിരിക്കും? രക്തം വിയര്‍പ്പുതുള്ളികളായി വീഴാന്‍ വിധത്തില്‍ എന്താണവന്‍ ധ്യാനിച്ചത്? പ്രലോഭകന്‍ വിശ്വാസിയുടെ കണ്‍മുമ്പില്‍ ഒടുക്കം കൊണ്ടുവരുന്ന പ്രലോഭനം ആദ്യത്തെതിനേക്കാള്‍ ശക്തമായിരിക്കും. ശുശ്രൂഷ ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ ഈ പ്രലോഭകന്‍ വന്നിരുന്നു, ക്രിസ്തുവിന്റെ മുമ്പില്‍.

എളുപ്പമവന്‍ അതിനെ അതിജീവിച്ചു. ശരീരവും മനസും ഒരുപോലെ ദുര്‍ബലമായ സമയമാണ് ക്രിസ്തുവിന്റെ ഗത്‌സമെന്‍ എന്നോര്‍ക്കണം. ദൗര്‍ബല്യങ്ങളുടെ കല്ലില്‍ തട്ടിയല്ലേ നാം പലപ്പോഴും വീണുപോകുന്നത്. ശരീരം ക്ഷീണിച്ചും മനസു മടുത്തും ഇരിക്കുമ്പോള്‍ വീണുപോകാന്‍ എളുപ്പമാണ്. അത് പ്രലോഭകന്‍ മുതലെടുക്കും. പ്രാര്‍ത്ഥനയുടെ ഇന്നലെകളില്‍ നാം എളുപ്പം അതിജീവിച്ച ചില പ്രലോഭനങ്ങളില്‍ ഇന്ന് വീണുപോയതിന്റെ കാരണമെന്താണ്? ദുര്‍ബലമായിരുന്നു ഇന്നത്തെ ദിവസം മുഴുവന്‍.

ശിഷ്യരുടെ ഉറക്കവും യൂദാസിന്റെ ഒറ്റിക്കൊടുക്കലിനുമിടയിലാണ് ക്രിസ്തുവിന്റെ ഗത്‌സമനിലെ പ്രാര്‍ത്ഥന. വരാന്‍ പോകുന്ന കാലത്ത് സഭയിലുണ്ടാകുന്ന പ്രശ്‌നങ്ങളും അധഃപതനവുമൊക്കെ പ്രലോഭകന്‍ ആവശ്യത്തിലധികം ക്രിസ്തുവിന്റെ ഏകാന്തതയില്‍ അവനെ കാണിക്കുന്നുണ്ട്. നിന്റെ സഹനം പ്രയോജനമറ്റതാണ്, നിന്റെ ശിഷ്യര്‍തന്നെ നിന്നെ ഉപേക്ഷിക്കും, ജനം കൈവിടും…. ഇങ്ങനെ ഒന്നിനുപുറകെ മറ്റൊന്നായി പകര്‍ന്നു നല്‍കുന്നുണ്ട്, പ്രലോഭകന്‍. തനിയെ നേരിടാന്‍ മാനുഷികമായി എളുപ്പമല്ലാത്തതിനാല്‍ ആണ് ശിഷ്യരെ കൂട്ടിനു വിളിച്ചത്. അവരാകട്ടെ, അന്നേവരെയില്ലാത്ത ഉറക്കത്തിലും. അന്ത്യപരീക്ഷണം നീ തന്നെ അതിജീവിക്കണം.

സഭാപിതാക്കന്മാര്‍ പറയും, മരണവേദന തീവ്രമാകാനുള്ള കാരണമിതാണ്. ദുഷ്ടന്‍ ഒരാത്മാവിന്റെ അവസാന സമയങ്ങളില്‍ നല്‍കുന്ന പ്രലോഭനങ്ങള്‍ കഠിനമാണ്. എനിക്കേറെ വെറുപ്പുള്ള ഒരാളോട് ഇനിയും ഞാന്‍ മാപ്പിരന്നിട്ടില്ലെങ്കില്‍, അവന്റെ മുഖം പ്രലോഭകന്‍ എത്തിക്കും. അതിജീവിക്കാതെ നിരന്തരം വഴിപ്പെട്ടുപോയ ദൗര്‍ബല്യങ്ങള്‍ നിരത്താന്‍ തുടങ്ങും.

ബോധപൂര്‍വം ജീവിച്ചിരിക്കുമ്പോള്‍ അതിജീവിക്കാന്‍ എനിക്കാവാത്തത് മരണനേരത്ത് സാധിക്കുമെന്ന് കരുതരുത്. ധനവാനെപ്പോലെ ജീവിച്ചിട്ട് ലാസറിനെപ്പോലെ മരിക്കണമെന്ന് കരുതുന്നുണ്ടോ? എല്ലാ സെമസ്റ്റര്‍ പരീക്ഷകളിലും തോറ്റുപോയിട്ട്, ഒടുക്കത്തെ പരീക്ഷയെ നിര്‍ഭയം നേരിടാമെന്ന് കരുതുന്നത് വ്യാമോഹമല്ലേ? മരുഭൂമിയിലെ പരീക്ഷ അതിജീവിച്ചവന് ഗത്‌സമെന്‍ തോട്ടത്തില്‍ വിജയിക്കാതിരിക്കാന്‍ ആവില്ല.

കാല്‍വരിക്കുന്നിനുചുറ്റും ഏറെ മനുഷ്യര്‍ കാത്തുനില്‍ക്കുന്നുണ്ട്. മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചതിനെ മൂന്നു മണിക്കൂറുകൊണ്ട് തള്ളിപ്പറയുമോ, അതോ ജീവിച്ചതിനെ മരണംകൊണ്ട് സാക്ഷ്യപ്പെടുത്തുമോ എന്നറിയാനാണ്. കുരിശില്‍ കയറ്റുന്നവരുടെ നാവറുത്ത് കളയാറുണ്ട്, കാരണം ശേഷിച്ച ജീവന്‍വച്ച് അവര്‍ ഒരുപക്ഷേ ജന്മം നല്‍കിയവരെ മുതല്‍ കുരിശില്‍ കയറ്റിവരെ ശപിക്കാനിടയുണ്ട്.

ക്രിസ്തുവിന്റെയും കൂട്ടരുടെയും നാവറുത്തില്ല. അവന്‍ എന്തു പറയുമെന്ന് കേള്‍ക്കണം, സകലര്‍ക്കും. അതിനിടയിലാണ് പടയാളികള്‍ പറയുന്നത്, ദൈവപുത്രനെങ്കില്‍ കുരിശില്‍നിന്ന് ഇറങ്ങിവരിക. എന്തൊരു പരീക്ഷയാണിത്. വഹിച്ച കുരിശോ ഏറ്റ അടികളോ ഒന്നുമല്ല, ഇത്തരം വെല്ലുവിളികളാണ് മഹാപരീക്ഷകള്‍. കുരിശില്‍നിന്ന് ഇറങ്ങിവരാന്‍ ആര്‍ക്കാ തോന്നാത്തത്. എന്നാല്‍ ക്രിസ്തുവിനത് തോന്നില്ല. കാരണം, അവന്‍ ഇത്തരം പരീക്ഷകള്‍ പലത് അതിജീവിച്ചതാണ്. ദൈവത്തിന്റെ പുത്രനാകുന്നത് കുരിശില്‍നിന്നും ഇറങ്ങിയല്ല, അതിനെ ചേര്‍ത്തുപിടിച്ചാണെന്ന് പലവട്ടം തന്നോടും മറ്റുള്ളവരോടും അവന്‍ പറഞ്ഞിട്ടുണ്ട്. പലകൂട്ടം മനുഷ്യര്‍ ഇതുകൊണ്ടുതന്നെ അവന് നഷ്ടമായിട്ടുമുണ്ട്.

സാധാരണമായ ജീവിതത്തിന്റെ ക്ലാസ്മുറികളില്‍ അളക്കപ്പെടാത്ത പരീക്ഷകള്‍ അവസാന സമയത്തിനായി കാത്തുവച്ചിട്ടുണ്ട്. ദൈവംപോലും കൈവിടുംവിധമുള്ള ഒരു പരീക്ഷയായിരുന്നു, ക്രിസ്തുവിന് കിട്ടിയത്. അവനാകട്ടെ, പിതാവിന്റെ മാറില്‍ വിലയം പ്രാപിച്ച് പരീക്ഷയ്ക്ക് മറുപടി നല്‍കി.

പ്രാര്‍ത്ഥന: ജീവിതപരീക്ഷകള്‍ അനുദിനം പ്രത്യാശയോടെ നേരിടുവാന്‍ എനിക്ക് കരുത്തു തരണമേ.

റവ.ഡോ റോയി പാലാട്ടി സി.എം.ഐ

************************************

Download Radio Wind –

App Store   |   Play Store

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?